250 ഉരുക്കളും 2000 ലീറ്റർ പാലും; വ്യത്യസ്തമാണ് നവ്യ എന്ന ഡെയറി ഫാമിങ് കമ്പനി

HIGHLIGHTS
  • തീറ്റയിലെ സ്ഥിരത പശുക്കളുടെ ആരോഗ്യത്തിനും അധിക ഉൽപാദനത്തിനും അനിവാര്യം
  • 24–25 മാസത്തിനുള്ളിൽ പ്രസവത്തിലെത്തുന്ന കിടാരികള്‍
navya
നവ്യ ഫാം ഉടമ ബിജു ജോസഫ്
SHARE

115 കറവപ്പശുക്കൾ ഉൾപ്പെടെ 250 ഉരുക്കൾ, ദിവസേന രണ്ടായിരം ലീറ്റർ പാൽ,  ഉൽപാദനച്ചെലവ് ലീറ്ററിന് 30–32 രൂപ, വിൽപനവില 60 രൂപ, നേരിട്ടുള്ള വിപണനം,  രണ്ടു വയസ്സാകുമ്പോൾ അമ്മയാകുന്ന കിടാരികൾ, ദിവസേന 3 തവണ ചുരത്തുന്ന പശുക്കൾ, പച്ചപ്പുല്ലും വൈക്കോലും പൈനാപ്പിൾ പോളയും ബിയർ വേസ്റ്റും നൽകാതെ പരിപാലനം, കമ്പനി നിർമിത കാലിത്തീറ്റപോലും മിതമായ തോതിൽ  - അങ്കമാലി കറുകുറ്റിയിലുള്ള  നവ്യാ ഫാമിലെ വിശേഷങ്ങൾ അറിയേണ്ടതും പഠിക്കേണ്ടതും പകർത്തേണ്ടതുമാണ്. ഡെയറിഫാമിങ്ങില്‍ നവ്യ ഫാം ഉടമ ബിജു ജോസഫിന്റെ തന്ത്രങ്ങളും സമീപനങ്ങളും കേരളത്തിലെ നയരൂപീകരണ വിദഗ്ധരും കൃഷിക്കാരും ഒരേപോലെ തിരിച്ചറിയേണ്ടതുണ്ട്.

സൈലേജ് നിർമാണം

പച്ചപ്പുല്ലാണ് പശുക്കൾക്ക് ഏറ്റവും ഉത്തമം. എന്നാൽ ഇരുനൂറിലേറെ പശുക്കള്‍ക്കു വേണ്ടത്ര തീറ്റപ്പുല്ല് ലഭ്യമാക്കു ക എളുപ്പമല്ല.  ലഭ്യമായാൽ തന്നെ യഥാസമയം എത്തിക്കുന്നതിനും നിലവാരം ചോരാതെ നൽകുന്നതിനും സാധിക്കണമെന്നില്ല.  എന്നാല്‍ തീറ്റയിലെ സ്ഥിരത പശുക്കളുടെ ആരോഗ്യത്തിനും അധിക ഉൽപാദനത്തിനും അനിവാര്യം.  ഈ ചിന്തയാണ് തീറ്റപ്പുല്ലില്‍നിന്നു  ചോളം സൈലേജിലേക്ക് നവ്യാ ഫാം ചുവടു മാറാന്‍ കാരണം. തമിഴ്നാട്ടിലെ പാടങ്ങളിൽനിന്നുള്ള കതിരോടു കൂടിയ ചോളമാണ് സൈലേജ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ധാന്യം നീക്കം ചെയ്ത ചോളത്തണ്ടിൽനിന്നു വ്യത്യസ്തമാണത്. 

സൈലേജ് ഉണ്ടാക്കാനായി 5 വലിയ സംഭരണികൾ ( സൈലോ ) ഇവിടെയുണ്ട്. കോൺക്രീറ്റിട്ട് പ്ലാസ്റ്റർ ചെയ്ത ഈ കുഴികളിൽ ഓരോന്നിലും 150–200 ടൺ ചോളം നുറുക്കി സംഭരിക്കാനാവും. സാധാരണ സൈലേജ് നിർമാണത്തിൽനിന്നു വ്യത്യസ്തമായി ശർക്കരയും ധാന്യവുമൊന്നും  ചേർക്കാറില്ല. എന്നാൽ കിടാങ്ങൾക്കായി   പ്രോട്ടീൻ കൂടുതലുള്ള  സൈലേജ് നിർമിക്കുമ്പോൾ ബിയർ വേസ്റ്റ് ചേർക്കാറുണ്ട്. ഒപ്പം സൂക്ഷ്മാണുക്കളുടെ ഒരു മിശ്രിതം ഓരോ നിര ചോളത്തിന്റെയും മീതേ തളിക്കുകയും ചെയ്യുന്നു. കുഴി നിറഞ്ഞു കഴിയുമ്പോൾ കീറിയെടുത്ത കരിങ്കല്ലുകൾ നിരത്തി അമർത്തും. ഒരു മാസം ഇപ്രകാരം സൂക്ഷിക്കുമ്പോൾ സൂക്ഷ്മാണുക്കളുടെ പ്രവർത്തനഫലമായി ചോളം സൈലേജായി മാറും. ഒരു വർഷത്തോളം ഇത് കേടു കൂടാതെ സൂക്ഷിക്കാം. 

ഒരു കിലോ സൈലേജിന് 6 രൂപയോളം ഉൽപാദനച്ചെലവ് വേണ്ടിവരുന്നുണ്ട്. ചോളത്തിനുപകരം തീറ്റപ്പുല്ലും കൈതപ്പോളയുമൊക്കെ ഉപയോഗിച്ചാൽ ഇത് കുറയും. എന്നാൽ പ്രോട്ടീൻ വേണ്ടത്ര ഉറപ്പാക്കാൻ ചോളം മാത്രമേ ഉപയോഗിക്കാറുള്ളൂ. വളർച്ചയുടെ ഘട്ടങ്ങളിൽ മുറിച്ചു നൽകുന്ന ചോളത്തേക്കാൾ പോഷകസ്ഥിരത സൈലേജിനുണ്ടെന്ന് ഡോ. ഏബ്രഹാം മാത്യു. സൈലേജ് പാൽ ഉൽപാദനവും നിലവാരവും ഗണ്യമായി വർധിപ്പിക്കുന്നു. ശാസ്ത്രീയമായ സൈലേജ് നിർമാണത്തിന് രാജ്യത്തെ തന്നെ ഏറ്റവും മികച്ച മാതൃകകളിൽ ഒന്നാണിത്. വർഷം മുഴുവൻ നിശ്ചിത നിലവാരമുള്ള തീറ്റ സ്ഥിരമായി നൽകാൻ ഈ സംവിധാനം ഉപകരിക്കുന്നു.

navya-3
സൈലേജിനൊപ്പം പിണ്ണാക്കുകളും മിതമായ തോതിൽ സാന്ദ്രീകൃതതീറ്റയും പരുത്തിക്കുരുവുമാണ് ഉരുക്കളുടെ അനുദിന ഭക്ഷണം

ശരിയായ തീറ്റക്രമം

സൈലേജിനൊപ്പം പിണ്ണാക്കുകളും മിതമായ തോതിൽ സാന്ദ്രീകൃതതീറ്റയും പരുത്തിക്കുരുവുമാണ്  ഉരുക്കളുടെ അനുദിന ഭക്ഷണം. ഇവ വേണ്ടത്ര അളവിൽ ചേർത്ത് ടിഎംആർ ( ടോട്ടൽ മിക്സഡ് റേഷൻ) ശൈലിയിലാണ് നൽകുക. ഉൽപാദനത്തിന് ആനുപാതികമായി മാത്രം ദിവസേന രണ്ടു നേരം തീറ്റ. പോഷകനിലവാരം കൃത്യമായി രേഖപ്പെടുത്തിയ കാലിത്തീറ്റ മാത്രം നൽകാൻ   ശ്രദ്ധിക്കുന്നു.  തമിഴ്നാട്ടിൽനിന്നാണ് ഇവർ കാലിത്തീറ്റ വാങ്ങുന്നത്. ആവശ്യാനുസരണം ധാതുലവണങ്ങൾ നൽകാനും മറക്കാറില്ല. കമ്പനിത്തീറ്റ വളരെ മിതമായ തോതിൽ മാത്രം നൽകുന്നത്  തീറ്റച്ചെലവിലും പ്രതിഫലിക്കുന്നു– ഒരു ലീറ്റർ പാലിന് 30–32 രൂപ മാത്രം. 

ചോരാത്ത വംശഗുണം 

പാലുൽപാദനത്തിൽ വംശഗുണത്തിനു പരമ പ്രാധാന്യമാണ് നവ്യയിൽ നൽകുന്നത്. അതുകൊണ്ടുതന്നെ കെഎൽഡി ബോർഡിന്റെ  പ്രീമിയം സെമൻ മാത്രമാണ് ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ കേരളത്തിനു പുറത്തുനിന്നു ബീജം വാങ്ങിയിരുന്നെങ്കിലും കെഎൽഡി ബോർഡ് പ്രീമിയം സെമന്റെ നിലവാരം ഉറപ്പായതോടെ അതിലേക്കു മാറുകയായിരുന്നു. നിലവാരമുള്ള ബീജം ഉപയോഗിക്കുക മാത്രമല്ല, അവയിലൂടെ ജനിക്കുന്ന പശുക്കിടാങ്ങളെ ആരോഗ്യത്തോടെ സംരക്ഷിക്കാനും   പ്രത്യേകം ശ്രദ്ധിക്കുന്നു. 

3 ദിവസം പ്രായമാകുമ്പോൾതന്നെ കിടാങ്ങളെ അമ്മയിൽനിന്നു വേർപെടുത്തുമെങ്കിലും 2 മാസത്തേക്കു പ്രതിദിനം 4 ലീറ്റർ വീതം പാൽ നൽകും.  2 മാസം പ്രായമായ കിടാങ്ങൾക്ക് 11–12 ശതമാനം പ്രോട്ടീനുള്ള സമ്പുഷ്ട സൈലേജും സ്റ്റാർട്ടർ കാലിത്തീറ്റയും നൽകുന്നു. തീറ്റക്രമത്തിലെ വ്യത്യാസം വളർച്ചയിലും പ്രകടം. അയൽസംസ്ഥാനങ്ങളിൽനിന്നു കുറഞ്ഞ വിലയ്ക്ക് കിടാരികളെ കിട്ടുമെങ്കിലും  ഫാമിന്റെ സുസ്ഥിര വളർച്ചയ്ക്ക്  സ്വന്തം  തൊഴുത്തിലെ കിടാങ്ങൾതന്നെയാണ് നല്ലതെന്നാണ് നയം.  

വിവരാധിഷ്ഠിത ഫാം മാനേജ്മെന്റ്

കിടാരികളായാലും പശുക്കളായാലും കൃത്യമായ തീറ്റയും ഉചിതമായ പരിചരണവും ഉറപ്പാക്കത്തക്ക രീതിയിലാണ് ഫാമിന്റെ പ്രവർത്തനം. ഏറ്റവും കൂടിയ ഉൽപാദനമുള്ള പശുക്കളെ ഒരു ബാച്ചായി  നിർത്തുന്നു. മറ്റുള്ളവയെ  ഉൽപാദനത്തോതനുസരിച്ച് വിവിധ ബാച്ചുകളായി തിരിച്ചിട്ടുണ്ട്. ഓരോ ബാച്ചിനും യോജ്യമായ തീറ്റക്രമം മുൻകൂട്ടി നിർണയിച്ചാണ് നൽകുക. പ്രസവത്തിന് 21 ദിവസം മുൻപുവരെയുള്ളവ, പ്രസവശേഷം 50 ദിവസം വരെയുള്ളവ , 26 ലീറ്ററിൽ കൂടുതൽ ഉൽപാദനമുള്ളവ, 26 ലീറ്ററിൽ താഴെ 22 ലീറ്റർ വരെ പാൽ കിട്ടുന്നവ, 22 ലീറ്ററിൽ താഴെ പാൽ നൽകുന്നവ, ഉൽപാദനം കുറഞ്ഞവ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.

navya-5
ഓരോ ബാച്ചിന്റെയും ആവശ്യകതയനുസരിച്ച് തീറ്റ

ഓരോ ബാച്ചിന്റെയും ആവശ്യകതയനുസരിച്ച് തീറ്റ ക്രമീകരിക്കുന്നതിനാൽ പോഷകലഭ്യത കൃത്യം. ഇതിനാവശ്യമായ വിവരങ്ങൾ രേഖപ്പെടുത്താനും തീരുമാനമെടുക്കാനും സോഫ്റ്റ്‌വേർ പിൻബലമുണ്ട്. ഒരു കിടാവ് ജനിക്കുമ്പോൾ മുതലുള്ള വളർച്ചാഘട്ടങ്ങളും തീറ്റയും കൃത്യമായി രേഖപ്പെടുത്തുന്നു. ഇതിനായി ഫാമിലെ എല്ലാ ഉരുക്കൾക്കും നമ്പരോടുകൂടിയ ടാഗ് നൽകിയിട്ടുണ്ട്.  കിടാരികളുടെ വംശഗുണവും അവയ്ക്ക് കുത്തിവച്ച ബീജത്തിന്റെ വംശഗുണവുമൊക്കെ കംപ്യൂട്ടറിൽ ശേഖരിച്ചിരിക്കുന്നതിനാൽ കൃത്യതയുള്ള തീരുമാനങ്ങൾക്ക് പ്രയാസമില്ല. 

നായ്ക്കൾക്കു പെഡിഗ്രി സർട്ടിഫിക്കറ്റ്  ലഭിക്കുന്ന നമ്മുടെ നാട്ടിൽ പശുക്കളുടെ വംശഗുണത്തിനു രേഖയില്ലാതെ വരുന്ന  സാഹചര്യം ഇവിടെയില്ല.  ഓരോ ഉരുവിന്റെയും വംശഗുണം, തീറ്റക്രമം, ഉൽപാദനം എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ തയാര്‍.  അതി നാല്‍ വംശാവലിയോടുകൂടിയ കിടാരികളെ വിൽക്കാനാവുന്നു. ഒരുപക്ഷേ, സർക്കാർ ഏജൻസികൾക്കുപോലും ഇതുവരെ കഴിയാത്ത നേട്ടം.

navya-4

രോഗങ്ങൾ അകലെ

ഇവിടെ രോഗബാധ തീരെ കുറവാണ്. ശരിയായ തീറ്റക്രമം തന്നെയാണ് കാരണമെന്ന് ഫാം കൺസൾട്ടന്റായ ഡോ. ഏബ്രഹാം മാത്യു. അസിഡോസിസും അമിതവണ്ണവുമൊക്കെ ഒഴിവാക്കി അതിവേഗം പരമാവധി ഉൽപാദനത്തിലെത്തുന്ന രീതിയിലാണ് തീറ്റ ക്രമീകരിച്ചിരിക്കുന്നത്. മെറ്റബോളിക് ഡിസീസ് ഒഴിവാക്കാൻ ഇതുപകരിക്കുന്നു.

40 പശുക്കളിൽ ആരംഭിച്ച ഫാം പല മടങ്ങായി വളർന്നെങ്കിലും ആദ്യ വർഷങ്ങളിൽ മാത്രമാണ് പുറത്തുനിന്ന് ഉരുക്കളെ കൊണ്ടുവന്നത്. പിന്നീട് സ്വന്തം പശുക്കിടാങ്ങളെ ആശ്രയിച്ചു വളർന്നതിനാൽ പുറത്തുനിന്നു  രോഗങ്ങൾ വരാനുള്ള സാധ്യത ഇല്ലാതായി. ഫലമോ, മരണനിരക്ക് തീരെ കുറയുകയും ഉൽപാദനത്തോത് കൂടുകയും ചെ യ്തു. സുഹൃത്തിന്റെ ഫാം വാടകയ്ക്കെടുത്ത് ആരംഭിച്ച ബിജു ഇപ്പോൾ പതിനേഴ് ഏക്കർ സ്ഥലത്ത് ശാസ്ത്രീയമായി നിർമിച്ച ഷെഡുകളിലാണ് ഉരുക്കളെ സംരക്ഷിക്കുന്നത്.  സൈലേജ് നിർമാണത്തിനായുള്ള വമ്പൻ സൈലോകളും സാന്ദ്രീകൃത തീറ്റ സൂക്ഷിക്കാനുള്ള ഗോഡൗണും പാൽ തണുപ്പിച്ചു സൂക്ഷിക്കാനുള്ള ബൾക്ക് കൂളറുമൊക്കെയുണ്ട്. തൊഴുത്തിലെ ചാണകം അന്നന്നു ഷെഡുകളിലേക്കു മാറ്റുന്നതിനാൽ പരിസര മലിനീകരണമില്ല.  ചാണകം ഇളക്കിമറിക്കാൻ നാടൻകോഴികളുടെ പടയുണ്ട്.  തണലിൽ ഉണങ്ങിയ ചാണകം ചാക്കിന് 200 രൂപ നിരക്കിൽ കൃഷിക്കാർക്കു നൽകുന്നു. ഫാമിലെ ആവശ്യങ്ങൾക്കായി ബയോഗ്യാസ് യൂണിറ്റുമുണ്ട്.

navya-1

അതിവേഗം അമ്മയാകുന്നവർ

24–25 മാസത്തിനുള്ളിൽ പ്രസവത്തിലെത്തുന്ന കിടാരികള്‍. ശരിയായ തീറ്റക്രമമാണ് ഒരു കാരണം. ശാസ്ത്രീയ മായി വളർത്തിയെടുത്ത കിടാരികൾ ഫാമിന്റെ കരുത്താണിപ്പോൾ. 14–15 മാസമാകുമ്പോൾ തന്നെ അവയിൽ ഏറിയ പങ്കും കൃത്രിമബീജാധാനത്തിനു പ്രാപ്തരായിരിക്കും.  പ്രായത്തെക്കാൾ ഭാരത്തിന്റെ അടിസ്ഥാനത്തിലാണ് ബീജാധാനത്തിനു കിടാരികളെ കണ്ടെത്തുക– 320 കിലോ പ്രായമായാൽ കുത്തിവയ്ക്കാമെന്നാണ്  കണക്ക്. മികച്ച കിടാരികളിൽ ലിംഗനിർണയം നടത്തിയ ബീജം തന്നെ കുത്തിവയ്ക്കുന്നു. ഇതു വഴി 98 ശതമാനംവരെ പശുക്കിടാങ്ങളെ ജനിപ്പിക്കാൻ കഴിഞ്ഞു. 10 കിടാങ്ങളുണ്ടാകുമ്പോൾ ഒൻപതും പശുക്കിടാങ്ങള്‍. സൈലേജും മറ്റും നൽകി ഒരു കിടാരിയെ വളർത്തിയെടുക്കാൻ ഒന്നേകാൽ ലക്ഷം രൂപവരെ ചെലവാകുന്നു.  കിടാരികൾ നേരത്തേ തന്നെ ഉൽപാദനത്തിലെത്തുന്നത് ഫാമിന്റെ ലാഭക്ഷമത തെല്ലൊന്നുമല്ല വർധിപ്പിക്കുന്നത് , ജനിച്ചു  2 മാസമാകു മ്പോൾതന്നെ പാൽ നൽകുന്നത് നിർത്തും. പകരം മാംസ്യം കൂടുതലടങ്ങിയ സൈലേജ് നൽകിത്തുടങ്ങും.

നവ്യ ഫാം ഉടമ ബിജു ജോസഫ് ഫാമിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും മനസ് തുറക്കുന്നു

വിപണനവും മൂല്യവർധനയും

ദിവസേന രണ്ടായിരം ലീറ്റർ പാൽ കറക്കുന്ന ഫാമിലെ ഉൽപാദനത്തിന്റെ 40 ശതമാനത്തോളം നവ്യയുടെ തന്നെ പ്രശസ്തമായ ബേക്കറികളിലെ ഉൽപന്നങ്ങളുടെ നിർമാണത്തിനായി ഉപയോഗപ്പെടുത്തുന്നു. ബാക്കി പാൽ പായ്ക്ക് ചെയ്ത് 32 നവ്യ ബേക്കറികളിലൂടെ വിറ്റഴിക്കുന്നു. കൊഴുപ്പ് നീക്കാത്ത പാൽ ലീറ്ററിന് 60 രൂപ നിരക്കിലാണ് വിൽപന. വൈകാതെതന്നെ ചീസ്, നെയ്യ്, ബട്ടർ തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങളും ഉൽപാദിപ്പിച്ചുതുടങ്ങും.  

വൈകാതെ ആയിരം പശുക്കളിലേക്ക് വളരാൻ വെമ്പുന്ന നവ്യയ്ക്ക് ഡെയറി മേഖലയിൽ വമ്പൻ സ്വപ്നങ്ങളാണുള്ളത്. പാലും പാലുൽപന്നങ്ങളും മാത്രമല്ല ഡെയറി കോഴ്സുകൾ നടത്തുന്ന കോളജ് പോലും  സ്വപ്നത്തിലുണ്ട്. അതോടൊപ്പം സമീപവാസികളായ ക്ഷീരകർഷകർക്ക് മികച്ച വരുമാനസാധ്യതയൊരുക്കി സാറ്റലൈറ്റ് ഡെയറി യൂണിറ്റുകൾ ആരംഭിക്കാനും  ആലോചിക്കുന്നു. വംശഗുണമുള്ള ഉരുക്കളെ നൽകിയ ശേഷം പാലും  കിടാങ്ങളെയും തിരികെ വാങ്ങുന്ന ഇന്റഗ്രേഷൻ മാതൃകയാണ് മനസ്സിൽ.  ഈ സ്വപ്നം യാഥാർഥ്യമാക്കാനായി ബിജുവി ന്റെ മകൻ ജോസഫ് ഡെയറിമേഖലയിൽ  ഉന്നതപഠനത്തിനായി വിദേശപഠനത്തിനായുള്ള തയാറെടുപ്പിലാണ്. 

navya-2
മൂന്നു നേരം കറവയുള്ള പശുക്കൾ

‘‘തീറ്റവിചാരം  തിരുത്തണം’’

കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നതിനും ശാസ്ത്രത്തിൽ വിശ്വസിക്കുന്നതിനും മികച്ച നിലവാരം  കാത്തു സൂക്ഷിക്കുന്നതിനുമുള്ള ബിജുവിന്റെ കഴിവാണ് നവ്യഫാമിന്റെ വിജയത്തിനു നിദാനമെന്ന് ഫാം കൺസൾട്ടന്റും കെഎൽഡി ബോർഡ് മുൻ ജനറൽ മാനേജരുമായ ഡോ. ഏബ്രഹാം മാത്യു.  

തീറ്റ നൽകുന്നതിലെ പ്രശ്നങ്ങളാണ്  ക്ഷീരകർഷകരുടെ പരാജയങ്ങൾക്ക് അടിസ്ഥാനകാരണമെന്ന് ഡോ. ഏ ബ്രഹാം മാത്യു ചൂണ്ടിക്കാട്ടി. വിപുലമായ സംവിധാനങ്ങളുണ്ടായിട്ടും കേരളത്തിലെ കൃത്രിമബീജാധാനം ലക്ഷ്യ ത്തിലെത്തുന്നില്ല.  പകരം അയൽസംസ്ഥാനങ്ങളിൽനിന്ന് ഉരുക്കളെ വാങ്ങാൻ അധികൃതർ തന്നെ നിർബന്ധിക്കു ന്ന സാഹചര്യമാണുള്ളത്. പശുക്കൾക്ക് ചെന പിടിക്കാൻ വൈകുന്നതിനും ഉൽപാദനക്ഷമത കുറയുന്നതിനും രോഗാതുരത കൂടുന്നതിനും കന്നുകുട്ടി പരിപാലനം സ്വീകാര്യമാകാത്തതിനും പ്രസവങ്ങളുടെ ഇടവേള 500 ദിവസ ത്തിലേറെയാകുന്നതിനും ഒന്നാം പ്രസവത്തിനു 4വർഷത്തിലേറെ വേണ്ടിവരുന്നതിനും  ഒരു കാരണമേയുള്ളൂ,  അശാസ്ത്രീയമായ തീറ്റ കൊടുക്കൽ. ഈ സ്ഥിതി മാറണം.   കാലിത്തീറ്റ സംയോജനത്തിനു കേരള സർക്കാർ മതിയായ പരിഗണന നൽകാത്തത് സങ്കടകരമാണ്– ഡോ. ഏബ്രഹാം മാത്യു പറഞ്ഞു.

ഫോൺ: 9188277088

English summary: Success story of Navya Farms

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA