മാസം 40,000 രൂപ ലാഭം; പാൽ വിൽക്കാൻ സ്വന്തമായി കടയിട്ട ക്ഷീരകർഷക

HIGHLIGHTS
  • കറവയുള്ളത് ഏഴെണ്ണം. ദിവസം 68 ലീറ്ററോളം പാല്‍
  • മികച്ച പാലുല്‍പാദനമുള്ള സങ്കരയിനം ജഴ്‌സിപ്പശുക്കളാണ് സ്മിതയ്ക്കുള്ളത്
smitha-dairy-farmer
സ്മിത പാൽവിൽപനകേന്ദ്രത്തിൽ (ഇടത്ത്), പശുവിനെ കറക്കുന്നു (വലത്ത്). ചിത്രങ്ങൾ∙ടി.ജി.സുജിത്
SHARE

അധ്വാനത്തിനും പശുവളര്‍ത്തല്‍ ചെലവിനും അനുസരിച്ചു ഫലം ലഭിക്കുന്നില്ലെന്ന തിരിച്ചറിവില്‍ സ്വന്തമായി പാല്‍വിതരണകേന്ദ്രം തുടങ്ങിയ ക്ഷീരകര്‍ഷകയാണ് കോതമംഗലം വാരപ്പെട്ടി നെല്ലാടിപുത്തന്‍പുരയില്‍ സ്മിത പ്രസാദ്. 2016 സെപ്റ്റംബര്‍ 10ന് ആരംഭിച്ച സംരംഭം വിജയകരമായി 6 വര്‍ഷം പിന്നിടുന്നു. 

പതിമൂന്നു വര്‍ഷം മുന്‍പ് ഒരു പശുവില്‍ തുടങ്ങിയതാണ്. ഇന്ന് 10 പശുക്കളുള്ള ഫാം ആയി വളര്‍ന്നിരിക്കുന്നു.  കറവയുള്ളത് ഏഴെണ്ണം. ദിവസം 68 ലീറ്ററോളം പാല്‍. മുന്‍പ് ക്ഷീരസംഘത്തിലാണ് പാല്‍ നല്‍കിയിരുന്നത്. അന്നു ലീറ്ററിന് 32-34 രൂപയാണ് ലഭിച്ചിരുന്നത്. പശുക്കള്‍ക്കുള്ള  തീറ്റച്ചെലവുതന്നെ നല്ലൊരു തുക വരും. സംഘത്തില്‍നിന്നു ലഭിച്ചിരുന്ന  വില തീരെ മുതലാകാത്ത സാഹചര്യത്തിലാണ് കുടുംബശ്രീയുടെ സഹായത്തോടെ ചെറിയൊരു മുറി വാടകയ്‌ക്കെടുത്ത് വാരപ്പെട്ടി പഞ്ചായത്തിലെ എട്ടാം മൈലില്‍  നന്ദിനി പാല്‍വിതരണകേന്ദ്രം ആരംഭിച്ചത്. 

എളുപ്പമായിരുന്നില്ല

പാല്‍ വിതരണകേന്ദ്രം തുറന്ന് ആദ്യത്തെ 5 ദിവസം ഒരു ലീറ്റര്‍പോലും വില്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് സ്മിത ഓര്‍മിക്കുന്നു. എന്നാല്‍ ക്രമേണ ആളുകള്‍ പാല്‍ തേടി വന്നു. രാവിലെ 6.30 മുതല്‍ 7.30 വരെയും വൈകുന്നേരം 3.30 മുതല്‍ 4.30 വരെയുമാണ് വില്‍പന. സ്മിത പാലുമായി എത്തുമ്പോഴേക്ക് ആളുകള്‍ പാത്രവുമായി കടയില്‍ വരും. ലീറ്ററിന് 46 രൂപയ്ക്കാണ് വില്‍പന. ഏതാനും കര്‍ഷകരുടെ പാല്‍ സംഭരിക്കുന്നുമുണ്ട്. അവര്‍ക്ക് ലീറ്ററിന് 40 രൂപ വച്ചു നല്‍കും. പ്രതിദിനം 100 ലീറ്ററോളം പാല്‍ വില്‍ക്കുന്നു.

കറവ തീരുന്ന മുറയ്ക്കു പശുക്കളെ വില്‍ക്കുകയും പുതിയ കറവപ്പശുക്കളെ വാങ്ങുകയും ചെയ്യുന്ന രീതിയല്ല സ്മിതയുടേത്. പശുക്കളെ പരമാവധി കാലം നിര്‍ത്തും. പത്താം പ്രസവത്തിനൊരുങ്ങുന്ന പശുവാണ് സ്മിതയുടെ തൊഴുത്തിലെ സീനിയര്‍. മികച്ച പാലുല്‍പാദനമുള്ള സങ്കരയിനം ജഴ്‌സിപ്പശുക്കളാണ് സ്മിതയ്ക്കുള്ളത്. ശരാശരി 20 ലീറ്റര്‍ പാല്‍ കിട്ടുന്നവയാണ് ഏറിയ പങ്കും. രാവിലെ 50 ലീറ്ററും വൈകുന്നേരം 18 ലീറ്ററുമാണ് ഇപ്പോഴത്തെ ഉല്‍പാദനം. ഈയിനങ്ങളുടെ പാലിന് കൊഴുപ്പു കൂടും. ഉപഭോക്താക്കള്‍ക്കും  അതാണ് പ്രിയം.

smitha-dairy-farmer-1
സ്മിത

പശുക്കള്‍ക്കു തീറ്റ നല്‍കുന്നതിലും സ്മിതയ്ക്കു തനതുരീതിയുണ്ട്. 10 പേര്‍ക്കുമായി ദിവസം ഒരു ചാക്ക് കാലിത്തീറ്റ വേണ്ടിവരും. ഒരു നേരം കാലിത്തീറ്റയ്‌ക്കൊപ്പം ചെറിയ അളവില്‍ കഞ്ഞി, ചൂടുവെള്ളത്തില്‍ കുതിര്‍ത്ത ഉണക്കക്കപ്പ എന്നിവ നല്‍കും. ആവശ്യത്തിനു തീറ്റപ്പുല്ലും നല്‍കും. രണ്ടേക്കറോളം സ്ഥലത്ത് സിഒ3 ഇനം തീറ്റപ്പുല്‍കൃഷിയുണ്ട്. തീറ്റ തയാറാക്കുന്നതിലും പാല്‍വില്‍പനയിലും മക്കളായ അനുശ്രീയും അനശ്വരയും  സഹായിക്കും. 

സ്മിതയും ഭര്‍ത്താവ് പ്രസാദും കൂടി പുലര്‍ച്ചെ മൂന്നിന്  തൊഴുത്തിലെ ജോലി തുടങ്ങും.  ഇരുവരും ചേര്‍ന്നാണ് രാവിലെ തൊഴുത്തു വൃത്തിയാക്കുന്നതും കറവയുമെല്ലാം. താലൂക്ക് സര്‍വേയറായ പ്രസാദ് ഒഴിവുദിനങ്ങളില്‍ മുഴുവന്‍ സമയവും ജോലികളില്‍ ഒപ്പം ചേരും.  

ഫോണ്‍: 9747643224

English summary: Success Story of a Woman Dairy Farmer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}