ADVERTISEMENT

കായലിലെ മുരിങ്ങക്കൃഷി കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ എറണാകുളം ജില്ലയിലെ മൂത്തകുന്നത്തേക്കു പോന്നോളൂ. ഇവിടെ പെരിയാർ കടലിൽ ചേരുന്ന ഭാഗത്ത് സത്താർ ഐലൻഡിനു സമീപം കുടുംബശ്രീ അംഗങ്ങളായ 6 പേർ നടത്തുന്ന ഈ കൃഷി പക്ഷേ, മുരിങ്ങയിലയ്ക്കു വേണ്ടിയല്ല. കക്കവർഗത്തിൽപ്പെട്ട  മുരു (oyster) എന്ന ജീവിയെ വളർത്തി വരുമാനമുണ്ടാക്കുകയാണ് ഇവര്‍. ഉപ്പുവെള്ളത്തിൽ വളരുന്ന കടൽമുരിങ്ങയെ കൃത്രിമ സംവിധാനമുണ്ടാക്കി വന്‍തോതില്‍ ഉൽപാദിപ്പിക്കുന്നതിനുള്ള  സാങ്കേതികവിദ്യയും വിപണനപിന്തുണയും ഇവർക്കു നൽകിയത് കേന്ദ്രസർക്കാർ സ്ഥാപനമായ സിഎംഎഫ്ആർഐ. കായൽമുരിങ്ങയുടെ വിത്ത് മുതൽ വിപണിവരെ കോർത്തിണക്കി ഇത്തരമൊരു മൂല്യശൃംഖല മറ്റൊരിടത്തുമില്ല.

മുരു മാത്രമല്ല, കല്ലുമ്മക്കായ ഉൽപാദനം, കൂടുമത്സ്യക്കൃഷി, താറാവ്– കാട–മുയൽ വളർത്തൽ എന്നിങ്ങനെ തീരദേശത്ത് സാധ്യമായ വ്യത്യസ്ത സംരംഭങ്ങളിലൂടെ മാംസ്യസമ്പന്നമായ ഭക്ഷ്യവസ്തുക്കൾ ഉപഭോക്താക്കളിലെത്തിക്കുന്നു ഇവർ. സ്വന്തം ഉൽപന്നങ്ങൾക്കു പുറമെ, പ്രാദേശികമായി ലഭിക്കുന്ന മത്സ്യങ്ങൾ വെട്ടി വൃത്തിയാക്കി പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുകയും ചെയ്യുന്നു. കായലിനോടു  ചേർന്നുളള ഷെഡിലാണ് സംസ്കരണവും പായ്ക്കിങ്ങും. കണ്ണെത്തുന്ന അകലത്തിലാണ് കായലിലെ വളർത്തു യൂണിറ്റുകളെല്ലാം. സമുദ്ര ഔഷധി എന്ന പേരിൽ മൊബൈൽ വിൽപനയൂണിറ്റും ഇവർക്കുണ്ട്. 6 കുടുംബശ്രീ യൂണിറ്റുകൾ ചേർന്നു തുടക്കം കുറിച്ച ഈ സംരംഭം കായലരികത്തെ സുസ്ഥിര വരുമാന മാതൃക തന്നെ.

20 വർഷം മുന്‍പ്  ആരംഭിച്ച ഈ സംരംഭക കൂട്ടായ്മയിൽ ഇപ്പോൾ സജീവമായുള്ളത് പ്രസീല, ബീന, താര, സതി, റോഷ്നി, സുമലത എന്നിവര്‍.  എറണാകുളം നഗരത്തിലെ നക്ഷത്രഹോട്ടലുകളിലും വീടുകളിലും ഉൽപന്നങ്ങൾ എത്തിച്ച് വിപണനം ഏകോപിപ്പിക്കുന്ന ചുമതല നാട്ടുകാരനായ എ.പി. ഷൈദിനാണ്. സിഎംഎഫ്ആർഐയുടെ സെയിൽസ് കൗണ്ടറിലും മുരുവിറച്ചി ലഭിക്കും. സെലീനിയം, സിങ്ക് എന്നിവയടങ്ങിയ മുരുമാംസം മാംസ്യസമ്പന്നമാണ്.

kadal-muringa-2
മുരുമാംസം

തീറ്റയോ മറ്റു പരിചരണമോ നൽകാതെ ആദായകരമായി വളർത്താവുന്ന ജീവിയാണ് കടൽമുരുവെന്ന് സംരംഭത്തിൽ പങ്കാളികളായ പ്രസീലയും ബീനയും  പറഞ്ഞു. വിളവെടുത്ത മുരുവിന്റെ തോടുകൾ ചരടിൽ കോർത്ത് ഓരുവെള്ളത്തിൽ തൂക്കിയിടുക മാത്രമാണ് കൃഷിക്കാർ ചെയ്യേണ്ടത്.  ഇതിനായി കായലിൽ മുളങ്കാലുകൾ നാട്ടി പരസ്പരം ബന്ധിക്കും. കാലുകൾക്ക് കുറുകെ ഉറപ്പിച്ച മുളകളിലാണ് മുരിങ്ങത്തോടുകൾ കോർത്ത ചരടുകൾ അഥവാ റെൻ തൂക്കിയിടുക.  ഓരോ ചരടിലും 5  വീതമാണ് കോർക്കുക. 5 മീറ്റർ വീതം നീളവും വീതിയുമുള്ള ഒരു മുരിങ്ങപ്പാടത്ത് ആകെ 300 റെൻ ഉണ്ടാവും. 

ഇത്തരം 2 മുരിങ്ങപ്പാടങ്ങളാണ് ഇവിടെ ഇവർ ഒരുക്കിയിട്ടുള്ളത്.  ഉപ്പുരസമുള്ള കായൽവെള്ളത്തിലെ സ്വാഭാവിക സാഹചര്യത്തിൽ പ്രജനനം നടന്നുണ്ടാകുന്ന മുരിങ്ങവിത്തുകൾ ഈ തോടുകളിൽ പറ്റിപ്പിടിച്ച് വാസമുറപ്പിക്കുന്നു. കായൽവെള്ളത്തിലെ ആൽഗപോലുള്ള സൂക്ഷ്മപ്ലവകങ്ങള്‍ തിന്നാണ് മുരിങ്ങ വളരുക.  വളർച്ച സാവധാനമായതിനാൽ ഒന്നര വർഷംകൊണ്ടേ വിളവെടുപ്പിനു പാകമാകുകയുള്ളൂ. മുളങ്കാലുകൾ സ്ഥാപിക്കുന്നതിനും റെൻ കെട്ടിത്തൂക്കുന്നതിനും ആവശ്യമായ പ്രാരംഭ മുതൽമുടക്കു മാത്രമാണുള്ളത്. ഒന്നര വർഷം മുൻപ് നിക്ഷേപിച്ച യൂണിറ്റിന്റെ വിളവെടുപ്പ്  നടക്കുന്നു. 

kadal-muringa-1
സംസ്കരണ യൂണിറ്റ്

വിളവെടുക്കുന്നതിനായി ചരടുകൾ അഴിച്ചെടുത്ത് സംസ്കരണകേന്ദ്രത്തിൽ കൊണ്ടുവരും. അവിടെ ശുദ്ധീകരണ(depuration)ത്തിനായി യുവി ട്രീറ്റഡ് ജലത്തിൽ 24 മണിക്കൂർ മുരുവിനെ സൂക്ഷിക്കുന്നു. അവ ഉള്ളിലേക്കെടുക്കുന്ന ശുദ്ധജലം ഉള്ളിലുള്ള  ഭക്ഷണാവശിഷ്ടങ്ങളും ബാക്ടീരിയപോലുള്ള സൂക്ഷ്മ ജീവികളും  ഉള്‍പ്പെടെ പുറത്തേക്കുവരുന്നു. ഈ പ്രക്രിയയ്ക്കുള്ള ഉപകരണങ്ങൾ സിഎംഎഫ്ആർഐ നൽകിയിട്ടുണ്ട്. 2 ദിവസത്തെ  ഫിൽറ്ററിങ്  പൂർത്തിയാക്കിയ മുരിങ്ങയുടെ തോടുപൊട്ടിച്ചശേഷം ഉള്ളിലെ മാംസം പുറത്തെടുക്കുന്നു. പോഷകസമൃദ്ധമായ മുരിങ്ങ മാംസം കിലോയ്ക്ക് 800 രൂപയാണ് വില. സമാനരീതിയിൽ കല്ലുമ്മക്കായയും വളര്‍ത്തുന്നുണ്ട് ഇവര്‍. ഇതിന്  6 മാസത്തിനകം വിളവെടുക്കാമെന്ന മെച്ചമുണ്ട്.  കടലിൽനിന്നു മാത്രം കിട്ടുന്ന  കല്ലുമ്മക്കായ വിത്തുകൾ സിഎംഎഫ്ആർഐ മറ്റു സ്ഥലങ്ങളിൽനിന്ന് എത്തിക്കുകയാണ് പതിവ്. ഇത്തവണത്തെ കല്ലുമ്മക്കായ വിളവെടുപ്പു കഴിഞ്ഞു. 

പ്രജനന സീസണായ നവംബർ- ഡിസംബർ മാസങ്ങളിലാണ് കടൽമുരിങ്ങയുടെയും കല്ലുമ്മക്കായയുടെയും കൃഷി ആരംഭിക്കുക. കടൽമുരിങ്ങയുടെ ഒരു യൂണിറ്റിന് 30,000 രൂപ മുതൽമുടക്ക് വേണ്ടിവരുമ്പോൾ കല്ലുമ്മക്കായ യൂണിറ്റിന് 45,000 രൂപ വേണ്ടി വരും. വിത്ത് വാങ്ങി നിക്ഷേപിക്കേണ്ടിവരുന്നതുകൊണ്ടാണ് കല്ലുമ്മായക്കൃഷിക്കു മുതൽമുടക്ക് കൂടുന്നതെന്ന് ഷൈദ് പറഞ്ഞു. 

ഫോൺ: 9846603366

English summary: Oyster Cultivation Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com