ADVERTISEMENT

നാളികേര കര്‍ഷകര്‍ സീസണ്‍ ആരംഭത്തിലെ വിലത്തകര്‍ച്ചയ്ക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. ഗ്രാമീണ മേഖലകളില്‍ വിളവെടുപ്പും കൊപ്ര സംസ്‌കരണവുമെല്ലാം പുരോഗമിക്കുമ്പോഴും വില ഉയര്‍ത്താന്‍ ആളില്ലാത്ത സ്ഥിതി. വെളിച്ചെണ്ണ വില്‍പ്പനയിലെ മാന്ദ്യം ഒരു വിഭാഗം മില്ലുകാരെ വന്‍ വിലയ്ക്ക് കൊപ്രയും പച്ചത്തേങ്ങയും ശേഖരിക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചു. അതേസമയം മാസത്തിന്റെ രണ്ടാം പകുതിയിലെ വിലത്തകര്‍ച്ച വന്‍കിട വ്യവസായികള്‍ നേട്ടമാക്കി.    

വില ഉയര്‍ത്താന്‍ ആളില്ലാതെ നാളികേരം

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് പുരോഗമിച്ചെങ്കിലും ഇതില്‍ ഏറിയ പങ്ക് ചരക്കും ആഭ്യന്തര ആവശ്യങ്ങള്‍ക്കായി വിറ്റു പോകുന്നു. തമിഴ്നാട്ടില്‍ പുതിയ സീസണിന് മാര്‍ച്ചില്‍ തുടക്കം കുറിക്കുമെന്ന സൂചനയാണ് തേങ്ങിന്‍തോപ്പുകളില്‍നിന്നും ലഭ്യമാവുന്നത്. എന്നാല്‍ വിളവെടുപ്പ് ഏപ്രിലിലേക്കു നീളുമോയെന്ന ആശങ്കയും ഇല്ലാതില്ല. കര്‍ണാടകവും ആന്ധ്രയും നാളികേരം ഈ കാലയളവില്‍ ഇറക്കും.

തമിഴ്നാട്ടില്‍ കൊപ്ര വില ക്വിന്റലിന് 8400ലേക്കും കേരളത്തില്‍ 8600 വരെയും താഴ്ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇടപാടുകള്‍ നടന്നു. വ്യവസായികളുടെ പക്ഷത്തുനിന്ന് വീക്ഷിക്കുമ്പോള്‍ വിപണിയില്‍ ഒരു ബുള്‍ തരംഗം ഉടലെടുക്കുമെന്നാണ് സൂചന. കൊപ്രയുടെ അപ്രതീക്ഷ വിലയിടിവില്‍ വന്‍കിട മില്ലുകാരും ബഹുരാഷ്ട്ര കമ്പനികളും കിട്ടാവുന്ന പരമാവധി ചരക്കിന് കച്ചവടം ഉറപ്പിച്ചതായാണ് വിവരം. അതേസമയം സംഭരണ കാര്യത്തിലെ മാന്ദ്യം മുന്നേറ്റത്തിന് ആവേശം കുറയ്ക്കാനും ഇടയുണ്ട്.

പച്ചത്തേങ്ങ സംഭരണത്തിന് കൂടുതല്‍ ഏജന്‍സികള്‍ നിലയുറപ്പിച്ചെങ്കിലും അവര്‍ക്ക് കര്‍ഷകരെ ആകര്‍ഷിക്കാനായില്ല. പല ഭാഗങ്ങളിലും പച്ചത്തേങ്ങ കിലോ 27 രൂപയിലാണ് ഇടപാടുകള്‍ നടക്കുന്നത്. അതേസമയം കൊപ്രയുടെ താങ്ങുവില ആകര്‍ഷകം തന്നെ. എന്നാല്‍ താങ്ങുവിലയായ 10,590 രൂപയ്ക്ക് സംഭരണം തുടങ്ങിയാല്‍ മാത്രമേ അതിന്റെ പ്രയോജനം കാര്‍ഷിക മേഖലയ്ക്ക് ഉറപ്പു വരുത്താനാകൂ.

കൊച്ചിയിലും കാങ്കയത്തും കൊപ്ര, വിലത്തകര്‍ച്ചയ്ക്കു ശേഷം വാരാവസാനം 9000 രൂപയിലേക്ക് തിരിച്ചു കയറി. രണ്ടു സംസ്ഥാനങ്ങളിലും കൊപ്രവില ഓരേ റേഞ്ചിലാണെങ്കിലും എണ്ണവിലയുടെ കാര്യത്തില്‍ വന്‍ അന്തരമുണ്ട്. തമിഴ്നാട്ടില്‍ 13,125 രൂപയ്ക്ക് വെളിച്ചെണ്ണ ലഭ്യമാണെങ്കില്‍ കേരളത്തില്‍ ഇതിന് 15,000 രൂപയാണ്. പ്രദേശിക വിപണികളില്‍ വെളിച്ചെണ്ണ പിന്തള്ളപ്പെടാന്‍ ഇതും ഒരു കാരണമായി. വിപണി വിശേഷങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും ഫെബ്രുവരിയില്‍ വെളിച്ചെണ്ണ ചൂടു പിടിക്കുമെന്ന പ്രതീക്ഷയിലാണ് വന്‍കിട മില്ലുകാര്‍.

ഇറക്കുമതിയില്‍ കുരുമുളകിന് തളര്‍ച്ച

പുതിയ കുരുമുളക് വിളവെടുപ്പിനുള്ള തയാറെടുപ്പുകള്‍ ഇടുക്കിയിലും വയനാട്ടിലും പുരോഗമിക്കുന്നു. മൂത്ത മുളകുമണികള്‍ ഒരു വിഭാഗം കര്‍ഷകര്‍ ഇതിനകം തന്നെ പറിച്ച് ഉണക്കിത്തുടങ്ങി. മാസമധ്യത്തോടെ വിളവെടുപ്പ് ഊര്‍ജിതമാക്കും. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ പഴയതും പുതിയതുമായ ചരക്ക് ചെറിയ അളവില്‍ എത്തുന്നുണ്ട്. രണ്ടാഴ്ച്ചക്കിടയില്‍ ക്വിന്റലിന് ഏകദേശം 2000 രൂപയുടെ വിലത്തകര്‍ച്ച കുരുമുളകിനുണ്ടായി.

ഇറക്കുമതിയാണ് വിപണിയുടെ താളം തെറ്റിച്ചതെന്നാണ് വ്യാപാര മേഖലയുടെ വിലയിരുത്തല്‍. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഉയര്‍ന്ന അളവില്‍ വിദേശ കുരുമുളക് രാജ്യത്ത് എത്തിയെന്നാണ് അവരുടെ കണക്കുകൂട്ടല്‍. വിദേശ ചരക്കില്‍ വലിയോരു പങ്ക് മൂല്യവര്‍ധിത ഉല്‍പന്നമാക്കി തിരിച്ചു കയറ്റുമതി നടത്തുന്നുണ്ട്. ഒലിയോറസിന്‍ നിര്‍മാണത്തിന് ആവശ്യമായ മൂപ്പുകുറഞ്ഞ കുരുമുളക് വിവിധ ഉല്‍പാദന രാജ്യങ്ങളില്‍ നിന്നാണ് സത്ത് നിര്‍മാതാക്കള്‍ ശേഖരിക്കുന്നത്. ഇതിനു പുറമേ ശ്രീലങ്കയില്‍നിന്ന് 5000 ടണ്ണും വന്നു. ഇതില്‍ പകുതിയും ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഉടമ്പടിയുടെ ഭാഗമായി നികുതി രഹിത ഇറക്കുമതിയാണ്.

കേരളത്തിലും കര്‍ണാടകത്തിലും ഉല്‍പാദിപ്പിക്കുന്ന മുളകിന് ആഭ്യന്തര ഡിമാന്‍ഡില്‍ ആകര്‍ഷകമായ വില ഉറപ്പുവരുത്താനുള്ള അവസരമാണ് അനിയന്ത്രിതമായ ഇറക്കുമതി മൂലം നഷ്ടമാകുന്നത്. വിദേശ ചരക്കുവരവ് നിയന്ത്രിച്ചാല്‍ മാത്രമേ കാര്‍ഷിക മേഖലയുടെ ആത്മവിശ്വാസം ഉയര്‍ത്താനാകൂ.

കിലോ 500 രൂപയുടെ നിര്‍ണായക താങ്ങ് നഷ്ടപ്പെട്ട കുരുമുളക് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 485ലേക്ക് ഇടിഞ്ഞു. അതേസമയം കിലോ 470-475 രൂപയ്ക്ക് വിദേശ ചരക്ക് ഉത്തരേന്ത്യന്‍ വിപണികളില്‍ ലഭ്യമാണ്. കേരളത്തില്‍നിന്നും ചരക്ക് എടുത്ത് ലോറി വാടകയും നികുതിയും എല്ലാം ഉല്‍പ്പന്നത്തില്‍ പതിയുമ്പോള്‍ വരുന്ന വിലയുമായി താരതമ്യം ചെയുമ്പോള്‍ ഇറക്കുമതി മുളകിനാണ് അവിടെ ആവശ്യക്കാര്‍.  

പിന്നിട്ടവാരം ക്വിന്റലിന് 1100 രൂപ ഇടിഞ്ഞ് ഗാര്‍ബിള്‍ഡ് കുരുമുളക് 50,500 രൂപയായി. അതേസമയം രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ തകര്‍ച്ചയില്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ മലബാര്‍ മുളക് വില ടണ്ണിന് 6900 ഡോളറായി. എന്നാല്‍ ഇതര ഉല്‍പാദകരാജ്യങ്ങളുടെ വിലയേക്കാള്‍ ഇപ്പോഴും ടണ്ണിന് 2900 ഡോളര്‍ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വിദേശ ഓര്‍ഡറില്ല. ഒരാഴ്ച്ച നീളുന്ന ചൈനീസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കും. ഫെബ്രുവരി രണ്ടാം വാരം വരെ വിയറ്റ്നാം രാജ്യാന്തര വിപണിയില്‍നിന്ന് വിട്ടു നില്‍ക്കും.

കുതിച്ചു താഴ്ന്ന് അടയ്ക്ക

അടയ്ക്ക വിലയില്‍ വന്‍ ചാഞ്ചാട്ടം. പാന്‍ മസാല വ്യവസായികള്‍ മലബാര്‍ മേഖലയില്‍നിന്നും മംഗലാപുരത്തുനിന്നും ചരക്ക് സംഭരിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരക്കിട്ട നീക്കം നടത്തി. ഇതോടെ പഴയ അടയ്ക്ക വില 35,000ല്‍നിന്ന് 40,000ലേക്ക് ഉയര്‍ന്നെങ്കിലും വാങ്ങലുകള്‍ പൂര്‍ത്തിയായി അവര്‍ രംഗം വിട്ടതോടെ 37,500ലേക്ക് ശനിയാഴ്ച താഴ്ന്നു. പുതിയ അടയ്ക്ക വിലയും ഈ അവസരത്തില്‍ ചാഞ്ചാടി,  വാരാന്ത്യം നിരക്ക് 32,500ലാണ്. കേരളത്തിലും കര്‍ണാടകത്തിലും ഉല്‍പാദനം കുറവായതിനാല്‍ അടയ്ക്ക കരുത്ത് നിലനിര്‍ത്താം.  

പ്രതിസന്ധി വിട്ടുമാറാതെ റബര്‍

ആഗോള റബര്‍ വിപണിയിലെ പ്രതിസന്ധി വിട്ടുമാറിയില്ല. ഏഷ്യന്‍ രാജ്യങ്ങള്‍ ഉല്‍പാദനം പ്രതീക്ഷയ്ക്കൊത്ത് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. മറുവശത്ത് ടയര്‍ വില്‍പ്പനയിലെ മാന്ദ്യവും കാര്‍-ട്രക് നിര്‍മാണം കുറഞ്ഞതും രാജ്യാന്തര തലത്തില്‍ റബറിന് ആവശ്യം കുറച്ചു. കാര്‍ നിര്‍മാണ മേഖല അതിരൂക്ഷമായ ചിപ്പ് ക്ഷാമത്തില്‍നിന്നും ഇനിയും മോചനം നേടിയിട്ടില്ല. ഒരു വര്‍ഷത്തില്‍ അധികമായി തുടരുന്ന പ്രതിസന്ധിക്ക് അയവ് വന്നാലെ സ്ഥിതിഗതികളില്‍ മാറ്റം സംഭവിക്കൂ.

കോവിഡും ഒമിക്രോണും സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് മാര്‍ച്ചിന് ശേഷം തിരിച്ചുവരവ് കണക്കുകൂട്ടുകയാണ് വ്യവസായിക ലോകം. ഇന്ത്യന്‍ ബസ്-ട്രക് ടയര്‍ നിര്‍മാണ മേഖല മൂന്നു മാസമായി തളര്‍ച്ചയിലാണ്. നവംബറില്‍ ഉല്‍പാദനം പത്തു ശതമാനം കുറഞ്ഞു, കഴിഞ്ഞ രണ്ട് മാസങ്ങളിലും സ്ഥിതിയില്‍ കാര്യമായ മാറ്റമില്ല.

ജനുവരിയില്‍ ഒട്ടുമിക്ക തോട്ടങ്ങളിലും റബര്‍ ടാപ്പിങ്ങിന് ചെറുകിട കര്‍ഷകര്‍ ഉത്സാഹിച്ചു. ഇതിനിടെ ടയര്‍ നിര്‍മാതാക്കളുടെ പിന്തുണയില്‍ നാലാം ഗ്രേഡ് റബര്‍ 300 രൂപയുടെ മികവുമായി 16,400ലേക്ക് ഉയര്‍ന്നു. 

English summary: Commodity Markets Review January 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com