ADVERTISEMENT

നമ്മുടെ ജീവിതത്തിൽ കാർഷിക രംഗത്തിന്റെ പ്രാധാന്യം എത്രയെറെയെന്ന  തിരിച്ചരിവ് തന്ന കാലഘട്ടമായിരുന്നു കോവിഡ്-19 മഹാമാരി കാലം. ദേശീയ ആഭ്യന്തര മൊത്ത വരുമാനത്തിൽ തുലോം ശുഷ്കമായിക്കൊണ്ടിരുന്ന  പ്രാഥമിക രംഗത്തിന്റെ പങ്ക്, 19 -20ലെ 14.8 ശതമാനത്തിൽനിന്നും 20-21ൽ 16.38 എന്ന ശതമാനത്തിലേക്കുയർന്നു. ദ്വിതീയ- ത്രിതീയ മേഖലകൾക്കു തളർച്ച നേരിട്ടപ്പോൾ പ്രാഥമിക രംഗം കരുത്താർജിച്ചു വളർച്ചയുടെ പാതയിലെത്തി, 3.36  ശതമാനം  എന്ന നിലയിലേക്ക് .

സംസ്ഥാനത്തെ സ്ഥിതിയും ഏതാണ്ടിതുപോലെ തന്നെയാണ്. പ്രാഥമിക രംഗത്തിന്റെ പങ്ക് 8.38  ശതമാനത്തിൽ(19-20)നിന്ന് 9.44  ശതമാനത്തിലെത്തി. വളർച്ചാ നിരക്കിന്റെ കാര്യത്തിലും ഈ മാറ്റം പ്രകടമാണ്. 5.53 ശതമാനം എന്ന നിരക്കിൽ തളർച്ച രേഖപ്പെടുത്തിയിരുന്ന പ്രാഥമിക രംഗം 20 - 21 കാലയളവിൽ അതേ നിരക്കിൽ വളർച്ചാ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്. പ്രത്യേകിച്ചും, കാർഷിക വിളകളും മൃഗപരിപാലന രംഗവും വളർച്ചയുടെ പാതയിലാണ്.  

എന്നാൽ ദേശീയ കാർഷിക രംഗത്തിൽനിന്ന് വിഭിന്നമാണ്‌ നമ്മുടെ കാർഷിക സാമൂഹിക സാമ്പത്തിക രംഗം എന്ന് നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ കണക്കുകൾ  വ്യക്തമാക്കുന്നുണ്ട്. 2021 ൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2012-13 മുതൽ 18-19 വരെയുള്ള കാലയളവിൽ കേരളത്തിലെ കർഷക കുടുംബങ്ങളുടെ എണ്ണം 14 ലക്ഷം എന്ന നിലയിൽ ഏതാണ്ട് സ്ഥിരമായി നിലനിൽക്കുന്നുണ്ട്. ദേശീയതലത്തിൽ കർഷക കുടുംബങ്ങളുടെ എണ്ണത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ ഈ നില . കർഷക കുടുംബ വരുമാനത്തിലും മറ്റ് അനുബന്ധ പ്രവർത്തനങ്ങളിലും നമ്മുടെ കാർഷിക രംഗം വ്യത്യസ്തമായിട്ടാണ് കാണുന്നത്. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു വേണം കേരളത്തിന്റെ ഈ വർഷത്തെ  ബജറ്റ് നോക്കിക്കാണേണ്ടത്

മൂല്യവർധനയും വിപണന സംവിധാനങ്ങളും  - കാർഷിക വികസനത്തിന്റെ ചോദകം

851 കോടി രൂപയാണ് കാർഷിക രംഗത്തിനായുള്ള പ്രത്യക്ഷ നീക്കിയിരിപ്പ്. പൊതുവിൽ നമ്മുടെ കാർഷിക രംഗത്തു വിള കേന്ദ്രീകൃത ഉൽപാദനവും ഉൽപ്പാദനക്ഷമതയും ലാക്കാക്കിയുള്ള കാർഷിക നയങ്ങളാണ് അവലംബിച്ചിരുന്നത്. എന്നാൽ കാർഷിക രംഗത്തെ സുസ്ഥിര വികസനത്തിന് അടിസ്ഥാനം ഉൽപാദനാനന്തര മേഖലയിലുള്ള നിക്ഷേപങ്ങൾ കൂടിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു സമീപനമാണ് ഈ ബജറ്റിൽ സ്വീകരിച്ചിട്ടുള്ളത്. മൂല്യവർധിത കാർഷിക മിഷൻ എന്ന സുപ്രധാനമായ ഒരു ഇടപെടൽ ഇത് സൂചിപ്പിക്കുന്നു. വിളവെടുപ്പിനു ശേഷമുള്ള, ചരക്കുനീക്കം, ശീതീകരണ സംവിധാനങ്ങൾ, സംസ്കരണം, പാക്കേജിങ്, വിപണനം എന്നിങ്ങനെയുള്ള രംഗങ്ങളിൽ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് കാർഷിക വികസനം സാധ്യമാക്കുക എന്നതാണ് കാഴ്ചപ്പാട്. വിളവെടുപ്പിനു ശേഷമുള്ള ഉൽപ്പന്ന നഷ്ടം ലഘൂകരിക്കാനും കർഷകന് മെച്ചപ്പെട്ട വില ലഭിക്കാനും പോഷകാംശങ്ങൾ നഷ്ടപ്പെടാതെ പഴങ്ങളും പച്ചക്കറികളും ഉപഭോക്താവിലെത്തിക്കാനും ഈ രംഗത്തെ നിക്ഷേപങ്ങൾ സഹായകരമാവുന്നു. മെച്ചപ്പെട്ട  കാർഷികവരുമാനമാണ് സുസ്ഥിര കാർഷിക പ്രവർത്തനത്തിന്റെ ഏറ്റവും ശക്തമായ ചോദകം. 

ഏഴു ജില്ലകളിലായി കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്, കർഷക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ അഗ്രോടെക് ഫെസിലിറ്റി സെന്ററുകൾ സ്ഥാപിക്കുന്നതും 10 മിനി ഫുഡ് പാർക്കുകൾ പ്രഖ്യാപിച്ചിട്ടുള്ളതും ഇതേ ലക്ഷ്യത്തോടെയാണ്. കിഫ്‌ബിയാണ് ഇതിനുള്ള സാമ്പത്തിക സ്രോതസ്സ്. ഒരു കുടുംബം ഒരു സംരംഭം എന്ന സമീപനം കാർഷികാധിഷ്ഠിത വ്യവസായങ്ങളുടെ വളർച്ചയ്ക്ക് സഹായകരമാവുന്നതാണ് -പ്രത്യേകിച്ച് സൂക്ഷ്മ -ചെറുകിട പദ്ധതികളുടെ കാര്യത്തിൽ. കാർഷിക മൂല്യ വർധിത ഉൽപ്പന്നങ്ങൾ പ്രാദേശികമായും  അന്താരാഷ്ട്രമായും  വിപണനം ചെയ്യുന്നതിനായി, പൊതു സ്വകാര്യ പങ്കാളിത്തത്തിൽ CIAL മോഡൽ  ഒരു കമ്പനി  രൂപീകരിക്കാനുള്ള പ്രഖ്യാപനമാണ് മറ്റൊന്ന്.

കാർഷിക  വിപണ രംഗത്തു വിഭാവനം ചെയ്തിട്ടുള്ള ഗ്രാമീണ വിൽപനശാലകൾ ആഭ്യന്തര ആവശ്യങ്ങൾ പോഷിപ്പിക്കാനും ഉപഭോഗം വർധിപ്പിക്കാനും ഉള്ള ലക്ഷ്യത്തോടെയാണ്. സഹകരണ പ്രസ്ഥാനം വിഭാവനം ചെയ്തിട്ടുള്ള രീതിയിൽ ഗ്രാമീണ ഉൽപാദന-ഉപഭോക്തൃ രംഗങ്ങളിൽ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഇടപെടലുകൾ ഉറപ്പാക്കുന്ന വിൽപന ശാലകൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  പതിനാറിനം പഴം പച്ചക്കറികൾക്കായി തറ വില നിശ്ചയിച്ചുകൊണ്ട് കൃഷി വകുപ്പ് മുൻ ബജറ്റിൽ ആവിഷ്‌കരിച്ച പദ്ധതിയിലും , തൃതലപഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ, പ്രാഥമിക സഹകരണ  സംഘങ്ങളുടെ  നേതൃത്വത്തിലുള്ള വിൽപന ശാലകൾ പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക കാർഷിക ഉൽപന്നങ്ങൾക്കായുള്ള കാർഷിക വിപണന കേന്ദ്രങ്ങൾ, ഇക്കോഷോപ്പുകൾ എന്ന പേരിലും നിലവിലുണ്ട്.

മൂല്യവർധന സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തുന്ന രീതിയിൽ ഗവേഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മരച്ചീനിയിൽനിന്ന് ആൽക്കഹോൾ ഉൽപാദിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന പ്രസ്താവന ശ്രദ്ധേയമാണ്. എന്നാൽ കേരളത്തിൽ ൽപാദിപ്പിക്കപ്പെടുന്ന ഒട്ടുമിക്ക പഴങ്ങളിൽനിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ പ്രാവർത്തികമാക്കാനുള്ള നയരൂപീകരണം ഇന്നും നടന്നിട്ടില്ല  

വിപുലീകരിക്കപ്പെടുന്ന തോട്ടവിളകൾ

സംസ്ഥാനത്തിന്റെ കാർഷിക ഭൂപടത്തിൽ നിർണ്ണായക മാറ്റം വരുത്താൻ കെൽപ്പുള്ള പ്രധാനപ്പെട്ട സംഗതിയാണ് പ്ലാന്റേഷൻ രംഗത്ത് നടത്താനുദേശിക്കുന്നത്. നിലവിലുള്ള വിളകൾക്ക് പുറമെ പഴവർഗ വൃക്ഷവിളകൾ (പ്രാദേശികവും വിദേശീയവുമായ) കൂടി ഉൾപ്പെടുത്തിക്കൊണ്ട്, കർഷക വരുമാനം വർധിപ്പിക്കാനുള്ള ആശയമാണ് ബജറ്റിലെ ഒരു പുത്തൻ വിഷയം. എന്നാൽ ഭൂപരിഷ്കരണ നിയമത്തിന്റെ സത്തയ്ക്ക് കോട്ടം തട്ടാതെയുള്ള നിർവഹണ സമീപനമായിരിക്കും അവലംബിക്കുക എന്ന് അടിവരയിടുന്നു ബജറ്റ്. ഇക്കാര്യത്തിൽ രാഷ്ട്രീയമായ ഒരു തീരുമാനം പ്രസക്തമാവുമെന്ന് ശേഷമുള്ള അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ സാഹചര്യങ്ങൾക്ക് യോജിച്ച ഉദ്യാനവിളകൾ പരിപോഷിപ്പിക്കുമ്പോൾ തന്നെ വിദേശ ഇനങ്ങളുടെ  ദീർഘകാല പാരിസ്ഥിതിക  ആഘാതങ്ങളും ഉൽപാദന സ്വഭാവങ്ങളും പരിഗണിക്കപ്പെടേണ്ടതുണ്ട്. നാണ്യവിള മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് ഒട്ടൊക്കെ പരിഹാരമാകുന്നതാണ് വിള  വൈവിധ്യത്തിലേക്കുള്ള ഈ മാറ്റവും റബർ മേഖലയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളും.

കാർഷിക യന്ത്രവൽകരണവും തൊഴിൽ സാധ്യതകളും

യുവാക്കളുടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുക, പൊതുവെ പ്രയാസകരമായ കാർഷിക തൊഴിൽ രംഗത്തെ  പ്രയാസം ലഘൂകരിക്കുക, കാര്യക്ഷമത വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കാർഷിക യന്ത്രവൽക്കരണവും തൊഴിലാളികളുടെ സ്ഥാപനവൽകരണവും ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളിലടക്കം പ്രചാരമുള്ള ലഘു കാർഷിക ഉപകരണങ്ങളിൽ നമുക്ക് യോജിച്ചവ ഇവിടെ  ഉപയോഗയോഗ്യമാക്കുക, സ്വയം തൊഴിൽ സംരംഭകർക്ക് യന്ത്രോപകരണങ്ങൾ  വാങ്ങുന്നതിനുള്ള സബ്സിഡി -വായ്പ സൗകര്യങ്ങൾ ഉറപ്പാക്കുക എന്നീ പദ്ധതികൾ ബജറ്റിൽ ഇടം പിടിച്ചിട്ടുണ്ട്. കേരളം അഗ്രോമെഷിനറി കോർപറേഷനെ ശക്തിപ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ട് .

ഫാം പ്ലാൻ അധിഷ്ഠിത കാർഷിക വികസനം

കാർഷിക ഉൽപാദന രംഗത്തു നിലവിലുള്ള വിള അധിഷ്ഠിത നയസമീപനത്തിൽനിന്നു വ്യതിചലിച്ചുകൊണ്ട് ഓരോ കൃഷിയിടത്തെയും അതിന്റെ സമഗ്രതയിൽ, ബഹുവിള -സംയോജിത സമീപനത്തിൽ വീക്ഷിക്കുന്ന ഒരു നയം മാറ്റം ഈ ബജറ്റിൽ പ്രഖ്യാപിക്കുന്നുണ്ട്. ഫാം പ്ലാൻ അടിസ്ഥാനത്തിലുള്ള ഉൽപാദന ആസൂത്രണം, കർഷക സംഘങ്ങളുടെ രൂപീകരണം- അവരുടെ സാങ്കേതിക വിഘ്യാന -നൈപുണ്യ വർധന , വിപണന ശൃംഖലയുടെ ശക്തീകരണം എന്ന്  മൂന്ന് തലത്തിലുള്ള  ഇടപെടലുകൾ വിഭാവനം ചെയ്യുന്ന സമീപനമാണിത്. കാർഷികോൽപാദന രംഗത്തു അനുവർത്തിച്ചുവന്നിരുന്ന വിള  കേന്ദ്രീകൃത വികസന നയത്തിൽ നിന്നും കൃഷിയിടാധിഷ്ഠിത വികസന പരിപ്രേക്ഷ്യത്തിലേക്കുള്ള മാറ്റം കേരളത്തിന് യോജിച്ചത് തന്നെ.

കേരളത്തിന്റെ ഭക്ഷ്യസുരക്ഷയിലും പാരിസ്ഥിതിക ആരോഗ്യത്തിലും നിർണായക സ്ഥാനം വഹിക്കുന്ന മേഖലയാണ്  നെൽകൃഷി മേഖല. നിലവിലുള്ള പദ്ധതികൾ തുടർന്നുകൊണ്ട് സഹായ പരിധി വർധിപ്പിക്കുന്ന നയമാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത് . ദേശീയമായി ശ്രദ്ധ പിടിച്ചുപറ്റിയ റോയൽറ്റി തുക 1000  രൂപ കണ്ടു വർധിപ്പിച്ചിട്ടുണ്ട്. കാർഷിക രംഗം നൽകുന്ന പരിസ്ഥിതി സേവനങ്ങൾക്ക് വില നൽകുന്ന ഈ പദ്ധതി കൂടുതൽ കൃഷികളിലേക്കു വ്യാപിപ്പിക്കേണ്ടതുണ്ട്. 

നെല്ലിന്റെ സംഭരണ വിലയും ഉൽപാദനച്ചെലവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ സംഭരണ വില ഇനിയും വർധിപ്പിക്കേണ്ടിയിരിക്കുന്നു -പ്രത്യേകിച്ച് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമുള്ള, ന്യായമായ ലാഭം ഉറപ്പാക്കുന്ന നിലയിലെത്തണമെങ്കിൽ. കോൾ, കുട്ടനാട് മേഖലയ്ക്കുള്ള സവിശേഷ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും , പ്രധാന കാർഷിക മേഖലയായ പാലക്കാടിനായി അത്തരം പദ്ധതികളില്ല  എന്നത് പാലക്കാടൻ കർഷകരെ നിരാശരാക്കുന്നുണ്ട്.

കൃഷിശ്രീ, സ്വയം സഹായ സംഘങ്ങൾ, ഞങ്ങളും കൃഷിയിലേക്ക‌് എന്നീ പദ്ധതികൾ ഒരു പക്ഷേ നിലവിലുള്ള പദ്ധതികളുടെ തുടർച്ചയോ, സമാന പദ്ധതികളോ ആണ്.

ഗവേഷണ ഫലങ്ങൾ വേണ്ടത്ര വേഗത്തിലും കാര്യക്ഷമതയോടെയും കർഷകരിലെത്തുന്നില്ല എന്ന  സാഹചര്യത്തിൽ സർവകലാശാലകളിൽ ട്രാൻസ്‌ലേഷനൽ ലാബുകൾ  എന്ന സൗകര്യം ഏർപ്പെടുത്തുന്നത് സ്വാഗതാർഹമായ സംഗതിയാണ് .

2050–ാം ആണ്ടോടെ നെറ്റ് സീറോ എമിഷൻ എന്ന ലക്ഷ്യത്തിലെത്താനുള്ള പരിസ്ഥിതി സൗഹൃദ പദ്ധതികളിൽ പലതും കാർഷിക മേഖലയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നുണ്ട്. അപ്രകാരം തന്നെയാണ് കുടുംബശ്രീ പ്രസ്ഥാനത്തിന് നൽകിയിട്ടുള്ള പദ്ധതികളുടെ കാര്യവും. കുടുംബശ്രീ സംഘങ്ങൾ ഏറെയും വിജയകരമായി നടത്തിവരുന്നത് കാർഷിക -അനുബന്ധ പ്രവർത്തനങ്ങളാണ്. ജലസേചനം, മൃഗ സംരക്ഷണം, ജലാശയങ്ങളുടെ സംരക്ഷണവും പുനർനിർമാണവും എന്നിവയെല്ലാം തന്നെ സുസ്ഥിര കാർഷിക വികസനത്തിന് സഹായകരമായ പശ്ചാത്തല സൗകര്യമൊരുക്കുന്നുണ്ട്.

പഴം -പച്ചക്കറിരംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാൻ മുൻ ബജറ്റിൽ പ്രഖ്യാപിച്ച ശ്രദ്ധേയമായ വിപണി ഇടപെടലായിരുന്നുവല്ലോ താങ്ങുവില. എന്നാൽ ഈ ബജറ്റിൽ ഇതിനെ സംബന്ധിച്ച പരാമർശങ്ങളില്ല. പദ്ധതി നടത്തിപ്പിലെ അപാകങ്ങൾ മൂലം ലക്ഷ്യ പ്രാപ്തി പൂർണമായി കൈവരിക്കാതെ പോയ  ഒന്നാണിതെങ്കിലും നമ്മുടെ പോഷക സുരക്ഷയിൽ സു പ്രധാന പങ്കു വഹിക്കാനാവുമായിരുന്ന ഒരു പദ്ധതിയാണിത്.

പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ സമയബന്ധിതവും  കാര്യക്ഷമവുമായ നിർവഹണമാണ് ബജറ്റിന് പ്രസക്തിയുണ്ടാക്കുന്നത്. മഹാമാരികളും കാലാവസ്ഥ വ്യതിയാനവും മഹായുദ്ധങ്ങളും വെല്ലുവിളികളുയർത്തുമ്പോൾ അവയെ പ്രതിരോധിക്കാനും നേരിടാനും അതിജീവിക്കാനും ഉതകുന്ന വിധത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുക എന്നതാണ് കരണീയം. 96 ശതമാനം വരുന്ന  ചെറുകിട പരിമിത കർഷകന്റെ ക്ഷേമം ഉറപ്പാക്കുന്ന കാർഷിക പുരോഗതിയാണ് നമ്മുടെ സുസ്ഥിര വികസനത്തിന്റെ ആണിക്കല്ല്.

കേരള കാർഷിക സർവകലാശാല ICAR എമിരെറ്റസ്  പ്രഫസറാണ് ലേഖിക.

English summary: Kerala Budget 2022 Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com