ADVERTISEMENT

ഇന്ത്യൻ റബർ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്കു ചുവടുവച്ചത്‌ കാർഷികമേഖലയെ കോരിത്തരിപ്പിച്ചു. ‌ജൂണിൽ സംസ്ഥാനത്ത്‌ കാലവർഷം ദുർബലമായിരുന്നതിനാൽ റബർ ടാപ്പിങിന്‌ അനുകൂല സാഹചര്യമായിരുന്നു. ഇത് ഒരു വിഭാഗം കർഷകർ നേട്ടമാക്കി.  

കാലവർഷാരംഭത്തിൽ റബർ വെട്ടിന്‌ പലപ്പോഴും കാര്യമായ അവസരം കാർഷിക മേഖലയ്‌ക്കു ലഭിക്കാറില്ല. എന്നാൽ ഇക്കുറി മഴയുടെ അളവ്‌ അൻപത്‌ ശതമാനത്തിൽ അധികം കുറഞ്ഞത്‌ ഉൽപാദനം മെച്ചപ്പെടുത്തിയെങ്കിലും പുതിയ ഷീറ്റ്‌ വിൽപ്പനയ്‌ക്ക്‌ ഇറക്കുന്നതിൽ കഴിഞ്ഞ നാലാഴ്‌ചകളിൽ കാർഷിക മേഖല കാര്യമായി ഉത്സാഹിച്ചില്ല. 

ഇതിനിടെ ഈ മാസവും മഴയുടെ അളവിൽ കുറവ്‌ സംഭവിക്കുമെന്ന കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനങ്ങൾക്കിടയിൽ സംസ്ഥാനത്ത്‌ പരക്കെ മഴ ലഭ്യമായത്‌ മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ റബർ ഉൽപാദകരുടെ കണക്കുകൂട്ടൽ തെറ്റിച്ചു. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കർണാടകത്തിലും മാത്രമല്ല ത്രിപുരയിലും ജൂലൈയിൽ മഴയുടെ അളവ്‌ ഉയരാം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാലവർഷം കനത്താൽ റബർവെട്ട്‌ തടസപ്പെടുമെന്നത്‌ കേരളത്തിൽനിന്നു ഷീറ്റ്‌ ശേഖരിക്കാൻ വ്യവസായികളെ വരും മാസങ്ങളിൽ പ്രേരിപ്പിക്കാം.

മുഖ്യ വിപണികളിൽ നിന്നും റബർ സംഭരിക്കാൻ വൻകിട ചെറുകിട വ്യവസായികൾ കാണിച്ച ഉത്സാഹം നാലാം ഗ്രേഡിനെ ഇതിനകം കിലോ 180 രൂപയിലെത്തിച്ചു. വ്യവസായികളുടെ പിൻതുണ തുടരുന്നതിനാൽ തൽക്കാലം ഈ റേഞ്ചിൽ റബർ സഞ്ചരിക്കുമെന്ന വിശ്വാസത്തിലാണ്‌ ഒരു വിഭാഗം വ്യാപാരികൾ.  

ഉൽപാദന കേന്ദ്രങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഇക്കുറി ഷീറ്റ്‌ സ്റ്റോക്കുണ്ടെന്നാണ്‌ ഇടപാടുകാരുടെ വിലയിരുത്തൽ. മുൻ വർഷം കൊവിഡ്‌ വ്യാപനം മൂലം ടാപ്പിങിനുള്ള സാഹചര്യം കേരളത്തിലെ കർഷകർക്ക്‌ വേണ്ടത്ര ലഭിച്ചില്ല. എന്നാൽ ഇക്കുറി സ്ഥിതിഗതികളിലുണ്ടായ മാറ്റം റബർ ഉൽപാദകമേഖലയ്‌ക്ക്‌ അനുകൂലമായി.

വർഷാരംഭത്തിൽ കിലോ 159 രൂപ വരെ താഴ്‌ന്ന്‌ നാലാം ഗ്രേഡ്‌ പിന്നീട്‌ തിരിച്ചു വരവിന്‌ പല അവസരത്തിലും ശ്രമം നടത്തിയെങ്കിലും രാജ്യാന്തര വിപണിയിലെ തളർച്ച ആഭ്യന്തര മാർക്കറ്റിനെയും പിടികൂടിയത്‌ വൻകിട തോട്ടങ്ങളുടെ പ്രവർത്തനങ്ങളെ ചെറിയ അളവിൽ ബാധിച്ചു. എന്നാൽ പ്രതിസന്ധിയുടെ ദിനങ്ങൾക്ക്‌ അവധി നൽകി ജൂൺ മുതൽ പടിപടിയായി ഉയർന്ന്‌ മികച്ചയിനം റബർ ഈ വർഷത്തെ ഏറ്റവും ആകർഷകമായ നിലവാരത്തിലാണ്‌. ഉയർന്ന വില രേഖപ്പെടുത്തിയതിനിടയിൽ റെയിൻ ഗാർഡ്‌ ഇട്ടതോട്ടങ്ങളിൽ വെട്ട്‌ മുറയ്‌ക്ക്‌ മുന്നേറുന്നുണ്ട്‌. ചെറുകിട വ്യവസായികൾ ലാറ്റക്‌സ്‌ കിലോ 115 രൂപയ്‌ക്ക്‌ ശേഖരിക്കാൻ ഉത്സാഹിച്ചപ്പോൾ ഒട്ടുപാൽ വില 130ലേക്കു ചുവടുവച്ചു.   

ഭക്ഷ്യയെണ്ണ വിപണിയിൽ ഉൽപാദക രാജ്യങ്ങൾ  കൊമ്പുകോർത്തത്‌ വിലത്തകർച്ചയുടെ ആക്കം വർധിപ്പിച്ചു. ആറു മാസത്തിനിടയിലെ ഏറ്റവും താഴ്‌ന്ന റേഞ്ചിലേക്ക്‌ പാം ഓയിൽ വില സഞ്ചരിച്ചത്‌ ഇന്തോനേഷ്യയും മലേഷ്യയെയും ഒരു പോലെ ഞെട്ടിച്ചു. മേയ്‌ മാസം ഇന്തോനേഷ്യ കയറ്റുമതിക്ക്‌ ഏർപ്പെടുത്തിയ നിരോധനം മൂലം ഉയർന്ന അളവിൽ ചരക്ക്‌ കെട്ടിക്കിടക്കുന്നത്‌ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്‌ ജക്കാർത്ത. കഴിഞ്ഞ മാസം അവർ 1.7 ദശലക്ഷം ടണ്ണിൽ അധികം പാം ഓയിൽ കയറ്റുമതി നടത്തി. 

മത്സരം കനത്തതോടെ മലേഷ്യൻ പാം ഓയിൽ സംസ്‌കരണ രംഗത്തെ രണ്ടു പ്രമുഖ ബ്രാൻഡുകൾ ഉൽപാദനം താൽക്കാലികമായി നിർത്തിയെങ്കിലും ഇത്‌ വിപണിയുടെ തിരിച്ചുവരവിന്‌ അവസരം ഒരുക്കിയില്ല. അടുത്ത മാസം കൈമാറാനുള്ള പാം ഓയിൽ വില ടണ്ണിന്‌ 1128 ഡോളർ വരെ താഴ്ന്നത്‌ ഉൽപാദകരുടെ പ്രതീക്ഷകൾക്ക്‌ മങ്ങലേൽപ്പിച്ചു. നേരത്തെ വില ടണ്ണിന്‌ 1500 ഡോളറിലേക്ക്‌ ഉയർന്നിരുന്നു. വിളവെടുപ്പ്‌ വേളയായതിനാൽ ലഭ്യത ഉയർന്നുവെന്ന്‌ മാത്രമല്ല ഉൽപാദനവും വർധിച്ചത്‌ മലേഷ്യയെ ആശങ്കയിലാക്കുന്നു. 

ഉത്സവ സീസണിലെ ബംബർ വിൽപ്പന മുന്നിൽക്കണ്ട്‌ പുതിയ വിദേശ കച്ചവടങ്ങൾക്ക്‌ ഉത്തരേന്ത്യൻ ഭക്ഷ്യയെണ്ണ വ്യവസായികൾ നീക്കം തുടങ്ങി. പിന്നിട്ട രണ്ട്‌ വർഷങ്ങളിലെ മരവിപ്പിൽ നിന്നും ദീപാവലി വേള വരെ വിപണി ശക്തമായ കുതിച്ചുചാട്ടം നടത്തുമെന്നാണ്‌ അവരുടെ വിലയിരുത്തൽ. ഭക്ഷ്യയെണ്ണ വിൽപ്പന ഉയരുമെന്നതിനാൽ പരമാവധി എണ്ണ കരുതൽ ശേഖരത്തിലേക്ക്‌ നീക്കുന്നുണ്ട്‌. സുര്യകാന്തിയെണ്ണ വരവ്‌ കുറവായതിനാൽ പാം ഓയിൽ മുൻപന്തിയിൽ തുടരുകയാണ്‌.

ഒരു മാസത്തിലേറെയായി വെളിച്ചെണ്ണ വിപണി നിർജീവാവസ്ഥയിലാണ്‌. ഇറക്കുമതി എണ്ണകളുടെ നിരക്ക്‌ താഴ്‌ന്നതിനൊപ്പം ലഭ്യത ഉയർന്നതോടെ പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയിലാണ്‌ വെളിച്ചെണ്ണ. വൻകിട മില്ലുകാരും ബഹുരാഷ്‌ട്ര കമ്പനികളും കൊപ്ര സംഭരണത്തിൽ വരുത്തിയ നിയന്ത്രണങ്ങൾ പച്ചത്തേങ്ങ വിലയെ സ്വാധീനിച്ചു. മഴ കനത്തതോടെ പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ്‌ മന്ദഗതിയിലാണെങ്കിലും നിരക്ക്‌ ഉയർത്തി ചരക്ക്‌ എടുക്കാൻ വ്യവസായികൾ താൽപര്യം കാണിച്ചില്ല. കൊച്ചിയിൽ കൊപ്ര തുടർച്ചയായ അഞ്ചാം വാരത്തിലും 8250 രൂപയിലാണ്‌, കാങ്കയത്ത്‌ കൊപ്ര 8300 ൽ വിപണനം നടന്നു. 

കാലാവസ്ഥ അനുകൂലമായതിനാൽ അടുത്ത സീസണിൽ കുരുമുളക്‌ ഉൽപാദനം മെച്ചപ്പെടാൻ സാധ്യതകൾ തെളിയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്ത്‌തത ലഭിക്കാൻ കർക്കിടകം രണ്ടാം പകുതി വരെ കാത്തിരിക്കണം. കർക്കിടക മഴയെ ആസ്‌പദമാക്കിയാകും കൊടികളിൽ തിരികളുടെ ആയുസ്‌ നിലനിൽക്കുന്നത്‌. മഴ കനത്താൽ തിരികൾ  കൊഴിഞ്ഞുപോകാനുള്ള സാധ്യതകളും തള്ളികളയാനാവില്ല. 

ഇതിനിടെ ഉൽപാദക മേഖലകളിൽ വേണ്ടത്ര പഠനം നടത്താതെ ചില കേന്ദ്രങ്ങൾ അടുത്ത സീസണിലെ ഉൽപാദനം സംബന്ധിച്ച്‌  പ്രവചനങ്ങളുമായി രംഗത്ത്‌ ഇറങ്ങി. ഒരു പരിധി വരെ ഉത്സവവേളയിലെ വിലക്കയറ്റത്തിന്‌ തുരങ്കംവയ്ക്കാൻ മാത്രമേ തിരക്കിട്ടുള്ള പ്രവചനങ്ങൾ വഴിയൊരുക്കൂ. ഓഗസ്‌റ്റ്‌‐ഒക്‌ടോബർ കാലയളവിൽ കുരുമുളകുവില ഉയരാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്‌. അതേസമയം ഉയർന്ന തോതിലുള്ള വിദേശ മുളക്‌ അനധികൃത മാർഗ്ഗങ്ങളിലൂടെ ഉത്തരേന്ത്യൻ വിപണികളിൽ നുഴഞ്ഞുകയറിയാൽ കർഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ എരിവ്‌ പകരാൻ മുളകിനാകില്ല. അൺ ഗാർബിൾഡ്‌ കുരുമുളക്‌ കിലോ 489 രൂപയിലാണ്‌ നീങ്ങുന്നത്‌. രാജ്യാന്തര വിപണിയിൽ മലബാർ മുളകുവില ടണ്ണിന്‌ 6450 ഡോളറാണ്‌.   

English summary: Commodity Markets Review July 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com