നാലു മരങ്ങൾ ‌വിറ്റപ്പോൾ അക്കൗണ്ടിലെത്തി 32 ലക്ഷം രൂപ; ഇത് റാണിയുടെ കഥ

HIGHLIGHTS
  • വിറ്റാൽ ലക്ഷങ്ങൾ കിട്ടുമെന്ന് ഉറപ്പുള്ള വിള
  • മഴയുള്ള കാലാവസ്ഥയിൽ ചന്ദനം നല്ല രീതിയിൽ വളരില്ല
sandal-1
മറയൂരിലെ ചന്ദന മരങ്ങൾ. ഇൻസെറ്റിൽ റാണി
SHARE

വീഴാറായ നാലു മരങ്ങൾ വിറ്റപ്പോൾ മറയൂരിലെ റാണിയുടെ ബാങ്ക് അക്കൗണ്ടിലെത്തിയത് 32 ലക്ഷം രൂപ. വീമ്പു പറയുന്നതല്ല, സർക്കാർ രേഖയുള്ള കാര്യമാണ്. മരം ചന്ദനമായിരുന്നു. വനംവകുപ്പുകാർ അവ ഏറ്റെടുത്ത് ലേലം നടത്തിയപ്പോഴാണ് 250 കിലോയ്ക്ക് ഇത്രയും തുക കിട്ടിയത്.  അമ്മ സ്വത്ത് വീതിച്ചപ്പോൾ കിട്ടിയ ഒരു ഏക്കർ ഭൂമിയിൽ ഓർമയുള്ള കാലം മുതലേ നിന്നിരുന്ന 4 മരങ്ങളായിരുന്നു  അവ. അവ വീഴാറായപ്പോൾ  റാണി വനംവകുപ്പിനോട് ഏറ്റെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. മറയൂരിലെതന്നെ രാജന്റെ അനുഭവം വ്യത്യസ്തമാണ്– കെട്ടിടം നിർമിക്കാനായാണ് സ്വന്തം പട്ടയഭൂമിയിലുണ്ടായിരുന്ന ഒരു ചന്ദനമരം  വനം വകുപ്പിനു നൽകിയത്. അവർ അതു ലേലം ചെയ്തുകിട്ടിയ ഏഴര ലക്ഷം രൂപ ട്രഷറിയിൽ അടയ്ക്കുകയും ചെയ്തു. തുടർന്ന് ആ പണം സ്വന്തം അക്കൗണ്ടിലെത്താൻ രാജന് അഞ്ചു വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. റവന്യുവകുപ്പുകാരുടെ  ഉടക്കുകളായിരുന്നു കാരണം.  ചന്ദനം നിന്നിരുന്ന സ്ഥലം സർക്കാർഭൂമിയല്ലെന്നും ബാധ്യതകളില്ലാത്ത സ്ഥലമാണെന്നും തഹസീൽദാർ തസ്തികയിലെങ്കിലുമുള്ള  ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രമുണ്ടെങ്കിലേ പണം കൈമാറൂ. കർഷകനു സാമ്പത്തികഭദ്രത നൽകുന്ന ചന്ദനമരങ്ങളെ മറയൂരുകാർ ശാപമായി കാണാനിടയാക്കുന്നത് ഇത്തരം  സംഭവങ്ങൾ മൂലമാണെന്നു രാജൻ ചൂണ്ടിക്കാട്ടുന്നു. പട്ടയഭൂമിയിലെ മരം ഉദ്യോഗസ്ഥരുടെ ഔദാര്യമുണ്ടെങ്കിൽ മാത്രമേ  വിൽക്കാൻ സാധിക്കൂ എന്ന  സ്ഥിതി മാറിയാലേ മലയോരകൃഷിയിടങ്ങളിലെ ഇലച്ചാർത്ത് വിസ്തൃതമാകൂ.

എല്ലാവർക്കും സ്വന്തമാക്കാൻ ആഗ്രഹമുള്ള മരം. വിറ്റാൽ ലക്ഷങ്ങൾ കിട്ടുമെന്ന് ഉറപ്പുള്ള വിള– ഇതൊക്കെയാണെങ്കിലും സ്വന്തം പറമ്പിൽ ഒരു ചന്ദനംപോലും നട്ടുവളർത്താൻ അധികമാരും തയാറായിരുന്നില്ല. മൂന്നു കാരണങ്ങളാണ് ഇതിനു പിന്നിൽ– സ്വകാര്യഭൂമിയിൽ നട്ടുവളർത്തിയതാണെങ്കിലും  കള്ളന്മാരോ  സർക്കാരോ  കൊണ്ടുപോകുമെന്ന ഭീതി , മഴയുള്ള കാലാവസ്ഥയിൽ ശരിയായി വളരില്ലെന്ന ആശങ്ക,  മരം നഷ്ടപ്പെട്ടാലുണ്ടാകുന്ന നിയമക്കുരുക്കുകൾ. ആദ്യത്തെ ആശങ്കയ്ക്ക് വനം വകുപ്പുകാർ തെല്ലൊരു ആശ്വാസം പകർന്നതിന്റെ ബലത്തിൽ പലരും ചന്ദനക്കൃഷിയെക്കുറിച്ച് ഉറക്കെ ചിന്തിക്കുന്ന കാലമാണിത്. സ്വകാര്യഭൂമിയിലെ ചന്ദനം സ്വന്തമായി ഉടമസ്ഥനു വെട്ടി വിൽക്കാൻ ഇപ്പോഴും അനുവാദമില്ലാത്ത നാടാണ് കേരളം. എന്നാൽ നിങ്ങളുടെ ചന്ദനമരം വനംവകുപ്പിന്റെ  സഹായത്തോടെ വെട്ടിവിൽക്കുന്നതിനുള്ള നടപടിക്രമങ്ങൾ കുറച്ചുകൂടി കർഷകസൗഹൃദമാക്കിയിട്ടുണ്ട്. വിൽക്കാനാഗ്രഹിക്കുന്ന മരങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വെട്ടിനീക്കുകയും മറയൂരിലെ ഫോറസ്റ്റ് ഡിപ്പോയിലെത്തിച്ചു ലേലം ചെയ്യുകയുമാണ് അനുവദനീയമായ നടപടി. 

ഇപ്രകാരം ലേലം ചെയ്തു കിട്ടുന്ന തുകയിൽ 30 ശതമാനം സ്വന്തമാക്കിയിരുന്ന സർക്കാർ ഇനി ചെലവുകാശു മാത്രം മതിയെന്നു സമ്മതിച്ചിട്ടുണ്ട്. കൃഷിയിടത്തിലെ ചന്ദനം  കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ സ്ഥലമുടമ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ഭീതിയും ഇനി വേണ്ട. മറ്റാവശ്യങ്ങൾക്കായി ഭൂമി ആവശ്യമുണ്ടെങ്കിൽ നിശ്ചിതപ്രായമെത്തും മുൻപ് വെട്ടിനീക്കുകയും ചെയ്യാം. എല്ലാം വനംവകുപ്പിന്റെ അറിവോടെയും സമ്മതത്തോടെയും വേണമെന്നു മാത്രം. വേരോടെ പിഴുതെടുക്കുന്ന ചന്ദനത്തിന്റെ ഇലകളൊഴികെ എല്ലാ ഭാഗത്തിനും ഗ്രേഡ് തിരിച്ച് വില നൽകുകയും ചെയ്യും.   മരങ്ങൾ നട്ടുവളർത്തുന്നവർക്കു പരി മിതമായ  ധനസഹായവും വനം വകുപ്പ് വാഗ്ദാനം ചെയ്യുന്നു. 20 ഇഞ്ച് വണ്ണമെത്തുമ്പോഴാണ് പൊതുവെ ചന്ദനം മുറിച്ചെടുക്കുന്നത്. 

sandal-2
മറയൂരിലെ ചന്ദന മരങ്ങൾ. ഇൻസെറ്റിൽ റാണി

മഴയുള്ള കാലാവസ്ഥയിൽ ചന്ദനം നല്ല രീതിയിൽ വളരില്ലെന്നത് വാസ്തവം തന്നെ. മഴനിഴൽ പ്രദേശമായ മറയൂരിലും മറ്റും വളരുമ്പോഴാണ് ചന്ദനത്തിനു കാതലുണ്ടാവുക. എന്നാൽ കാതലില്ലെങ്കിൽപോലും ചന്ദനത്തിന്റെ വെള്ളഭാഗത്തിനും തൊലിക്കും ഇപ്പോൾ വില കിട്ടുന്നുണ്ടെന്നറിയുക.  താരതമ്യേന മിതമായ തോതിൽ മാത്രമേ ആദായം പ്രതീക്ഷിക്കാനാവൂ എന്നു മാത്രം. മഴ ധാരാളമായി കിട്ടുന്ന സ്ഥലങ്ങളിൽ ചന്ദനത്തോട്ടമുണ്ടാക്കാൻ ശ്രമിക്കുന്നതിനു പകരം ഏതാനും മരങ്ങൾ പരീക്ഷണാർഥം കൃഷി ചെയ്യുന്നതാവും ബുദ്ധി. 

കാര്യമായ മുതൽമുടക്കില്ലാത്ത അധികവരുമാനസാധ്യത, അത്രതന്നെ. അർധ പരാദസസ്യമായതിനാൽ ഒരു ആതിഥേയ സസ്യത്തോടൊപ്പം മാത്രമേ ചന്ദനത്തൈകൾ നടാനാവൂ. തൊട്ടാവാടി, ചിലയിനം ചീരകൾ എന്നിവയൊക്കെയാണ് ഇതിനായി പൊതുവേ ഉപയോഗിക്കാറുള്ളത്.  ചെടി വളർന്നു തുടങ്ങുമ്പോൾ നെല്ലി, കണിക്കൊന്ന തുടങ്ങിയ ചെറുമരങ്ങളും സമീപത്തായി നടണം. ചെറുപ്രായത്തിൽ വളരെ സാവധാനം മാത്രമാണ് ചന്ദനം വളരുക. 

ചാണകത്തിന്റെ തെളി നേർപ്പിച്ചശേഷം ഇലകളിൽ തളിക്കുന്നത് ബാലാരിഷ്ടതകൾ അതിജീവിക്കാൻ ചന്ദനത്തൈകളെ സഹായിക്കുമെന്ന് വനംവകുപ്പിന്റെ ചന്ദനത്തോട്ടങ്ങളുടെ പരിപാലകനായി പ്രവർത്തിച്ചിട്ടുള്ള നാഗപ്പൻനായർ ചൂണ്ടിക്കാട്ടുന്നു. ആതിഥേയസസ്യമെന്ന നിലയിൽ തുവരപ്പയർ യോജ്യമാണെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പിന്റെ നഴ്സറിയിൽ 75 രൂപ നിരക്കിൽ ലഭിക്കുന്ന ചന്ദനത്തൈകൾ ഇപ്പോൾ ചില സ്വകാര്യനഴ്സറികളിലും ലഭ്യമാണ്.

English summary: Sandal Tree Cultivation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA