ADVERTISEMENT

മുരിങ്ങയില്‍നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമായി വിപണിയില്‍ നേട്ടം കൊയ്യുന്ന കര്‍ഷക കൂട്ടായ്മയും സംരംഭകയും കയറ്റുമതിയിലേക്കും കടക്കുന്നു. തൃശൂരിലെ ഒല്ലൂരില്‍  കൃഷിസമൃദ്ധിയെന്ന കൂട്ടായ്മയും മരോട്ടിച്ചാൽ സ്വദേശിനി അംബിക സോമസുന്ദരനുമാണ് ഈ സംരംഭത്തില്‍ കൈകോര്‍ക്കുന്നത്. 

നാലു വർഷം മുൻപ് ഭക്ഷ്യസംസ്കരണ യൂണിറ്റ് തുടങ്ങിയ അംബിക ഇന്ന് ഏറ്റവും മൂല്യം കാണുന്നത് മുരിങ്ങയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾക്കാണ്. മാസം ശരാശരി 60 കിലോ മുരിങ്ങയിലപ്പൊടിയാണ് അംബികയുടെ യൂണിറ്റിൽ ഉൽപാദിപ്പിക്കുന്നത്. കിലോയ്ക്ക് 30 രൂപ വില നൽകി മുരിങ്ങയില സംഭരിക്കുകയും ചെയ്യുന്നു. 

പ്രമുഖ ധനകാര്യ സ്ഥാപനമായ ഇസാഫിൽ 17 വർഷം ജോലി ചെയ്തിരുന്ന അംബിക സീനിയർ മാനേജർ ആയിരിക്കെ 4 വർഷം മുൻപാണ് ജോലി വിട്ട്  ഭക്ഷ്യസംരംഭകയാകുന്നത്. കാര്യാട്ട് ഡ്രൈ ഫുഡ്സ് എന്ന ചെറുകിട വ്യവസായസംരംഭം ആരംഭിക്കുന്നത്  ആരോഗ്യവിഭവങ്ങൾ മാത്രം എന്ന അജന്‍ഡയോടെ. 10 കൂട്ടം അരിപ്പൊടി മിക്സിലാണ് തുടക്കം. കാരറ്റ്–അരിപ്പൊടി, ബീറ്റ്റൂട്ട്–അരിപ്പൊടി, ഏത്തയ്ക്ക–അരിപ്പൊടി, ചക്ക–അരിപ്പൊടി, റാഗി–അരിപ്പൊടി എന്നിങ്ങനെ. ഈ വിഭവങ്ങൾ പരിചയപ്പെട്ട ഒരു സ്ഥാപനം ഒരു കണ്ടെയ്നർ മുരിങ്ങയിലപ്പൊടി തയാറാക്കി നൽകാനാവുമോ എന്ന് അന്വേഷിച്ചപ്പോഴാണ് മുരിങ്ങയു ടെ ആരോഗ്യമേന്മകളെയും ആഗോള വിപണനസാധ്യതകളെയും കുറിച്ചു പഠിക്കാൻ ആരംഭിച്ചതെന്ന് അംബിക. വീട്ടിലുണ്ടായിരുന്ന മുരിങ്ങയുടെ ഇലയുണക്കി പരീക്ഷണവും തുടങ്ങി.

karyat-dry-products

കൂട്ടുകൂടി നേട്ടം

മുരിങ്ങപ്പൊടി ചേർത്ത പുട്ടുപൊടിയായിരുന്നു ആദ്യ ഉൽപന്നം. അരിപ്പൊടിക്കൊപ്പം കപ്പപ്പൊടിയും ചക്കപ്പൊടിയുമൊക്കെ ചേർക്കുന്ന അതേ അനുപാതത്തിൽ മുരിങ്ങപ്പൊടി ചേർക്കാൻ കഴിയില്ല. പോഷക ഘടകങ്ങൾ തിട്ടപ്പെടുത്തി നിത്യാഹാരത്തിൽ എത്ര ശതമാനംവരെ മുരിങ്ങപ്പൊടിയാവാം എന്ന് ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്തു. മുരിങ്ങ പുട്ടുപൊടി വിപണിയിൽ സ്ഥാനമുറപ്പിച്ച സമയത്താണ്  സ്ഥലം എംഎൽഎയും റവന്യു മന്ത്രിയുമായ കെ.രാജൻ നേതൃത്വം നൽകുന്ന കർഷക കമ്പനിയായ ‘ഒല്ലൂർ കൃഷിസമൃദ്ധി’യുമായി സഹകരിക്കാൻ അവസരമുണ്ടായത്.   മുരിങ്ങക്കൃഷിയും മുരിങ്ങയുൽപന്ന നിർമാണവും സാധാരണക്കാരായ കർഷകർക്കും തൊഴിൽരഹിതരായ വീട്ടമ്മമാർക്കും പ്രയോജനകരമാകുന്നത്  അങ്ങനെ.

ഒല്ലൂർ നിയോജകമണ്ഡലത്തിലെ  4 പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങൾക്ക് മുരിങ്ങത്തൈകൾ വിതരണം ചെയ്താണ് കൃഷിത്തുടക്കം. മുരിങ്ങക്കൃഷിയിലും പരിപാലനത്തിലും വെള്ളാനിക്കര ഹോർട്ടി കൾചർ കോളജിലെ വെജിറ്റബിൾ സയൻസ് വിഭാഗം പ്രഫസർ ഡോ. പി.അനിത പരിശീലനവും നൽകി. കൃഷി ചെയ്ത മുരിങ്ങയിൽനിന്ന് ഇല നുള്ളുംവരെ കാത്തിരിക്കാതെ ഒല്ലൂർ കൃഷിസമൃദ്ധിയുടെ നിർദേശ പ്രകാരം സംരംഭം  വിപുലമാക്കിയിരിക്കുകയാണിപ്പോൾ അംബിക. മുരിങ്ങയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളിൽ നല്ല പങ്കും സംഭരിച്ച് ഹോർട്ടികോർപ് വഴി വിൽക്കുന്നത് ഒല്ലൂർ കൃഷിസമൃദ്ധിതന്നെ. ഒപ്പം, ഇക്കോഷോപ്പുകളും കുടുംബശ്രീ ബസാറുകളും ആവശ്യക്കാരായുണ്ട്.

മുരിങ്ങയില പൗഡർ, മുരിങ്ങ സൂപ്പ് പൗഡർ, മുരിങ്ങ–റൈസ് പൗഡർ, മുരിങ്ങ ചട്നി എന്നിവയാണ് നിലവിൽ അംബികയുടെ യൂണിറ്റിൽനിന്നുള്ള മുരിങ്ങയുൽപന്നങ്ങൾ. 10 കിലോ പച്ച മുരിങ്ങയില ഉണങ്ങുമ്പോഴാണ് ഒരു കിലോ മുരിങ്ങ പൗഡർ ലഭിക്കുക. 25 ഗ്രാം 50 രൂപയ്ക്കു വിൽപന. നിലവിൽ കിട്ടുന്നിടത്തുനിന്നെല്ലാം മുരിങ്ങയില സംഭരിച്ചിട്ടും തികയാത്ത അവസ്ഥയെന്ന് അംബിക. തണ്ട് നീക്കിയ ഇല കിലോ 30 രൂപയ്ക്കും തണ്ടോടുകൂടി കിലോ 15 രൂപയ്ക്കുമാണ് വാങ്ങുക. യുഎഇ, യുകെ എന്നിവിടങ്ങളിലേക്ക് മുരിങ്ങ ക്യാപ്സൂൾ, മുരിങ്ങ സൂപ്പ് പൗഡർ എന്നിവ കയറ്റുമതി ചെയ്യാനുള്ള ഒല്ലൂർ കൃഷിസമൃദ്ധിയുടെ ശ്രമങ്ങളും പൂർത്തിയായി വരുന്നു. അതുകൊണ്ടുതന്നെ നിലവിലുള്ള ഡ്രയർ, പൾവറൈസർ സംവിധാനങ്ങളെക്കാൾ ശേഷി കൂടിയ സംസ്കരണ സംവിധാനങ്ങളൊരുക്കി ഫാക്ടറി തല ഉൽപാദനത്തിനും മുരിങ്ങക്കൃഷി വിപുലീകരണത്തിനും ഒരുങ്ങുകയാണ് അംബിക. 

ഫോൺ: 9539731501

karyat-dry-products-2

സൂപ്പര്‍ ഫുഡ്

പാലിലുള്ളതിന്റെ നാലിരട്ടി കാത്സ്യം, കാരറ്റിലുള്ളതിന്റെ നാലിരട്ടി വൈറ്റമിൻ എ, ഓറഞ്ചിലുള്ളതിന്റെ ഏഴിരട്ടി വൈറ്റമിൻ സി, വാഴപ്പഴത്തിലുള്ളതിന്റെ മൂന്നിരട്ടി പൊട്ടാസ്യം, യോഗർട്ടിലുള്ളതിന്റെ രണ്ടിരട്ടി പ്രോട്ടീൻ; എണ്ണിപ്പറയാനാണെങ്കിൽ ഇനിയുമുണ്ട് മുരിങ്ങയിലയ്ക്കുള്ള പോഷക, ഒഷധ മേന്മകൾ. ഇത്രയൊക്കെ ആരോഗ്യമേന്മകളുള്ള മുരിങ്ങ നമുക്കു പക്ഷേ, സാമ്പാർ, അവിയൽ കഷണം മാത്രമാണ്. അതല്ലെങ്കിൽ, വല്ലപ്പോഴും ഇലയും പൂവും ചേർന്നൊരു തോരൻ; അത്രമാത്രം. എന്നാൽ അതുക്കും മേലെയാണ് സുഹൃത്തേ ഇന്നു മുരിങ്ങയുടെ പദവി.  ആരോഗ്യമേന്മകളുള്ള സൂപ്പർ ഫുഡ് എന്ന നിലയിൽ ആ ഗോള വെൽനസ് വിപണിയിൽ മികച്ച വളർച്ചയുണ്ട് മുരിങ്ങയുൽപന്നങ്ങൾക്ക്. മുരിങ്ങയിലപ്പൊടി, മുരിങ്ങ ക്യാപ്സൂൾ, മുരിങ്ങ ടീ, മുരിങ്ങപ്പരിപ്പ്, മുരിങ്ങ ഓയിൽ എന്നിങ്ങനെ ഉൽപന്നങ്ങൾ ഒട്ടേറെ. കാലാവ സ്ഥാവ്യതിയാനം കാർഷികമേഖലയിൽ ആശങ്ക നിറയ്ക്കുന്ന ഇക്കാലത്ത്, വരൾച്ചയെ പ്രതിരോധിച്ചു വളരുന്ന വിള എന്ന മേന്മയുമുണ്ട് മുരിങ്ങയ്ക്ക്.

മുരിങ്ങക്കൃഷി ഇങ്ങനെ

വളരെ വേഗം വളരുന്നതും വരൾച്ചയെ അതിജീവിക്കാൻ ശേഷിയുള്ളതുമായ മരമാണ് മുരിങ്ങ. ചൂടും സൂര്യപ്രകാശവും ഇഷ്ടപ്പെടുന്ന ഇനം. ഇലയാണ് ഏറ്റവും പോഷകഗുണമുള്ള ഭാഗം. അനുപമ, പികെഎം 1, പികെഎം 2, രോഹിത് 1 എന്നിവ മുഖ്യ ഇനങ്ങൾ. ഉഷ്ണമേഖലാ പ്രദേശങ്ങളാണ് മുരിങ്ങക്കൃഷിക്കു യോജ്യം. നേരിയ അമ്ലതയുള്ള (പിഎച്ച് 6.ദ–6.72), നല്ല നീർവാർച്ചയുള്ള മണ്ണ് കൃഷിക്കു നന്ന്. വെള്ളം കെട്ടിനിൽക്കുന്നിടങ്ങളിൽ വേരുകൾ ചീഞ്ഞുപോകാനിടയുണ്ട്. 

മേയ്–ജൂൺ ആണ് നടീൽകാലം. വിത്തും കമ്പും നടീൽവസ്തുവാക്കാം. മൂന്നോ നാലോ തവണ ഉഴുത ശേഷം അടിവളമായി കംപോസ്റ്റ് നൽകി കൃഷി ചെയ്യാം. ഏകവർഷിയായി കൃഷി ചെയ്യുമ്പോൾ 2.5X2.5 മീറ്റർ അകലത്തിലും ബഹുവർഷിയായെങ്കിൽ 6X6 മീറ്റർ അകലത്തിലും നടാം. തൈകൾ 75 സെ. മീറ്റർ ഉയരത്തിലെത്തുമ്പോൾ മുളകൾ നുള്ളിയാൽ കൂടുതൽ ശിഖരങ്ങൾ വളരും. നട്ട് ഒരു വർഷമെത്തും മുൻപുതന്നെ വിളവെടുപ്പിനു പാകമാകും. 2 വർഷമെത്തുന്നതോടെ നല്ല വളർച്ച നേടും. നമ്മുടെ രാജ്യത്ത്  ഒരു ഹെക്ടറിൽനിന്ന് വർഷം 31 ടൺ കായ്കളും 6 ടൺ ഇലയും ലഭിക്കുമെന്നാണ് കണക്ക്.

ഡോ. പി. അനിത, പ്രഫസർ, വെജിറ്റബിൾ സയൻസ് വിഭാഗം, ഹോർട്ടികൾചർ കോളജ്, വെള്ളാനിക്കര.

English summary: Moringa products manufacturers in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com