ADVERTISEMENT

ഏലക്ക ലേലത്തിലെ പരിഷ്‌കാരങ്ങളെ മലയോര മേഖല പ്രതീക്ഷകളോടെ വീക്ഷിക്കുന്നു. സീസൺ അവസാനഘട്ടത്തിൽ ലേലത്തിൽ വരുത്തിയ മാറ്റങ്ങൾ സുന്ധറാണിക്കും ഉൽപാദകർക്കും നേട്ടം പകരാം. പുതിയ സാഹചര്യത്തിൽ മാസാവസാനത്തിനു മുന്നേ മികച്ചയിനം ഏലം 1400 രൂപയുടെ പ്രതിരോധം മറികടക്കാനുള്ള കരുത്ത്‌ മുന്നിലുള്ള ദിവസങ്ങളിൽ കണ്ടത്താം. അധികോൽപാദനം സൃഷ്‌ടിച്ച ആഘാതത്തിൽനിന്ന്‌ പുതിയ ഉയരങ്ങളിലേക്ക് ചുവടുവയ്ക്കാൻ ഇനി ഏലത്തിനാകും. 

2022ൽ 2022 രൂപ വരെ കയറിയ ഏലം

ഈ വർഷം ഉൽപാദന കേന്ദ്രങ്ങളിലും മറ്റു ഭാഗങ്ങളിലുമായി ഏകദേശം 57 ലേലങ്ങൾ നടന്നെങ്കിലും കേവലം നാലു തവണ മാത്രമേ മികച്ചയിനം ഏലത്തിന്‌ കിലോ 1400 രൂപയ്‌ക്ക്‌ മുകളിലേക്ക് എത്തിനോക്കാൻ അവസരം ലഭിച്ചുള്ളു. എന്നാൽ ഒരിക്കൽ പോലും മികച്ചയിനങ്ങൾക്ക്‌ 1500ന്‌ മുകളിൽ കരുത്തു തെളിയിക്കാൻ അവസരം ലഭിച്ചില്ല. 2022ലെ ആദ്യ ലേലത്തിൽ വൻ ആവേശം വിതറി ഏലക്ക കിലോ 2022 രൂപ വരെ കയറിയിരുന്നു.

പുതുവർഷത്തിലെ ആദ്യ ലേലത്തിലെ ആവേശത്തിന്‌ അൽപ്പായുസ്‌ മാത്രമെന്ന യാഥാർഥ്യം ചുരുങ്ങിയ ദിവസങ്ങളിൽ ഉൽപാദക മേഖലയ്‌ക്ക്‌ വ്യക്തമായി. ശരാശരി ഇനങ്ങളാണ്‌ ചെറുകിട കർഷകർ ലേലത്തിൽ എത്തിക്കുന്നതിൽ ഏറിയ പങ്കും. ഇതിന്‌ ജനുവരി ആദ്യ വാരം കിലോ 756 രൂപയായി ഇടിഞ്ഞു, അതിനു ശേഷം വാങ്ങലുകാർ കർഷകരോട്‌ അൽപം അയവ്‌ കാണിച്ചതാവാം ഏലത്തെ 900 ന്‌ മുകളിലേക്ക് കൈപിടിച്ച്‌ ഉയർത്തിയെങ്കിലും ഒരിക്കൽ പോലും നാലക്കത്തിലേക്ക് പ്രവേശിക്കാൻ ആഭ്യന്തര വിദേശ ഇടപാടുകാർ അനുവദിച്ചില്ല. 

ഏലക്കർഷകരുടെ പ്രതിസന്ധിക്കു പരിഹാരം കാണമെന്ന മലയോര മേഖലയുടെ മുറവിളിയിൽ ലേലത്തിൽ പരമാവധി ചരക്ക്‌ 65,000 കിലോയിൽ കഴിഞ്ഞ ദിവസം നിജപ്പെടുത്തി. ഇതിനിടെ പുതിയ വിളവിൽ ഏറിയ പങ്കും കുറഞ്ഞ വിലയ്‌ക്ക്‌ ഉൽപാദകർ കൈമാറിക്കഴിഞ്ഞു. 

വരണ്ട കാലാവസ്ഥയിൽ ഒട്ടുമിക്ക തോട്ടങ്ങളും രുക്ഷമായ ജലക്ഷാമത്തിന്റെ പിടിയിലാണ്‌. പല മാർഗ്ഗങ്ങളിലുടെ വെള്ളം എത്തിച്ചാണ്‌ തോട്ടം മേഖല പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത്‌. കാലാവസ്ഥ മാറ്റത്തിനിടെ വിളവെടുപ്പ്‌ അവസാന റൗണ്ടിലേകക് നീങ്ങിയതിനാൽ സ്വാഭാവികമായും മുന്നിലുള്ള ആഴ്‌ചകളിൽ ലേലത്തിനുള്ള ചരക്കുവരവ്‌ ചുരുങ്ങും. 

ഈ മാസം ഒരു തവണ മാത്രമാണ്‌ 65,000 കിലോയ്‌ക്ക്‌ മുകളിൽ ചരക്കെത്തിയത്‌,  ജനുവരിയിൽ 20 തവണയും. ഒറ്റ ലേലത്തിലെ വരവ്‌ അരലക്ഷം കിലോയിൽ നിജപ്പെടുത്തിയിരുന്നെങ്കിൽ വിപണിയെ ഈ പ്രതിസന്ധിയിൽനിന്ന്‌ അതിവേഗം മോചിപ്പിക്കാമായിരുന്നു.

യൂറോപ്യൻ രാജ്യങ്ങൾ ഈസ്റ്റർ വേളയിലെ ആവശ്യങ്ങൾക്കുള്ള ഏലക്ക സംഭരണത്തിന്‌  തയാറെടുക്കുന്നു. അറബ്‌ രാജ്യങ്ങൾ റംസാൻ നോമ്പ് മുന്നിൽക്കണ്ടുള്ള വാങ്ങലിനും. കോവിഡ്‌ പ്രതിസന്ധികൾ മൂലം ക്രിസ്‌മസ്‌ വേളയിൽ വിദേശ ആവശ്യക്കാർ കുറവായിരുന്നങ്കിലും സ്ഥിതിഗതികൾ മാറിയത്‌ ഇക്കുറി ഏലത്തിന്‌  വിദേശ ഡിമാൻഡ് ഉയർത്താം. ശിവരാത്രിയും‐വിഷുവും ഏലത്തിന്‌ ആഭ്യന്തര ഡിമാൻഡ് ഉയർത്തുമെന്നത്‌ സ്‌റ്റോക്കിസ്‌റ്റുകൾക്ക്‌ നേട്ടമാവും.

കുരുമുളകുവില താഴേക്ക്

കുരുമുളക്‌ ഉൽപാദകരാജ്യങ്ങൾ ആഗോള വിപണിയിൽ വീണ്ടും മത്സരത്തിന്‌ തയാറെടുക്കുന്നു. കുരുമുളകും വെള്ളക്കുരുമുളകും വിറ്റഴിക്കാനുള്ള നീക്കം വിലയിൽ കാര്യമായ പരിക്കുകൾ സൃഷ്‌ടിക്കാൻ ഇടയില്ലെന്നാണ്‌ അന്താരാഷ്‌ട്ര മാർക്കറ്റിലെ ചലനങ്ങൾ നൽകുന്ന സൂചന. ചൈനീസ്‌ പുതുവത്സരാഘോഷ വേളയിൽ രംഗംവിട്ട വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ ചൈനീസ്‌ വംശജരായ കയറ്റുമതിക്കാർ വിപണിയിൽ തിരിച്ചെത്തി. വിയറ്റ്‌നാം വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ്‌, അവരുടെ ചരക്കുരംഗത്ത്‌ ഇറങ്ങും മുമ്പേ സ്‌റ്റോക്ക്‌ വിറ്റുമാറാൻ ഇന്തോനേഷ്യ നീക്കം തുടങ്ങും. ഇരു രാജ്യങ്ങളിലും വെറ്റ്‌ പെപ്പർ സ്‌റ്റോക്കുണ്ട്‌. കോവിഡ്‌ മൂലം യു എസ്‌‐യൂറോപ്യൻ വിപണികളിൽ നിന്ന്‌ കഴിഞ്ഞ വർഷം ഡിമാൻഡ് കുറവായിരുന്നു. കരുതൽ ശേഖരത്തിലെ ചരക്ക്‌ വേഗത്തിൽ കപ്പൽ കയറ്റാനുള്ള ശ്രമം വെള്ളക്കുരുമുളക്‌ വിലയിൽ ചാഞ്ചാട്ടം ഉളവാക്കാം. ഇന്തോനേഷ്യ ടണ്ണിന്‌ 7050 ഡോളറിന്‌ ചരക്ക്‌ വാഗ്‌ദാനം ചെയ്‌തതോടെ വിയറ്റ്‌നാം ബയർമാരെ ആകർഷിക്കാൻ 6050 ഡോളറിന്‌ ക്വട്ടേഷൻ ഇറക്കി. ഉൽപാദനക്കുറവ്‌ കണക്കിലെടുത്ത്‌ മലേഷ്യ 7600 ഡോളറാണ്‌ വൈറ്റ്‌ പെപ്പറിന്‌ ആവശ്യപ്പെടുന്നത്‌. ബ്രസീലിയൻ കയറ്റുമതിക്കാർ രംഗത്തില്ല.

സംസ്ഥാനത്ത്‌ കുരുമുളക്‌ വിളവെടുപ്പ്‌ പുരോഗമിക്കുന്നു. ഇടുക്കി, വയനാട്‌ മുളക്‌ ഈ മാസം കൂടുതലായി വിൽപ്പനയ്‌ക്ക്‌ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ്‌ വാങ്ങലുകാർ. സീസണായതിനാൽ നിരക്ക്‌ നിത്യേനെ ഇടിയുന്നത്‌ കർഷകരെ വിൽപ്പനയിൽ നിന്ന്‌ പിന്തിരിപ്പിക്കുന്നു. അതേസമയം കാർഷികച്ചെലവുകൾ താങ്ങാനാവാതെ ചെറുകിട കർഷകർ പുതിയ ചരക്ക്‌ വിറ്റ്‌ സാമ്പത്തിക ഞെരുക്കത്തിൽ നിന്ന്‌ രക്ഷനോടാനുള്ള ശ്രമത്തിലാണ്‌. ഇത്‌ അവസരമാക്കി അന്തർ സംസ്ഥാന വാങ്ങലുകാർ നിരക്ക്‌ താഴ്‌ത്തി. മൂന്നാഴ്‌ചയ്ക്കിടയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ ക്വിന്റലിന്‌ 2700 രൂപ ഇടിഞ്ഞ്‌ 47,800 രൂപയായി.   

ഇഞ്ചിക്കു വിലത്തകർച്ച

ദക്ഷിണേന്ത്യയിൽ ഇഞ്ചി വിളവെടുപ്പ്‌ വ്യാപകമായതോടെ ഉൽപ്പന്നം വിലത്തകർച്ചയിൽ. വാങ്ങലുകാരുടെ അഭാവവും അധികോൽപ്പാദനവും കൃഷി ഇറക്കിയവരെ സാമ്പത്തികക്കുരുക്കിലാക്കി. കേരളത്തിൽ മാത്രമല്ല, കർണാടകം, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽ നിന്നും പച്ച ഇഞ്ചി വിൽപ്പനയ്‌ക്ക്‌ ഇറങ്ങുന്നുണ്ട്‌. 

ഒരേക്കർ ഇഞ്ചിക്കൃഷിക്ക്‌ ഏകദേശം രണ്ടര ലക്ഷം രൂപ ചെലവ്‌ കണക്കാക്കുന്നു.  വിളവെടുക്കുമ്പോൾ ഇറക്കുമുതലിന്റെ പകുതി പോലും ഉറപ്പുവരുത്താനാവാത്ത സ്ഥിതിയാണ്‌. തൊട്ട്‌ മുൻവർഷം അയൽ സംസ്ഥാനങ്ങളിൽ പാട്ടത്തിന്‌ കൃഷി ഇറക്കിയ പലർക്കും കോവിഡ്‌ വ്യാപനം മൂലം യഥാസമയം വിളവെടുക്കാനായില്ല, അനുകൂല കാലാവസ്ഥയിൽ ചില പ്രദേശങ്ങളിൽ മണ്ണിനടിയിൽ കിടന്ന പഴയ ഇഞ്ചിയും ഇക്കുറി വിളവെടുത്ത്‌ ഉൽപാദനം ഇരട്ടിപ്പിച്ചതായി ഒരു വിഭാഗം കർഷകർ. 

ഒരു ക്വിന്റൽ ചുക്ക്‌ ഉൽപാദിപ്പിക്കാൻ ആറ്‌ ക്വിന്റൽ പച്ച ഇഞ്ചി സംസ്‌കരിക്കണം. ഇഞ്ചിയുടെ ബംബർ വിളവ്‌ കണക്കിലെടുത്താൽ ചുക്ക്‌ ഉൽപാദനവും ഉയരാം. കൊച്ചിയിൽ മാസങ്ങളായി ചുക്ക്‌ കിലോ 165‐175 രൂപയിലാണ്‌. കർണാടകത്തിൽ ചുക്ക്‌ ഉൽപാദനം വർധിച്ചാൽ നിരക്ക്‌ ചാഞ്ചാടാം, എന്നാൽ അറബ്‌ രാജ്യങ്ങൾ രംഗത്ത്‌ എത്തിയാൽ വിലത്തകർച്ചയെ തടയാനാവും.   

മാറ്റമില്ലാതെ മഞ്ഞൾ

മഞ്ഞൾ കർഷകർക്ക്‌ ഇക്കുറി ആകർഷകമായ വില കൈപ്പിടിയിൽ ഒതുക്കാനാവുമെന്ന സൂചനയാണ്‌ രാജ്യത്തെ വിവിധ മേഖലകളിൽ നിന്നുള്ള വിവരം. കഴിഞ്ഞ വർഷം അവസാന മാസങ്ങളിലെ കനത്ത മഴ തെലുങ്കാനയിലെ നിസാമാബാദിൽ കനത്ത കൃഷി നാശത്തിന്‌ ഇടയാക്കി. മഹാരാഷ്‌ട്രയിലും മഞ്ഞൾ ഉൽപാദനം കുറവാണ്‌.

തമിഴ്‌നാട്ടിലും കേരളത്തിലും മഞ്ഞൾ വിളവിൽ കാര്യമായ മാറ്റമില്ലെന്നാണ്‌ പൊതുവേയുള്ള വിലയിരുത്തൽ. രാജ്യത്തെ ഔഷധ വ്യവസായികൾക്കും സത്ത്‌ നിർമാതാക്കൾക്കും ആവശ്യമായ കുർകുമിൻ അംശം ഉയർന്ന മഞ്ഞളിന്‌ ഡിമാൻഡ് ഉയരാം. ഈറോഡ്‌‐സേലം മഞ്ഞൾ വില 7200‐9300 രൂപ. 

English summary: Commodity Markets Review February 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com