ADVERTISEMENT

ഒരിടവേളയ്ക്കു ശേഷം ഫാം ലൈസൻസും മലിനീകരണ നിയന്ത്രണ ബോർഡ് ചട്ടങ്ങളും നിയമവുമെല്ലാം കർഷകർക്കു ദുരിതമായി മാറുന്നു. ഏറ്റവും ഒടുവിൽ കൊല്ലത്തെ ഉപാസന ഡെയറി ഫാമിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയതാണ് മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്ക് ഭീതിയായി മാറുന്നത്.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാത്ത എല്ലാ ഫാമുകളും അടച്ചുപൂട്ടണം എന്നാണ് 2022 മേയ് 6ന് ബാലാവകാശ കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്നതും പരിസ്ഥിതിയെ ബാധിക്കുന്നതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാത്തതുമായ ഫാമുകൾ അടച്ചുപൂട്ടണം എന്നാണ് കമ്മീഷന്റെ ഉത്തരവ്. ഇതിന് ആവശ്യമായ ഉത്തരവുകൾ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തദ്ദേശസ്വയംഭരണ സെക്രട്ടറി എന്നിവർ പുറപ്പെടുവിച്ചിരിക്കണം എന്നുമാണ് ബാലാവകാശ കമ്മീഷൻ അംഗം റെനി ആന്റണി നിർദേശം നൽകിയിരിക്കുന്നത്. 

കൊല്ലം ജില്ലയിലെ മേലില പഞ്ചായത്തിന്റെ പരിധിയിലുള്ള ഉപാസന ഡെയറി ഫാമിന്റെ പ്രവർത്തനം നിർത്തിവയ്ക്കണം എന്നും ഉത്തരവിലുണ്ട്. ഫാമിൽ നിന്നുമുണ്ടാകുന്ന മലിനീകരണം മൂലം പരിസരവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് കൊല്ലം ജില്ല കലക്ടറും മേലില ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും നടപടി സ്വീകരിക്കണമെന്നും നിർദേശത്തിലുണ്ട്. 

അശാസ്ത്രീയമായി നടത്തുന്ന ഫാമിൽനിന്ന് അമിതമായ ദുർഗന്ധവും ഈച്ച, കൊതുക് തുടങ്ങിയ പ്രാണികളുടെ ശല്യവും കാരണം പരിസരവാസികളുടെ കുട്ടികൾക്കു ഭക്ഷണം കഴിക്കാൻ പോലും കഴിയുന്നില്ല. ഇത് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങൾ പരാമർശിച്ച് കൊല്ലം ചൈൽഡ് ലൈൻ കോ ഓർഡിനേറ്റർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കമ്മീഷൻ ഉത്തരവ് ഇറക്കിയത്. 

അൽപം വിദ്വേഷം തോന്നിയാൽ ആർക്കും ആരുടെയും ഉപജീവനമാർഗമായ ഫാം പൂട്ടിക്കാൻ കഴിയുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പല ഫാമുകളും നേരിടുന്ന പ്രധാന വെല്ലുവിളിയാണിത്. സാധാരണ മലിനീകരണ നിയന്ത്രണ ബോർഡും പഞ്ചായത്തുകളുമാണ് പ്രവർത്തനാനുമതി നിഷേധിച്ചിരുന്നതെങ്കിൽ ഫാമിന്റെ പ്രവർത്തനത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെടുന്നത് ആദ്യമായിട്ടായിരിക്കും. മറ്റു വകുപ്പുകൾക്ക് ഇടപെടാൻ കഴിയാത്തതിനാലാണോ ബാലാവകാശ കമ്മീഷൻ ഇടപെട്ടത്? 

dairy-farm

50 പശുക്കളെ വളർത്താനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ക്ലിയറൻസ് തനിക്കുണ്ടെന്ന് ഉപാസന ഡെയറി ഫാം ഉടമ ദിലീപ് പറയുന്നു. 2018ൽ തുടങ്ങിയ ഫാമിന് 2024 വരെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ക്ലിയറൻസ് ഉണ്ട്. എന്നാൽ ലൈസൻസിന് അപേക്ഷ സമർപ്പിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും അക്കാര്യത്തിൽ തീരുമാനം ഇതുവരെ ആയിട്ടില്ലെന്നും ദിലീപ് പറയുന്നു. ഏകദേശം 15 ഏക്കർ സ്ഥലത്താണ് തന്റെ ഫാം പ്രവർത്തിക്കുന്നതെന്നും അടുത്തിടെ ഫാമിന് സമീപം ഒരു വീട് പുതുതായി നിർമിക്കപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും ദിലീപ്. 

ഫാമുകളുടെ പ്രവർത്തനത്തിൽ ബാലാവകാശ കമ്മീഷൻ കൂടി ഇടപെടുന്നത് കർഷകർ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. 20 പശുക്കൾ, 1000 കോഴികൾ, 100 മുയൽ തുടങ്ങിയവയെ വളർത്തുന്നതിന് ആവശ്യമായ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് പഞ്ചായത്തിന്റെ അനുമതി വേണ്ട എന്നുള്ള കെട്ടിടനിർമാണ ചട്ട ഭേദഗതി നിലവിലുണ്ടെങ്കിലും ലൈസൻസിന്റെ കാര്യത്തിൽ ഇപ്പോഴും ഭേദഗതി ഉണ്ടായിട്ടില്ല. 5 കന്നുകാലികൾ / 20 ആടുകൾ / 5 പന്നികൾ / 25 മുയലുകൾ  / 100 കോഴികൾ എന്നിവയ്ക്കു മുകളിൽ വളർത്തുന്നുവെങ്കിൽ പഞ്ചായത്തിന്റെ ലൈസൻസ് വേണം. കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതി വന്നിട്ട് 2 വർഷം പിന്നിട്ടിട്ടും ലൈസൻസ് എണ്ണത്തിൽ തീരുമാനം ഉണ്ടാവാത്തത് കർഷകരോടുള്ള ദ്രോഹമാണ്. 

ഫാമിനു സമീപം കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് മോശകരമായ സാഹചര്യമാണ് നിലവിൽ ഉള്ളതെങ്കിൽ നടപടി ആവശ്യമാണ്. ഉപാസന ഡെയറി ഫാമിനു സമീപമുള്ള കുട്ടികൾക്കുള്ള അതേ ബാലാവകാശം തന്നെയല്ലേ എറണാകുളം നഗരത്തിൽ വസിക്കുന്ന കുട്ടികൾക്കുമുള്ളത്. ദുർഗന്ധം വമിക്കുന്നതും കൊതുകുകളുടെ ഉൽപാദക കേന്ദ്രങ്ങളുമായ കൊച്ചി നഗരത്തിലെ ഓവുചാലുകൾ ഇല്ലാതാക്കാൻ ബാലാവകാശ കമ്മീഷൻ എന്ത് നടപടിയാണ് എടുത്തിട്ടുള്ളത്?

puramattom-dairy-farm-2

ഒരു ഫാമിനു സമീപമുള്ള വസ്തു പുതിയ വ്യക്തി വാങ്ങുകയും അവിടെ വീട് ഉയരുകയും ചെയ്യും. അതോടെ കർഷകന്റെ പ്രശ്നവും തുടങ്ങുകയായി. രാഷ്ട്രീയ നേതാക്കൾ, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിങ്ങനെ വരിവരിയായി പ്രശ്നങ്ങൾ തുടരും. ഒടുവിൽ ഒരായുസ്സിന്റെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട് കടക്കെണിയിലേക്ക് കർഷകർ നീങ്ങുകയും ചെയ്യും. എത്രയെത്ര കർഷകർ ഇങ്ങനെ ഇല്ലാതായിട്ടുണ്ട്? നിയമ പോരാട്ടം നടത്താൻ കഴിയുന്ന കർഷകർ വർഷങ്ങളോളം കേസ് നടത്തി വിജയിച്ചിട്ടുണ്ട്. എന്നാൽ എത്ര കർഷകർക്ക് അതിന് കഴിയും?

പലപ്പോഴും ഇത്തരം അയൽക്കാരുമായിട്ടുള്ള പ്രശ്നങ്ങളിൽ കർഷകർക്ക് അനുകൂലമായ വിധി വരാറില്ല. അധികൃതരും മറ്റും കർഷകർക്കൊപ്പം നിൽക്കില്ല എന്നുള്ളതും വസ്തുതയാണ്. കർഷകരെ ഉത്തേജിപ്പിക്കാൻ വകുപ്പുകൾ വാഗ്ദാനങ്ങളുമായി രംഗത്തിറങ്ങുന്നുണ്ടെങ്കിലും എങ്ങനെ വിശ്വസിച്ച് കാർഷികമേഖലയിൽ മുതൽമുടക്കും. കേരളം വിടുന്ന യുവാക്കളുടെ എണ്ണം ഉയരുന്നതുതന്നെ കർഷക സംരംഭം സൗഹൃദമല്ലാത്ത രീതിയാണ് ഇവിടുള്ളത് എന്നതിന്റെ തെളിവാണ്. 

ഭക്ഷ്യസുരക്ഷാ വകുപ്പ് ഏതാനും ദിവസങ്ങളായി ആത്മാർഥമായി പണിയെടുക്കുന്നുണ്ട്. വിഷമിട്ട മീനുകളും പഴകിയ ഭക്ഷണങ്ങളും പിടികൂടി നശിപ്പിക്കുന്നു, ഹോട്ടലുകൾ അടപ്പിക്കുന്നു. വളരെ നല്ലത്. എന്നാൽ ഈ പ്രവർത്തനങ്ങളെല്ലാം കേരളത്തിലേക്ക് ഒഴുകുന്ന മോശം ഭക്ഷണവസ്തുക്കളുടെ അളവിൽ എത്രത്തോളം കുറവ് വരുത്തുന്നുണ്ട്? ഇപ്പോഴുള്ള ഈ പ്രഹസനം അവസാനിക്കുമ്പോൾ വീണ്ടും പഴയ അവസ്ഥ തന്നെ ഉണ്ടാകുമെന്നുള്ളത് വസ്തുതയാണ്. അടുത്ത പരിശോധന നടക്കണമെങ്കിൽ വീണ്ടും ദേവനന്ദനമാർ മരണപ്പെടണം. 

dairy-farm-1

2017–2018ൽ അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തിയിരുന്ന പാലിൽ ഹൈഡ്രജൻ പെറോക്സൈഡ്, കാർബണേറ്റ്, മാൾട്ടോഡെക്സ്ട്രിൻ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതിർത്തി കടന്നു വരുന്ന പാലിന്റെ അളവ് ഉയർന്നിട്ടുണ്ട്. എന്നാൽ പരിശോധന എത്രത്തോളം ശക്തമാണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ചുരുക്കത്തിൽ അതിർത്തി കടന്ന് എത്ര മോശം ഭക്ഷണവും പാലും വന്നോട്ടെ. കേരളത്തിൽ ഒരു കർഷകനെയും മൃഗസംരക്ഷണത്തിലൂടെ ജീവിക്കാൻ അനുവദിക്കില്ല എന്നതാണ് ഇവിടുള്ളവരുടെ നിലപാട്. 

നല്ല ഭക്ഷണത്തിന് എപ്പോഴും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് അത്ര ശുഭകരമായ പ്രവണതയല്ല. അയൽവക്കത്തുള്ള കര്‍ഷകന്റെ ഉൽപന്നം വാങ്ങാതെ കിലോമീറ്ററുകൾ അകലെയുള്ള ഇതര സംസ്ഥാന ഉൽപന്നങ്ങൾ വിൽക്കുന്ന കടയിൽ നിന്നും വലിയ വില കൊടുത്ത് വാങ്ങുന്ന ശീലമാണ് പലർക്കും. എന്റെ പണം കൊണ്ട് അയൽക്കാരൻ നന്നാവണ്ട എന്ന ചിന്താഗതിയാണോ ഇതിനു പിന്നിൽ?

സമാധാനത്തോടെ ഫാം നടത്തി മുന്നോട്ട് പോകാമെന്നുള്ള വ്യാമോഹം കേരളത്തിലെ കർഷകർക്ക് വേണ്ട എന്ന തിരിച്ചറിവാണ് ഓരോ സംഭവങ്ങളും കേരളത്തിലെ കർഷകർക്ക് നൽകുന്നത്. അതുകൊണ്ടു തന്നെ പരമാവധി സർക്കാർ സഹായങ്ങൾ വാങ്ങി ഫാമിങ്ങ് മുന്നോട്ടു കൊണ്ടുപോകണം എന്നു തന്നെയാണ് കർഷകർ പറയുന്നത്. കാരണം ഭാവിയിൽ ഫാമിനെതിരെ ആരോപണങ്ങൾ ഉയർന്നാൽ സർക്കാര്‍ സഹായങ്ങളും പ്രോത്സാഹനവും വഴിയാണ് സംരംഭം കെട്ടിപ്പടുത്തിട്ടുള്ളതെന്ന് ബോധ്യപ്പെടുത്താൻ കർഷകർക്ക് കഴിയണം. അതിനൊപ്പം ചില കാര്യങ്ങളിൽ ശ്രദ്ധയും വേണം. 

1. സ്വന്തമായുള്ള സ്ഥലത്തിന്റെ നടുവിൽത്തന്നെ ഫാം ഷെഡ് കെട്ടിപ്പടുക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് സ്ഥലസൗകര്യമുള്ളവർ സ്ഥലത്തിന്റെ അരികിൽ കെട്ടിടങ്ങൾ നിർമിച്ച് മൃഗങ്ങളെ പാർപ്പിക്കാതിരിക്കുക. 

2. മലിനീകരണ നിയന്ത്രണ ബോർഡ് അനുശാസിക്കുന്ന ബയോഗ്യാസ് പ്ലാന്റ്, വളക്കുഴി, കമ്പോസ്റ്റ് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കുക. 

3. ഫാമും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വെള്ളം കെട്ടിക്കെടക്കാതെ ശ്രദ്ധിക്കുക. 

4. ഫാമിലെ മൃഗങ്ങൾ ചത്താൽ അവയെ മറ്റു ജീവികള്‍ പുറത്തെടുക്കാത്ത വിധത്തിൽ മറവു ചെയ്യുക.

English summary: Farming Problems in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com