ADVERTISEMENT

‘അവർക്ക് പാലക്കാട് ശിവരാമനെ അറിയില്ല, അതിരപ്പള്ളിയിലെ അഞ്ചുവയസ്സുകാരി അഗ്നിമിയെ അറിയില്ല, പാലപ്പള്ളിയിലെ ശ്രീധരനെയും സൈനുദീനെയും അറിയില്ല, അതിരപ്പള്ളിയിലെ ഏഴു വയസുകാരി അശ്വതിയെ അറിയില്ല, ഇടമലക്കുടിയിലെ സുബ്രഹ്മണ്യനെ അറിയില്ല, പൂപ്പാറയിലെ വിമലയെ അറിയില്ല, പത്തനാപുരം പനമ്പറ്റയിലെ സുകുമാരനെ അറിയില്ല, ഏനാദി മംഗലത്തെ ജോണി ചേട്ടനെ അറിയില്ല... അങ്ങനെ മലയോര മേഖലയിൽ വന്യജീവികളുടെ ആക്രമണങ്ങളിൽ മരണപ്പെട്ടുപോയ  ആയിരക്കണക്കിന് മനുഷ്യജീവികളെ അറിയില്ല.... കാരണം അവർ ആന ആയിരുന്നില്ല. പച്ചയായ മനുഷ്യർ ആയിരുന്നു. ചില്ലുമേടകളിൽ ഇരുന്നു പരിസ്ഥിതി തീവ്രവാദം വിളമ്പുന്ന മൃഗമാനസങ്ങളെപ്പോലെ ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ളവരായിരുന്നു...’ കഴിഞ്ഞ ദിവസം ആതിരപ്പള്ളി പിള്ളപ്പാറയിൽ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ ആനയ്ക്കുവേണ്ടി വേദനിച്ച മൃഗസ്നേഹികളെക്കുറിച്ച് അഡ്വ. ജോണി കെ. ജോർജ് പങ്കുവച്ച കമന്റാണിത്. അങ്ങനെ പറയാനുണ്ടായ സാഹചര്യം എന്തായിരിക്കുമെന്ന് എല്ലാവർക്കും അറിയാവുന്നതുമാണ്. എങ്കിലും, ആനയ്ക്കുവേണ്ടി വേദനിക്കുന്നതിൽ കിട്ടുന്ന ‘ത്രിൽ’ മനുഷ്യരുടെ കാര്യത്തിൽ ലഭിക്കില്ലല്ലേ?

ആന വെള്ളത്തിൽ കുടുങ്ങിയ വാർത്ത ഇന്നലെ പുലർച്ചെ മുതൽ എല്ലാ മാധ്യമങ്ങളും പങ്കുവച്ചിരുന്നു. ചിലർ അതിനുവേണ്ടി പ്രാർഥിച്ചപ്പോൾ മറ്റു ചിലർ ഒന്നെങ്കിലും നശിച്ചാൽ‌ മതിയായിരുന്നു എന്നു കരുതിയവരാണ്. ഈ രണ്ടു കൂട്ടരെയും ഒന്നു വിലയിരുത്തിയാൽ ഒരു കൂട്ടർ യാതൊരു പ്രശ്നങ്ങളും അനുഭവപ്പെടാത്ത സുരക്ഷിത സ്ഥാനത്ത് ഇരിക്കുന്നവരാണെന്നും മറ്റൊരു കൂട്ടർ ആനപ്പേടി കാരണം ഉറക്കം നഷ്ടപ്പെട്ടവരാണെന്നും കാണാം. 

ദുരിതബാധിതരുടെ വേദന ഒരിക്കലും കണ്ടുനിൽക്കുന്നവർക്ക് തിരിച്ചറിയാൻ കഴിഞ്ഞെന്നുവരില്ല. പക്ഷേ, ആന എന്ന കരയിലെ ഏറ്റവും വലിയ ജീവി മലയോര കർഷക സമൂഹത്തിന് ഭീതി നൽകുന്നവയാണ്. കേരളത്തിലെ വനത്തിന് ഉൾക്കൊള്ളാവുന്നതിലും അധികമാണ് ഇവിടെ ആനയുടെ എണ്ണമെന്ന് റിപ്പോർട്ടുകളുണ്ട്. മാത്രമല്ല വനത്തിനുള്ളിൽ അവയ്ക്ക് ആവശ്യമായ ഭക്ഷണവും ലഭിക്കുന്നില്ല. അതിനാലാണ് അവ സുഭിക്ഷമായി ഭക്ഷണം ലഭിക്കുന്ന അല്ലെങ്കിൽ കാർഷിക വിളകളുള്ള കർഷകരുടെ കൃഷിയിടത്തിലേക്ക് എത്തുന്നത്.

മലയോര മേഖലയിൽ കൃഷിയിടങ്ങളിൽ ആനശല്യം ഇപ്പോൾ കൂടുതലാണ്. അടുത്തിടെ എത്ര പേർക്ക് ആനയുടെ കാൽച്ചുവട്ടിൽ ജീവൻ വെടിയേണ്ടിവന്നു? അങ്ങനെ ആന കവർന്ന ജീവനുകളെക്കുറിച്ച് എത്ര പേർ വേദനിച്ചിട്ടുണ്ട്? മരണപ്പെട്ട ആളുടെ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളുമല്ലാതെ എത്ര പേർ അവരെക്കുറിച്ചോർത്തു? ആനയുടെ കാൽപാദത്തിനടിയിലും കൊമ്പിലും തുമ്പിക്കൈയ്യിലും ചതഞ്ഞരഞ്ഞപ്പോൾ അവർ സഹിച്ച വേദനയെക്കുറിച്ച് എത്രപേർ ഓർത്തിട്ടുണ്ടാകും? എന്നാൽ, ഒരാനയ്ക്ക് പ്രതിസന്ധിഘട്ടം വന്നപ്പോൾ ലോകം മുഴുവൻ വേദനിക്കുകയാണ് സൂർത്തുക്കളെ... അപ്പോൾ ആനയേക്കാൾ താഴെയാണോ മനുഷ്യരുടെ സ്ഥാനം? അതോ മനുഷ്യജീവന് ഒരു ഉറുമ്പിന്റെ വില പോലുമില്ലേ?

ഏറ്റവുമൊടുവിൽ പാലക്കാട്ട് റബർ ടാപ്പിങ്ങ് തൊഴിലാളി കാട്ടുപന്നിയാക്രമണത്തിൽ കൊല്ലപ്പെട്ടു. മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന ഒരാൾക്കും പണിയെടുത്തു ജീവിക്കാൻ മണ്ണിലേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥ എത്തിയിരിക്കുന്നുവെന്ന് പറയാതിരിക്കാൻ കഴിയില്ല.  

എന്തുകൊണ്ട് കർഷകർ മൃഗങ്ങൾക്കെതിരേ ചിന്തിക്കുന്നു? ചില പ്രതികരണങ്ങൾ 

  • ഇവിടെ ഇത്രനാളും ഉണ്ടായിരുന്നത് വന്യമൃഗങ്ങളോടും വനത്തിനോടുമൊക്കെ മറ്റെങ്ങുമില്ലാത്തവിധം പ്രതിപത്തിയുള്ള മനുഷ്യര്‍ തന്നെയായിരുന്നു. പക്ഷേ കണ്ണില്‍ ചോരയില്ലാത്ത, കേവലവാദപരവും, അശാസ്ത്രീയവും, Misanthropicഉം, അസംബന്ധജഡിലവും ആയ പരിസ്ഥിതി വാദത്തിന്റെ പേരില്‍ മനുഷ്യന്റെ ജീവനും സ്വത്തിനുമൊന്നും ഒരു വിലയുമില്ലാതെയായപ്പോഴാണ് ഇവിടുത്തെ മനുഷ്യര്‍ ഇങ്ങനെ ഒക്കെ പ്രതികരിക്കാന്‍ തുടങ്ങിയത് അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ജീവിതം വഴിമുട്ടുമ്പോള്‍ മനുഷ്യര്‍ എങ്ങനെയൊക്കെയാണ് പ്രതികരിക്കുക എന്ന് പറയാനാവില്ല. – കെ.പി.ഏലിയാസ്
  • എന്റെ വീട് വനാതിർത്തിയിലല്ല. പക്ഷേ അവിടെയുള്ള മനുഷ്യരുടെ പ്രശന്ങ്ങളും വിഷമങ്ങളും മനസിലാക്കാനാകും. പ്രത്യേകിച്ച് കൃഷിക്കാരുടെ... സാധാരണക്കാരുടെ... വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൊല്ലപ്പെടുന്നവരുടെ.... ഞാനും പ്രകൃതി സ്നേഹി തന്നെയാണ്. പക്ഷേ കുറച്ചു വർഷങ്ങളായി നടക്കുന്ന അനാസ്ഥയ്ക്കെതിരെ പ്രതികരിക്കുന്നു. – രാജേഷ് കുമാർ
  • കണ്ണൂർ ജില്ലയിൽ ആറളം ഫാം എന്ന സ്ഥലത്ത് ആദിവാസികളെ പുനരധിവസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു വർഷങ്ങളിലായി പത്തോളം ആദിവാസികളാണ് ഇവിടെ സഹ്യന്റെ മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ആഴ്ചയും ഒരാൾ കൊല്ലപ്പെട്ടു. സഹ്യന്റെ മകനെ പുകഴ്ത്തുന്നവർ, എന്തേ സ്വന്തം സഹോദരന്റെ കണ്ണീർ കാണാത്തത്! ഇവർക്കെല്ലാം ആനയെ കൂച്ചു വിലങ്ങിട്ട് നെറ്റിപ്പട്ടം കെട്ടി പുകഴ്ത്താനാണ് ഇഷ്ടം. – പ്രിൻസ് ദേവസ്യ
  • ചിലർ അങ്ങനെയാണ്. മനുഷ്യരേക്കാളും മൃഗങ്ങളെ സ്നേഹിക്കും. പിന്നെ ചിലരൊക്കെ പറയുംപോലെ എല്ലാ ജീവനും വിലയുണ്ട്. അതിൽ കർഷകർക്കുള്ള വില അവരുടെ ബജറ്റിൽ 0 ആയിരിക്കും. മൃഗങ്ങൾക്ക് 100ഉം. എന്തു ചെയ്യാം കാലം പോയ പോക്കേ. – സി.ജെ.സജിമോൻ

English summary: Why do some people cry for animals but not humans?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com