ADVERTISEMENT

അനുകൂല കാലാവസ്ഥ ഭാഗ്യമായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ വയനാടൻ കാപ്പിക്കർഷകർ. ദക്ഷിണേന്ത്യയിൽ പിന്നിട്ട മാസങ്ങളിലെ മികച്ച കാലാവസ്ഥ തന്നെയാണ്‌ കർണാടകത്തിലെ കാപ്പിത്തോട്ടങ്ങളിലും ഇക്കുറി പൊന്നു വിളയിക്കാൻ അവസരം ഒരുക്കുന്നത്‌. നാലു ലക്ഷം ടണ്ണിലേക്ക്‌ കാപ്പിയെ ഉയർത്താനാവില്ലെങ്കിലും സർകാല റെക്കോർഡ് ആയ 3.93 ലക്ഷത്തിലേക്ക്‌ ഇക്കുറി ഉൽപാദനം ഉയരുമെന്നാണ്‌ പ്രാഥമിക പഠനങ്ങൾ വ്യക്തമാക്കുന്നത്‌. 

ഉൽപാദനത്തിൽ മാത്രമല്ല കയറ്റുമതിയിലും ഈ വർഷം ഇന്ത്യ തിളക്കമാർന്ന പ്രകടനത്തിനുള്ള തയാറെടുപ്പിലാണ്‌. ഓഫ്‌ സീസണായ ഏപ്രിൽ‐ജൂണിൽ ഒന്നരലക്ഷം ടൺ കാപ്പി കയറ്റുമതി നടത്തിയതിനാൽ സീസണിൽ കപ്പലിൽ കയറ്റാനാവുക ചരിത്രത്തിലെ ഏറ്റവും ഉയർന്ന അളവാകും. തമിഴ്‌നാട്‌, ആന്ധ്ര സംസ്ഥാനങ്ങളിലും കാപ്പി പൂവിട്ട വേളയിൽ മഴ ദോഷകരമായി ബാധിച്ചില്ലെന്നത്‌ ഉൽപാദകർക്ക്‌ നേട്ടമാവും. 

റഷ്യ തന്നെയാണ്‌ ഇന്ത്യൻ കാപ്പിയുടെ നറുമണം ആസ്വദിക്കുന്നതിൽ മുൻപന്തിയിൽ. ജൂണിൽ അവസാനിച്ച മൂന്നു മാസകാലയളവിൽ കയറ്റുമതി 37 ശതമാനം ഉയർന്നപ്പോൾ കയറ്റുമതി വരുമാനം 43.61 ശതമാനം വർധിച്ച്‌ 2461 കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വർഷം കയറ്റുമതി ലക്ഷ്യം 1088 മില്യൺ ഡോളറായി കോഫി ബോർഡ് വർധിപ്പിച്ചു. 

യൂറോപ്യൻ വിപണികളിൽ ഇന്ത്യൻ കാപ്പിക്ക്‌ ആവശ്യം ഉയർന്നെങ്കിലും കയറ്റുമതി മേഖല റഷ്യയിലാണ്‌ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌. യുദ്ധത്തിന്റെ ആകുലതകൾ കയറ്റുമതിയെ കാര്യമായി സ്വധീനിക്കുന്നില്ലെന്ന വിലയിരുത്തലുകൾ കർഷകർക്കും മികച്ച ഭാവിക്കുള്ള സാഹചര്യം ഒരുക്കും. 

റഷ്യയുമായി റൂബിൾ വ്യാപാരം സാധ്യതമാകുന്നതോടെ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമാണ്‌ പ്രതീക്ഷിക്കുന്നത്‌. ഷിപ്പ്‌മെന്റിന്‌ ആവശ്യമായ കണ്ടെയ്‌നറുകളുടെ ലഭ്യത ഉയർന്നാൽ ഡിസംബറിനു മുന്നേ ഉയർന്ന അളവിൽ കാപ്പി കടൽ കടത്താനാവും. അറബിക്ക, റോബസ്‌റ്റ കാപ്പികളുടെ ഉൽപാദനം ഉയരുന്നത്‌ വിദേശ ഡിമാൻഡ് ശക്തമാക്കും. കാപ്പിക്ക്‌ ആഭ്യന്തര ആവശ്യവും അനുദിനം ഉയരുകയാണ്‌. 

പാചകയെണ്ണവിലയിൽ ഇടിവ്

നാളികേര കർഷകരെ കൂടുതൽ സമ്മർദ്ദത്തിലാക്കി പാചകയെണ്ണ വിലകൾ കുറയുന്നു. സൂര്യകാന്തി എണ്ണ വില ടണ്ണിന്‌ 650 ഡോളർ ഇടിഞ്ഞതിനു പിന്നിൽ പാം ഓയിൽ ലോബിയുടെ ശക്തമായ മത്സരം ഒന്ന്‌ മാത്രമാണ്‌. മലേഷ്യയും ഇന്തോനേഷ്യയും പാം ഓയിൽ വിറ്റുമാറാൻ രാജ്യാന്തര തലത്തിൽ കാഴ്‌ചവച്ച മത്സരം അതിരുവിട്ടതോടെ ഉൽപാദനം കുറച്ച്‌ വിലത്തകർച്ചയെ തടയാൻ പോലും മലേഷ്യൻ ലോബി നിർബന്ധിതമായി. 

കെട്ടിക്കിടക്കുന്ന പാം ഓയിൽ ഏത്‌ വിധേനയും കപ്പൽ കയറ്റാൻ ജക്കാർത്ത നടത്തിയ ശ്രമം ക്രൂഡ്‌ പാം ഓയിൽ വില 2000 ഡോളറിൽനിന്ന് 1100ലേക്ക്‌ ഇടിച്ചു. പാംകുരു വിളവെടുപ്പ്‌ വേളയായതിനാൽ ഉൽപാദകരാജ്യങ്ങളിൽ ലഭ്യത ഉയർന്നു. റഷ്യ‐ഉക്രൈയിൻ സംഘർഷാവസ്ഥയിൽ 2350 ഡോളർ വരെ കുതിച്ച സൂര്യകാന്തി എണ്ണയിപ്പോൾ 1650 ഡോളറിലാണ്‌. ഇതിനിടെ ഇറക്കുമതി പാചകയെണ്ണകളുടെ നിരക്ക്‌ കുറയ്ക്കണമെന്ന കേന്ദ്രനിർദ്ദേശം ദക്ഷിണേന്ത്യൻ എണ്ണക്കുരു കർഷകർക്ക്‌ തിരിച്ചടിയാകും. കൊപ്രയ്‌ക്ക്‌ ഒരു മാസമായി വ്യവസായിക ഡിമാൻഡ് കുറഞ്ഞതിനാൽ താഴ്‌ന്ന വിലയ്‌ക്ക്‌ പച്ചത്തേങ്ങ ഉൽപാദകർ വിറ്റഴിക്കുന്നു. ഇറക്കുമതി എണ്ണ വില ലീറ്ററിന്‌ പതിനഞ്ച്‌ രൂപ വരെ കുറയ്ക്കണമെന്ന നിർദേശം ഫലത്തിൽ കൊപ്രയാട്ട്‌ വ്യവസായത്തിനു തന്നെ കടുത്ത ഭീഷണിയാണ്‌. 

ബഹുരാഷ്‌ട്ര കമ്പനികൾ ലീറ്ററിന്‌ 140‐145 രൂപയ്‌ക്ക്‌ വരെ വെളിച്ചെണ്ണ ഇറക്കിയതോടെ ചെറുകിട മില്ലുകളിൽ നിന്നുള്ള എണ്ണയ്‌ക്ക്‌ ഡിമാൻഡ് ഇല്ല. ഉത്സവ സീസൺ ആയതിനാൽ ഒക്‌ടോബർ വരെ ഇക്കുറി ഭക്ഷ്യയെണ്ണ വിൽപ്പന ഉയരാം. ഖാരീഫ്‌ വിളവെടുപ്പ്‌ ഒക്‌ടോബറിൽ തുടങ്ങുന്നതോടെ വിവിധ എണ്ണകളുടെ ഇറക്കുമതി ഡ്യൂട്ടി ഉയർത്തി കേന്ദ്രം ഉത്തരേന്ത്യൻ കർഷകർക്ക്‌ ആശ്വാസം പകരാം. വർഷാന്ത്യം പാചകയെണ്ണ വിലകൾ വീണ്ടും ഉയരങ്ങളിലേക്ക്‌ സഞ്ചരിക്കാം. 

കുമിഞ്ഞുകൂടി കുരുമുളക്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വൻകിട ഗോഡൗണുകളിൽ വിദേശ കുരുമുളക്‌ കുമിഞ്ഞു കൂടിയതോടെ ഇറക്കുമതി ലോബി പ്രതിസന്ധിലായി. കുറഞ്ഞ്‌ വിലയ്‌ക്ക്‌ എത്തിച്ച മുളക്‌ ഉത്സവ ഡിമാൻഡിൽ ലാഭത്തിൽ മറിച്ചു വിൽപ്പന നടത്താമെന്ന കണക്ക്‌ കൂട്ടലിലായിരുന്നു അവർ. വ്യവസായികൾ ആയിരക്കണക്കിന്‌ ടൺ മുളക്‌ എത്തിച്ച്‌ ഒരു മാസം പിന്നിടുമ്പോൾ പലരുടെയും കണക്ക്‌ കൂട്ടലുകൾ തകിടം മറിയുന്നു. 

കേരളം, കർണാടക വിപണികളിൽ നിന്നും രണ്ടാഴ്‌ച മുൻപ്‌ വില ഉയർത്തി മുളക്‌ ശേഖരിച്ച്‌ ഉത്തരേന്ത്യൻ സ്റ്റോക്ക്‌ ലാഭത്തിൽ വിറ്റഴിക്കാൻ നടത്തിയ ആദ്യ ശ്രമം വിജയിച്ചില്ലെങ്കിലും അവർ ഇതേ അടവ്‌ വീണ്ടും പ്രയോഗിക്കാം. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ നിരക്ക്‌ ടണ്ണിന്‌ 6430 ഡോളറാണ്‌. ഗാർബിൾഡ്‌ മുളക്‌ ക്വിന്റലിന്‌ 50,500 രൂപയിൽ വ്യാപാരം നടക്കുന്നു.

English summary: Commodity Markets Review July 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com