ADVERTISEMENT

ഏലം കർഷകരുടെ ദുരിതം അകറ്റാൻ താങ്ങ്‌ വില പ്രഖ്യാപിച്ച്‌ സംഭരണത്തിന്‌ സർക്കാർ മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചു. കർഷകർ ഉൽപാദനം ഉയർത്തിയെന്നത്‌ ഒരു തെറ്റല്ല, എന്നാൽ ആ ഉൽപാദകന്‌ ന്യായവില ഉറപ്പുവരുത്തേണ്ട ബാധ്യത അധികാരത്തിലിരിക്കുന്നവരുടെ ചുമതലയാണ്‌. സുഗന്ധറാണിയിലൂടെ രാജ്യം വിദേശനാണ്യം വാരിക്കൂട്ടുമ്പോൾ അത്‌ ഉൽപാദിപ്പിച്ച ചെറുകിട കർഷകൻ നിലനിൽപ്പ്‌ ഭീഷണിയിലാണ്‌.  

വിയർപ്പിന്റെ വില പോലുമില്ല

മുൻ വർഷങ്ങളിൽ പ്രതികൂല കാലാവസ്ഥ ഏലക്ക ഉൽപാദനം ഗണ്യമായി കുറച്ചിരുന്നു. എന്നാൽ നടപ്പു സീസണിൽ പ്രകൃതിയുമായി മല്ലടിച്ച്‌ നമ്മുടെ കർഷകർ കൂടുതൽ ഏലക്ക ഉൽപാദിപ്പിച്ചപ്പോൾ അവരുടെ വിയർപ്പിന്റെ വില പോലും ഉൽപ്പന്നത്തിന്‌ ഉറപ്പുവരുത്താനാവുന്നില്ല. 

നടപ്പ്‌ സീസണിൽ ഏകദേശം 5500 ടൺ ഏലക്കയെങ്കിലും കയറ്റുമതി നടത്തിയെന്നാണ്‌ വിലയിരുത്തൽ. പകൽച്ചൂട്‌ കനത്തതോടെ പല ഭാഗങ്ങളിലും വിളവെടുപ്പ്‌ അവസാന റൗണ്ടിലേക്ക് അടുക്കുന്നു. ഫെബ്രുവരിക്കു ശേഷം കാര്യമായി പുതിയ ഏലക്ക വരവ്‌ പ്രതീക്ഷിക്കാനാവില്ല. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ലേല കേന്ദ്രങ്ങളിൽ ലഭ്യത വരും ആഴ്‌ചകളിൽ കുറയുമെന്ന സൂചനയാണ്‌ ഉൽപാദകമേഖലകളിൽനിന്നു ലഭ്യമാകുന്നത്‌. പലരും ചരക്ക്‌ ഇതിനകം തന്നെ കരുതൽ ശേഖരത്തിലേക്കു നീക്കുന്നുണ്ട്‌.  

മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്‌ന്ന തലത്തിലേക്ക് ഏലക്കവില നിലംപതിച്ചത്‌ കർഷകർക്ക്‌ താങ്ങാനാവുന്നതിലും കനത്ത പ്രഹരമായി. ശരാശരി ഇനങ്ങൾ കിലോ 850 രൂപയായി താഴ്‌ന്നു. ഈ വിലയ്‌ക്ക്‌ ഉൽപ്പന്നം കൈമാറുന്നതിനോട്‌ വലിയോരു പങ്ക്‌ കർഷകർക്കും താൽപര്യമില്ല. കാർഷികച്ചെലവുകളും പണിക്കൂലിയും മറ്റും കണക്കിലെടുത്താൽ നിലവിലെ വിലയിലും കിലോയ്‌ക്ക്‌ 400 രൂപയെങ്കിലും കൂടുതൽ ലഭ്യമായാൽ മാത്രം ഏലക്കൃഷി ലാഭകരമാകൂ. പകൽച്ചൂട്‌ കനത്തതോടെ തോട്ടങ്ങളിൽ ടാങ്കർ ലോറിയിൽ വെളളം എത്തിച്ചാണ്‌ ഏലച്ചെടികൾക്ക്‌ ആശ്വാസം പകരുന്നത്‌. പതിനായിരം ലീറ്റർ വെള്ളം എത്തിക്കുമ്പോൾ രണ്ടായിരം രൂപയുടെ അധിക ചെലവുകൂടി ഉൽപാദകരിൽ പതിയുന്നു. 

കഴിഞ്ഞ മാർച്ചിൽ ശരാശരി ഇനങ്ങൾക്ക്‌ കിലോ 1400 രൂപയായിരുന്നു വില. ഉൽപാദനം ഉയർന്നതിനാൽ വിപണിയെ ഉടനെ ആ നിലവാരത്തിലേക്ക് എത്തിക്കാനാവില്ല. എന്നാൽ 1200 രൂപയെങ്കിലും ഓഫ്‌ സീസണിൽ ലഭിച്ചെങ്കിൽ മാത്രമേ നഷ്‌ടക്കച്ചവടത്തിൽനിന്ന്‌ കർഷകർക്ക്‌ രക്ഷനേടാനാവൂ. സീസൺ അവസാനിക്കും മുമ്പേ താങ്ങുവില നിശ്‌ചയിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഉണർന്ന്‌ പ്രവർത്തിക്കേണ്ട സമയമാണ്‌. ഏലക്ക സംഭരിച്ച്‌ വേണ്ട വിധം സൂക്ഷിച്ചാൽ അടുത്ത ഉത്സവ സീസണിൽ ഇരട്ടി വിലയ്‌ക്ക്‌ ആഭ്യന്തര മാർക്കറ്റിൽത്തന്നെ വിറ്റഴിക്കാൻ സർക്കാർ ഏജൻസിക്കാവും. സ്പൈസ്‌ ബോർഡ്‌ ഏലപ്രശ്‌നം വിലയിരുത്താൻ ഈ വാരം യോഗം ചേരുമെന്നാണ്‌ വിവരം.  

പ്രതികൂല കാലാവസ്ഥ മൂലം ഗ്വാട്ടിമലയിൽ  ഇക്കുറിയും വിളവ്‌ ചുരുങ്ങുമെന്നത്‌ രാജ്യാന്തര തലത്തിൽ ഏലത്തിന്‌ ഡിമാൻഡ് ഉയർത്താം. ഇതിനിടെ ഇന്ത്യൻ ഏലക്ക ഇറക്കുമതിക്ക്‌ സൗദി അറേബ്യ ഏർപ്പെടുത്തിയ നിരോധനം കയറ്റുമതി മേഖലയ്‌ക്ക്‌ കനത്ത ഭീഷണിയാണ്‌. അറബ്‌ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഏലക്ക ഇറക്കുമതി നടത്തിയിരുന്നത്‌ സൗദിയായിരുന്നു. ഗുണനിലവാരം സംബന്ധിച്ച്‌ ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രശ്‌നങ്ങൾ പരിഹരിച്ചാൽ തന്നെ കാർഷിക മേഖലയ്‌ക്ക്‌ അത്‌ വൻ നേട്ടമാകും.    

ലക്ഷ്യം കാണാതെ നാളികേര സംഭരണം

നാളികേര കർഷകർക്ക്‌ താങ്ങു പകരാനുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്നുണ്ടങ്കിലും ഉദ്ദേശിക്കുന്ന രീതിയിൽ നടപ്പാക്കാൻ ബന്ധപ്പെട്ടവർക്കാവുന്നില്ല. പച്ചത്തേങ്ങ സംഭരണം പത്തു ദിവസം പിന്നിടുമ്പോൾ ലക്ഷ്യത്തിൽനിന്നും ഏറെ പിന്നിലാണ്‌. വില തന്നെയാണ്‌ കർഷകരെ സംഭരണ കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാനുള്ള മുഖ്യ ആയുധം. എന്നാൽ പച്ചത്തേങ്ങയ്‌ക്കു പ്രഖ്യാപിച്ച താങ്ങുവിലയ്‌ക്ക്‌ ‌തിളക്കം കുറഞ്ഞത്‌ കർഷകരെ നിരാശപ്പെടുത്തി.

പച്ചത്തേങ്ങയുടെ അവസ്ഥയല്ല കൊപ്രയ്‌ക്ക്‌. മില്ലുകാർ കഴിഞ്ഞവാരത്തിൽ ഉൽപ്പന്ന വില ക്വിന്റലിന്‌ 300 രൂപ കുറച്ച്‌ 9100 രൂപയാക്കി. കോഴിക്കോട്‌, ത്രിശുർ വിപണികളിലും കൊപ്രയ്‌ക്ക്‌ കാലിടറി. നാളികേര വിളവെടുപ്പ്‌ അടുത്ത മാസം വ്യാപകമാകുന്നതിനൊപ്പം കൊപ്രയുടെ ലഭ്യത ഇരട്ടിക്കും.

കൊപ്രയുടെ താങ്ങുവില ക്വിന്റലിന്‌ 10,590 രൂപയായി കേന്ദ്രം ഉയർത്തിയെങ്കിലും ചരക്കു സംഭരണത്തിന്‌ ആവശ്യമായ ക്രമീകണങ്ങൾ ആരംഭിച്ചിട്ടില്ല. താങ്ങുവിലയുമായി താരതമ്യം ചെയുമ്പോൾ ക്വിന്റലിന്‌ 1490 രൂപ താഴ്‌ന്നാണ്‌ വ്യാപാരം നടക്കുന്നത്‌. ഉൽപ്പന്നത്തിന്‌ ഒരു രൂപ ഇടിഞ്ഞാൽ പോലും സംസ്ഥാനത്തിന്റെ സംബദ്‌ഘടയിൽ വിള്ളലുണ്ടാക്കുമെന്നിരിക്കെ താങ്ങുവിലയെ അപേക്ഷിച്ചുള്ള വൻ അന്തരം കനത്ത ആഘാതം സൃഷ്‌ടിക്കും. 

പ്രദേശിക തലത്തിൽ വെളിച്ചെണ്ണയ്‌ക്ക്‌ ഡിമാൻഡ് മങ്ങിയത്‌ ഒരു പരിധി വരെ മില്ലുകാരെ കൊപ്രസംഭരണത്തിൽനിന്ന്‌ അകറ്റുന്നു. വെളിച്ചെണ്ണ വിൽപ്പന പ്രോത്സാഹിപ്പിച്ചാൽ സ്ഥിതിഗതികൾ മാറാം. ഇതിനിടെ നവംബർ‐ഡിസംബറിൽ പാം ഓയിൽ ഇറക്കുമതി 20 ശതമാനം കുറഞ്ഞെങ്കിലും ഈ കാലയളവിൽ സോയാ എണ്ണ ഇറക്കുമതി 51 ശതമാനം വർധിച്ചത്‌ പാചകയെണ്ണകളിൽ സമ്മർദ്ദമുളവാക്കി. കൊച്ചിയിൽ വെളിച്ചെണ്ണ 15,100ലും കോഴിക്കോട്‌ 15,500ലുമാണ്‌. 

ഉൽപാദനം ചുരുങ്ങി കുരുമുളക്

കർഷകർ കുരുമുളക്‌ വിളവെടുപ്പിലേക്കു ശ്രദ്ധതിരിച്ചു. മൂത്തു വിളഞ്ഞ കുരുമുളകുമണികൾ ഉണക്കി സംസ്‌കരിക്കുന്ന തിരക്കിലാണ്‌ പലരും. പല തോട്ടങ്ങളിലും വിളവ്‌ മുൻ വർഷത്തെ അപേക്ഷിച്ച്‌ ചുരുങ്ങിയതു മൂലം തിരക്കിട്ട്‌ ചരക്ക്‌ ഇറക്കുന്നതിൽനിന്ന്‌ ഉൽപാദക മേഖല പിന്നോക്കം വലിയാൻ ഇടയുണ്ട്‌. ഇത്‌ ഒരു പരിധി വരെ സീസൺ ആരംഭത്തിലെ വിലത്തകർച്ചയിൽ നിന്ന്‌ മുളകിന്‌ താങ്ങാവും. ഗാർബിൾഡ്‌ മുളക്‌ കിലോ 524 രൂപ. 

രാജ്യാന്തര സുഗന്‌ധവ്യഞ്‌ജന വിപണി അവധി ദിനങ്ങൾക്ക്‌ ശേഷം വീണ്ടും സജീവമായെങ്കിലും തിരക്കിട്ടുള്ള വ്യാപാരങ്ങൾക്ക്‌ ഇറക്കുമതികാർ ഉത്സാഹിച്ചില്ല. ഇതോടെ കുരുമുളകുവില താഴ്‌ത്തി ഇറക്കുമതി രാജ്യങ്ങളെ ആകർഷിക്കാൻ വിയറ്റ്‌നാമും ബ്രസീലും നീക്കം നടത്തിയത്‌ കണ്ട്‌ ഇന്തോനേഷ്യൻ കയറ്റുമതിക്കാരും മുളകുവില കുറച്ചു. ഇതിനിടെ ഇന്ത്യൻ ഇറക്കുമതിക്കാരുടെ ശ്രദ്ധപിടിച്ചുപറ്റാൻ ശ്രീലങ്ക ടണ്ണിന്‌ 5600 ഡോളറിന്‌ ചരക്ക് ഷിപ്പ്‌മെന്റ് നടത്താൻ താൽപര്യം കാണിച്ചു, ഇന്ത്യൻ വില 6900 ഡോളറാണ്‌.   

വിളവ് ഉയർന്ന് മഞ്ഞൾ

മഞ്ഞൾ വിളവെടുപ്പിന്റെ തിരക്കിലാണ്‌ ഉൽപാദകർ. കാലാവസ്ഥ അനുകൂലമായതിനാൽ ഒട്ടുമിക്ക തോട്ടങ്ങളിലും വിളവ്‌ ഉയർന്നത്‌ കർഷകർക്ക്‌ ആശ്വാസം പകർന്നു. സത്ത്‌ നിർമാണത്തിന്‌ ആവശ്യമായ കുർകുമിൻ അംശം ഉയർന്ന മഞ്ഞളിന്‌ വ്യവസായിക ഡിമാൻഡ് ഉണ്ട്‌. ഒലിയോറസിൻ വ്യവസായികൾ വില ഉയർത്തി മഞ്ഞൾ ശേഖരിക്കുമെന്ന പ്രതീക്ഷയിലാണ്‌ കാർഷിക മേഖല. ഇതിനിടയിൽ ഇന്ത്യൻ മഞ്ഞളിന്‌ അമേരിക്കൻ ഔഷധ നിർമാതാക്കളിൽ നിന്നും അന്വേഷണങ്ങളെത്തി. വിവിധയിനം മഞ്ഞൾ 7200‐9300 രൂപയിലാണ്‌ വിപണനം നടക്കുന്നത്‌. 

മാന്ദ്യം മാറാതെ റബർ

ആഗോള റബർ മാർക്കിനെ പിടികൂടിയ മാന്ദ്യം  വിട്ടുമാറിയില്ല. റബർ ഉൽപാദനം മുൻ വർഷത്തെ അപേക്ഷിച്ച്‌ ഉയരുമെന്ന സൂചനയാണ്‌ മുഖ്യ ഉൽപാദന രാജ്യങ്ങളിൽ നിന്നുള്ളത്‌. കഴിഞ്ഞ വർഷം 13.79 ദശലക്ഷം ടൺ റബർ ഉൽപാദിപ്പിച്ച സ്ഥാനത്ത്‌ ഇക്കുറി ഉൽപാദനം മൂന്നര ശതമാനം ഉയർന്ന്‌ 14.27 ദശലക്ഷം ടണ്ണാവുമെന്ന പ്രതീക്ഷയിലാണ്‌. കോവിഡ്‌ പ്രതിസന്ധികൾ ഏഷ്യൻ രാജ്യങ്ങളിൽ റബർ ഉൽപാദനത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്ത്‌ റബർ ടാപ്പിങ്‌ രംഗം ഉണർവിലാണെങ്കിലും പകൽ താപനില ഉയരുന്നത്‌ മരങ്ങളിൽ നിന്നുള്ള യീൽഡിനെ ബാധിക്കും. മുഖ്യ വിപണികളിൽ നാലാം ഗ്രേഡ്‌ കിലോ 159 രൂപയിൽ തുടരുന്നു. 

English summary: Commodity Markets Review January 17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com