ADVERTISEMENT

കേരളത്തിലെ മലയോര കര്‍ഷകര്‍ മുഴുവന്‍ കയ്യേറ്റക്കാരാണ് എന്ന തെറ്റിദ്ധരിപ്പിക്കപ്പെട്ട പൊതുബോധം ശക്തമായി നിലനില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്ത്, ഔദ്യോഗികമായി, രാജശാസനയുടെ പിന്തുണയോടെ കൂടുതല്‍ ആളുകളെ മലയോര മേഖലയില്‍ കുടിയിരുത്തിയതിന്റെ 200-ാം വാര്‍ഷികമാണ് 2022 ഏപ്രില്‍ 28ന് (1197 മേടം 15) എന്നുള്ളത് പലര്‍ക്കും പുതിയ അറിവായിരിക്കും. 

കുടിയേറ്റത്തിന് രണ്ടു നൂറ്റാണ്ടിന്റെ ചരിത്രം പറയാനുണ്ടെങ്കിലും പ്രധാനമായും കുടിയേറ്റം നടന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്താണ്. കുടിയേറ്റം പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണ് നടന്നതെന്ന് കേരള ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സി.ജോര്‍ജ് തോമസ് പറയുന്നു. അദ്ദേഹത്തിന്റെ ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.

കുടിയേറ്റത്തിന്റെ ആദ്യ ഘട്ടം 1926 മുതല്‍ 1939 വരെ. ഇത് 99ലെ മഹാപ്രളയം മുതല്‍ രണ്ടാം ലോക മഹായുദ്ധം വരെയുള്ള കാലമാണ്. രണ്ടാം ഘട്ടം 1940 മുതല്‍ 1965 വരെ. ഇതു രണ്ടാം ലോകമഹായുദ്ധം മുതല്‍ കേരളത്തില്‍ ഭൂപരിഷ്‌കരണം വരുന്നതുവരെയുള്ള കാലം. മൂന്നാം ഘട്ടം 1965 മുതല്‍ 1975-80 വരെ, അതായത്, ഹരിതവിപ്ലവത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചു തുടങ്ങുന്നതു വരെ. 1963ലാണ് കേരള ഭൂപരിഷ്‌കരണ നിയമം നിലവില്‍ വരുന്നത്. 1964ന് ശേഷം പുതിയ കുടിയായ്മകള്‍ നിരോധിക്കുകയുണ്ടായി. നിലവിലുണ്ടായിരുന്ന എല്ലാ കുടിയാന്മാര്‍ക്കും ഭൂമിയിലുള്ള അവകാശം ഉറപ്പു വരുത്തുകയും ചെയ്തു. 1969ലെ ഭൂപരിഷ്‌കരണ ദേദഗതിയോടെ കേരളത്തില്‍ ജന്മിത്വം തന്നെ അവസാനിച്ചു.

രണ്ടാം ലോകമഹായുദ്ധത്തെ (1939-1945) തുടര്‍ന്നുണ്ടായ അതിഭീകരമായ ഭക്ഷ്യക്ഷാമത്തിന്റെയും പട്ടിണിയുടെയും പശ്ചാത്തലത്തിലാണ് രണ്ടാം ഘട്ട കുടിയേറ്റം നടക്കുന്നത്. യുദ്ധം ആരംഭിച്ചതോടെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത തീര്‍ത്തും വഷളായി. പഴയ കാലത്തും ഭഷ്യലഭ്യതയുടെ കാര്യത്തില്‍ തിരുവിതാംകൂര്‍ ഒരു മിച്ച രാജ്യമായിരുന്നില്ല. ബര്‍മ്മയില്‍നിന്നാണ് അക്കാലത്ത് തിരുവിതാംകൂറിലേക്ക് അരി കൊണ്ടുവന്നിരുന്നത്. യുദ്ധം കൊടുമ്പിരി കൊണ്ടതോടെ ബര്‍മ്മയില്‍നിന്ന് അരി വരുന്നത് നിന്നു. ഭക്ഷ്യക്ഷാമവും പട്ടിണിയും പോഷകാഹാരക്കുറവ് മൂലമുള്ള അസുഖങ്ങളും രൂക്ഷമായി.

ഒന്നാം ഘട്ടത്തില്‍ കുടിയേറ്റം അല്‍പം മന്ദഗതിയിലായിരുന്നെങ്കില്‍ രണ്ടാം ഘട്ടം ആയപ്പോഴേക്കും വേഗത്തിലായി. കൂട്ടപ്പലായനം (exodus) എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഒന്നായാണ് രണ്ടാം ഘട്ട കുടിയേറ്റം തിരുവിതാംകൂര്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഇക്കാലത്ത് രണ്ടു തരത്തിലുള്ള ആള്‍ക്കാര്‍ കുടിയേറിയതായി കാണാം. ഒന്ന് തോട്ടങ്ങള്‍ വെച്ചു പിടിപ്പിക്കുവാനും സമ്പത്തു ആര്‍ജ്ജിക്കുവാനും വന്നവര്‍. ഇവര്‍ വന്‍ വിസ്തൃതിയുള്ള തോട്ടങ്ങള്‍ ഉണ്ടാക്കി. ഇതില്‍ ഏറ്റവും വലുത് ഒരുപക്ഷേ, പൂഞ്ഞാര്‍ രാജ കുടുംബാംഗം പി.ആര്‍.രാമവര്‍മ്മ രാജയുടേത് തന്നെയായിരിക്കും. അദ്ദേഹം 1936ല്‍ കണ്ണൂര്‍ ജില്ലയിലെ ആലക്കോട് ഭാഗത്ത് 22,000 ഏക്കര്‍ ഭൂമി വാങ്ങി തോട്ടം വെച്ചുപിടിപ്പിച്ചു. കുറെ ഭൂമി പിന്നാലെ വന്നവര്‍ക്ക് നല്‍കുകയും ചെയ്തു.

പക്ഷേ, ഭൂരിഭാഗവും ''പെസന്റ്'' എന്നു വിളിക്കാവുന്ന ചെറുകിട, നാമമാത്ര കര്‍ഷകരായിരുന്നു. നാട്ടിലെ ഭാഗം വെക്കലിനു ശേഷം കിട്ടിയ തുണ്ട് കര ഭൂമിയും കൊണ്ടിരുന്നാല്‍ പട്ടിണി കിടന്ന് ചാകും എന്നു തിരിച്ചറിഞ്ഞ് കുടിയേറ്റം നടത്തിയവര്‍! മലേറിയ, കാട്ടുമൃഗങ്ങള്‍, മറ്റ് അസൗകര്യങ്ങള്‍ ഇവയൊക്കെ ഉണ്ടാകും എന്നു വ്യക്തമായി അറിഞ്ഞ് തന്നെ വന്നവര്‍! 1942-43ലെ കൊടും ക്ഷാമം മന്ദവേഗന്‍മാരെ (laggards) വരെ കുടിയേറ്റത്തിനു പ്രേരിപ്പിച്ചു! നാട്ടില്‍ ധാരാളം ഭൂമിയുണ്ടായിരുന്നവര്‍ക്ക് കുടിയേറ്റത്തിന്റെ അവശ്യമുണ്ടായിരുന്നില്ല എന്നും ഓര്‍ക്കണം.

കോയമ്പത്തൂരിലെ സെര്‍വിന്ത്യ കേരള റിലീഫ് സെന്റര്‍ (Servindia Kerala Relief Centre) പ്രസിദ്ധീകരിച്ച 1945 ലെ ഒരു റിപ്പോര്‍ട്ടില്‍ (Food Famine and Nutritional Diseases in Travancore) അന്നത്തെ തിരുവിതാംകൂറിലെ ക്ഷാമത്തേക്കുറിച്ചും പട്ടിണി മരണത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. പട്ടിണി കാരണം മരച്ചീനി പ്രോട്ടീന്‍ ഉപദംശങ്ങളൊന്നുമില്ലാതെ വെറുതെ കഴിച്ച് പോഷകാഹാര രോഗങ്ങള്‍ പിടിപ്പെട്ടതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സെര്‍വിന്ത്യ 1945ല്‍ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോര്‍ട്ടില്‍ കുടിയേറ്റ കോളനികളിലെ ദുരവസ്ഥയാണ് വിവരിക്കുന്നത്. 1943, 1944ലെ ഭക്ഷ്യക്ഷാമവും മരണവും കുടിയേറ്റക്കാരുടെ ഇടയിലെ അസുഖങ്ങളും മറ്റും ആ റിപ്പോര്‍ട്ടില്‍ കാണാം. 

കൊളുത്തുവയല്‍, അത്തിയോടി, താമരശ്ശേരി, പുതുപ്പാടി, മരുതോങ്കര, പാടത്തുകടവ്, രാജപുരം, അലക്‌സ്‌നഗര്‍, കുന്നോത്ത്, പേരാവൂര്‍, മണത്തണ. കോളയാട്, പോത്തുകുഴി, വിളക്കോട്, കാക്കേങ്ങാട്, തലപ്പുഴ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ സ്ഥലങ്ങളില്‍ നിന്നാണ് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം വിവരങ്ങള്‍ കൊടുത്തിരിക്കുന്നത്. അസുഖങ്ങളുടെ വിവരങ്ങളോടൊപ്പം കോളനികളുടെ പൊതു വിവരവും കൊടുത്തിട്ടുണ്ട്.

തൊണ്ണൂറ്റൊമ്പതിലെ (1924) വെള്ളപ്പൊക്കത്തോളം വരില്ലെങ്കിലും 1939ലും 1961ലും സംഭവിച്ച രണ്ടു കനത്ത വെള്ളപ്പൊക്കങ്ങളെ കുറിച്ച് കൂടി പഴമക്കാര്‍ പറയാറുണ്ടായിരുന്നു (1961 ലെ വെള്ളപ്പൊക്കത്തെ കുറിച്ച് ചെറിയ ഓരോര്‍മ എനിക്കുണ്ട്). പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ''നാലുകെട്ട്'' എന്ന നോവലില്‍ പറയുന്ന വെള്ളപ്പൊക്കം 1939ലെതാണെന്ന് തോന്നുന്നു. ഈ വെള്ളപ്പൊക്കങ്ങളും കുടിയേറ്റത്തിന് ആക്കം കൂട്ടിയിരിക്കാം.

രണ്ടാം ഘട്ട കുടിയേറ്റത്തിനു കാരണമായി സര്‍ സി.പി.യുടെ പീഡനം, ക്വയിലോന്‍ ബാങ്ക് ലിക്വിഡഷന്‍ (1938) തുടങ്ങിയവയും പലരും ഉന്നയിച്ചു കാണുന്നുണ്ട്. പക്ഷെ, ഇതൊക്കെ ഏതാനും ചിലരെ മാത്രം ബാധിച്ച കാരണങ്ങളാണ്. പൊതുവായ കാരണമായി പറയാന്‍ പറ്റില്ല.

ഭരണാധികാരികളുടെ അനുമതിയോടെയും പ്രോത്സാഹനത്തോടെയുമാണ് രണ്ടാം ഘട്ട കുടിയേറ്റം മുന്നോട്ട് പോയത്. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ ബ്രിട്ടീഷുകാര്‍ കോളനി രാജ്യങ്ങളിലെല്ലാം തുടങ്ങിവെച്ച ''ഗ്രോ മോര്‍ ഫുഡ്'' പദ്ധതി, രണ്ടാം ലോകമഹാ യുദ്ധത്തിനു ശേഷമുള്ള വിമുക്തഭടന്മാരുടെ പുനരധിവാസം എന്നിവയും ഇക്കാലഘട്ടത്തില്‍ കുടിയേറ്റത്തിന് ആക്കം കൂട്ടി. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ ''ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം'' പ്രകാരവും ധാരാളം പേര്‍ ഇടുക്കിയിലെ ഹൈറേഞ്ചിലേക്ക് വന്നു.

കുടിയേറ്റം ഏറ്റവുമധികം സംഭവിക്കുന്നത് മധ്യതിരുവിതാംകൂര്‍ മേഖലയില്‍ നിന്നാണ്. കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിന്റെ കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. തൊട്ടു പുറകെ, മുവാറ്റുപുഴ, തൊടുപുഴ താലൂക്കുകാരും. എന്തുകൊണ്ട് കുടിയേറ്റത്തിന്റെ സിംഹഭാഗവും മധ്യതിരുവിതാംകൂറില്‍ നിന്നായി എന്ന ചോദ്യം കൊണ്ടെത്തിക്കുന്നത് 99ലെ വെള്ളപ്പൊക്കത്തിലേക്കും പെരിയാര്‍-മീനച്ചില്‍ ദുരന്തങ്ങളിലേക്കുമാണ്. ഈ ഭൂഭാഗങ്ങളെല്ലാം സുറിയാനി കത്തോലിക്കര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളായിരുന്നതുകൊണ്ട് സ്വാഭാവികമായും കുടിയേറ്റക്കാരുടെ ഭൂരിഭാഗവും സുറിയാനി കത്തോലിക്കരായി! ക്രിസ്ത്യാനികള്‍ മക്കത്തായികളായിരുന്നതുകൊണ്ട് സ്വന്തം ഭൂമി വേഗത്തില്‍ വില്‍ക്കാനും അങ്ങനെ കിട്ടുന്ന പണം കൊണ്ട് മലബാറില്‍ ധാരാളം ഭൂമി വാങ്ങുവാനും കഴിഞ്ഞിരുന്നു. മറ്റ് സമുദായക്കാര്‍ പിന്നാലെയാണ് എത്തുന്നത്. കുടിയേറ്റക്കാരുടെ സമൂഹ്യ പശ്ചാത്തലം പരിശോധിച്ചാല്‍ സ്വന്തമായി നെല്‍പ്പാടങ്ങള്‍ ഉള്ളവര്‍ അധികമൊന്നും അവരില്‍ ഉണ്ടായിരുന്നില്ല എന്നും കാണാവുന്നതാണ്.

1945-55 കാലയളവില്‍ കുടിയേറ്റം അതിന്റെ പാരമ്യത്തിലെത്തിയെന്നു പറയാം. ഈ ഘട്ടത്തില്‍ മലബാര്‍ മാത്രമല്ല വയനാട്, ഹൈറേഞ്ച് തുടങ്ങി കേരളത്തിലങ്ങോളമിങ്ങോളം സാധ്യമായ ഭൂഭാഗങ്ങളിലൊക്കെ കുടിയേറ്റം നടന്നു. രണ്ടാം ഘട്ടം കുടിയേറ്റം 1960 കളുടെ മധ്യത്തോടെ, അതായത് കേരളത്തിലെ ഭൂപരിഷ്‌കരണത്തോടെ കഴിഞ്ഞുവെന്ന് പറയാം. ജന്മികളുടെ കാലവും കഴിഞ്ഞു. കുടിയാന്മാര്‍ക്ക് പട്ടയം കിട്ടുന്നതൊക്കെ ഇക്കാലത്താണ്. ഇന്ന് നോക്കുമ്പോള്‍ കേരളത്തന്റെ കിഴക്കന്‍ മലമ്പ്രദേശങ്ങളിലെല്ലാം കുടിയേറ്റക്കാര്‍ നിറഞ്ഞതായി കാണാം. തിരുവനന്തപുരത്തെ അമ്പൂരി മുതല്‍ കാസര്‍കോട്ടെ ബന്തടുക്കയും കടന്നു കര്‍ണാടകയുടെ മംഗലാപുരത്തും തമിഴ്‌നാടിന്റെ പശ്ചിമഘട്ട പ്രദേശങ്ങളിലും കുടിയേറ്റക്കാരുണ്ട്!

1965നു ശേഷം ഏതാണ്ട് 1975-80 വരെ മൂന്നാംഘട്ട കുടിയേറ്റകാലമായി കരുതാം. കുടിയേറ്റം മന്ദഗതിയിലാകുന്ന സമയമാണിത്. ഇന്തോ-ചൈന യുദ്ധവും ദാരിദ്രവുമൊക്കെ കുടിയേറ്റം ചെറിയ രീതിയില്‍ തുടരുന്നതിന് കാരണമായെങ്കിലും വടക്കേ ഇന്ത്യയില്‍ 1967-78 കാലഘട്ടത്തില്‍ അരങ്ങേറിയ ഹരിതവിപ്ലവത്തിന്റെ അനുരണനങ്ങള്‍ കുടിയേറ്റത്തിന്റെ ഗതിവിഗതികളെയും സാരമായി ബാധിച്ചു. പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി അരിയും ഗോതമ്പും ന്യായവിലയ്ക്ക് കിട്ടിത്തുടങ്ങിയതോടെ സാധാരണക്കാര്‍ക്ക് നാടുവിടാനുള്ള താല്‍പര്യം കുറഞ്ഞുവെന്ന് വേണം കരുതാന്‍. അതുപോലെ തന്നെ ഗള്‍ഫ് അവസരങ്ങള്‍ പൊന്തി വന്നതും ഇക്കാലത്താണ്. നാട് വിട്ടാലും പഴയ പോലെ ഭൂമി മേടിക്കുക എളുപ്പമല്ലാതായി. ഈ ഘട്ടത്തില്‍ കുടിയേറ്റക്കാര്‍ ഭൂമി വാങ്ങിയിരുന്നത് മിക്കവാറും ആദ്യകാല കുടിയേറ്റക്കാരോട് ആയിരുന്നു, ജന്മിമാരുടെ കാലം അവസാനിച്ചിരുന്നുവല്ലോ!

1980നു ശേഷം ''നാട്ടില്‍'' നിന്നുള്ള കുടിയേറ്റം ഏതാണ്ട് അവസാനിച്ചുവെങ്കിലും ഒരു നാലാം ഘട്ടവും വേണമെങ്കില്‍ പറയാം. മറ്റെല്ലായിടത്തും എന്ന പോലെ കുടിയേറ്റ ഭൂമിയില്‍ തന്നെയുള്ള ഭൂമി വില്‍ക്കലും മാറ്റവുമൊക്കെയാണ് ഇക്കാലത്ത് നടന്നത്. മറ്റൊരു പ്രതിഭാസം കൂടി കണ്ടു തുടങ്ങി. വിദ്യാഭ്യാസപരമായും സാമ്പത്തികമായും അഭിവൃത്തി പ്രാപിച്ച ഒരു തലമുറയുടെ തിരിച്ചുള്ള കുടിയിറക്കത്തിന്റെ കാലം (reverse migration) കൂടിയാണിത്!

കുടിയേറ്റക്കാരുടെ കൃഷി രീതികള്‍

സാധാരണക്കാരായ ആദ്യകാല കുടിയേറ്റക്കാര്‍ അവര്‍ക്ക് കിട്ടിയ വെറുംഭുമി (ഇളമ്പക്കാട് എന്നു പറയും, ജന്മി വലിയ മരങ്ങള്‍ മുറിച്ചു മാറ്റിയതിന് ശേഷമുള്ളത്) മൊത്തത്തില്‍ ഒരുമിച്ച് കൃഷിയിറക്കിയിരുന്നില്ല. ഭക്ഷ്യസുരക്ഷ, ആദായം ഇവനോക്കിയാണ് കൃഷി. ആദ്യകാല കൃഷികള്‍ പ്രധാനമായും കരനെല്ലും, മരച്ചീനിയും ആയിരുന്നു. ആഹാരത്തിനായി പുനം കൃഷിരീതിയില്‍ നെല്ലു വിതയ്ക്കും. കുറച്ച് സ്ഥലത്തു കപ്പയിടും. ഇങ്ങിനെ ചെയ്യുന്നിടത്തു തന്നെ ബര്‍, തെങ്ങ്, കമുക്, കശുമാവ്, കുരുമുളക് എന്നിവ കുഴിച്ചുവയ്ക്കുകയും ചെയ്യും. ഇതോടൊപ്പം ഇഞ്ചി, മഞ്ഞള്‍ എന്നിവയും കൃഷി ചെയ്യും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റൊരിടത്താവും ഏകവര്‍ഷികളുടെ കൃഷി.

കുടുംബം ഒന്നടങ്കം അധ്വാനിച്ച് കൃഷി ചെയ്യുക എന്നതായിരുന്നു ആദ്യകാല കുടിയേറ്റക്കാരുടെ രീതി. അതായത്, പണിക്കാരെ വെച്ചുള്ള കൃഷിപ്പണികള്‍ പ്രായേണ കുറവായിരുന്നു. അയല്‍വാസികളെയും കൂട്ടി കൃഷിപ്പണികള്‍ ഒരുമിച്ചു ചെയ്യുന്ന ''മാറ്റപ്പണി'' പോലുള്ള സമ്പ്രദായങ്ങള്‍ വ്യാപകമായിരുന്നു.

കരനെല്ല് വിത്ത് വിതയ്ക്കുന്നതിനു ''വിത്ത് കിളയ്ക്കുക'' എന്നാണ് പറഞ്ഞിരുന്നത്. ഒരുതരം ഉഴവ് കുറച്ചുള്ള കൃഷി രീതി തന്നെ! കളകളും പുല്ലുകളുമൊക്കെ മാറ്റി തീയിട്ട ശേഷം പറമ്പ് കിളയ്ക്കാതെ വിത്ത് വിതയ്ക്കും. അതിനു മുകളിലൂടെ നീളം കുറഞ്ഞ മമ്മട്ടി പോലുള്ള ഒരു തൂമ്പ ഉപയോഗിച്ച് ചെറുതായി കിളച്ച് വിത്ത് മണ്ണിനടിയിലാക്കുന്നു. മൂപ്പ് കൂടിയ ''മൂത്തവിത്തും'' മൂപ്പ് കുറഞ്ഞ ''ഇളവിത്തും'' ഉണ്ടായിരുന്നു. ഇതോടൊപ്പം തുവരയും മിശ്രകൃഷിയായി വിതക്കും. നെല്ല് ആദ്യമേ വിളവെടുക്കും.

ചാമ, റാഗി, ചോളം, പനിവരക് എന്നിവയുടെ കൃഷിയും സാധാരണമായിരുന്നു. 1950-60 കളില്‍ ചിലയിടങ്ങളില്‍ തെരുവകൃഷിയും(ഇഞ്ചിപുല്ല്) പുല്‍തൈലം വാറ്റലുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ, 1960 പകുതിയോടെ പുല്‍ത്തൈലത്തിന്റെ വിലയിടിയുകയും കര്‍ഷകര്‍ തെരുവയെ കയ്യൊഴിയുകയും ചെയ്തു.

1967നു ശേഷം കുടിയേറ്റക്കാരുടെ കൃഷി രീതികളില്‍ വലിയ മാറ്റങ്ങള്‍ വന്നു. വിപണിയില്‍ ഭക്ഷ്യധാന്യങ്ങള്‍ സുലഭമായി കിട്ടിത്തുടങ്ങിയതോടെ നെല്ല്, റാഗി, ചാമ, തുവര എന്നീ ഭക്ഷ്യധാന്യങ്ങളുടെ കൃഷി ഉപേക്ഷിക്കുകയോ, അല്ലെങ്കില്‍ തീര്‍ത്തും കുറയുകയൊ ചെയ്യുകയും റബര്‍ പോലുള്ള നാണ്യവിളകളുടെ കൃഷി വര്‍ധിച്ചുവരികയും ചെയ്തു. മരച്ചീനികൃഷിയും കാര്യമായി കുറഞ്ഞു.

1970-80കളില്‍ തേങ്ങ, അടയ്ക്ക, കുരുമുളക് എന്നിവയ്ക്ക് മികച്ച വില കിട്ടിയതോടെ കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി പൊതുവേ മെച്ചപ്പെട്ടു. പക്ഷേ, കുരുമുളകിന്റെ ദ്രുതവാട്ടം, കമുകിന്റെ മഞ്ഞളിപ്പ് രോഗം, തെങ്ങിന്റെ കൂമ്പ് ചീയല്‍, മണ്ടരി എന്നിവ ഏല്‍പ്പിച്ച പ്രഹരം ചെറുതല്ല. 1990കളില്‍ റബറിനും മികച്ച വില കിട്ടി. ഇന്ന് കുടിയേറ്റക്കാരുടെ ഒരു പ്രധാന വരുമാന മാര്‍ഗം റബര്‍ ആണ്. പക്ഷെ, റബറിന്റെ വിലയിടിവ് കുടിയേറ്റ മേഖലകളിലുണ്ടാക്കിയ പ്രതിസന്ധി തുടരുകയാണ്. മറ്റു കര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയും ഇടിഞ്ഞു. അതോടൊപ്പം കാട്ടുമൃഗങ്ങളുടെ ശല്യം (മനുഷ്യ-വന്യജീവി സംഘര്‍ഷം തന്നെ!), രോഗങ്ങള്‍ ഇവയൊക്കെയും പുതിയ പ്രശ്‌നങ്ങളായിതന്നെ തുടരുന്നു.

English summary: Impact of migration in the Agricutural Sector of Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com