ക്യൂട്ട്നെസ് ഓവർലോഡഡ്... ഹസ്കി എന്നാ സുമ്മാവാ... സൈബീരിയൻ ഹസ്കിയെക്കുറിച്ചറിയാം
Mail This Article
സൈബീരിയൻ ഹസ്കി എന്ന നായ ഇനം കേരളത്തിൽ എത്തിയിട്ട് നാളുകളേറെയായെങ്കിലും ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടത് റഷ്യ–യുക്രെയ്ൻ യുദ്ധത്തോടെയാണ്. ഇടുക്കി സ്വദേശിനി ആര്യയും വളർത്തുനായ സൈറയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചാതാരങ്ങളാണ്. സ്വന്തം വളർത്തുനായയെ ഉപേക്ഷിക്കാതെ നെഞ്ചോടു ചേർക്കാൻ ആര്യ കാണിച്ച ധൈര്യവും അതിനുവേണ്ടി അനുഭവിച്ച ബുദ്ധിമുട്ടുകളുമെല്ലാം അറിയുമ്പോൾ പ്രശംസിക്കാതിരിക്കാൻ കഴിയില്ല.
വെളുപ്പും ചാര കലർന്ന കറുപ്പും നിറമുള്ള ഇടതൂർന്ന രോമങ്ങളുള്ള സൈബീരിയൻ ഹസ്കി എന്ന നായയിനം ആരെയും ആകർഷിക്കും. നീല അല്ലെങ്കിൽ ബ്രൗൺ അല്ലെങ്കിൽ ഈ രണ്ടു നിറങ്ങളിലും കാണപ്പെടുന്ന കണ്ണുകളും മാസ്ക് ധരിച്ചതുപോലുള്ള മുഖവും ഈ ഇനത്തിന്റെ സൗന്ദര്യമാണ്. റഷ്യൻ പ്രവിശ്യയായ സൈബീരിയയിൽ ഉരുത്തിരിഞ്ഞുവന്നതുകൊണ്ടാണ് ഇവർക്ക് സൈബീരിയൻ ഹസ്കി എന്നു പേരുവന്നത്.
ചെന്നായയുടെ രൂപമുള്ള ഇവർ കായികക്ഷമതയിലും ബുദ്ധികൂർമതയിലും മുൻപിലാണ്. പരിചയമില്ലാത്തവരോടും മറ്റു നായ്ക്കളോടും അക്രമണ സ്വഭാവം കാണിക്കുന്ന പ്രകൃതമല്ല. ചെറിയ സ്ഥലത്തും അനായാസം വളർത്താം. അതുകൊണ്ടുതന്നെ ഫ്ലാറ്റുകളിലും വളർത്താൻ കഴിയും. എന്നാൽ, വ്യായാമം ആവശ്യമാണ്.
നായ്ക്കളുടെ കുരയ്ക്കുക എന്ന സ്വഭാവം ഇക്കൂട്ടർക്ക് കുറവാണ്. എന്നാൽ, ഉടമയോടുള്ള ഇഷ്ടവും സ്നേഹവുമെല്ലാം പ്രകടിപ്പിക്കാൻ പ്രത്യേക രീതിയിൽ ശബ്ദമുണ്ടാക്കും. ഉടമയോട് ആയിരിക്കുന്നതും ഒപ്പം ജീവിക്കുന്നതുമാണ് ഇവരുടെ സന്തോഷം.
രോമാവൃതമായ ശരീരമാണെങ്കിലും വൃത്തിയുടെ കാര്യത്തിൽ ഹസ്കികൾ ശ്രദ്ധയുള്ളവരാണ്. ‘സെൽഫ് ക്ലീനിങ്’ ആണ് ഇവരുടെ പ്രത്യേകതയെന്ന് വിദഗ്ധർ പറയുന്നു. ഈ വൃത്തിയാക്കൽ സ്വഭാവം ഉള്ളതുകൊണ്ടുതന്നെ ശരീരത്ത് ദുർഗന്ധം കുറവായിരിക്കും. കുളി വല്ലപ്പോഴും മാത്രം മതി.
മഞ്ഞുള്ള പ്രദേശങ്ങളിൽ ചെറിയ വസ്തുക്കൾ വലിക്കാനും ഇക്കൂട്ടരെ ഉപയോഗിക്കുന്നണ്ട്. തണുപ്പുള്ള കാലാവസ്ഥയിൽ ജീവിച്ചിരുന്ന ഇവർ ഇന്ന് ഉഷ്ണകാലാവസ്ഥയോടും പൊരുത്തപ്പെട്ടുതുടങ്ങി. എങ്കിലും ചൂട് അധികമില്ലാത്ത അന്തരീക്ഷത്തിൽ വളർത്തുന്നതാണ് നല്ലത്.
English summary: Siberian Husky Dog Breed info