പന്നി ഇറച്ചിയായി മാറുന്നത് ഇങ്ങനെയാണ്; വില്‍പനയ്ക്ക് വേറിട്ട രീതി

HIGHLIGHTS
  • പാലാ പട്ടണവും പരിസരപ്രദേശങ്ങളുമാണ് മാത്തുക്കുട്ടിയുടെ പ്രധാന വിപണമേഖല
  • ഉപഭോക്താക്കള്‍ക്ക് എന്തു വേണോ അത് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്
pork-meat-pig-farming
മാത്തുക്കുട്ടി
SHARE

ബിഎംഡബ്ല്യുവിൽനിന്നൊരു മാത്തുക്കുട്ടി- ഭാഗം 3

കോര്‍പറേറ്റ് ജോലി വിട്ട് കൃഷിയിലേക്ക് കാര്‍ഷിക സംരംഭത്തിലേക്കും തിരിഞ്ഞ കോട്ടയം പാലാ സ്വദേശി തെങ്ങുംതോട്ടത്തില്‍ മാത്തുക്കുട്ടി ടോമിന്റെ കൃഷിവിശേഷങ്ങള്‍ തുടരുകയാണ്. പന്നി വളര്‍ത്തുന്നതിനൊപ്പം അവയെ മാംസമാക്കി വിപണിയില്‍ നേരിട്ട് ഉപഭോക്താക്കള്‍ക്കു വില്‍ക്കുന്ന രീതിയാണ് മാത്തുക്കുട്ടിക്കുള്ളത്. അതും ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ലഭിക്കുന്ന രീതിയില്‍. നല്‍കുന്ന പൈസയ്ക്ക് മുതലാകുന്നുണ്ട് എന്ന് ഓരോ ഉപഭോക്താവിനും തോന്നുന്ന വിധത്തില്‍ത്തന്നെയാണ് ക്രമീകരണമെന്ന് മാത്തുക്കുട്ടി.

കര്‍ഷകന് എപ്പോഴും നേട്ടം നല്‍കുന്നത് താന്‍ ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യോല്‍പന്നം ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളില്‍ എത്തിക്കുന്നതാണ്. പന്നിക്കര്‍ഷകരില്‍ നല്ലൊരു പങ്കും സ്വയം മാംസവില്‍പനയിലേക്ക് തിരിഞ്ഞിട്ടുണ്ട്. സ്വന്തം ഫാമിലെ പന്നികളെ മാത്രമാണ് മാത്തുക്കുട്ടി ഇത്തരത്തില്‍ സംസ്‌കരിച്ച് വില്‍പന നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 

ഇറച്ചിക്കോഴി സംസ്‌കരിച്ച് വില്‍ക്കുന്നതിനൊപ്പം വിപണി സാധ്യത തിരിച്ചറിഞ്ഞാണ് മാത്തുക്കുട്ടി പന്നിയിറച്ചി സംസ്‌കരണത്തിലേക്കുകൂടി തിരിഞ്ഞത്. സ്വന്തമായി വില്‍പന ഔട്ട്‌ലെറ്റ് ഉള്ളതിനാല്‍ വില്‍പനയും പ്രശ്‌നമില്ല. നേരത്തെ പന്നികളെ മുഴുവനായി തൂക്കി വില്‍ക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. തരക്കേടില്ലാത്ത ലാഭവും ഉണ്ടായിരുന്നു. എന്നാല്‍, സംസ്‌കരണ യൂണിറ്റ് ഉള്ളതിനാല്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വില്‍ക്കുകയായിരുന്നു.

പാലാ പട്ടണവും പരിസരപ്രദേശങ്ങളുമാണ് മാത്തുക്കുട്ടിയുടെ പ്രധാന വിപണമേഖല. സാധാരണ പന്നിയിറച്ചിവില്‍പനയില്‍നിന്ന് വ്യത്യസ്തമാണ് മാത്തുക്കുട്ടിയുടെ രീതി. അതായത്, ഉപഭോക്താക്കള്‍ക്ക് എന്തു വേണോ അത് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. 280 രൂപയില്‍ തുടങ്ങും ഇറച്ചിവില.

എല്ല്, നെയ്യ് (തൊലി), ഇറച്ചി എന്നിവ അടങ്ങുന്ന നോര്‍മല്‍ കറി കട്ടിന് 280 രൂപയാണ് വില. 400 ഗ്രാം വീതം നെയ്യും ഇറച്ചിയും 200 ഗ്രാം എല്ലും ഇതില്‍ ഉള്‍പ്പെടും. അതുപോലെ ബോണ്‍ലെസ് എന്ന രീതിയില്‍ 600 ഗ്രാം ഇറച്ചിയും 400 നെയ്യും അടങ്ങിയതിന് 360 രൂപ, ഇറച്ചി മാത്രം 550 രൂപ, വാരിയെല്ല് 350, നെയ്യ് 100 എന്നിങ്ങനെയാണ് വില.

pork-meat-pig-farming-1
പന്നി ഇറച്ചിയായി മാറുന്നതിന്റെ വിവിധ ഘട്ടങ്ങൾ

പന്നി ഇറച്ചിയാകുന്നത്

ശരാശരി 8 മാസത്തിനു മുകളില്‍ പ്രായമുള്ള പന്നികളെയാണ് ഇറച്ചിക്കായി ഉപയോഗിക്കുക. അല്‍പം ശ്രമകരമായ ഉദ്യമമാണ് പന്നിയെ ഇറച്ചിയാക്കി മാറ്റുകയെന്നത്. ഷോക്ക് നല്‍കി മയക്കിയശേഷമാണ് പന്നിയെ കൊല്ലുക. തുടര്‍ന്ന് സംസ്‌കരണ യൂണിറ്റില്‍ എത്തിച്ച് കൈകാര്യം ചെയ്യാനുള്ള സൗകര്യത്തിനായി കാലുകളില്‍ കമ്പി കോര്‍ത്ത് തൂക്കിയിടും. ശരീരത്തില്‍നിന്ന് രക്തം പൂര്‍ണമായി വാര്‍ന്നുപോകുന്നതിന് ഇത് സഹായിക്കും.

ജീവനറ്റ പന്നിയുടെ ശരീരത്തില്‍ ചൂടുവെള്ളമൊഴിച്ച് രോമം വടിച്ചുമാറ്റും (പരമ്പരാഗത രീതിയില്‍ ചൂട്ട് ഉപയോഗിച്ച് വക്കുകയാണ് ചെയ്യുക. എന്നിട്ട് തൊലി വടിക്കും). ഇതിനുശേഷവും രോമം ഉയര്‍ന്നുനില്‍ക്കുന്നുവെങ്കില്‍ ഗ്യാസ് ബര്‍ണര്‍ ഉപയോഗിച്ച് കരിക്കും. നന്നായി കഴുകി വൃത്തിയാക്കിയശേഷമാണ് ആന്തരികാവയവങ്ങള്‍ നീക്കം ചെയ്യുന്നത്. അതിനുശേഷം രണ്ടു ഭാഗങ്ങളായി മുറിച്ച് കട്ടിങ് ടേബിളിലേക്ക് മാറ്റും. ഇവിടെവച്ച് ഇറച്ചി, നെയ്യ്, എല്ല് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി വേര്‍തിരിച്ചശേഷം വിപണനത്തിനായി പായ്ക്ക് ചെയ്യുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS