ADVERTISEMENT

കർഷകക്ഷേമത്തിനും കൃഷിവികസനത്തിനും ഉൽപാദനവർധനയ്ക്കുമൊക്കെ സഹായിക്കാൻ കാർഷിക കേരളത്തിൽ കൃഷിവകുപ്പിനു കീഴിൽ സ്ഥാപനങ്ങൾക്കു പഞ്ഞമൊന്നുമില്ല. കർഷകരെക്കാൾ കൂടുതൽ സ്ഥാപനങ്ങളുണ്ടെന്ന് തമാശ പറയാൻ തുടങ്ങിയ സ്ഥിതിയാണ്. ഇതിനിടയിലാണ് മൂല്യവർധിത ഉൽ‌പന്നങ്ങളുടെയും അനുബന്ധ കാര്യങ്ങളുടെയും വിപണി ഉറപ്പിക്കാനും കയറ്റുമതിക്കും കർഷകർക്ക് കൃത്യമായ വിലകിട്ടാനുമൊക്കെ ലക്ഷ്യമിട്ടു മുഖ്യമന്ത്രി ചെയർമാനായി സിയാൽ മാതൃകയിൽ മാർക്കറ്റിങ് കമ്പനി ആരംഭിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ മൊത്തം 100 കോടി രൂപയുടെ പ്രാഥമികചെലവിൽ 20 കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.

വിദേശരാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്നവരെയും വ്യവസായ വാണിജ്യസംരംഭകരെയും സഹകരിപ്പിച്ചാണ് മൂല്യവർധിത ഉൽപന്ന വിപണന കമ്പനി വരുന്നതെന്നാണു ഇപ്പോഴത്തെ വിവരം. പുതിയ സ്ഥാപനം കാർഷികവികസനത്തിൽ കുതിച്ചുചാട്ടത്തിനും കർഷകനു നല്ലവില കിട്ടാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. കർഷകരുടെ പേരിൽ മറ്റൊരു സ്ഥാപനംകൂടിയായി അതു മാറാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വർഷാവർഷം എന്ന കണക്കിന് ഏജൻസികളും സംഘങ്ങളും നാടുനീളെയുണ്ടാകുമെങ്കിലും സംസ്ഥാനത്ത് കൃഷിയുടെ വളർച്ച താഴോട്ടാണെന്നാണ് സംസ്ഥാന സാമ്പത്തികസ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ 2005 മുതൽ 2020 വരെയുള്ള കൃഷിയെക്കുറിച്ചുളള റിപ്പോർട്ടിൽപറയുന്നത്. 

paddy-rice

ഇല്ലാതായത് 84,000 ഹെക്ടർ നെൽകൃഷി

ഈ സ്ഥിതി തുടർന്നാൽ, കൃഷിമേഖലയുടെ കാര്യം അത്ര പന്തിയല്ലെന്നുതന്നെയാണ് കണക്കുകൾ നൽകുന്ന സൂചന. സ്ഥിതിവിവര വകുപ്പിന്റെ കണക്കനുസരിച്ച് കൃഷിയിടങ്ങളുടെ വിസ്തീർണത്തിൽ 15 വർഷത്തിനിടെ 1.06 ലക്ഷം ഹെക്ടറാണ് (2.63 ലക്ഷം ഏക്കർ) കുറഞ്ഞത്. 2005–2006ൽ 21.32 ലക്ഷം ഹെക്ടറിൽ ചെയ്തിരുന്ന കൃഷി 20.26 ലക്ഷം ഹെക്ടറിലേക്കു ചുരുങ്ങി. ഒന്നിലധികം തവണ കൃഷിചെയ്യുന്ന സ്ഥലങ്ങളുടെ കുറവ് കൂടി കണക്കാക്കിയാൽ കൃഷിഭൂമി കുറവ് 13. 37% ആണ്.

നെൽകൃഷിവികസനത്തിന് കുറച്ചുകാലമായി സർക്കാർ തലങ്ങും വിലങ്ങും സ്കീമും ആനുകൂല്യങ്ങളും ക്യാംപെയിനുകളുമൊക്കെ നടത്തുന്നുണ്ട്. തരിശുനിലത്തിൽ കൃഷിയിറക്കുന്നവർക്ക് പ്രത്യേക സാമ്പത്തിക ആനുകൂല്യം, നെൽകൃഷി നിലനിർത്തുന്ന കർഷകർക്ക് റോയൽറ്റി, ഉഴവുകൂഴി, നെല്ലുസംഭരണം തുടങ്ങി പല സ്കീമുകളിലാണ് സഹായമെങ്കിലും നെൽകൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിയിൽ മാത്രമല്ല, ഉൽപാദനക്ഷമതയും 15 വർഷത്തിനിടയിൽ വലിയതോതിൽ ഇടിഞ്ഞുവെന്നാണ് കണക്കുകൾ നൽകുന്ന ചിത്രം. നെൽകൃഷിയുടെ കാര്യത്തിലുള്ള ഈ പിന്നോക്കംപോക്ക് ഭാവിയിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കാർഷിക വിദഗ്ധർ നിരീക്ഷിക്കുന്നു. 

സംസ്ഥാനത്തിന് ആവശ്യമുള്ള അരിയുടെ മുക്കാൽപങ്കും മറ്റുസംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്നതാണെങ്കിലും ഇവിടെ വിളയുന്ന നെല്ലിന്റെ അളവ് കുത്തനെ ഇടിയുമ്പോൾ പൂർണആശ്രയത്വമായിരിക്കും ഫലം. മുൻകാല കണക്കുകൾ ചേർത്തുവായിക്കുമ്പോൾ 1985 മുതൽ 2005 വരെയുളള വർഷങ്ങളിലുണ്ടായ അത്രയും ഉൽപാദന ഇടിവ് പിന്നീട് ഉണ്ടായില്ലെന്നു ആശ്വസിക്കാം. ആ കാലയളവിൽ നെൽപ്പാടങ്ങളുടെ വിസ്തൃതി 57% കുറഞ്ഞു. തുടർന്നുളള 15 വർഷത്തിനിടയിലുണ്ടായ കുറവ് 30.71ശതമാനമാണ്. 2005 മുതൽ 2020 വരെയുളള കാലയളവിൽ നെൽപ്പാടവിസ്തൃതി 2,75,742ൽനിന്ന് 1,91,051  ഹെക്ടറായാണ് മാറിയത്. അതായത് 15 വർഷംകൊണ്ട് 84,691 ഹെക്ടർ നെൽകൃഷി ഇല്ലാതായി. വിളവ് 6,29,987 ടണ്ണിൽനിന്ന് 5,87,078 ടണ്ണായി ഇടിഞ്ഞു. മൊത്തം ഉൽപാദന കുറവ് 6.81%.

നെല്ലിന് പിന്നാലെ തെങ്ങും താഴോട്ട്

തെങ്ങുകൃഷിയും താഴോട്ടുതന്നെ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 15.27 ശതമാനം തെങ്ങിൻതോപ്പുകൾ ഇല്ലാതായി. 2005–2006 വർഷം സംസ്ഥാനത്ത് 8.97 ലക്ഷം ഹെക്ടർ തെങ്ങുകൃഷിയുണ്ടായിരുന്നു. അതുവഴി 632 കോടി തേങ്ങ കിട്ടി. എന്നാൽ  പിന്നീടുള്ള15 വർഷംകൊണ്ട് കൃഷി 7.6 ലക്ഷം ഹെക്ടറായി കുറഞ്ഞ്, തേങ്ങയുടെ എണ്ണം 481 കോടിയായി. നെല്ലും നാളികേരവും കുറഞ്ഞപ്പോൾ നാണ്യവിളയായ റബറും വാഴയും മരച്ചീനിയും കുഴപ്പമില്ലാതെ സ്ഥലവിസ്തൃതിയിൽ മുന്നേറുന്നുണ്ട്.

ഉൽപാദനകണക്കുനോക്കുമ്പോൾ റബർ കൃഷിക്കാണ് തിരിച്ചടികൂടുതൽ. കൃഷിചെയ്യുന്ന സ്ഥലം 11.49 % വർധിച്ചെങ്കിലും റബറിന്റെ ഉൽപാദനം 33.38 ശതമാനമായി കുറഞ്ഞു. കുരുമുളകിന്റെ ഉൽപാദനം 60.57 ശതമാനം. കശുവണ്ടി 71.52 ശതമാനം , ഇഞ്ചി 78.83 ശതമാനവുമാണ് ഉൽപാദനം കുറഞ്ഞത്. വാഴകൃഷി ചെയ്യുന്ന സ്ഥലത്തിന്റെ അളവിൽ കുറവുണ്ടായെങ്കിലും ഉൽപാദനം വർധിച്ചു. ഉൽപാദനം 4.91 ലക്ഷം ടണ്ണിൽനിന്ന് 5.48 ലക്ഷം ടണ്ണായാണ് ഉയർന്നത്. മദ്യനിർമാണത്തിന്റെ സാധ്യത പരീക്ഷിക്കാൻ തീരുമാനിച്ചതോടെ താരമായി മാറിയെങ്കിലും മരച്ചീനി(കപ്പ) കൃഷിചെയ്യുന്ന സ്ഥലത്തിന്റെ അളവ് 15 വർഷത്തിനിടയിൽ 90.539 ഹെക്ടറിൽ നിന്ന് 62.070 ഹെക്ടറായി കുറഞ്ഞുവെന്നാണ് സർവേ പറയുന്നത്. എന്നാൽ വിളവിൽ നേരിയ വർധനയുണ്ട്. തേയില 7.76 %, കാപ്പി 8.78 % ഉൽപാദനത്തിൽ കൂടിയിട്ടുണ്ട്. 

അടുത്തവർഷം  881 കോടി

ഇതൊക്കെയാണങ്കിലും പുതിയ സ്ഥാപനങ്ങൾ എന്നപോലെ, കാർഷികമേഖലയിൽ സർക്കാർ ഓരോ വർഷത്തിൽ ചെലവഴിക്കുന്നതും വലിയതുകയാണ്. 2020–2021 വർഷത്തിൽ 8163 കോടി രൂപയാണ് കൃഷിക്കു ചെലവഴിച്ചതെങ്കിൽ,അവസാനിക്കാറായ ഈ സാമ്പത്തികവർഷത്തിൽ അത് 7458. 81 കോടി രൂപയാണ്. പുതിയ ബജറ്റിൽ മൊത്തം തുക 881.67 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പദ്ധതി, പദ്ധതിയേതര വിഭാഗത്തിലാണ് ഇത്രയും വലിയ തുക ചെലവഴിക്കുന്നത്. സ്കീമുകളും പദ്ധതികളും നിരവധിയുണ്ടെങ്കിലും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിലും സംസ്ഥനത്തെ ഉൽപാദനവും ഉപഭോഗവും തമ്മിലുളള അന്തരം കുറയ്ക്കാനുള്ള നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന ആരോപണവും നിലനിൽക്കുന്നു. സ്കീമുകളുടെയും സ്ഥാപനങ്ങളുടെയും നടത്തിപ്പിനെക്കുറിച്ച് കൃത്യമായ ഒരു ഓഡിറ്റ് സംവിധാനവും വകുപ്പിനില്ല.

English summary: Kerala budget and agri-production

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com