ADVERTISEMENT

കഥ ഇതുവരെ

പിറവത്തൊരു അമ്മയും മകനുമുണ്ടായിരുന്നു. അമ്മയ്ക്കു മകനും മകന് അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ– ലീനയും ജിത്തുവും.  അതുകൊണ്ടുതന്നെ ഇരുവരും വലിയ കൂട്ടായിരുന്നു. തന്റെ ആശയങ്ങളും സ്വപ്നങ്ങളുമൊക്കെ ജിത്തു അമ്മയോടാണ് പങ്കുവച്ചിരുന്നത്.  സ്കൂൾ പഠനമൊക്കെ കഴിഞ്ഞ കോളജിലെത്തിയപ്പോഴും ആ ശീലം തുടർന്നു. അങ്ങനെ ഒരു ദിവസം മകൻ അമ്മയെ ഒരു വിഡിയോ കാണിച്ചു– കൂൺകൃഷിയെക്കുറിച്ചുള്ള ആ വിഡിയോ അവനെ ഏറെ ആവേശഭരിതനാക്കിയിരുന്നു. ഒരുനാൾ ഞാനും കൂൺ കൃഷി ചെയ്യുമെന്ന് അവൻ മനസ്സിൽ പറഞ്ഞു. പണ്ടൊരിക്കൽ വിഷക്കൂൺ കഴിച്ചു വയറു കേടാക്കിയ ശേഷം കൂൺ തൊട്ടിട്ടില്ലാത്ത അമ്മയും മകനും പരീക്ഷണാർഥം കൂൺ കൃഷി ചെയ്തുതുടങ്ങി. കേട്ടും വായിച്ചും കിട്ടിയ അറിവു മാത്രമായിരുന്നു ആശ്രയം. 

ഒന്നും രണ്ടും തട(ബെഡ്)ങ്ങളിൽ കൃഷി ചെയ്ത് അവർ മെല്ലെ ആത്മവിശ്വാസം നേടി. കോളജ് പഠനകാലത്തുതന്നെ കൂൺകൃഷിയിലൂടെ പോക്കറ്റ് മണി നേടാൻ ജിത്തുവിനു കഴിഞ്ഞു. കൃഷിയുടെ മേൽനോട്ടം എന്നും അമ്മയ്ക്കായിരുന്നു. വീടിനുള്ളിൽ അമ്മ കൂൺതടങ്ങളൊരുക്കി. വിളവെടുത്ത് പായ്ക്ക് ചെയ്തു. വിപണനവും മറ്റു കാര്യങ്ങളുമൊക്കെ ജിത്തുവിന്റെ ചുമതലയിലും. അയലത്തെ കടകളിലും വീടുകളിലും ആവശ്യക്കാരെ കണ്ടെത്താൻ കഴിഞ്ഞു. പക്ഷേ, അവരുടെ സ്വപ്നങ്ങളിലെ കൂൺകൃഷി യാഥാർഥ്യമാകാൻ പിന്നെയും സമയമെടുത്തു. കുമരകം കാർഷിക ഗവേഷണകേന്ദ്രത്തിലെ ഡോ. എ.വി.മാത്യുവിന്റെയും മറ്റും പ്രോത്സാഹനത്തോടെ 2014ൽ അമ്മയുടെ പേരിൽ ആ സ്വപ്നത്തിനു തുടക്കം കുറിച്ചു. അതാണ് ജിത്തുവും അമ്മ ലീനയും ജിത്തുവിന്റെ കൂട്ടുകാരൻ ഏബലും ചേർന്നു നടത്തുന്ന ലീനാസ് മഷ്റൂം.

mushroom-leenas
ടീം ലീനാസ് മഷ്റൂം

എന്നും കൂൺ, ഏറെ കൂൺ

കൂട്ടിയിട്ടാൽ കൂൺമലയുണ്ടാക്കാൻ കഴിയുന്നത്ര ഉൽപാദനമാണ് പിറവത്തിനു സമീപം പാഴൂരിലെ ലീനാസ് മഷ്റൂമിനെ ശ്രദ്ധേയമാക്കുന്നത്. ഫാക്ടറിയിലെന്നപോലെ 365 ദിവസവും കൂൺ ഉൽപാദിപ്പിക്കാൻ  അതിസാന്ദ്രതാരീതിയാണ്  ഇവർ നടപ്പാക്കിയത്. സാധാരണ കൂൺകൃഷിക്കു വേണ്ടതിന്റെ അഞ്ചിലൊന്ന് ഇടം മാത്രം പ്രയോജനപ്പെടുത്തി 2400 ചതുരശ്ര മീറ്ററിൽ 10,000 ബെഡുകളാണ് ഒരേസമയം ഇവർ കൃഷി ചെയ്യുക.  ദിവസേന 60–80 കിലോ കൂൺ പായ്ക്ക് ചെയ്യുന്ന ഫാക്ടറിയായി ലീനാസ് മഷ്റൂം വളർന്നു കഴിഞ്ഞു. 

mushroom-leenas-3
പായ്ക്കിങ്ങിനായി തയാറെടുപ്പ്

ഉൽപാദനം ഇരട്ടിപ്പിക്കാനുള്ള ക്രമീകരണം പൂർത്തിയാകുന്നതോടെ 150 കിലോ കൂൺ വീതം ദിവസേന വിൽക്കാം. വർഷം മുഴുവൻ ഒരേ തോതിലും നിലവാരത്തിലും കൂൺ കിട്ടുമെന്നത് ഈ സംരംഭത്തെ വേറിട്ടതാക്കുന്നു. കൂണിനൊപ്പം കൂൺവിത്ത്, മൂല്യവർധിത ഉൽപന്നങ്ങൾ എന്നിവയും ഇതേ ബ്രാൻഡിൽ വിൽക്കുന്നുണ്ട്.

വീട്ടിലെ ഒരു മുറിക്കുള്ളിൽ ആരംഭിച്ച ഈ  സംരംഭം എന്തുകൊണ്ടും വ്യത്യസ്തമാണ്, അതിലേറെ, സംരംഭകർക്ക് മാതൃകയും. ഒരു ഫാക്ടറിയിലെത്തിയ പ്രതീതിയാണ് ഈ ഫാമിൽ. രണ്ടു ഷിഫ്റ്റിലായി 8 ജീവനക്കാര്‍. പുലർച്ചെ അഞ്ചരയ്ക്ക് വിളവെടുപ്പോടെ ആദ്യ ഷിഫ്റ്റുകാർ പ്രവർത്തനം ആരംഭിക്കുന്നു. ബെഡ് നിറയ്ക്കാൻ സമയമാകുമ്പോഴേക്കും അടുത്ത ഷിഫ്റ്റുകാരും എത്തും. 8 മണിയാകുമ്പോഴേക്കും മുഴുവൻ ഉൽപന്നവും പായ്ക്ക് ചെയ്ത് വിൽപനയ്ക്കായി പോകും. ബെഡുണ്ടാക്കുന്നതിനുള്ള അറക്കപ്പൊടി ലോറിയിലാണ് കൊണ്ടുവരിക. റബർതടിയുടെ അധികം പഴക്കമില്ലാത്ത പൊടി മാത്രമേ ഇവിടെ ബെഡ് നിർമാണത്തിനായി ഉപയോഗിക്കൂ.  ബ്ലീച്ചിങ് പൗഡറും കുമിൾനാശിനിയുമുപയോഗിച്ച് അണുനശീകരണം നടത്തിയ അറക്കപ്പെടിയാണ് പ്ലാസ്റ്റിക് കൂടകളിൽ നിറയ്ക്കുന്നത്. 

mushroom-packing
200 ഗ്രാം തൂക്കത്തിൽ പായ്ക്കിങ്

വേനലായതോടെ നാട്ടിലെ മിക്ക സംരംഭകരും ചിപ്പിക്കൂൺകൃഷി നിർത്തിയിട്ടുണ്ടാകും.  അന്തരീക്ഷ താപനില ഉയരുന്നതിനാൽ ആദായകരമായ ഉൽപാദനം സാധ്യമാകാതെ വരുന്നതാണ് കാരണം. എന്നാൽ ലീനാസ് ഫാമിലെ കൂൺശാലയിൽ എത്ര കഠിന വേനലിലും 5 ഡിഗ്രി ചൂട് കുറവായിരിക്കും. ഷെഡിനുള്ളിലെ താപനില കുറയ്ക്കാന്‍ ‘ഫാൻ ആൻഡ്  പാഡ്’ താപനിയന്ത്രണ സംവിധാനമുണ്ട്.  ഒരു വശത്തെ ഫാനുകളുടെ സഹായത്തോടെ ഷെഡിനുള്ളിലെ ചൂടുവായു പുറന്തള്ളുകയാണ്  ചെയ്യുന്നത്. ഒപ്പം മറുവശത്തെ ജനലിലൂടെ ഉള്ളിലേക്കു  കടക്കുന്ന വായു തണുപ്പിക്കാൻ ജലം കയറിയിറങ്ങുന്ന ‘ഹണികോമ്പ് കൂളിങ് പാഡും’ ഉണ്ട്. ഫലമോ, നട്ടുച്ചയ്ക്കുപോലും കുളിർമ.

ലീനാസ് മഷ്റൂം ഫാമിന്റെ മികവിനു  പ്രധാന കാരണം  ഇവിടുത്തെ കൂൺശാലതന്നെ. കൂൺകൃഷിയിലെ പതിവു കാഴ്ചകളായ ഇരുട്ടുമുറി, വെള്ളം തളിക്കൽ  എന്നിവയൊന്നും ഇവിടെയില്ല. 2 ഷെഡുകളിലായി ആകെ 10,000 ബെഡുകള്‍.  പണി പൂർത്തിയായിവരുന്ന 2 ഷെഡുകളിൽ കൂടി ഉൽപാദനം ആരംഭിക്കുന്ന തോടെ ശേഷി ഇരട്ടിക്കും. ദിവസേന  ശരാശരി 400 ബെഡുകൾ നിറയ്ക്കും. ബ്ലീച്ചിങ് പൗഡറും കുമിൾ നാശിനിയുമുപയോഗിച്ച്  അണുനശീകരണം നടത്തിയ അറക്കപ്പൊടി നിശ്ചിത തോതിൽ ഈർപ്പം ഉറപ്പാക്കി പ്ലാസ്റ്റിക് കൂടുകളിൽ നിറയ്ക്കും. ആഴ്ചയിൽ 1500 ബെഡുകളിൽ വിത്തിടണമെന്നതാണ് ‘പ്രൊ ഡക്‌ഷൻ ടാർജറ്റ്’. വിത്തിട്ട ബെഡുകൾ അന്നുതന്നെ ഷെഡിന്റെ ഒരറ്റം മുതൽ ഉറികളിൽ തൂക്കിയിടും. ഇത്രയേറെ ബെഡുകൾ കൈകാര്യം ചെയ്യേണ്ടിവരുന്നതിനാലാണ് പ്രത്യേകം ഇരുട്ടുമുറി വേണ്ടെന്നുവച്ചതെന്ന് ജിത്തു പറഞ്ഞു. സൂര്യപ്രകാശം തീരെ പ്രവേശിക്കാത്ത കൂൺശാല ഏറക്കുറെ ഇരുട്ടുമുറിയായി പ്രയോജനപ്പെടുന്നു. പാൻ ആൻ പാഡ് സംവിധാനമുള്ളതിനാൽ ഈർപ്പത്തിനായി പ്രത്യേകം വെള്ളം തളിക്കേണ്ടതുമില്ല. ദിവസവും തയാറാക്കുന്ന ബെഡുകൾ ഒരറ്റത്തുനിന്ന് ഉറയിൽ തൂക്കി തുടങ്ങും. ഒരു ഉറിയിൽ 7 ബെഡ് വീതമാണ് സ്ഥാപിക്കുക 15 ദിവസത്തിനകം ബെഡുകളിൽ കൂൺതന്തുക്കൾ നന്നായി വളരും. അപ്പോൾ  കൂൺ പുറത്തുവരാനായി ചെറുദ്വാരങ്ങളിട്ടുകൊടുക്കും. നിശ്ചിത ദിവസത്തിനുള്ളിൽ ഈ ദ്വാരങ്ങളിലൂടെ കൂൺ പുറത്തുവരുന്നു.

mushroom-leenas-1
വിതരണത്തിനു തയാറായ കൂൺ പായ്ക്കറ്റുകൾ

വിപണനം

പത്തു കിലോ തികച്ചില്ലാത്ത കൂൺശാലകൾപോലും വിൽപന നിശ്ചയമില്ലാതെ ഉഴറുമ്പോള്‍ 10,000 ബെഡുകളിലെ ഉൽപാദനം വർഷം മുഴുവൻ തടസ്സമില്ലാതെ വിൽക്കാൻ കഴിയുന്നുണ്ടെന്ന് ജിത്തു. വിവിധ റൂട്ടുകളിലായി വിതരണക്കാരെ നിയോഗിച്ചാണ് കച്ചവടം.  10–15 കിലോ വീതം  പച്ചക്കറിക്കടകളിലും ബേക്കറികളിലുമായി വിതരണം ചെയ്യും. 200 ഗ്രാമിന്റെ പായ്ക്കറ്റിന് 80 രൂപ ചില്ലറവില.  പിറവത്തുനിന്ന് തൃപ്പൂണിത്തുറവരെയുള്ള ആദ്യ റൂട്ടിൽ മാത്രം ഇപ്പോഴും നേരിട്ടാണ് വിതരണം. ഒരു കടയിൽ ശരാശരി 5  പായ്ക്കറ്റ് മാത്രമേ നൽകാറുള്ളൂ.  വിൽക്കാനാവാത്ത പായ്ക്കറ്റുകൾ തിരികെയെടുക്കുമെന്ന ഉറപ്പ് നൽകാറുണ്ടെങ്കിലും 95 ശതമാനവും വിൽക്കാനാകുന്നുണ്ടെന്ന്  അദ്ദേഹം പറഞ്ഞു.  സാധാരാണക്കാര്‍പോലും കൂൺ ഉപയോഗിച്ചു തുടങ്ങിയെന്നും പച്ചക്കറിക്കടകളിലാണ് ഏറ്റവും വിപണനസാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശീതീകൃതസംവിധാനമുള്ള സൂപ്പർ മാർക്കറ്റുകളിലാണ് കൂൺ വിൽക്കേണ്ടതെന്ന തെറ്റിധാരണ അവസാനിപ്പിക്കണമെന്നാണ് ജിത്തുവിന്റെ അഭിപ്രായം.

വിത്തുൽപാദനവും മൂല്യവർധനയും

അധിക വരുമാനത്തിനു പല ആശയങ്ങളും നടപ്പാക്കിവരുന്നു. കൂൺവിത്തുൽപാദനവും കുപ്പിയിലെ കൂൺബെഡും  മൂല്യവർധിത ഉൽപന്നങ്ങളും അതിന്റെ ഭാഗമാണ്. മാസംതോറും 5000 പായ്ക്കറ്റ്  വിത്ത് ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ലാബ് റെഡി. അധിക ഉൽപാദനമുള്ളപ്പോൾ മൂല്യവർധനയ്ക്കായി വനിതാ സ്വാശ്രയസംഘങ്ങളുമായി ധാരണയായിട്ടുണ്ട്. നിശ്ചിത നിലവാരത്തിൽ അവർ തയാറാക്കുന്ന കട്‌ലറ്റും മറ്റും കമ്പനിയുടെ ശൃംഖലയിലൂടെ വിതരണം ചെയ്യുന്നു.

ഫോൺ–9947427268

English summary: How Commercial Mushroom Farms Work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com