ADVERTISEMENT

രാജകീയ കുടിയിരുത്തലിന്റെ ഇരുന്നൂറാം വാര്‍ഷികം (1822-2022)

കേരളത്തിലെ മലയോര കര്‍ഷകര്‍ മുഴുവന്‍ കയ്യേറ്റക്കാരാണ് എന്ന തെറ്റിദ്ധരിപ്പിക്കപ്പെട്ട പൊതുബോധം ശക്തമായി നിലനില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്ത്, ഔദ്യോഗികമായി, രാജശാസനയുടെ പിന്തുണയോടെ കൂടുതല്‍ ആളുകളെ മലയോര മേഖലയില്‍ കുടിയിരുത്തിയതിന്റെ 200-ാം വാര്‍ഷികമാണ് 2022 ഏപ്രില്‍ 28 (1197 മേടം 15) ന് എന്നുള്ളത് പലര്‍ക്കും പുതിയ അറിവായിരിക്കും.

എന്തുകൊണ്ട് കേരളത്തിലെ മലയോര മേഖലയില്‍ ആളുകളെ കുടിയിരുത്തി? ആരാണ് അത്തരം കുടിയിരുത്തലുകള്‍ക്ക് കാരണക്കാര്‍? ആരൊക്കെയാണ് ഇത്തരം കുടിയിരുത്തലുകള്‍ക്കു പ്രോത്സാഹനം കൊടുത്തത്? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ നമ്മളെ കൊണ്ടെത്തിക്കുന്നത് 200 വര്‍ഷങ്ങള്‍ക്കു മുന്‍പ് (1822 ല്‍) തിരുവിതാംകൂര്‍ റീജന്റ് റാണി ഗൗരി പാര്‍വതി ബായി ഹൈറേഞ്ചില്‍ ഏലക്കൃഷി വ്യാപകമാക്കുവാനായി 997 മേടം 15നു പുറപ്പെടുവിച്ച തിരുവെഴുത്തു വിളംബരത്തില്‍നിന്നുള്ള വിവരങ്ങളിലേക്കാണ്.

ഈ രാജകീയ വിളംബരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.

'ROYAL PROCLAMATION

Dated 15th Medam 997 M. E.  (28 April 1822)

(Huzur Central Vernacular Records, page 337,338)

997-മാണ്ട് മേടമാസം 15, തിരുവെഴുത്തു വിളംബരം

ഏലമലക്കാര്യത്തിനു പുത്തനായിട്ടു ആക്കിയിരിക്കുന്ന തഹസില്‍ദാരനും തൊടുപുഴ മണ്ഡപത്തുംവാതുക്കല്‍ തഹസില്‍ദാരനും കൂടിയിരുന്നു മേലെഴുതിയ മലകളിലുള്ള ഏലത്തോട്ടം ഇടപെട്ട കാര്യങ്ങളും മലഞ്ചരക്ക് ഇടപെട്ട കാര്യങ്ങളും വ്യാജ ചരക്കുകള്‍ ഇടപെട്ട കാര്യങ്ങളും വിചാരിച്ചു വഴുക്കപ്പാറ, കൂടല്ലൂര്‍, കമ്പം തലമല, കൊമ്പാതലമല, തേവാര തലമല ബൊഡിനായ്ക്കന്‍ തലമല ഈ ആറു വഴികളിലും കൂടെ വ്യാജച്ചരക്കുകള്‍ പോകയും പുകയില മുതലായതു വരാതെയും കാവലിന് നിയമിച്ചിരിക്കുന്നത് ആളുകളെയും അതാതു സ്ഥലങ്ങളില്‍ ആക്കി അടിയാര്‍ കുടിയാര്‍ മുതലായ ആളുകള്‍ക്ക് ഒന്നിനും മുട്ട് കൂടാതെ അവര്‍ക്കു ആവശ്യമുള്ള കോപ്പുകള്‍ ഒക്കെയും വരുത്തി തൊടുപുഴ പെരിയാറു നേര്യമംഗലം മഞ്ഞപ്പാറ മല ഈ മൂന്നു സ്ഥലത്തും മെട്ടും ഇട്ടു കൊടുപ്പിക്കത്തക്കവണ്ണം കച്ചവടക്കാരെയും ആക്കി പണ്ടാരവക കാര്യങ്ങള്‍ നേരും വിശ്വാസത്തോടും കൂടെ കുടിയാനവന്മാര്‍ ഉള്‍പ്പെട്ട ആളുകള്‍ നടക്കുന്നത് വിചാരിച്ചു യാതൊരു വകക്കും ഒരു കുറവ് കൂടാതെ വേണ്ടും പ്രകാരം അവരെ രക്ഷിച്ചു കൊള്ളത്തക്കവണ്ണവും തഹസില്ദാരന്മാര്‍ മുതലായ ഉദ്യോഗസ്ഥന്മാര്‍ക്ക് ഒക്കെയും ഉത്തരവ് കൊടുത്തു ശട്ടം കെട്ടിയിരിക്കുന്നു.

പണ്ടാരവകക്ക് മുതല്‍ക്കൂടി വരുവാന്‍ തക്കവണ്ണം ഏലത്തോട്ടത്തില്‍ വര്‍ധനയായിട്ടു വരേണ്ടുന്നത് കുടിയാനവന്മാരുടെ പ്രയത്‌നത്താല്‍ വേണ്ടുന്നതാകകൊണ്ടു വര്‍ഷകാലം തുടങ്ങുന്നതിനു മുമ്പില്‍ കാടുവെട്ടുവാനുള്ളതും തോട്ടം വീശുവാനുള്ളതും വഴി വെട്ടുവാനുള്ളതും മറ്റും ഏതെല്ലാം വേലകള്‍ ചെയ്‌വാനുണ്ടോ ആയതു ഒന്നിനും കുറവ് കൂടാതെ ചെയ്തു വിളവെടുപ്പിനു സമയമായാല്‍ മുന്‍പില്‍ക്കൂടി തഹസില്ദാരന്മാര്‍ മുതലായവരെ ബോധിപ്പിച്ചു വിളവെടുത്തു നല്ലതുപോലെ ഉണക്കി രാശിമേനിയാക്കി പണ്ടകശാലയില്‍ ഏല്പിച്ചു പറ്റുചീട്ടി  വാങ്ങിച്ചുകൊള്ളുകയും വേണം.

കുടിയാനവന്മാര്‍ ഏല്‍പ്പിക്കുന്ന ഏലക്കയ്ക്കും മലഞ്ചരക്കുകള്‍ക്കും വിലയുടെ തിട്ടം മുന്‍പില്‍ നടന്നുവന്നതിന്‍വണ്ണം തന്നെ ഇനിയും നടത്തിക്കയും ചെയ്യും.

മേലെഴുതിയ കുടിയാനവന്മാരുള്‍പ്പെട്ട ആളുകളെ നല്ലപോലെ രക്ഷിക്കണമെന്ന് നമുക്ക് ഏറ്റവും മനസ്സായിരിക്കുന്നതിനാല്‍ അവര്‍ക്കു വേണ്ടുന്ന വസ്തുക്കള്‍ക്ക് ദൂരദേശങ്ങളില്‍ ചെന്ന് ബുദ്ധിമുട്ടി വാങ്ങിച്ചു കൊണ്ടുവരുവാന്‍ ആവശ്യമില്ലാഴികകൊണ്ടു ആയതിനു മേലെഴുതിയ പ്രകാരം കച്ചവടക്കാരെ ആക്കി അവര്‍ക്കു വേണ്ടുന്ന അരി ജൗളി ഉപ്പു കറുപ്പു കഞ്ചാ മുതലായ സകലമാന വസ്തുക്കളും ഒട്ടും മുടക്കം കൂടാതെ കൊടുക്കത്തക്കവണ്ണം ചട്ടം കെട്ടിയിരിക്കുന്നതാകകൊണ്ടു അതില്‍ എന്തെങ്കിലും കുറവ് വന്നു എങ്കില്‍ ഉടന്‍തന്നെ തഹസില്‍ദാരന്‍ മുതല്‍ പേരെ ബോധിപ്പിച്ചാല്‍ ഒരു വകക്കും കുറവ് വരാതെ അയാളുകള്‍ വിചാരിച്ചു ചട്ടം കെട്ടുകയും ചെയ്യും.

നാട്ടില്‍ ഉണ്ടാകുന്ന മലഞ്ചരക്കുകളും മുളകും മറുനാട്ടില്‍ പോകാതെയും മറുനാട്ടിന്‍ നിന്ന് പുകയില ഈ നാട്ടില്‍ വരാതെയും സൂക്ഷിക്കുന്നത് വലിയ കാര്യമാകകൊണ്ടു അപ്രകാരം യാതൊന്നും നടക്കാതെ ഇരിക്കത്തക്കവണ്ണം കുടിയാനവന്മാര്‍ ഏറിയ താല്പര്യത്തോടുംകൂടെ ദൃഷ്ടി വെച്ച് സൂക്ഷിച്ചു മലവഴികളില്‍ ആക്കിയിരിക്കുന്ന കാവല്‍ക്കര്‍ക്കു വേണ്ടുന്ന സഹായങ്ങളും ചെയ്തു ജാഗ്രതയായിട്ടു വിചാരിച്ചു നടന്നുകൊള്ളുകയും വേണം.ഇതില്‍ യാതൊരു വ്യത്യാസങ്ങളും നടത്തിയാല്‍ ആയാളുകളെ കഠിനമായിട്ടുള്ള ശിക്ഷ ചെയ്യിക്കയും ചെയ്യും.

മേലെഴുതിയ മലകളില്‍ ഏലത്തോട്ടങ്ങള്‍ വെട്ടി ഉണ്ടാക്കുന്നതിനു ഏറിയ സ്ഥലങ്ങള്‍ കിടപ്പുള്ള പ്രകാരം കേള്‍വിപ്പെട്ടിരിക്കകൊണ്ടും കുടിയാനവന്മാര്‍ നല്ലതുപോലെ പ്രയാസപ്പെട്ടു പണ്ടാരവകക്ക് കൂടുതല്‍ വരുവാന്‍ തക്കവണ്ണം കാടുകള്‍ വെട്ടി തോട്ടങ്ങള്‍ അധികമായിട്ടു ഉണ്ടാക്കിയാല്‍ അതിനു തക്കവണ്ണമുള്ള അനുഭവങ്ങള്‍ അവര്‍ക്കു ചെയ്യുന്നതുമല്ലാതെ കുടിയാനവന്മാര്‍ പണ്ടാരവകക്ക് ഗുണമായിട്ടു നടക്കുന്നതിനു തക്കപോലെ അവരെ വളരെ മാനമായിട്ടു രക്ഷിക്കയും ചെയ്യും.''

റീജന്റ് റാണിയുടെ ദീര്‍ഘവീക്ഷണത്താല്‍ കര്‍ഷകര്‍ക്ക് രാജകീയ സംരക്ഷണം വാഗ്ദാനം ചെയ്തുകൊണ്ടും, കാടു തെളിക്കല്‍ മുതല്‍ നിത്യോപയോഗസാധനങ്ങള്‍ ലഭ്യമാക്കാന്‍ വരെയുള്ള കാര്യങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തഹസില്‍ദാരെയും കച്ചവടക്കാരെയും നിയോഗിച്ച് നടപ്പാക്കിയ രാജകീയ നിര്‍വഹണം കര്‍ഷകമനസ്സില്‍ കുറച്ചൊന്നുമല്ല ആത്മ വിശ്വാസം വര്‍ധിപ്പിച്ചത്.

കര്‍ഷകരെ രക്ഷിച്ചുകൊള്ളുമെന്നു ഈ രാജകീയ വിളംബരത്തില്‍ മൂന്നിടത്താണ് രാജ്ഞി ആവര്‍ത്തിക്കുന്നത്. ഏതു വെല്ലുവിളിയെയും നേരിടാന്‍ തീരുമാനിച്ചുറപ്പിച്ചു കൊണ്ടു രാജകീയ ദൗത്യമായ ഏലം കൃഷിയിലേക്കു ധൈര്യപൂര്‍വം കര്‍ഷകര്‍ കാലെടുത്തുവെച്ചു. നിലവില്‍ ലഭ്യമായ രേഖകള്‍ പ്രകാരം, കേരളത്തിലെ മലയോരമേഖലയിലേക്കുള്ള രേഖാ മൂലമുള്ള കുടിയിരുത്തല്‍ ആരംഭിക്കുന്നത് പ്രസ്തുത ഉത്തരവിറങ്ങന്നതിനും എത്രയോ മുന്‍പാണ് എന്നത് ഈ ചരിത്രരേഖ വ്യക്തമാക്കുന്നു.

തിരുവിതാംകൂര്‍ സുഗന്ധവ്യഞ്ജനവ്യാപാരം ചെയ്തു സമ്പന്നമായത് വേറെ എവിടെ നിന്നെങ്കിലും വാങ്ങിയോ ഇടനിലക്കാരനായി നിന്നു വിറ്റതോ മൂലമല്ല.. ഇവിടെയുള്ള മണ്ണില്‍ വിളഞ്ഞ ഉല്‍പന്നങ്ങള്‍ ആണ് വിറ്റത്. ഇവിടുത്തെ സുഗന്ധവ്യഞ്ജനങ്ങള്‍ മധ്യകാലചരിത്രം മുതല്‍ ലോകപ്രശസ്തമാണ്.

വെല്ലുവിളികള്‍ നിറഞ്ഞ, അതിസാഹസികതയുടെ മഹത്തായ കുടിയിരുത്തലിന്റെ ചരിത്രം, ചില ഗൂഢ ശക്തികള്‍ ആക്ഷേപിക്കുന്ന പോലെ ഒരു കയ്യേറ്റം ആയിരുന്നില്ല എന്നത് ഇന്നത്തെ ലോകത്തിനു ഓര്‍മപെടുത്താന്‍ കര്‍ഷകസംഘടനയായ കിഫ രംഗത്തുണ്ട്.

ഈ രാജകീയ വിളംബരത്തിലെ വാഗ്ദാനപ്രകാരമുള്ള സൗകര്യങ്ങള്‍ എല്ലാം നിലനില്‍ക്കെ തന്നെ, ഒട്ടും എളുപ്പമുള്ള ഒരു ദൗത്യം ആയിരുന്നില്ല ഹൈറേഞ്ച് ഭൂപ്രദേശത്ത് വന്യമൃഗങ്ങളോടും, പ്രതികൂല കാലാവസ്ഥയോടും, സാംക്രമിക രോഗങ്ങളോടും പടവെട്ടിയുള്ള അതിജീവനം.

രാജകല്‍പന അനുസരിച്ചുകൊണ്ട് വെല്ലുവിളികള്‍ നിറഞ്ഞ പ്രദേശത്ത് കുടിയിരിക്കുവാനുള്ള ദൗത്യം ഏറ്റെടുത്ത ഓരോ കര്‍ഷകനെയും കേരളത്തിന്റെ പൊതുബോധം പിന്നീട് കയ്യേറ്റക്കാരന്‍ എന്ന് വിളിച്ചത് കേരളത്തിന്റെ പൊതുബോധ മണ്ഡലത്തില്‍ ഒരു വിരോധാഭാസമായി ഇന്നും നിലനില്‍ക്കുന്നു.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ചതും 1822 ലെ തിരുവെഴുത്തു വിളമ്പരത്തില്‍ നിന്നു വ്യക്തമാകുന്നത് പോലെ മുന്‍പിനാല്‍ തന്നെ രാജകീയ സംരക്ഷണം ലഭിച്ചതുമായ കുടിയിരുത്തലിന്റെ വേരുകള്‍ ഹൈറേഞ്ച് മണ്ണില്‍ പച്ച പിടിച്ചു വരുന്ന സമയത്താണ് 1914-1918 കാലയളവുകളില്‍ ഒന്നാം ലോക മഹായുദ്ധവും, അതിനുശേഷം 1930കളിലെ ആഗോള സാമ്പത്തിക തകര്‍ച്ചയും, പിന്നീട് 1939-1944 കാലഘട്ടത്തിലെ രണ്ടാം ലോകമഹായുദ്ധവും നടക്കുന്നത്. ഈ സംഭവങ്ങള്‍  ഇന്ത്യയില്‍ ക്ഷാമങ്ങള്‍ക്കും പട്ടിണി മരണങ്ങള്‍ക്കും കാരണമായി.

 

യുദ്ധത്തില്‍ ജപ്പാന്‍ ബര്‍മ കീഴടക്കി. അതിനുശേഷം ഇന്ത്യയിലേക്ക് ബര്‍മയില്‍ നിന്നുള്ളഅരി വരവ്  നിലയ്ക്കുകയും 1943ല്‍ അരങ്ങേറിയ ബംഗാള്‍ ക്ഷാമത്തില്‍ 40 ലക്ഷത്തോളം ആളുകള്‍ മരണപ്പെടുകയും ചെയ്തു. തിരുവിതാംകൂറിലേക്കുള്ള അരിവിഹിതത്തിന്റെ 80 ശതമാനവും ആ കാലങ്ങളില്‍ വെട്ടിക്കുറയ്ക്കപ്പെടുകയും, നാട് കൊടും ദാരിദ്ര്യത്തിലേക്കും തുടര്‍ന്ന് പട്ടിണിമരണങ്ങളിലേക്കും നിപതിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് കുടിയിരുത്തലിന്റെ അടുത്തഘട്ടം എന്നപോലെ തന്നെ, നാട്ടുരാജ്യങ്ങളില്‍ തദ്ദേശീയമായി ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന തീരുമാനത്തിലേക്ക് ഭരണകൂടങ്ങള്‍ എത്തിച്ചേര്‍ന്നത്. അന്നും ആര് കൃഷി ചെയ്യും എന്ന ചോദ്യത്തിനുള്ള ഉത്തരം 'ചങ്കുറപ്പുള്ള മലയോര കര്‍ഷക ജനത' എന്നത് തന്നെയായിരുന്നു.

1822ലെ ആദ്യഘട്ട കുടിയിരുത്തല്‍ ക്ഷണത്തിന്റെ തുടര്‍ച്ചയെന്നോണം, 1940ലെ കുത്തകപാട്ട വിളംമ്പരത്തിലൂടെ, കര്‍ഷകര്‍ക്ക് പാട്ടവ്യവസ്ഥയില്‍ ഭൂമി കൃഷിക്കായി നല്‍കി ഹൈറേഞ്ചിലേക്ക് ക്ഷണിച്ചുവരുത്തി. ഇതോടൊപ്പം തന്നെ വയനാട്ടിലേക്ക് കുടിയിരുത്തല്‍ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി 1943-ല്‍ വയനാട് കോളനൈസേഷന്‍ സ്‌കീം എന്ന പേരില്‍, യുദ്ധ സേവനം കഴിഞ്ഞ് മടങ്ങിയെത്തിയ പട്ടാളക്കാര്‍ക്ക് പ്രതിഫലം കൊടുക്കാന്‍ പണമില്ലാത്ത സര്‍ക്കാര്‍ അവര്‍ ചെയ്ത സേവനത്തിന് ്രതിഫലം എന്ന നിലയില്‍ വയനാട്ടില്‍  ഭൂമി നല്‍കുകയും ചെയ്തു. (ഇപ്പോള്‍ അതു വലിയ ഔദാര്യം കൊടുത്ത പോലെ വ്യാഖ്യാനിക്കുന്നവര്‍ ചരിത്രം പഠിക്കാന്‍ കൂടി ആണ് ഇതു ഇവിടെ പറഞ്ഞത്)

ഇത്തരത്തില്‍ പല സ്‌കീമുകളില്‍ ആയി 1940കളില്‍ രാജ്യവ്യാപകമായി ആരംഭിച്ച ഭക്ഷ്യോല്‍പാദന പദ്ധതിപ്രകാരം (Grow More Food) ഉപയോഗ ശൂന്യമായി കിടന്ന ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ഭൂമി നാടിന്റെ പട്ടിണി മാറ്റുവാനായി കൃഷി ഭൂമിയായി മാറ്റുകയും, വന്യമൃഗങ്ങളെയും, മലമ്പനിയേയും നേരിട്ട് കുടിയിരുത്തപ്പെട്ട കര്‍ഷകര്‍, രാജ്യത്തെ ജനങ്ങളെ പട്ടിണിയില്‍ നിന്നും രക്ഷിക്കാനായി, ജീവന്‍ പോലും പണയം വച്ചുകൊണ്ട്, പ്രതികൂല കാലാവസ്ഥ സാഹചര്യങ്ങളോട് പടവെട്ടി കൃഷി ആരംഭിക്കുകയും ചെയ്തു.

ഈ വസ്തുതകള്‍ എല്ലാം ചരിത്രരേഖകളില്‍ വ്യക്തമായി നിലനില്‍ക്കുമ്പോള്‍ തന്നെ, പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശത്ത് കുടിയിരിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് ഒരു നാടിന്റെ അന്നത്തിനായി ജീവന്‍ പണയപ്പെടുത്തി, ഹൈറേഞ്ചിലെ മണ്ണില്‍ പൊന്നുവിളയിച്ച കര്‍ഷകരെ, കയ്യേറ്റക്കാര്‍ എന്ന് വിളിക്കുന്ന ഒരു വിഭാഗം ഹീനമനസ്‌കര്‍ ഇന്നീ മണ്ണില്‍ ഉണ്ട്. അവരുടെ നിലപാട് ചരിത്രത്തോടും അവരുടെ തന്നെ പാരമ്പര്യത്തോടും ചെയ്യുന്ന അനീതിയാണ്.

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം, ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണം നടന്ന 1954-56 കാലഘട്ടത്തില്‍, മലയാളികള്‍ കുറവുള്ള പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം, താലൂക്കുകള്‍ കേരളത്തിന് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി, ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം എന്ന പേരില്‍ ഒരു പദ്ധതി ഉണ്ടാക്കി മലയാളികളായ കര്‍ഷകരക്ക്, ഭൂമി നല്‍കുകയും,  കൃഷി ചെയ്യാനായി അവരെ ക്ഷണിച്ചു വരുത്തുകയും,  അങ്ങനെ ഈ സ്ഥലങ്ങളെല്ലാം കേരള സംസ്ഥാനത്തിന്റെ ഭാഗമായി മാറുകയും ചെയ്തു എന്നുള്ളതും കുടിയിരുത്തലിന്റെ ചരിത്രമാണ്.

ഇന്ന്, 2022 ഏപ്രില്‍ എത്തി നില്‍ക്കുമ്പോള്‍, കേരള സംസ്ഥാനത്തിന്റെ ചരിത്ര താളുകളില്‍ വേണ്ടത്ര ശ്രദ്ധയോ, പരിഗണനയോ ലഭിക്കാതെ പോയ ധീരരായ കര്‍ഷക ജനതയുടെ പോരാട്ടത്തിന്റെ ചരിത്രം അത്, അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കേരളത്തിലെ ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ചരിത്രപരമായ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുകയാണെന്നു കിഫ.

ആത്മാര്‍ഥതയും രാജ്യസ്‌നേഹവും സഹസികതയും കൈമുതലായി ഉണ്ടായിരുന്ന പേരറിയാത്ത ആ മനുഷ്യരുടെ നേട്ടങ്ങളുടെ തണലില്‍ കിളിര്‍ത്തവര്‍ പലരും അവരെ ചില നേട്ടങ്ങള്‍ക്കു വേണ്ടി ആക്ഷേപിക്കുന്നത് കണ്ടില്ലെന്ന് നടിച്ചത് കര്‍ഷകന്റെ ദൗര്‍ബല്യമായിരുന്നില്ല. കര്‍ഷകന്‍ എക്കാലവും സമൂഹത്തിനു വേണ്ടി പേരില്ലാതെ പണിയെടുക്കുകയായിരുന്നു എന്നതുകൊണ്ടാണ്.

ആ ധീരപടയാളികളെ ആരെല്ലാം കയ്യേറ്റക്കാര്‍ എന്ന് വിളിച്ച് ആക്ഷേപിച്ചാലും, രാജഭരണ കാലത്തും, തുടര്‍ന്ന് സ്വാതന്ത്ര്യലബ്ദിക്കു ശേഷവും ഒരു ജനതയുടെ നിലനില്‍പ്പിന് അടിത്തറ ഇടുക എന്ന ഭഗീരഥദൗത്യം ഏറ്റെടുത്ത, ആ ജനതയോടുള്ള കാലഘട്ടത്തിന്റെ അനിവാര്യമായ ആദരവ് പ്രകടിപ്പിക്കുകയും അവര്‍ക്ക് അര്‍ഹമായ നീതി ലഭിക്കുകയും ചെയ്‌തേ മതിയാവൂ എന്ന പ്രഖ്യാപനം നടത്തിക്കൊണ്ട് 2022 ഏപ്രില്‍ 28 മുതല്‍ 2023 ഏപ്രില്‍ 28 വരെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഔദ്യോഗിക കുടിയിരുത്തലിന്റെ 200-ാം വാര്‍ഷിക ആഘാഷങ്ങള്‍ കിഫ സംഘടിപ്പിക്കുകയാണ്.

ഈ ആഘോഷ പരിപാടികളുടെ ഔദ്യോഗികമായ ഉത്ഘാടനം നിലവിലെ തിരിവിതാംകൂര്‍ റാണി പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി ഇന്ന് രാത്രി 8ന് ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കുമെന്നും കിഫ അറിയിച്ചു. 

കിഫയുടെ ഫെയ്‌സ്ബുക് ഗ്രൂപ്പില്‍ പരിപാടിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com