ADVERTISEMENT

‘പശുക്കളുടെ ആരോഗ്യവും പാലുൽപാദനവുമായി ബന്ധപ്പെട്ട് ക്ഷീരകർഷകർ നേരിടുന്ന എല്ലാ പ്രതിസന്ധികളുടെയും മൂല കാരണം പശുവിനു കൊടുക്കുന്ന തീറ്റയാണ്. കാലിത്തീറ്റവിലയിൽ അടിക്കടിയുണ്ടാവുന്ന വർധനയും അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയും എപ്പോഴും ചർച്ചയാവാറുണ്ട്. അതൊരു വസ്തുതയാണെങ്കിൽപ്പോലും അതിനെക്കാൾ ദോഷം ചെയ്യുന്നതും ദീർഘകാലാടിസ്ഥാനത്തിൽ നഷ്ടങ്ങളുണ്ടാക്കുന്നതും കൃത്രിമത്തീറ്റ നൽകുന്നതു വഴി പശുക്കൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ്. ചെന പിടിക്കാതിരിക്കലാണ് അവയിൽ പ്രധാനം. പശുക്കളുടെ മദിചക്രം താളം തെറ്റാനും പ്രത്യുൽപാദന പ്രശ്നങ്ങളുണ്ടാക്കാനും കൃത്രിമത്തീറ്റ വഴിവയ്ക്കുന്നുണ്ട്. തുടർച്ചയായ അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളുമാണ് മറ്റൊരു ദോഷം. ആദ്യ കാലങ്ങളിൽ മികച്ച പാലുൽപാദനത്തിന് സഹായകമാകുമെങ്കിലും പിന്നീടുള്ള പ്രസവങ്ങളിൽ പാലുൽപാദനം കുറയുന്നതിനു കൃത്രിമത്തീറ്റ ഇടയാക്കുന്നുണ്ട്. ഇത്തരം അനുഭവങ്ങൾ ആവർത്തിച്ചതോടെയാണ് കാലിത്തീറ്റ നിർമാണത്തിലേക്കു കടക്കുന്നത്. പിന്നീട് അതൊരു സംരംഭമായി വളര്‍ന്നു’, കോട്ടയം ജില്ലയിൽ കുറവിലങ്ങാടിനടുത്ത് തോട്ടുവയില്‍ 30 പശുക്കളുള്ള ഫാമിലിരുന്ന് റെയ്നോ ജോസ് കണ്ണന്തറ പറയുന്നു.

പഠനം കഴിഞ്ഞ് പശുപഠനം

എൻജിനീയറിങ് ബിരുദധാരിയായ റെയ്നോ പഠനശേഷം ജോലിക്കു ശ്രമിക്കാതെ നേരെ പുരയിടക്കൃഷിക്കിറങ്ങുകയായിരുന്നു. അതിന്റെ ഭാഗമായാണ് 15 വർഷം മുൻപൊരു പശുവിനെ വാങ്ങുന്നത്. ഉയർന്ന ഉൽപാദനശേഷിയുള്ള സങ്കരയിനങ്ങളെ പലയിടങ്ങളിൽനിന്നു വാങ്ങി ക്രമേണ എണ്ണം പത്തിലെത്തി. തുടങ്ങി കൊല്ലം നാലഞ്ചു കഴിഞ്ഞിട്ടും തട്ടിമുട്ടിപ്പോകാമെന്നല്ലാതെ  കാര്യമായ സാമ്പത്തികമെച്ചമുണ്ടായില്ലെന്നു റെയ്നോ. എന്നും ഏതെങ്കിലുമൊന്നിന് അസുഖം. ഉദ്ദേശിക്കുന്ന കറവയുമില്ല. ചെന പിടിക്കാൻ വൈകുന്നത് മറ്റൊരു നഷ്ടം. ഈ പരിപാടി മതിയാക്കാം എന്നു കരുതിയിരിക്കുന്ന കാലത്താണ് തീറ്റയൊന്നു മാറ്റി നോക്കാൻ ഡയറി വിദഗ്ധന്റെ നിർദേശം ലഭിക്കുന്നത്. അതിനു തുനിഞ്ഞു, വൈകാതെ ഫലവുമുണ്ടായി. കൃത്രിമ പെല്ലറ്റ് തീറ്റ നൽകുമ്പോൾ പാലുൽപാദനത്തിൽ പൊടുന്നനെ വർധനയുണ്ടാവും. സ്വയം തയാറാക്കുന്ന തീറ്റയിൽനിന്ന് അതു പ്രതീക്ഷിക്കരുതെന്ന് ഡെയറി വിദഗ്ധരുടെതന്നെ നിർദേശമുണ്ടായിരുന്നെന്ന് റെയ്നോ. അതുകൊണ്ടു പെല്ലറ്റ് തീർത്തും ഉപേക്ഷിക്കാനും തുനിഞ്ഞില്ല. 

‘സ്വയം തയാറാക്കുന്ന തീറ്റയുടെ മുഖ്യ ലക്ഷ്യം പശുവിന്റെ ആരോഗ്യവും പ്രത്യുൽപാദനശേഷിയും മെച്ചപ്പെടുത്തുകയായിരുന്നു. കുറഞ്ഞ കാലംകൊണ്ട്  ഇക്കാര്യത്തിൽ നല്ല പുരോഗതിയുണ്ടായി. തൊഴുത്തിൽനിന്ന് രോഗങ്ങളകന്നു. ചെന പിടിക്കാതിരിക്കൽ പ്രശ്നം ഒട്ടുമുക്കാലും പരിഹരിക്കപ്പെട്ടു. അതോടെ ഉൽപാദനത്തിലും പുരോഗതിയുണ്ടായി. ദീർഘകാലാടിസ്ഥാനത്തില്‍ പുതിയ തീറ്റക്രമം ലാഭം നല്‍കിയെന്നു സാരം. സ്വയം തയാറാക്കുന്ന തീറ്റ 10 ലീറ്ററിനു മേൽ ഉൽപാദനമുള്ള പശുവിനു ശരാശരി 5 കിലോയും പെല്ലറ്റ് ഒരു കിലോയും നൽകുന്ന രീതിയാണ് സ്വീകരിച്ചത്. പെല്ലറ്റ് തീറ്റയ്ക്കുള്ള മുടക്ക് കുറയ്ക്കാനുമായി’, റെയ്നോ പറയുന്നു. 

ഭാര്യ റീഗനും വിദ്യാർഥികളായ 4 മക്കളും മാതാപിതാക്കളും ചേരുന്ന കുടുംബ സംരംഭമാണ് കണ്ണന്തറ ഫാം. കുടുംബത്തിന്റെ പിൻതുണയാണ് എല്ലാ പരീക്ഷണങ്ങൾക്കും ധൈര്യവും പ്രചോദനവുമെന്നു റെയ്നോ. 

raino-kids
കുതിരയ്‌ക്കൊപ്പം റെയ്നോയുടെ മക്കൾ

കസ്റ്റമൈസ്ഡ് മിക്സ്

തീറ്റയിൽ രഹസ്യക്കൂട്ടുകളോ ട്രേഡ് സീക്രട്ടുകളോ ഒന്നുമില്ല റെയ്നോയ്ക്ക്. എന്നാൽ നിരന്തരം പഠിക്കാനും പരീക്ഷണങ്ങൾ നടത്താനുമുള്ള ഉത്സാഹമുണ്ട്. വിജയരഹസ്യവും അതുതന്നെ. സ്വന്തം പശുക്കൾക്കു നൽകി ഫലപ്രാപ്തി ബോധ്യപ്പെട്ട ശേഷമാണ് ഓരോ ഇനം തീറ്റയും മറ്റു കർഷകർക്കു നൽകുന്നത്. തമിഴ്നാട്ടില്‍നിന്നു ചോളപ്പൊടി, ചോളത്തൊണ്ട്, പയർതവിട്, ഉഴുന്നുതവിട്, സോയത്തവിട്, സോയത്തൊണ്ട്, മൊളാസസ് തവിട്, പരുത്തിക്കുരു, ഗോതമ്പുതവിട്, കപ്പപ്പൊടി, പരുത്തിപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എള്ളിൻപിണ്ണാക്ക് എന്നിങ്ങനെ മുപ്പതോളം ഇനങ്ങൾ സംഭരിച്ച് ഡെയറി ന്യുട്രീഷൻ വിദഗ്ധരുടെ നിർദേശങ്ങള്‍ അനുസരിച്ച് പശുക്കളുടെ ഉൽപാദനകാലത്തിന് അനുസൃതമായി പോഷക അനുപാതം നിർണയിക്കുന്നു. 

ടൈപ്പ് 1, ടൈപ്പ് 2, ടൈപ്പ് 3 എന്നിങ്ങനെ മൂന്നു തരം കാലിത്തീറ്റയാണ് വിപണിയിലിന്നുള്ളത്. ഉയർന്ന ഉൽപാദനകാലത്ത് പോഷകമേന്മയേറിയ ടൈപ്പ് 1 തീറ്റ തന്നെ നൽകണം. ഇടക്കറവക്കാലത്തും വറ്റുകാലത്തും യഥാക്രമം ടൈപ്പ് 2, ടൈപ്പ് 3 തീറ്റ നൽകിയാൽ മതിയാകുമെന്ന് റെയ്നോ. പശുവിൽനിന്നു വരുമാനം കുറയുന്നതിന് അനുസരിച്ച് പരിപാലനച്ചെലവ് കുറയ്ക്കാനും ഒപ്പം പശുവിന്റെ ആരോഗ്യം സംരക്ഷിക്കാനും ഈ ക്രമീകരണം സഹായകമാകും. നമ്മുടെ നാട്ടിലെ ഭൂരിപക്ഷം കർഷകരും കറവക്കാലത്തിന് അനുസൃതമായി തീറ്റ മാറ്റണം എന്നു ചിന്തിക്കുന്നവരല്ല. എല്ലാക്കാലത്തും ഒരേ തീറ്റ തന്നെ നൽകുന്നതിന്റെ നഷ്ടം അവർ ശ്രദ്ധിച്ചിട്ടുമില്ലെന്ന് റെയ്നോ.

മൂന്നിനം തീറ്റക്കൂട്ടുകളാണ് റെയ്നോയും നിർമിക്കുന്നത്. വില യഥാക്രമം കിലോ 24, 22, 19. കൃത്രിമ പെല്ലറ്റിന് വിപണിയിൽ കിലോ 28–30 രൂപ വരെ വിലയെത്തുന്നുണ്ട് എന്നതും ശ്രദ്ധിക്കണം. സ്വയം തയാറാക്കുന്ന തീറ്റയുടെ അഞ്ചിലൊരു ഭാഗമായി പെല്ലറ്റിന്റെ അളവ് കുറയുന്നതോടെ തീറ്റച്ചെലവ് നന്നായി കുറയുമെന്നു റെയ്നോ.

സംഭരിക്കുന്ന തീറ്റയിനങ്ങൾ യന്ത്രസഹായത്തോടെ മിക്സ് ചെയ്ത് മൂന്നിനം തീറ്റകളുണ്ടാക്കുന്നതിനു പുറമേ കർഷകർക്ക് അവരുടെ ആവശ്യത്തിനും ബോധ്യത്തിനും അനുസൃതമായ മിക്സ് നൽകാനും റെയ്നോ ശ്രദ്ധിക്കുന്നു. സ്വന്തം പശുവിന്റെ ആരോഗ്യവും ഉൽപാദനശേഷിയും നോക്കി സ്വന്തം മിക്സ് തയാറാക്കാനെത്തുന്ന കർഷകരും കുറവല്ല. പെല്ലറ്റ് രൂപത്തിനു പകരം തവിട് രൂപത്തിൽത്തന്നെ തീറ്റ ലഭിക്കുമ്പേൾ അതിലെ ഓരോ ഘടകവും വേർതിരിച്ച് കാണാമെന്നതും അവയുടെ ഗുണമേന്മ മനസ്സിലാക്കാമെന്നതും തന്റെ തീറ്റയിലേക്ക് കർഷകരെ ആകർഷിക്കുന്നുണ്ടെന്നു  റെയ്നോ. നിലവിൽ കുറവിലങ്ങാടിന്റെ പരിസരപ്രദേശങ്ങളിൽ 30–40 കിലോമീറ്റർ ചുറ്റളവിൽ കർഷകരുടെ വീടുകളിൽ എത്തിച്ചാണ് വിപണനം.

മുയൽ, കുതിര എന്നിവയ്ക്കുള്ള തീറ്റ മിക്സും റെയ്നോ തയാറാക്കുന്നു. കൃത്രിമ പന്നിത്തീറ്റ നിർമാണം പരീക്ഷണത്തിലാണ്. നിലവിൽ, ഭക്ഷ്യാവശിഷ്ടങ്ങളാണല്ലോ പന്നിക്കു നൽകുന്നത്. ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ വരുന്നുമുണ്ട്. കുറഞ്ഞ ചെലവില്‍  ലഭിക്കുന്ന ഈ ‘വെയ്സ്റ്റ്’ തീറ്റയ്ക്കു പകരം കൃത്രിമത്തീറ്റ സ്വീകാര്യമാകണമെങ്കിൽ അതിന്റെ വില കിലോ 15 രൂപയിലും താഴണമെന്നു റെയ്നോ. അങ്ങനെയൊരു തീറ്റക്കൂട്ടാണ് ലക്ഷ്യം. 

raino-wife
പാലുൽപന്നങ്ങളുമായി റീഗൻ

പാലിൽനിന്ന് പലവഴി വരുമാനം

ദിവസം ശരാശരി 150 ലീറ്റർ പാലാണ് ഫാമിലെ ഉൽപാദനം. അതിൽ 10 ലീറ്റർ തൈരാക്കി വിൽക്കുന്നു. പാല്‍ ബ്രാൻഡ് നാമത്തോടു കൂടിയ പായ്ക്കറ്റിലാക്കാന്‍ യന്ത്രമുണ്ട്. അര ലീറ്റർ പായ്ക്കറ്റിന് 25 രൂപ വില. നെയ്യാണ് ഏറ്റവും ഡിമാൻഡുള്ള പാലുൽപന്നം എന്ന് റെയ്നോയുടെ ഭാര്യ റീഗൻ പറയുന്നു. കിലോ 600 രൂപയ്ക്കാണു വിൽപന. അധ്യാപനം വിട്ട് പാലുൽപന്നങ്ങളുടെ നിർമാണത്തിലും വിപണനത്തിലും ശ്രദ്ധിക്കുന്ന റീഗൻ പനീറിനും മികച്ച വിപണനസാധ്യതയാണ് കാണുന്നത്. ശാസ്ത്രീയ പനീർനിർമാണം പഠിച്ച് ആവശ്യമായ യന്ത്രങ്ങൾ സജ്ജമാക്കിയാണ് റീഗന്റെ സംരംഭം. ഡിമാൻഡുള്ള മറ്റൊരുൽപന്നം വെണ്ണയാണ്. കേക്ക് നിർമാണത്തില്‍ വീട്ടമ്മമാർ സജീവമായതോടെ ഗുണമേന്മയുള്ള ബട്ടറിന് ആവശ്യക്കാർ കൂടി. കിലോ 500 രൂപയ്ക്കാണു വിൽപന. യോഗർട്ട്, ലസി ഉൾപ്പെടെ പുതു തലമുറ പാൽവിഭവങ്ങളിലേക്കും ചുവടുവയ്ക്കുകയാണ് റീഗൻ. 

raino-2
റബർത്തോട്ടത്തിൽ റെയ്നോ

ഒരു കുഴിയിൽ 2 റബർ  

അഞ്ചേക്കർ വരുന്ന റെയ്നോയുടെ പുരയിടത്തിൽ മറ്റൊരു കൃഷികൗതുകം കൂടി കാണാം; ഒരു കുഴിയിൽ രണ്ടു റബർ. ഒരേക്കറിൽ ശരാശരി 180 റബറാണ് സാധാരണ രീതി. ഒരു കുഴിയിൽ രണ്ടു തൈ വയ്ക്കുമ്പോൾ വരികളും നിരകളും തമ്മിലുള്ള അകലം അൽപം കൂട്ടേണ്ടി വരും. കുഴിയിലെ തൈകൾ തമ്മിൽ ഒരു മീറ്ററിനടുത്ത് അകലം നൽകി. നിലവിൽ ഒരേക്കറിൽ 300 റബർ വളരുന്നുവെന്നു റെയ്നോ. വെട്ടു തുടങ്ങി നാലു വർഷം പിന്നിട്ടിരിക്കുന്നു. ഉൽപാദനത്തിന്റെ കാര്യത്തിൽ ഒരു മരത്തിൽനിന്ന് സാധാരണ കിട്ടുന്നതിനെക്കാൾ കൂടുതലോ കുറവോ ഇല്ല. ഫലത്തിൽ, വിലയിടിവു കാലത്ത് മികച്ച നേട്ടം. രണ്ടു മരങ്ങളുടെയും ശിഖരങ്ങൾ തമ്മിൽ കോർത്തു നിൽക്കുന്നതിനാൽ കാറ്റത്തു ചുവടു മറിഞ്ഞു വീഴാനുള്ള സാധ്യതയും തീരെക്കുറയുന്നു. അധികച്ചെലവു വരുന്നത് വെട്ടുകൂലിയിൽ മാത്രം.

ഫോൺ: 9447308329

English summary: Cattle Feed Manufacturing Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com