ADVERTISEMENT

ദീർഘകാലം ഗൾഫിൽ കഴിഞ്ഞിട്ടും ബ്ലെയ്സിയുടെ മനസ്സിലെ കൃഷിപ്പച്ചപ്പിനു തെളിച്ചം കൂടുകയല്ലാതെ തെല്ലും മങ്ങലുണ്ടായില്ല. മക്കൾ പഠനവും വിവാഹവുമായി മുതിർന്നപ്പോൾ സമയം കുറേക്കൂടി ബാക്കിയായി. കൃഷിയെക്കുറിച്ചുള്ള പകൽസ്വപ്നങ്ങളുടെ ദൈർഘ്യം   കൂടി. ഭാര്യയുടെ കൃഷിതാൽപര്യങ്ങളെ  ഭർത്താവും തുണച്ചതോടെ പകൽസ്വപ്നം ഏക്കറുകൾ വരുന്ന പഴവർഗ കൃഷിയിടമായി ഫലിച്ചു. 14 വർഷം മുൻപ് ചവറയിലെ പുരയിടത്തിൽ കൃഷി തുടങ്ങിയ ബ്ലെയ്സി ഇന്ന് സംസ്ഥാനത്തെതന്നെ മുൻനിരക്കൃഷിക്കാരിൽ ഒരാൾ. 

അഷ്ടമുടിക്കായലിന്റെ തീരത്തെ നാലേക്കർ പുരയിടം നിറയെ വിളഞ്ഞു കിടക്കുന്ന ഒട്ടേറെയിനം പഴവർഗവിളകൾ, പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഇരുപതേക്കറോളം വരുന്ന തെങ്ങിൻതോപ്പിൽ ഇടവിളയായും തനിവിളയായും വളർന്ന് വരുമാനത്തിലെത്തിയ മാവിനങ്ങൾ, സ്വന്തം ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്കു നേരിട്ടു വിൽക്കാൻ ചവറയിൽ മനോഹരമായ ഔട്ട്‌ലെറ്റ്; ഇവയൊന്നും ഒരു സുപ്രഭാതത്തിൽ ഒന്നിച്ചു മുതലിറക്കി സൃഷ്ടിച്ചതല്ല, തെറ്റിയും തിരുത്തിയും ഒന്നിനെ പത്താക്കിയും ഈ വനിത നടത്തിയ അധ്വാനത്തിന്റെയും ആസൂത്രണങ്ങളുടെയും സദ്ഫലമാണ്.  അങ്ങനെ കൈവന്ന വരുമാന സുസ്ഥിരതയാണ് ഈ കൃഷിയിടത്തിന്റെ മേന്മയും. 

blaizy-2
ബ്ലെയ്‌സി

മാവുകൃഷി മുതൽ മാംഗോ ടൂറിസം വരെ

ഭാവിയിലേക്കുള്ള കൃഷിയിനങ്ങളിൽ മുൻനിരയില്‍ സ്ഥാനം നേടുക പഴവവർഗങ്ങളെന്നു  വർഷങ്ങൾക്കു മുൻപേ തിരിച്ചറിഞ്ഞു ഈ കർഷക. ഒപ്പം സുഗന്ധവിളകളുടെ സുസ്ഥിര വിപണിയെക്കുറിച്ചും മനസ്സിലാക്കി. പാലക്കാട്ട് തെങ്ങിൻതോപ്പു വാങ്ങുമ്പോൾ അവിളവും  വരുമാനവും തീരെക്കുറവായിരുന്നു. മികച്ച നഴ്സറികളിൽനിന്ന് തൈകൾ വാങ്ങി നട്ട് തെങ്ങുകൃഷി വീണ്ടെടുക്കുകയാണ് ആദ്യം ചെയ്തത്.  ഒപ്പം മുന്നൂറിലേറെ ജാതിയും നട്ടു.  പിന്നാലെ തെങ്ങിനിടവിളയായും, ഏക്കറിന് 380 മാവുകൾ എന്ന കണക്കിൽ അതിസാന്ദ്രതാരീതിയിൽ തനിവിളയായും മാവുകൃഷി.  സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സുകളിലെല്ലാം മഞ്ഞള്‍ ഉൾപ്പെടെ ഹ്രസ്വകാല വിളകൾ. 

വിളകളെല്ലാം ഉൽപാദനത്തിലേക്കു വളർന്നപ്പോൾ വിപണനത്തിനു ബ്ലെയ്സി വേറിട്ട വഴികൾ തേ ടി. മാംഗോ ഫെസ്റ്റും ഫാം സ്േറ്റാറിയും ഉദാഹരണങ്ങൾ. അൽഫോൻസോയും സിന്ധൂരവും തോ ത്താപ്പൂരിയും മൂവാണ്ടനുമടക്കം   ഒട്ടേറെ  മാവിനങ്ങൾ. മാമ്പഴത്തിൽ മുഖ്യ പങ്കും നൽകുന്നത് ഹോർട്ടികോർപിനു തന്നെ. മൊത്തവിൽപന ലാഭകരവും സുരക്ഷിതവുമാണെങ്കിൽപോലും ചില്ലറ വിപണിയിലൂടെ നേരിട്ട് ഉപഭോക്താവിലേക്കു തിരിയുമ്പോഴാണ് വരുമാനത്തിൽ കാതലായ മാറ്റം ഉണ്ടാകുന്നതെന്നു ബ്ലെയ്സി. അതിനുള്ള മാർഗമാണ് മാംഗോ ഫെസ്റ്റും മാംഗോ ടൂറിസവും.

മാവുകൃഷി വിപുലമായ ഇതര സംസ്ഥാനങ്ങളിലെല്ലാം മാംഗോ ടൂറിസം പ്രചാരത്തിലുണ്ട്. മാമ്പഴക്കാലത്ത് മാന്തോട്ടങ്ങളിലെ കോട്ടേജുകളിൽ താമസിക്കാനും വിവിധയിനം മാമ്പഴങ്ങൾ ആസ്വദിക്കാനും അവസരമൊരുക്കുന്നു മാംഗോ ടൂറിസം. ഭക്ഷണമുൾപ്പെടെ സൗകര്യമൊരുക്കി, മാന്തോട്ടത്തിലൂടെ ചെറുവണ്ടികളിൽ സഞ്ചരിച്ചു മാമ്പഴക്കാലം ആസ്വദിക്കാവുന്ന ഏകദിന പാക്കേജുകൾ കൃഷിയിടങ്ങളില്‍ നല്‍കുന്നു. ഇക്കൊല്ലം നടത്തിയ മാംഗോ ഫെസ്റ്റിലേക്ക് സന്ദർശകരെ ക്ഷണിച്ച് ഈ ആശയത്തിലേക്കു ചുവടുവച്ചു കഴിഞ്ഞു ബ്ലെയ്സി.  

blaizy-1
ബ്ലെയ്‌സി

ഫാം സ്റ്റോറി

സ്വന്തം ആവശ്യത്തിനുള്ള ഫലവൃക്ഷത്തൈകളുടെ ഉൽപാദനം വിപുലീകരിച്ചതിന്റെ ഗുണഫലമാണ് ഫാം സ്റ്റോറി എന്ന നഴ്സറിയെന്നു ബ്ലെയ്സി. കൊഴിഞ്ഞാമ്പാറയിലും ചവറയിലെ പുരയിടത്തിലും വിപുലമായ രീതിയിൽ മാവും പ്ലാവും വിദേശയിനം ഫലവൃക്ഷത്തൈകളുമെല്ലാം ആവശ്യമായി വന്നപ്പോഴാണ് തൈകൾ സ്വയം ഉൽപാദിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നത്. പലയിടങ്ങളിൽനിന്നായി തേടിപ്പിടിച്ച്  പുരയിടത്തിൽ  വർഷങ്ങൾകൊണ്ടു വളർത്തിയെടുത്ത അപൂർവം പഴവർഗങ്ങളുടെ തൈകളും ലഭ്യമാക്കാം എന്നു തീരുമാനിച്ചു. പഴത്തിന് 10 സെന്റീ മീറ്റർ നീളമെത്തുന്ന പാക്കിസ്ഥാനി മൾബെറി തുടങ്ങി അപൂർവ ചാമ്പയിനങ്ങൾ ഉൾപ്പെടെ ഒട്ടേറെ വൈവിധ്യങ്ങൾ ഫാം സ്റ്റോറിയിലൂടെ വിപണിയിലെത്തിക്കുന്നു ബ്ലെയ്സി. അൽഫോൻസോയും തോത്താപ്പൂരിയും ബംഗനപ്പള്ളിയും സിന്ധൂരവും മൂവാണ്ടനും ഉൾപ്പെടെയുള്ള മാവിനങ്ങളുടെ തൈകൾക്കും മധ്യകേരളത്തിൽ മികച്ച സ്വീകാര്യതയുണ്ട്. 

നേരിട്ടുള്ള വിപണി ഒരുങ്ങിയതോടെ കൃഷിയിടത്തിൽ വിളയുന്ന എതുൽപന്നവും എത്ര ചെറിയ അളവിലാണെങ്കിൽപ്പോലും വിറ്റഴിക്കാമെന്ന ധൈര്യം വന്നു. ഒരു പപ്പായ ആയാലും ഒരു കിലോ പാഷൻഫ്രൂട്ടായാലും ഒരു ക്വിന്റൽ റംബുട്ടാനായാലും ഒരു പിടി   ചീരയായാലും വിപണി ഉറപ്പ്.  ഉപഭോക്താക്കളെ ചേർത്തു രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിൽ അതതു ദിവസത്തെ ഉൽപന്നത്തിന്റെ വിവരം ലഭ്യമാക്കുമ്പോൾത്തന്നെ ബുക്കിങ് എത്തും.

നഴ്സറിയിൽനിന്ന് താമസിയാതെ  മൂല്യവർധിത ഉൽപന്നങ്ങളിലേക്കും തിരിഞ്ഞു. നിലവിൽ സ്വന്തം കൃഷിയിടത്തിലെ കുരുമുളകും മഞ്ഞൾപൊടിയും മുതൽ വാളംപുളി വരെ ഫാം സ്റ്റോറി എന്നു ബ്രാൻഡ് ചെയ്ത് ഉന്നത നിലവാരത്തിൽ പായ്ക്ക് ചെയ്ത് ഔട്ട്‌ലെറ്റ് വഴി   വിറ്റഴിക്കുന്നു. കൊഴിഞ്ഞാമ്പാറയിൽ വിളവെടുക്കുന്ന ജാതിക്കയിൽ ഒരു പങ്ക് പത്രിയും കായയും വേർതിരിച്ച് ബ്രാൻഡ് ചെയ്തു വിൽക്കുന്നു. അടർന്നു പോകാതെ ഉണക്കിയെടുത്ത ജാതിപത്രി ഫ്ലവർ 30 ഗ്രാം 95 രൂപയ്ക്കാണു വിൽപന. അതായത്, കിലോയ്ക്ക് 3000 രൂപയ്ക്കു മുകളിലെത്തുന്നു ചില്ലറവില. ഉൽപാദിപ്പിക്കുന്നതിന്റെ ഒരു പങ്ക് ചില്ലറവിപണിയിലേക്കു നേരിട്ടു വിൽക്കുമ്പോൾ വിലയിടിവിനെ ചെറുക്കാനാവും എന്നതിനു മികച്ച ഉദാഹരണം. 

ചവറയിലെ പുരയിടം പൂർണമായും അപൂർവ പഴവർഗച്ചെടികൾക്കായി മാറ്റിവച്ചിരിക്കുകയാണ്. അഷ്ടമുടിക്കായലിനെ തൊട്ടുനിൽക്കുന്ന പുരയിടത്തിലേക്ക്  പുതിയ പഴച്ചെടികൾ എത്തിക്കൊണ്ടി രിക്കുന്നു. കായൽക്കാറ്റേറ്റ്, കായലോളങ്ങൾ കണ്ട്, അപൂർവമായ പഴങ്ങൾ ആസ്വദിക്കാൻ സഞ്ചാരികളെ ക്ഷണിക്കുന്ന ഫാം ടൂറിസം തന്നെ ലക്ഷ്യം. കൊഴിഞ്ഞാമ്പാറയിലെ കൃഷിയിടത്തിലാകട്ടെ, ഗൾഫിലെ ഫ്ലാറ്റിലിരുന്നു  ബ്ലെയ്സി സ്വപ്നം കണ്ടതെല്ലാം യാഥാർഥ്യമാക്കിക്കഴിഞ്ഞു.   

ഒന്നും പക്ഷേ എളുപ്പമായിരുന്നില്ലെന്നു ബ്ലെയ്സി പറയും. മുടക്കാൻ മൂലധനമുള്ളതുകൊണ്ടു മാത്രം വിജയിക്കുന്നതല്ല കൃഷി. പഠിക്കാനും തിരുത്താനും പൊരുതാനും അതിജീവിക്കാനുമെല്ലാം വർഷങ്ങേളോളം നടത്തിയ ശ്രമത്തിന്റെ ഫലമാണ് ഇന്നു കാണുന്ന സുസ്ഥിര കൃഷിയിടം. സു സ്ഥിരതയിൽ വരുമാനത്തിലെ സ്ഥിരത തന്നെ പ്രധാനം. കൃഷിയിനങ്ങൾ തിരഞ്ഞെടുക്കുന്നതു മുതൽ ഫലപ്രദമായ വിപണനംവരെയുള്ള ഘടകങ്ങൾ പരസ്പരം ഇണങ്ങുമ്പോൾ മാത്രമെ ഈ സുസ്ഥിരത കൈവരൂ എന്നും ബ്ലെയ്സി ഓർമിപ്പിക്കുന്നു.

ഫോൺ: 7356864896

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com