ADVERTISEMENT

കർക്കടകം രണ്ടാം പകുതിയിലെ കാലാവസ്ഥയിൽനിന്നും ഗണ്യമായ മാറ്റമാണ്‌ ചിങ്ങത്തിൽ പ്രതീക്ഷിക്കുന്നത്‌. കനത്ത മഴ മൂലം മൂന്നാഴ്‌ചയോളം റബർ ടാപ്പിങ്‌ സംസ്ഥാനത്ത്‌ സ്‌തംഭിച്ചത്‌ കർഷകരുടെ കണക്കുകൂട്ടലുകൾ പാടെ തകിടം മറിച്ചു. പുതുവർഷത്തിൽ തെളിഞ്ഞ കാലാവസ്ഥ ഉൽപാദനം ഉയർത്താൻ അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ്‌ വൻകിട തോട്ടങ്ങളും ചെറുകിട കർഷകരും. 

ജൂൺ‐ജൂലൈ മാസങ്ങളെ അപേക്ഷിച്ച്‌ മുന്നിലുള്ള ദിവസങ്ങളിൽ റബർ വെട്ട്‌ ഉയർത്താനാകുമെന്ന നിഗമനത്തിലാണ്‌ ഉൽപാദകർ. കാർഷിക മേഖലയിൽ കരുതൽ ശേഖരം കുറഞ്ഞതിനാൽ മുഖ്യ വിപണികളിൽ ഷീറ്റ്‌ വരവ്‌ നാമമാത്രമായിരുന്നു. പുതിയ സാഹചര്യത്തിൽ ഉൽപാദനം ഉയരുന്നതിന്‌ അനുസൃതമായി സ്‌റ്റോക്ക്‌ റിലീസിങിന്‌ പല ഭാഗങ്ങളിൽ നിന്നും നീക്കത്തിന്‌ ഇടയുണ്ട്‌. ഇതിനിടെ ഓണാവശ്യങ്ങൾ മുന്നിൽക്കണ്ട്‌ ചരക്ക്‌ ഇറക്കാനുള്ളവരും വിപണിയിലേക്കു തിരിയാം.  

രാജ്യാന്തര റബർ വിപണിയിലെ വൻ ചാഞ്ചാട്ടം കണക്കിലെടുത്ത്‌ ഇന്ത്യൻ വ്യവസായികൾ കരുതലോടെയാണ്‌ ചരക്ക്‌ സംഭരിക്കുന്നത്‌. ജപ്പാൻ, സിംഗപ്പൂർ, ചൈനീസ്‌ മാർക്കറ്റുകളിൽ റബർ അവധി വിലകളിലെ ഇടിവ്‌ ബാങ്കോക്കിൽ ഷീറ്റ്‌ വിലയിൽ സ്വാധീനം ചെലുത്തിയത്‌ റബർ ഉൽപാദക രാജ്യങ്ങളിൽ മ്ലാനത പരത്തി. ബാങ്കോക്കിൽ നാലാം ഗ്രേഡിന്‌ തുല്യമായ ഷീറ്റ്‌ വില ഒരാഴ്‌ചയ്ക്കിടയിൽ ക്വിന്റലിന്‌ 644 രൂപ ഇടിഞ്ഞ അവസരത്തിലും ചൈനീസ്‌ വ്യവസായികളിൽ നിന്നും കാര്യമായ വാങ്ങൽ താൽപര്യം ഉയർന്നില്ല. ക്രൂഡ്‌ ഓയിൽ  വിലത്തകർച്ചയും ഏഷ്യൻ റബറിന്റെ കരുത്ത്‌ ചോർത്തിയതിനാൽ ബീജിങിൽ നിന്നുള്ള ഡിമാൻഡ് ജൂലൈയെ അപേക്ഷിച്ച്‌ ഉയർന്നില്ലെന്നാണ്‌ വിലയിരുത്തൽ.  

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ മൂലം റബർ ഉൽപാദനം ആ മേഖലയുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയർന്നില്ല. കാലവർഷം ശക്തമായതോടെ തോട്ടങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ തൊഴിലാളികൾ നിർബന്ധിതരായി. കേരളത്തിലേക്കു തിരിഞ്ഞാൽ മുന്നിലുള്ള മാസങ്ങളിൽ റബർ ഉൽപാദനത്തിൽ മുന്നേറ്റ സാധ്യത തെളിയുന്നു. ഡിസംബർ വരെയുള്ള കാലയളവിൽ വെട്ട്‌ പരമാവധി ഉയർത്താൻ ചെറുകിട കർഷകരും വൻകിട തോട്ടങ്ങളും ഉത്സാഹിക്കുമെന്നത്‌ നേട്ടത്തിന്‌ അവസരം ഒരുക്കും. ഉൽപാദനത്തിൽ ഉണർവ്‌ കണ്ടാൽ വ്യവസായികൾ രംഗത്ത്‌ സജീവമാകുമെന്നാണ്‌ വിപണി വൃത്തങ്ങളുടെ അനുമാനം. നിലവിൽ കിലോ 165‐170 റേഞ്ചിലാണ്‌ നാലാം ഗ്രേഡ്‌ റബർ നീങ്ങുന്നത്‌. വിദേശ അവധി വ്യാപാരത്തിലെ വില വ്യതിയാനങ്ങൾ ഓഗസ്റ്റ് രണ്ടാം പകുതിയിൽ ഇന്ത്യൻ റബറിനെ കൂടുതൽ സ്വാധീനിച്ചാൽ വിപണി ഈ റേഞ്ചിൽ നിന്നും പുറത്ത്‌ കടക്കാം.

പ്രതീക്ഷയോടെ കുരുമുളക്‌ വിപണി

രാജ്യാന്തര കുരുമുളക്‌ വിപണി വൻ പ്രതീക്ഷയിലാണ്‌. ക്രിസ്‌മസ്‌‐ന്യൂ ഇയർ കാലയളവിലേക്കുള്ള ചരക്ക്‌ സംഭരണ നീക്കങ്ങൾ ഒരുവശത്ത്‌ പുരോഗമിച്ചതോടെ കയറ്റുമതി രാജ്യങ്ങൾ മുളകിൽ പിടിമുറുക്കാനുള്ള ശ്രമത്തിലാണ്‌. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഏതാനും മാസങ്ങളായി അന്താരാഷ്‌ട്ര മാർക്കറ്റിൽ നിന്നും അത്യാവശ്യം വേണ്ട ചരക്ക്‌ മാത്രമേ ശേഖരിച്ചിട്ടുള്ളൂ.

‌കുതിച്ചുയർന്ന നാണയപ്പെരുപ്പവും പലിശ നിരക്കിലെ വർധനയുമെല്ലാം ബയ്യർമാരെ രംഗത്തുനിന്ന്‌ അൽപ്പം പിന്തിരിപ്പിച്ചതിനാൽ പല രാജ്യങ്ങളിലും കുരുമുളക്‌ കാര്യമായി സ്റ്റോക്കില്ല. യൂറോപിലെ വൻകിട പൗഡർ യൂണിറ്റുകൾ സംഭരണ നീക്കം ആരംഭിച്ചതോടെ അമേരിക്കയും രാജ്യാന്തര മാർക്കറ്റിലേക്ക്‌ ശ്രദ്ധതിരിച്ചു. ഇന്ത്യൻ കുരുമുളകിന്റെ പകുതി വിലയ്‌ക്ക്‌ ചരക്ക്‌ വാഗ്‌ദാനം ചെയ്‌ത്‌ ബ്രസീലിയൻ കയറ്റുമതിക്കാർ രംഗത്ത്‌ ഇറങ്ങിയത്‌ വാങ്ങലുകാരെ ഏറെ ആകർഷിച്ചു. 

ഇതിനിടെ ചൈനീസ്‌ ബയ്യർമാർ വിയ‌റ്റ്‌നാം, കബോഡിയൻ മുളകിനെ തഴഞ്ഞ്‌ ബ്രസീലിലേക്ക്‌ തിരിഞ്ഞതോടെ അവരുടെ വില ടണ്ണിന്‌ 3000 ഡോളറിൽ നിന്നും 3500‐3700 ഡോളറിലേക്ക്‌ ഉയർത്തി. വിളവെടുപ്പിന്‌ ഒരുങ്ങുന്നതിനിടെ ബ്രസീൽ വില ഉയർത്തിയതിന്‌ പിന്നിലെ രഹസ്യം ഉൽപാദനം കുറഞ്ഞത്‌ മൂലമാണോയെന്ന കാര്യത്തിൽ ഇനിയും വ്യക്തമായ ചിത്രം പുറത്ത്‌ വന്നിട്ടില്ലെങ്കിലും ഇന്തോനേഷ്യ  3700 ൽ നിന്നും 4125 ഡോളറായി ക്വട്ടഷൻ നിരക്ക്‌ ഉയർത്തി.

അതേസമയം മറ്റ്‌ ഉൽപാദക രാജ്യങ്ങൾ മുളകുവിലയിൽ കാര്യമായ മാറ്റത്തിന്‌ കഴിഞ്ഞ ദിവസങ്ങളിൽ തയാറായില്ല. മലേഷ്യ 5900 ഡോളറിലും വിയറ്റ്‌നാം 4000 ഡോളറിലും സ്‌റ്റെഡിയാണ്‌. ഇതിനിടെ ഇന്ത്യൻ വില ഉയർത്താൻ ശ്രീലങ്കൻ ലോബി നീക്കം നടത്തി, ഉത്തരേന്ത്യൻ ഇറക്കുമതിക്കാരെ ആകർഷിക്കാൻ അവർ മുളക്‌ വില 5050 ഡോളറിൽ നിന്നും പെടുന്നനെ 5300 ലേയ്‌ക്ക്‌ കയറ്റിയെങ്കിലും കൊളംബോയിലെ റീസെല്ലർമാരുടെ കണക്ക്‌ കൂട്ടലിനൊത്ത്‌ ഇന്ത്യൻ മാർക്കറ്റ്‌ സഞ്ചരിച്ചില്ല. 

കൊച്ചിയിൽ രണ്ടാഴ്‌ചയിൽ ഏറെയായി ഗാർബിൾഡ്‌ കുരുമുളക്‌ 51,500 രൂപയിൽ സ്‌റ്റെഡിയാണ്‌. അതേസമയം വിനിമയ നിരക്കിലെ വ്യതിയാനങ്ങൾ മലബാർ മുളകിന്റെ രാജ്യാന്തര വിലയിൽ നേരിയ ചാഞ്ചാട്ടങ്ങൾ സൃഷ്‌ടിച്ചെങ്കിലും വിദേശ ഓർഡറുകളുടെ അഭാവം മൂലം ടണ്ണിന്‌ 6475 ഡോളറിൽ നീങ്ങി. 

കർക്കിടക മഴയിൽ കുരുമുളക്‌ കൊടികൾക്ക്‌ നേരിട്ട നാശനഷ്‌ടങ്ങളുടെ കണക്കുകൾ ഇനിയും കൃഷി വകുപ്പിൽ നിന്നും പുറത്തുവന്നിട്ടില്ല. മാസാരംഭത്തിലെ ശക്തമായ മഴ അടുത്ത സീസണിലെ ഉൽപാദനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടോയെന്നത്‌ സംബന്ധിച്ച്‌ കണക്കുകൾ ലഭ്യമായാൽ മാത്രമേ സെപ്‌റ്റംബർ‐ഒക്‌ടോബർ കാലയളവിലെ വിപണിയുടെ കുതിപ്പിനെ കുറിച്ച്‌ കുടുതൽ വ്യക്തവരു.   

നാളികേരത്തെ ചിങ്ങം രക്ഷിക്കുമോ?

ചിങ്ങം പടിവാതുക്കൽ എത്തിയതോടെ മരവിപ്പിൽ നിന്നും നാളികേരോൽപ്പന്ന വിപണി സടകുടഞ്ഞ്‌ ഉണരുമെന്ന പ്രതീക്ഷയിലാണ്‌ ഉൽപാദകർ. വർഷാരംഭം മുതൽ നിരക്ക്‌ ഇന്ന്‌ ഉയരും നാളെ ഉയരുമെന്ന്‌ കണക്കുകൂട്ടി ഒടുവിൽ താഴ്‌ന്ന വിലയ്‌ക്ക്‌ ഉൽപ്പന്നം കൈമാറിയ കർഷകരുടെ രക്ഷയ്‌ക്ക്‌ ഉത്സവ ഡിമാൻഡ് അവസരം ഒരുക്കിയാൽ മാത്രമേ കുതിച്ച്‌ ഉയരുന്ന നാണയപെരുപ്പത്തിന്‌ മുന്നിൽ നടുനിവർത്താൻ നമ്മുടെ കർഷകർക്കാവൂ.

ദക്ഷിണേന്ത്യൻ വിപണികളിൽ ക്വിന്റലിന്‌ 8100‐8250 രൂപയിലാണ്‌ കൊപ്രയുടെ കൈമാറ്റം. ഓണ ഡിമാൻഡിൽ 8400‐8700 റേഞ്ചിലേക്ക്‌ കൊപ്രയെ കൈപിടിച്ച്‌ ഉയർത്തണമെങ്കിൽ കേരളം വെളിച്ചെണ്ണയെ കൂടുതലായി ഓണവേളയിൽ സ്‌നേഹിക്കുക തന്നെ വേണം. സർക്കാർ ഏജൻസികളുടെ സംഭരണത്തിലെ ആത്മാർഥതയില്ലായ്‌മയാണ്‌ നാളികേര കർഷകർ വിലത്തകർച്ചയുടെ നെല്ലിപ്പലക ദർശിക്കാൻ ഇടയാക്കിയത്‌. 

English summary: Commodity Markets Review August 16

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com