ADVERTISEMENT

2021 ഒക്ടോബർ 16 ശനി കടന്നുപോയത് കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് ആയല്ലൂർ ജേക്കബ് ജോസഫിന് ഒരിക്കലും മറക്കാൻ കഴിയാത്ത സാഹചര്യം ഒരുക്കിക്കൊണ്ടാണ്. ഒറ്റ ദിവസംകൊണ്ട് മത്സ്യക്കർഷകനായ ജേക്കബിനുണ്ടായ നഷ്ടം 23 ലക്ഷം രൂപയുടേതാണ്. കഴിഞ്ഞ ഒക്ടോബറിൽ കൂട്ടിക്കൽ, കാഞ്ഞിരപ്പള്ളി മേഖലകളിലുണ്ടായ ശക്തമായ മഴയുടെയും ഉരുൾപൊട്ടലിന്റെയും ഇരകളിലൊരാളാണ് ജേക്കബും.

അന്ന് സംഭവിച്ചത്

ശക്തമായ മഴ തുടരുന്നതിനിടെ പെട്ടെന്നാണ് പറമ്പിലേക്ക് വെള്ളം ഇരച്ചു കയറിയത്. വീട്ടിൽനിന്ന് 100 മീറ്ററിലേറെ അകലെയായി ഒഴുകുന്ന മണിമലയാറിൽ നിന്നുള്ള വെള്ളം ജേക്കബിന്റെ കൃഷിയിടത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. പുഴയിൽനിന്നും റോഡിൽനിന്നും താരതമ്യേനെ ഉയത്തിലുള്ള ജേക്കബിന്റെ വീടിന്റെ നട വരെ വെള്ളമെത്തി. അതോടൊപ്പം റബർത്തോട്ടത്തിൽ ഒരുക്കിയിരുന്ന മത്സ്യക്കുളങ്ങൾ പൂർണമായും മുങ്ങിപ്പോകുകയും ചെയ്തു. 

2018ലെ മഹാ പ്രളയത്തിൽപ്പോലും കൃഷിയിടത്തിന്റെ ചെറിയൊരു ഭാഗത്തുമാത്രമായിരുന്നു വെള്ളം കയറിയത്. അതുകൊണ്ടുതന്നെ അത് കണക്കുകൂട്ടിയായിരുന്നു മത്സ്യക്കുളങ്ങൾ നിർമിച്ചതും. എന്നാൽ, കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് മണിമലയാർ മത്സ്യക്കുളങ്ങളും അതിലെ മത്സ്യങ്ങളെയും എടുത്തുകൊണ്ടുപോയി. ഒഴുക്കു തടസ്സപ്പെടുത്തി പാലത്തിന്റെ തൂണുകളിൽ മരക്കമ്പുകളും ചപ്പുചവറുകളും അടിഞ്ഞതാണ് ഇത്തരത്തിലൊരു ദുരന്തം ജേക്കബിന് ഉണ്ടാകാൻ കാരണം. 

Heavy-rain-flooding-hit-fish-farm-6-
ജേക്കബിന്റെ മത്സ്യക്കുളങ്ങൾ വെള്ളത്താൽ മൂടിയപ്പോൾ

നഷ്ടം ചില്ലറയല്ല

നവംബർ ഒന്നിന് വിളവെടുപ്പുത്സവം നടത്താം എന്ന രീതിയിൽ വളർന്നുവന്ന ശരാശരി അര കിലോഗ്രാം തൂക്കത്തിലെത്തിയ ഏഴായിരത്തോളം ഗിഫ്റ്റ് (തിലാപ്പിയ) മത്സ്യങ്ങളാണ് നഷ്ടപ്പെട്ടത്. വിളവെടുപ്പിനുശേഷം നിക്ഷേപിക്കാനായി നഴ്സറി ടാങ്കുകളിൽ വളർത്തിയിരുന്ന അത്രതന്നെ തിലാപ്പിയക്കുഞ്ഞുങ്ങളെയും നഷ്ടപ്പെട്ടു. അവയെ വളർത്തിയിരുന്ന 5 മീറ്റർ വ്യാസമുള്ള 12 കുളങ്ങൾക്കും സാരമായ കേടുപാടുകൾ പറ്റി. ഒരു ടാങ്കിലെ പടുതയ്ക്ക് 12,000 രൂപയോളം വില വരും. അവ പൂർണമായും കീറി നശിച്ചു. അതുപോലെതന്നെ കുളങ്ങൾ നിർമിക്കാനായി ഉപയോഗിച്ച കമ്പിവലകളും നശിച്ചു. എയറേറ്റർ, ജനറേറ്റർ എന്നിവയും ഉപയോഗിക്കാൻ കഴിയാത്തവിധം തകരാറിലായി. ഇത്രയുംതന്നെ 23 ലക്ഷം രൂപയുടെ നഷ്ടം വരും.

കൂടാതെ, പ്രജനനത്തിനായി വളർത്തിയരുന്ന ശരാശരി 4 കിലോഗ്രാം തൂക്കമുള്ള 44 ജയന്റ് ഗൗരാമി മത്സ്യങ്ങളും വിൽപനയ്ക്കു പാകമായ ജയന്റ് ഗൗരാമി കുഞ്ഞുങ്ങളും ഒഴുകിപ്പോയി. കുഞ്ഞുങ്ങളുടെ എണ്ണം എത്രയെന്ന് അറിയില്ലെന്ന് ജേക്കബ്. ജയന്റ് ഗൗരാമി മത്സ്യങ്ങൾക്ക് ഇപ്പോഴത്തെ മാർക്കറ്റ് വില അനുസരിച്ച് കിലോഗ്രാമിന് 500–600 രൂപ വിലയുണ്ട്. അതുപോലെ അവയുടെ നിറമുള്ള ഇനങ്ങളായ പിങ്ക്, ആൽബിനോ എന്നിവയ്ക്ക് വിലയേറും. അതുകൊണ്ടുതന്നെ ജയന്റ് ഗൗരാമികളുടെ നഷ്ടംതന്നെ വലുതാണ്.

Heavy-rain-flooding-hit-fish-farm-7-
ജേക്കബിന്റെ മത്സ്യക്കുളങ്ങൾ വെള്ളത്താൽ മൂടിയപ്പോൾ. ഇതിനുശേഷം വെള്ളം വീണ്ടും ഉയർന്നിരുന്നു

അതിജീവനത്തിന്റെ പാതയിൽ

ആ ദുരന്തം കടന്നുപോയിട്ട് 8 മാസം പിന്നിട്ടിരിക്കുന്നു. പതിയെപ്പതിയെ മത്സ്യക്കൃഷി തുടങ്ങിയിട്ടുമുണ്ട്. ഏതാനും ബയോഫ്ലോക് ടാങ്കുകൾ അറ്റകുറ്റപ്പണികൾ നടത്തി പുതിയ പടുത വിരിച്ച് മത്സ്യങ്ങളെ നിക്ഷേപിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചറിന്റെ വല്ലാർപാടത്തുള്ള മൾട്ടി സ്പീഷിസ് അക്വാകൾച്ചർ സെന്ററിൽനിന്നെത്തിച്ച ഗിഫ്റ്റ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ) മത്സ്യങ്ങളെയാണ് കൃഷിക്കായി ഉപയോഗിച്ചുപോരുന്നത്. ഇപ്പോൾ മത്സ്യങ്ങളെ നിക്ഷേപിച്ചിട്ട് 3 മാസം പിന്നിട്ടിരിക്കുന്നു. ഒന്നര മാസം കഴിയുമ്പോൾ വിളവെടുക്കാൻ കഴിയും. ക്രമേണ മറ്റു ടാങ്കുകൾ കൂടി കൃഷിക്ക് യോഗ്യമാക്കാനാണ് തീരുമാനം.

കുഴി കുത്തി ചാക്കുകളിൽ മണ്ണു നിറച്ച് അടുക്കിയാണ് ജയന്റ് ഗൗരാമികൾക്കുള്ള കുളങ്ങൾ തയാറാക്കിയിരുന്നത്. വെള്ളം കയറി ചില കുളങ്ങളുടെ പടുത അടിയിൽനിന്ന് മുകളിലേക്ക് ഉയരുകയും കീറുകയും ചെയ്തിരുന്നു. ഒട്ടുമിക്ക കുളങ്ങളും ഉപയോഗയോഗ്യമാക്കി സുഹൃത്തുക്കളിൽനിന്നു ശേഖരിച്ച മത്സ്യങ്ങളെ നിക്ഷേപിച്ചു വളർത്തിത്തുടങ്ങി. ഏതാനും കുളങ്ങളിൽ കുഞ്ഞുങ്ങൾ ഇറങ്ങിയിട്ടുണ്ട്. 

Heavy-rain-flooding-hit-fish-farm-4-
വെള്ളം കയറി നശിച്ച ഒരു ബയോഫ്ലോക്ക് മത്സ്യക്കൃഷി ടാങ്ക്

സാമ്പത്തിക ബാധ്യതയുണ്ട്

ഒരു കർഷകനെ സംബന്ധിച്ചിടത്തോളം പ്രകൃതിക്ഷോഭമോ കാലാവസ്ഥാ വ്യതിയാനമോ വരുത്തുന്ന ആഘാതം ചെറുതല്ല. വലിയ മുതൽമുടക്കിൽ തുടങ്ങിയ കൃഷി അപ്പാടെ നശിക്കുമ്പോൾ വീണ്ടും ആരംഭിക്കാൻ മൂലധനം തിരയേണ്ടിവരും. അതുകൊണ്ടുതന്നെ മാനസിക സമ്മർദ്ദങ്ങളെ അതിജീവിച്ചാൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയൂ. ഇപ്പോൾ 20 ലക്ഷം രൂപയുടെ കടബാധ്യത തനിക്കുണ്ടെന്ന് ജേക്കബ് പറയുന്നു. കൃഷിയിലൂടെത്തന്നെ അത് നികത്താനാകുമെന്ന പ്രതീക്ഷയിലാണ് ഈ യുവ കർഷകൻ. ഒപ്പം ഇനിയൊരു പ്രളയമുണ്ടായാൽ നിലനിൽപ്പ് മുന്നിൽക്കണ്ട് ഒരു കോഴി ഫാം കൂടി തുടങ്ങാനുള്ള പണികളും പുരോഗമിക്കുന്നു.  

ഫോൺ: 9539226226

English summary: Heavy rain, flooding hit fish farm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com