ADVERTISEMENT

ഒരിടവേളയ്ക്കുശഷം മലയാളികളുടെ ആരോഗ്യത്തിനുതന്നെ ഭീഷണിയാകുന്ന വിധത്തിലുള്ള മത്സ്യവിൽപനയ്ക്കെതിരേ നടപടികൾ വലിയ തോതിൽ നടക്കുന്നു. വിൽപനയ്ക്കായി എത്തിച്ച കടൽ മത്സ്യങ്ങളിൽ എല്ലാംതന്നെയും ചീഞ്ഞതും പുഴു പിടിച്ചവയുമായിരുന്നു. സംസ്ഥാനവ്യാപകമായി പരിശോധനകൾ നടക്കുമ്പോൾ ദിനംപ്രതി പഴകിയ മത്സ്യങ്ങൾ നിശിപ്പിച്ച റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഒരിക്കൽക്കൂടി ഇരുത്തിച്ചിന്തിക്കേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നു. പച്ചക്കറിക്കൃഷിയിൽ സ്വയം പര്യാപ്തരാകാൻ ശ്രമിക്കുമ്പോൾ ഇതുപോലെ ഭക്ഷ്യ മത്സ്യ–മാംസ കാര്യത്തിൽക്കൂടി എന്തുകൊണ്ട് ശ്രമിച്ചുകൂടാ? പരിമിതമായ സ്ഥലത്തുപോലും വളർത്തിയെടുക്കാൻ കഴിയുന്ന മത്സ്യങ്ങളുണ്ട്, നൂതന സംവിധാനങ്ങളുണ്ട്. എങ്കിലും അത്യാവശ്യം വലുപ്പമുള്ള ജലാശയങ്ങളാണ് മത്സ്യക്കൃഷിക്ക് ഏറ്റവും അനുയോജ്യം. അടുക്കളത്തോട്ടം എന്നതുപോലെ അടുക്കളക്കുളങ്ങളും നാളെയുടെ ആവശ്യങ്ങളിലൊന്നാണ്. ഇത്തരം അടുക്കളക്കുളങ്ങളിൽ വളർത്താൻ കഴിയുന്ന മത്സ്യങ്ങൾ ഏതൊക്കെയാണ്? 

ശുദ്ധജലാശയത്തിലെ അവസ്ഥ പ്രയോജനപ്പെടുത്തി വളരെ വേഗം വളരുന്ന മത്സ്യങ്ങളെയാണ് ഭക്ഷ്യാവശ്യത്തിനായി കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയൂ. ജലാശയത്തിലെ പ്രാഥമിക ജൈവവ്യവസ്ഥയെ നേരിട്ട് ഉപയോഗിക്കാനുള്ള കഴിവിനെയാണ് വളര്‍ത്തുമത്സ്യങ്ങളുടെ യോഗ്യതയായി കണക്കാക്കുക.

fish-pond-2

മത്സ്യങ്ങളെ നിക്ഷേപിക്കുമ്പോള്‍

സൂര്യപ്രകാശം സ്വീകരിച്ച് വളരുന്ന സസ്യപ്ലവങ്ങളാണ് മത്സ്യങ്ങളുടെ പ്രധാനാഹാരം. അതുകൊണ്ടുതന്നെ പ്ലവങ്ങള്‍ കൂടുതലുള്ളതും വിസ്തൃതി കൂടുലുള്ളതുമായ ജലാശയങ്ങള്‍ മത്സ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. കുളങ്ങള്‍ നിര്‍മിക്കുമ്പോള്‍ പരമാവധി അഞ്ചടി താഴ്ച മതിയാകും. സീല്‍പോളിന്‍ കുളങ്ങളോ സിമന്റ് കുളങ്ങളോ സ്വാഭാവിക കുളങ്ങളോ ഉപയോഗിക്കാം. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന കുളങ്ങള്‍ മത്സ്യങ്ങളുടെ വളർച്ചയെ സഹായിക്കും. 

ഏതെങ്കിലും ഒരിനത്തെ ഒറ്റയ്ക്കു വളർത്തുന്നതാണ് നല്ലതെങ്കിലും വീട്ടാവശ്യത്തിനായി കമ്യൂണിറ്റി രീതിയില്‍ വളര്‍ത്താം. ഇതിനായി മറ്റു മത്സ്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന മത്സ്യങ്ങളെ തിരഞ്ഞെടുക്കണം. മാത്രമല്ല ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്തും ജലാശയങ്ങളുടെ രാസ-ഭൗതിക സ്വഭാവത്തിനനുസരിച്ചു ജീവിക്കാനുള്ള കഴിവും ഉള്ള മത്സ്യങ്ങളെ വേണം തിരഞ്ഞെടുക്കാന്‍.

ഭക്ഷണം

ഭക്ഷണമായി വീട്ടിലെ പച്ചക്കറി അവശിഷ്ടങ്ങളും തൊടിയിലെ ചേമ്പ്, ചേന, വാഴ എന്നിവയുടെ ഇലകളും സിഒ3, സിഒ4, കോംഗോസിഗ്നല്‍ തുടങ്ങിയ പുല്ലുകളും ഭക്ഷമായി നൽകാം. ചുരുങ്ങിയ അളവില്‍ കൈത്തീറ്റ നൽകാം. എങ്കിലും, മത്സ്യങ്ങള്‍ക്ക് എപ്പോഴും പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍ നൽകുന്നതാണ് ഉത്തമം. വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുമ്പോള്‍ പെല്ലറ്റ് തീറ്റകൾ നൽകി വളര്‍ത്തേണ്ടി വരും.

തീറ്റ നൽകുമ്പോള്‍ കുളത്തില്‍ മിച്ചം കിടക്കാതെ ശ്രദ്ധിക്കണം. ബാക്കിയാകുന്ന തീറ്റകളില്‍നിന്ന് അസുഖങ്ങള്‍ ഉണ്ടാകുക മാത്രമല്ല ജലാശയത്തില്‍ മീനുകള്‍ക്ക് ഹാനികരമായ അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ രൂപപ്പെടാനും ഇടവരും. 

fish-pond

പ്രാണവായു

വായിലാണ് മത്സ്യങ്ങളുടെ ശ്വസനം ആരംഭിക്കുന്നത്. വായില്‍ക്കൂടി വെള്ളമെടുത്ത് ചെകിളപ്പൂക്കളിലൂടെ പുറത്തുവിടുമ്പോള്‍ വെള്ളത്തിലടങ്ങിയിട്ടുള്ള പ്രാണവായു ചെകിളപ്പൂക്കള്‍ വലിച്ചെടുത്ത് രക്തത്തിലെത്തിക്കും. നിശ്വാസവായു പുറംതള്ളുന്നതും ഇങ്ങനെതന്നെ. 

എന്നാല്‍, അനബാന്റിഡെ സബ് ഓര്‍ഡറില്‍പ്പെട്ട മത്സ്യങ്ങള്‍ക്ക് ചെകിളപ്പൂക്കളെക്കൂടാതെ ശ്വാസകോശത്തിനു സമാനമായ ഒരു പ്രത്യേക ശ്വസനാവയവമുണ്ട്. ലേബിരിന്ത് ഓര്‍ഗന്‍ എന്ന ഈ പ്രത്യേക ശ്വസനാവയവം വഴി അന്തരീക്ഷത്തില്‍നിന്നു നേരിട്ട് ശ്വസിക്കാന്‍ ഈ വിഭാഗം മത്സ്യങ്ങള്‍ക്കു കഴിയുന്നു. ചെളിയിലും ചതുപ്പിലുമൊക്കെ വസിക്കുന്ന പൂച്ചമത്സ്യങ്ങള്‍, ഗൗരാമികള്‍ തുടങ്ങിയ മത്സ്യങ്ങള്‍ക്കാണ് ഈ ശ്വസനാവയവമുള്ളത്. പ്രത്യേക ശ്വസനാവയവമുള്ള മത്സ്യങ്ങളില്‍ ഏറിയപങ്കും ഭക്ഷണാവശ്യത്തിനായ ഉപയോഗിക്കുന്നവയായിരിക്കും. ചെറിയ ഇനം ഗൗരാമികള്‍, ഫൈറ്റര്‍ ഫിഷുകള്‍ തുടങ്ങിയവ അലങ്കാരമത്സ്യ വിഭാഗത്തിലും പെടുന്നു.

കാര്‍പ്പിനങ്ങള്‍, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങള്‍ ജലത്തില്‍നിന്നുതന്നെ ശ്വസിക്കുന്നവയായതിനാല്‍ വെള്ളത്തിലെ പ്രാണവായുവിന്റെ അളവ് കുറഞ്ഞാല്‍ വളരെവേഗത്തില്‍ ചത്തൊടുങ്ങും. അതിനാല്‍ ഇത്തരം മത്സ്യങ്ങളുള്ള കുളങ്ങളില്‍ കരുതല്‍ ആവശ്യമാണ്. 

വീട്ടാവശ്യത്തിനു വളര്‍ത്താന്‍ കഴിയുന്ന ചില മത്സ്യങ്ങള്‍

fish-grass-carp
ഗ്രാസ് കാർപ്പ് മത്സ്യങ്ങളുമായി യുവാക്കൾ

കാര്‍പ്പ് മത്സ്യങ്ങള്‍

രോഹു, കട്‌ല, മൃഗാള്‍, സൈപ്രിനസ്, ഗ്രാസ് കാര്‍പ്പ് തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും വീട്ടാവശ്യത്തിനായി വളര്‍ത്തുന്ന കാര്‍പ്പ് ഇനങ്ങള്‍. വസിക്കുന്ന ജലാശയത്തിന്റെ ആകൃതി ഇവയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്. നീന്തിത്തുടിക്കാന്‍ നീളമുള്ള കുളങ്ങളാണ് കാര്‍പ്പ് മത്സ്യങ്ങള്‍ക്ക് ആവശ്യം. നീന്താനുള്ള സ്ഥലമനുസരിച്ച് കാര്‍പ്പ് മത്സ്യങ്ങളുടെ വളര്‍ച്ചയും വര്‍ധിക്കും. ആവശ്യമായ തീറ്റ ലഭ്യമെങ്കില്‍ ഏകദേശം 7-9 മാസത്തിനുള്ളില്‍ വിളവെടുക്കാം. ഒരു സെന്റിൽ 40 എണ്ണമാണ് അനുയോജ്യം. എണ്ണം കൂടുന്തോറും വളർച്ചയും അതിജീവനശേഷിയും കുറയും. 

പൂച്ചമത്സ്യങ്ങള്‍

നാടന്‍ ഇനങ്ങളായ കാരി, കൂരി, മുഷി എന്നിവയും വാളയുമൊക്കെ പൂച്ചമത്സ്യ ഇനത്തില്‍പ്പെടുന്നവയാണ്. രുചിയില്‍ മുന്‍പന്തിയിലുള്ള ഇവയെ അനായാസം വളര്‍ത്താം. അടുക്കളയില്‍നിന്നുള്ള മാലിന്യത്തോടൊപ്പം മാംസാവശിഷ്ടങ്ങളും നൽകാം. ചെതുമ്പല്‍ ഇല്ലാത്ത മത്സ്യങ്ങളായതിനാല്‍ തൊലി ഉരിഞ്ഞു മാത്രം ഭക്ഷണത്തിനായി ഉപയോഗിക്കാം. രുചി ലഭിക്കുന്നതിന് തൊലി മാറ്റുന്നതാണ് നല്ലത്. പൂച്ചമത്സ്യങ്ങളില്‍ പ്രധാനിയാണ് കൂരിവാള/ആസാംവാള. കേരളത്തിലെ വന്‍കിട മത്സ്യഫാമുകളുടെ പ്രിയപ്പെട്ട ഇനം. അറവുമാലിന്യങ്ങള്‍ നൽകി ചുരുങ്ങിയ ചെലവില്‍ വളര്‍ത്താം. ഒരു സെന്റിൽ 400 എണ്ണം വളർത്താം.

bral-fish-1
വരാൽ

വരാൽ

സമീപകാലത്ത് കേരളത്തിൽ ഏറെ പ്രചാരത്തിലായ മത്സ്യയിനം. തൃശൂരുകാരുടെ സ്വകാര്യ അഹങ്കാരമായിരുന്ന വരാൽ ഇന്ന് എല്ലാ ജില്ലകളിലും സുലഭം. പരമ്പരാഗത രീതിയിൽ വലിയ ജലാശയങ്ങളിലായിരുന്നു ഇവയെ വളർത്തിയിരുന്നതെങ്കിൽ ഇപ്പോൾ കൃത്രിമ ജലാശയങ്ങളിൽ മാംസ്യത്തിന്റെ അളവ് കൂടുതലുള്ള പെല്ലെറ്റ് തീറ്റകൾ നൽകിയാണ് ഇവയെ വളർത്തുന്നത്. ചെറുപ്പം മുതൽ പെല്ലെറ്റ് തീറ്റ നൽകി ശീലിപ്പിക്കുന്നതിനാൽ പരസ്പരമുള്ള ആക്രമണവും കുറവ്. സെന്റിൽ 400 എണ്ണം വരെ നിക്ഷേപിക്കാം. 

ജയന്റ് ഗൗരാമി

പേരു സൂചിപ്പിക്കുംപോലെ ഭീമന്മാരാണ് ഇവര്‍. രുചിയില്‍ മുമ്പൻ. ആദ്യ രണ്ടു വര്‍ഷം വളര്‍ച്ചയില്‍ പിന്നോട്ടാണ്. എന്നാല്‍, രണ്ടു വയസിനു ശേഷമുള്ള വളര്‍ച്ച ദ്രുതഗതിയിൽ. ഉറപ്പുള്ള മാംസം. പൂച്ച മത്സ്യങ്ങളേപ്പോലെ അന്തരീക്ഷത്തില്‍നിന്നു നേരിട്ട് ശ്വസിക്കാനുള്ള അവയവമുള്ളതിനാല്‍ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞാലും പ്രശ്‌നമില്ല. എന്നാല്‍, അണുബാധയുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ചെറു പ്രായത്തില്‍ ചെതുമ്പല്‍ നീക്കിയശേഷം കറി വയ്ക്കാം. മൂന്നു വയസിനു ശേഷമാണെങ്കില്‍ ചെതുമ്പലിനൊപ്പം പുറംതൊലിയും നീക്കം ചെയ്ത് ഇറച്ചി മാത്രം വേര്‍തിരിച്ചെടുക്കാവുന്നതാണ്. കമ്യൂണിറ്റിയായി വളര്‍ത്താന്‍ യോജിച്ച ഇനം. പ്രധാനമായം ചേമ്പ്, ചേന, വാഴ എന്നിവയുടെ ഇലകളും പുല്ലും ഭക്ഷണമായി നൽകാം. ഒരു സെന്റിൽ 150–200 എണ്ണം.

fish-pearlspot
കരിമീൻ

കരിമീന്‍

കേരളത്തിന്റെ സ്വന്തം മീന്‍. ഉപ്പുള്ള ജലാശയങ്ങളില്‍ വളരുന്നുവെങ്കിലും ഇപ്പോള്‍ വീട്ടാവശ്യങ്ങള്‍ക്കായി ചെറു കുളങ്ങളിലും ജലാശയങ്ങളിലും വളര്‍ത്തുന്നവരും വിരളമല്ല. വാട്ടര്‍ സെന്‍സിറ്റീവാണ് ഏറ്റവും വലിയ പ്രശ്‌നം. വെള്ളത്തിന്റെ ഘടനയില്‍ മാറ്റം വന്നാല്‍ പെട്ടെന്നുതന്നെ ചാകും. അതുകൊണ്ട് പ്രത്യേത ശ്രദ്ധ ആവശ്യമാണ്. അനുകൂല സാഹചര്യമാണെങ്കിൽ പെട്ടെന്ന് പെറ്റുപെരുകുകയും ചെയ്യും.

അനാബസ്

അന്തരീക്ഷത്തിൽനിന്നു ശ്വസിക്കാൻ ശേഷിയുള്ള മത്സ്യം. മിശ്രഭുക്ക്. അതുകൊണ്ടുതന്നെ എന്തു ഭക്ഷണവും നന്നായി കഴിക്കും. കരകയറിപ്പോകുന്ന സ്വഭാവമുള്ളതിനാൽ കുളത്തിനു വലയിടുന്നതോ ചുറ്റും ചെറിയ വേലി കെട്ടുന്നതോ നല്ലത്. ശരീരത്തിൽ ഈർപ്പമുണ്ടെങ്കിൽ മണിക്കൂറുകളോളം ചാകാതെ നിൽക്കും. പരസ്പരം ആക്രമിക്കുന്ന സ്വഭാവം ഉള്ളതിനാൽ ചെറുപ്രായത്തിൽ 3 നേരമെങ്കിലും ഭക്ഷണം നൽകുന്നത് നന്ന്. സെന്റിൽ 400 എണ്ണം വരെ വളർത്താം. 

TILAPIA-FISH
തിലാപ്പിയ

തിലാപ്പിയ

കേരളത്തില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച മത്സ്യം. വളരെവേഗം പെറ്റുപെരുകും. ഭക്ഷണാവശ്യത്തിനായി വളര്‍ത്തുമ്പോള്‍ ലിംഗനിര്‍ണയം നടത്തി പ്രത്യേകം പ്രത്യേകം പാര്‍പ്പിക്കുന്നത് വളര്‍ച്ചത്തോത് വര്‍ധിപ്പിക്കും. അല്ലാത്തപക്ഷം പ്രജനനം നടന്ന് വളര്‍ച്ച കുറയും. പ്രജനനശേഷി ഇല്ലാതാക്കിയ ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാമ്ഡ് തിലാപ്പിയ (ഗിഫ്റ്റ്), മോണോ സെക്സ് തിലാപ്പിയ (എംഎസ്‌ടി) തുടങ്ങിയ നൈൽ തിലാപ്പിയയുടെ വകഭേദങ്ങൾ ഇപ്പോള്‍ പ്രചാരത്തിലുണ്ട്.

ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാമ്ഡ് തിലാപ്പിയ

കാര്‍ഷികവിളകളിലും മൃഗസംരക്ഷണ മേഖലയിലും ജനിതകപരമായി മികച്ച ഇനങ്ങള്‍ കണ്ടെത്തുന്നതിനായി സെലക്ടീവ് ബ്രീഡിങ് നടത്താറുണ്ട്. 1980കളിലാണ് ഫിഷ് ഫാമിംഗ് മേഖലയില്‍ സെലക്ടീവ് ബ്രീഡിങ് പരീക്ഷിക്കുന്നത്. ലോകത്താകമാനം വളര്‍ത്തിയിരുന്ന നൈല്‍ തിലാപ്പിയ വര്‍ഗത്തിലെ പുതിയ തലമുറയുടെ വളര്‍ച്ച ക്രമാതീതമായി കുറയുന്നത് വലിയ പ്രശ്‌നമായി മാറിയതോടെയാണ് തിലാപ്പിയ മത്സ്യങ്ങളിലേക്ക് ഗവേഷകര്‍ തിരിഞ്ഞത്. ഇതേത്തുടര്‍ത്ത് ജെനറ്റിക്ക് ഇംപ്രൂവ്‌മെന്റ് ഓഫ് ഫാമ്ഡ് തിലാപ്പിയ (ഗിഫ്റ്റ്) പ്രോജക്ട് വന്നു. ഇത് നൈല്‍ തിലായപ്പിയകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ഉപകരിച്ചുവെന്നു മാത്രമല്ല പ്രതിസന്ധിയിലായ അനേകം ചെറുകിട-വന്‍കിട മത്സ്യകര്‍ഷകരെ സഹായിക്കുകയും ചെയ്തു. വികസ്വരരാജ്യങ്ങള്‍ക്ക് വലിയൊരു കുതിച്ചുചാട്ടം നൽകിയ പദ്ധതിയായിരുന്നു ഗിഫ്റ്റ്.

85ലധികം രാജ്യങ്ങളില്‍ വളര്‍ത്തിവരുന്ന മത്സ്യമാണ് തിലാപ്പിയ. രോഗപ്രതിരോധശേഷി, ഏതു കാലവസ്ഥയിലും ജീവിക്കാനുള്ള കഴിവ്, മിശ്രഭുക്ക് തുടങ്ങിയ സ്വഭാവങ്ങളാണ് തിലാപ്പിയയ്ക്കു ലോകശ്രദ്ധ നേടിക്കൊടുത്തത്. എന്നാല്‍, ലോകത്തെമ്പാടും വളര്‍ത്തുന്ന തിലാപ്പിയകളില്‍ ഏറിയപങ്കും അവയുടെ തനത് ജനിതകഗുണം ഇല്ലാത്തവയാണ്.

English summary: Backyard Pond Fish Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com