'ജോലിയുള്ള ആളെ ലഭിക്കുമല്ലോ, എന്തിനാണ് കര്‍ഷകനെ വിവാഹം കഴിക്കുന്നത്': യുവ കര്‍ഷകദമ്പതികള്‍ മനസു തുറക്കുന്നു- വിഡിയോ
Mail This Article
കൃഷിയോടു യുവ തലമുറയ്ക്ക് താല്‍പര്യമില്ലെന്നു പറയുമ്പോഴും കൃഷിയെ സ്‌നേഹിക്കുന്ന യുവതീയുവാക്കളും ഇന്ന് കേരളത്തിലുള്ളത് വിസ്മരിക്കാന്‍ കഴിയില്ല. എന്നാല്‍, കാര്‍ഷികമേഖലയിലേക്ക് ഇറങ്ങുന്ന യുവാക്കള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ ഏറെയാണെന്ന് പറയാതെ വയ്യ. അതായത്, ഇവര്‍ക്ക് വേറെ ജോലിയൊന്നും ലഭിച്ചില്ലേ, എന്തിന് ജീവിതം പാഴാക്കുന്നു എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകള്‍ ഏറെ നേരിടേണ്ടി വരുന്നുണ്ട്. അതിനെയൊക്കെ പാടേ അവഗണിച്ച് മുന്നോട്ടു പോകാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഇന്നത്തെ കാലത്ത് യുവാക്കള്‍ക്ക് കൃഷിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്ന സ്ഥിതിയിലെത്തി. ചുരുക്കത്തില്‍ കൃഷിയും വിളവുമല്ല പലര്‍ക്കും പ്രശ്‌നം സമൂഹത്തിന്റെ കാഴ്ചപ്പാടും ചിന്താഗതികളുമാണ്.
കൃഷിയോടുള്ള താല്‍പര്യവും കൃഷിയിലൂടെ ജീവിക്കാന്‍ സാധിക്കുമെന്നുള്ള തിരിച്ചറിവുമാണ് വൈക്കം സ്വദേശി രഞ്ജിത് മാടയ്ക്കലിനെ കൃഷിയിലേക്കിറക്കിയത്. പഠിച്ചത് ഹോട്ടല്‍ മാനേജ്‌മെന്റ് ആണെങ്കിലും അതില്‍നിന്ന് മെച്ചമൊന്നുമില്ലെന്നു തിരിച്ചറിഞ്ഞ് പത്തു വര്‍ഷം മുന്‍പ് പൗള്‍ട്രി, മത്സ്യ മേഖലയിലേക്കിറങ്ങിയ രഞ്ജിത് ഇന്നും കൃഷിയെ നെഞ്ചോടു ചേര്‍ത്തു മുന്നോട്ടു പോകുന്നു. താറാവും കോഴികളുമടങ്ങിയ പൗള്‍ട്രി യൂണിറ്റില്‍നിന്ന് മികച്ച വരുമാനം നേടാന്‍ ഈ യുവാവിന് കഴിയുന്നുണ്ട്. പക്ഷേ, പൊതുസമൂഹത്തിന് ഇതൊരു കുറച്ചിലായാണ് തോന്നുന്നതെന്നും ഈ യുവാവ് പറയുന്നു.
വിവാഹത്തിലും കര്‍ഷകനെന്ന പേര് തനിക്കു മുന്നില്‍ വെല്ലുവിളിയായിയെന്ന് രഞ്ജിത്. എന്നാല്‍, ആറു വര്‍ഷം മുന്‍പ് ഈ കര്‍ഷകനെത്തന്നെ മതിയെന്ന് ഉറപ്പിച്ചാണ് മോനിഷ രഞ്ജിത്തിന്റെ ജീവിതസഖിയായത്. അതിന് ഒട്ടേറെ എതിര്‍പ്പുകളെ തരണം ചെയ്യേണ്ടിവന്നു മോനിഷയ്ക്ക്. ബിഎഡും കെ ടെറ്റുംമൊക്കെയുള്ള മോനിഷയ്ക്ക് ജോലിയുള്ള ആളെ ഭര്‍ത്താവായി ലഭിക്കുമല്ലോ, എന്തിനാണ് കര്‍ഷകനെ വിവാഹം കഴിക്കുന്നത് എന്ന ചോദ്യശരങ്ങളെ നന്നായി നേരിടേണ്ടി വന്നു. എന്നാല്‍, കര്‍ഷകന് എന്താണ് കുറവെന്ന് അന്നും ഇന്നും ഒരുപോലെ ചോദിക്കുമെന്ന് മോനിഷ.
കൃഷി എല്ലാം തരുമെന്ന ബോധ്യം ഉണ്ടായിരുന്നുവെങ്കിലും കൃഷി വേണ്ടിയിരുന്നില്ല എന്ന ചിന്തയും തനിക്കുണ്ടായി എന്ന വസ്തുതയും മോനിഷ മറച്ചുവയ്ക്കുന്നില്ല. കാരണം, 2018ലെ പ്രളയം വലിയ രീതിയില്‍ത്തന്നെ ഇരുവരെയും ബാധിച്ചു. വളര്‍ന്നുവന്ന കോഴിക്കുഞ്ഞുങ്ങളെയും കോഴികളെയും നഷ്ടമായി എന്നുമാത്രമല്ല മികച്ച രീതിയില്‍ മുന്നോട്ടുപോയിരുന്ന കരിമീന്‍ പ്രജനന-വളര്‍ത്തല്‍ യൂണിറ്റ് അപ്പാടെ നശിക്കുകയും ചെയ്തു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇരു വിഭാഗങ്ങളിലും സംഭവിച്ചത്. അന്ന് മറ്റെന്തെങ്കിലും ജോലിക്കു പോകാമെന്ന് താന്‍ ഏട്ടനെ നിര്‍ബന്ധിക്കുമായിരുന്നുവെന്നും മോനിഷ.
എന്നാല്‍, കൃഷിയില്‍ ലാഭവും നഷ്ടവും സാധാരണമാണ്. തിരിച്ചടികളില്‍നിന്ന് കര കയറും എന്നുറപ്പുണ്ട് എന്നതായിരുന്നു രഞ്ജിത്തിന്റെ മനോഭാവം. അന്ന് വീട്ടില്‍ 13 താറാവുകളുണ്ടായിരുന്നു. ദിവസം 12 മുട്ടകളോളം ലഭിക്കും. മുട്ട വിറ്റതിലൂടെ 120 രൂപയും ലഭിച്ചിരുന്നു. അതൊരു പ്രതീക്ഷ നല്‍കി. താറാവുകളുടെ എണ്ണം 13ല്‍നിന്ന് 100ലും പിന്നീട് 500ലും എത്തി. ഇന്ന് മുട്ടയുല്‍പാദനമുള്ള 500 താറാവുകളെയാണ് രഞ്ജിത്തും ഭാര്യ മോനിഷയും വളര്‍ത്തിവരുന്നത്. പ്രതിദിനം ശരാശരി 400 മുട്ടകള്‍ ലഭിക്കും. ഇതില്‍ 200 എണ്ണം മോനിഷതന്നെയാണ് വില്‍ക്കുക. ദിവസം 2000 രൂപ മോനിഷയുടെ കൈകളിലെത്തുന്നു.
മുട്ട നിറഞ്ഞ ബക്കറ്റുകളുമായി തന്നെ കാണുമ്പോള്‍ പലര്‍ക്കും സഹതാപമാണ് തോന്നുന്നതെന്ന് മോനിഷ. കാരണം, പഠിച്ചുകൊണ്ടിരുന്നു കാലം മുതല്‍ ചെറിയ രീതിയില്‍ ട്യൂഷന്‍ എടുക്കുമായിരുന്നു. അതുകൊണ്ടുതന്നെ പലര്‍ക്കും ഞാനൊരു അധ്യാപികയാണ്. എന്നാല്‍, പഠിപ്പിച്ചിരുന്ന സമയത്ത് തനിക്കു ലഭിച്ചിരുന്നതിലും വരുമാനം മുട്ട വില്‍ക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. അതുതന്നെയാണ് എനിക്ക് ഏറ്റവും വലുതായി തോന്നുന്നതും-മോനിഷ പറയുന്നു.
എല്ലാ കാലത്തും കൃഷിക്ക് പ്രാധാന്യമുണ്ട്. എവിടെയെങ്കിലും ഏതെങ്കിലുമൊരു കര്‍ഷകന്‍ അധ്വാനിച്ചുണ്ടാക്കുന്നതാണ് നാം കഴിക്കുന്നത്. കോവിഡ് കാലത്ത് നമുക്ക് ഭക്ഷണത്തിന് മുട്ടുണ്ടാകാതിരുന്നതും അതുകൊണ്ടുതന്നെയാണ്. കൃഷിയിലൂടെ ആറു പേരടങ്ങുന്ന കുടുംബത്തിന് നന്നായി മുന്നോട്ടു പോകാന്‍ കഴിയുമെന്ന് കാണിച്ചുകൊടുക്കുകയാണ് തന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ സ്വന്തമായുള്ള 80 സെന്റ് സ്ഥലം കോഴി, താറാവ്, മത്സ്യം, പശു, പച്ചക്കറി എന്നിങ്ങനെ എല്ലാത്തരം കൃഷിയുമുള്ള സമ്മിശ്ര കൃഷിയിടമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
ഫാമിലെ പ്രധാന വരുമാനമാര്‍ഗം 500 താറാവുകളാണ്. കൂടാതെ കോട്ടയം മണര്‍കാട് റീജനല്‍ പൗള്‍ട്രി ഫാമില്‍നിന്ന് വാങ്ങുന്ന ഒരു ദിവസം പ്രായമായ ഗ്രാമശ്രീ ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 45 ദിവസം വളര്‍ത്തി വില്‍ക്കുന്നു. കൂടാതെ ഇറച്ചിക്കായി വിഗോവ ഇനത്തില്‍പ്പെട്ട ഇറച്ചിത്താറാവുകളെയും വളര്‍ത്തുന്നു.
ഫോണ്‍: 9895593654
English summary: Public Attitudes about Farmers and Farming