ADVERTISEMENT

കുട്ടനാട്‌ സമുദ്രനിരപ്പിനു താഴെ കൃഷിചെയ്യുന്ന ലോകത്തിലെ തന്നെ അപൂർവ സ്ഥലങ്ങളിലൊന്ന്. ഇതു പോലെ പ്രത്യേകതയുള്ള ഇന്ത്യയിലെ ഏക ഭൂപ്രദേശം. സമുദ്രനിരപ്പിൽനിന്നു വെറും 2.2  മീറ്റർ ആണ് കുട്ടനാടിന്റെ ഉയരം. ഇവിടെ കൃഷി നടത്തുന്നതാവട്ടെ സമുദ്രനിരപ്പിൽനിന്ന്  1.2–2 മീറ്റർ താഴ്ചയിലും.

ആഗോള താപനത്തിന്റെ ഫലമായി ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കവും സമുദ്രജലത്തിന്റെ തെർമ്മൽ എക്സ്പാൻഷനും മൂലം  ലോകമൊട്ടാകെ സമുദ്രനിരപ്പ്‌ ഉയരുന്നു. ഇതിന്റെ കണക്കു നോക്കിയാൽ 1880 മുതൽ 2016 വരെ 9 ഇഞ്ചൊളം ആഗോള സമുദ്ര നിരപ്പ്‌ ഉയർന്നിട്ടുണ്ട്‌.

ഇക്കണക്കിനാണ് ആഗോള സമുദ്രനിരപ്പ്‌ ഉയരുന്നതിന്റെ കണക്കെങ്കിലും കാലാവസ്ഥ നിരീക്ഷകരെയും ശാസ്ത്രജ്ഞരെയും ഞെട്ടിച്ചുകൊണ്ടും കുഴക്കിക്കൊണ്ടും ഇന്ത്യൻ മഹാസമുദ്രത്തിലെയും അതിലെ ഉൾക്കടലുകളായ അറേബ്യൻ, ബെംഗാൾ എന്നീ കടലുകളിലെയും ജലനിരപ്പു കഴിഞ്ഞ 40 വർഷങ്ങളായിട്ട്‌ മുൻപ്‌ പറഞ്ഞതിലും കൂടുതൽ ഉയർന്നു. ഏതാണ്ട്‌ 4 ഇഞ്ചോളം കൂടുതൽ ഉയർന്നു. 13 ഇഞ്ചാണ് ഉയർന്നിട്ടുള്ളത് 2016ലെ കണക്കാണ്.

ഇതിനെത്തുടർന്നു പൂനെയിലെ സെന്റർ ഫോർ ക്ലൈമറ്റ്‌ ചേഞ്ച്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിൽനിന്നും കഴിഞ്ഞ മൂന്നു ദശകങ്ങളായി മൺസൂണിലുള്ള വ്യതിയാനം മൂലം ഇന്ത്യയുടെ സമീപ കടലുകളിലേക്ക്‌ ഒഴുക്കു കുറയുകയും ആഗോള താപനം മൂലം ചൂടുപിടിച്ച സമുദ്രത്തിലെ ചൂടിനെ  കുറയ്ക്കാൻ സാധിക്കാതെ വരികയും ചെയ്തതാണു ഇതിനു കാരണം എന്നും കണ്ടെത്തി.

kuttandu-1

ലോകത്ത് ആഗോള താപനം മൂലം വരും ദശകങ്ങളിൽ പല ദ്വീപുകളും കരപ്രദേശങ്ങളും സമുദ്രത്തിനടിയിൽ ആകുമെന്നു കണക്കു കൂട്ടുന്നു. ചിലതെല്ലാം മുങ്ങിക്കഴിഞ്ഞു. പസഫിക്‌ സമുദ്രത്തിലെ സോളമൻ ദ്വീപുകളിൽ പലതും സമുദ്രം കയറി സ്വന്തമാക്കി.

ഈ ആപത്തിൽനിന്നും ജനതയെ രക്ഷിക്കാൻ ഇന്ത്യ, ശ്രീലങ്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ സ്ഥലം വാങ്ങി മാലി ജനതയെ  പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടങ്ങിക്കഴിഞ്ഞു. മാലദ്വീപിന്റെ സമുദ്രനിരപ്പിൽനിന്നുള്ള ശരാശരി ഉയരം 4 അടിയും ഏറ്റവും ഉയർന്നഭാഗം 8 അടിയുമാണ്.

ഇനി നമുക്ക്‌ കുട്ടനാടിനെ കുറിച്ചു നോക്കാം. കുട്ടനാടിന്റെ സമുദ്രനിരപ്പിൽനിന്നുള്ള ഉയരം 2.2 മീറ്റർ 

അതായത് 7 അടിയ്ക്കുമൽപം മുകളിൽ. കൃഷിസ്ഥലങ്ങൾ സമുദ്ര നിരപ്പിൽനിന്നും താഴെ ആണെന്നു പറഞ്ഞുവല്ലൊ. ഈ കൃഷി സ്ഥലങ്ങളിൽനിന്നും അല്ലാതെ ഉയർന്ന പ്രദേശത്തുനിന്ന് ഒഴുകി വരുന്ന ജലം  ഒഴുകിപ്പൊകുന്ന തോടുകൾ മുൻപറഞ്ഞ നിരപ്പിലും താഴെയാണ് എന്നൊർക്കുക. അതായത്, വരും കാലങ്ങളിൽ കുട്ടനാട്ടിൽനിന്ന് ജലം പുറത്തേക്ക്‌ ഒഴുകുക അൽപം പ്രയാസം ആയിരിക്കും. കൂടുതൽ പ്രദേശങ്ങളിൽ ജലം കെട്ടിക്കിടക്കും. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ വരുന്ന കൊല്ലങ്ങളിൽ കുട്ടനാടിന്റെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും.

ഈ പ്രദേശങ്ങൾ (സമുദ്ര നിരപ്പിൽനിന്നുമുള്ള ഉയരം കണക്കു കൂട്ടി) പ്രത്യേകം സർവേ ചെയ്തു കണ്ടുപിടിച്ച് അവിടെയുള്ള ഭവന നിർമാണ പ്രവർത്തനങ്ങൾ തടയുകയും അത്തരം പ്രദേശത്തെ ജനങ്ങളെ ഉയർന്ന പ്രദേശങ്ങളിലേക്ക്‌ പുനരധിവസിപ്പിക്കാനുമുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണം. കഴിവുള്ളവർ ഉയർന്ന ഭൂപ്രദേശത്ത് ഭൂമി വാങ്ങാൻ ആലോചിക്കുന്നതും നന്നാവും. സ്വൈര്യ ജീവിതത്തിനുവേണ്ടി ആലപ്പുഴയിൽനിന്നുള്ളവർ കോട്ടയം, ചങ്ങാനാശേരി ഭാഗങ്ങളിലേക്ക് സ്ഥലം വാങ്ങി വീടുനിർമിച്ചു താമസം മാറിയിട്ടുമുണ്ട്. 

വരും ദശകങ്ങളിൽ കേരളം അനുഭവിക്കാൻ പോകുന്ന ഒരു ഗുരുതര പ്രശ്നം തന്നെയാണു കുട്ടനാട്‌. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽനിന്നുള്ള വെള്ളം പൂർണമായും മീനച്ചിലാറിലൂടെ ആലപ്പുഴയിലേക്കാണ് എത്തുക. കോട്ടയം ജില്ലയിലെ കഴിക്കൻ മേഖലയിൽ മഴ കുറഞ്ഞിട്ടുണ്ട്. കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലിപ്പോൾ വെള്ളം കയറുകയും ചെയ്തു. വരും ദിവസങ്ങളിൽ അത് ആലപ്പുഴയിലെ ജനങ്ങളെ ബാധിച്ചേക്കാം.

English summary:  Climate Change is Forcing Kuttanad Residents to Abandon their Homes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com