ADVERTISEMENT

ആറുമാസം കൊണ്ട് അര കിലോയെങ്കിലും വളരുന്ന മത്സ്യമാണ് എല്ലാവർക്കും വേണ്ടത്. കുറഞ്ഞത് കാൽ കിലോയെങ്കിലും തൂക്കമെത്തിയാൽ പലർക്കും തൃപ്തിയായി. തിലാപ്പിയയും നട്ടറും വാളയുമൊക്കെ വാഴുന്ന ഈ നാട്ടിലാണ് ഒരു വർഷം കൊണ്ട് അര കിലോയെങ്കിലും വളരാൻ ആയാസപ്പെടുന്ന ഗൗരാമിക്കായി മനു കുളങ്ങൾ തീർത്തിരിക്കുന്നത്. ഒന്നും രണ്ടുമല്ല, ഇരുപത്തഞ്ചിലധികം. മീനല്ല, മീൻ കുഞ്ഞുങ്ങളാണ് ഇവിടെ പ്രധാന ഉൽപനം. ഓരോ കുളത്തിലും മാതൃ - പിതൃ മത്സ്യങ്ങളുണ്ടാകും. അവ കൂടു കൂട്ടി മുട്ടയിട്ട് വിരിയിച്ചെടുക്കുന്ന കുഞ്ഞുങ്ങളെ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആവശ്യക്കാർ കോട്ടയം പൂഞ്ഞാറിനു സമീപം മലയിഞ്ചിപ്പാറയിലെ കര്യാപുരയിടം വീട്ടിലെത്തുന്നു.

മൂന്നു പതിറ്റാണ്ട്

തൊണ്ണൂറുകളുടെ തുടക്കത്തിലാണ് കര്യാപുരയിടം വീട്ടിലേക്ക് ജയന്റ് ഗൗരാമികളെത്തുന്നത്. അന്ന് പത്രത്തിൽ പരസ്യം കണ്ട് ഒരു കുഞ്ഞിന് 25 രൂപ നൽകി വാങ്ങിക്കൊണ്ടുവന്ന് വീട്ടിലെ കുളത്തിൽ നിക്ഷേപിക്കുകയായിരുന്നു. ചേമ്പിലയും ചീരയുമൊക്കെ കഴിച്ച് അവ വളർന്നു. നാലു വർഷം പിന്നിട്ടപ്പോൾ കുളത്തിൽ കുഞ്ഞുങ്ങളെ കണ്ടുതുടങ്ങിപ്പോഴായിരുന്നു ഇവ സ്വയമേ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുമെന്ന് അറിഞ്ഞത്. അന്ന് വിപണിയിൽ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്നത് കാർപ്പ് മത്സ്യങ്ങളായിരുന്നു. ഹോർമോൺ കുത്തിവച്ചാണ് അവയുടെ പ്രത്യുൽപാദനം. തനിയെ കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞതോടെ കൂടുതൽ പഠിക്കാൻ ശ്രമിച്ചു. ക്രമേണ ചെറിയ രീതിയിൽ വിൽപനയും തുടങ്ങി.

പിതാവ് ഇമ്മാനുവലിന്റെ ആഗ്രഹപ്രകാരം ജയന്റ് ഗൗരാമിയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതായിരുന്നു അക്കാലത്ത് സ്വീകരിച്ചുപോന്ന രീതി. അതായത്, സമീപവാസികൾക്കെല്ലാവർക്കും കുറഞ്ഞ വിലയിൽ ഏതാനും മത്സ്യങ്ങളെ നൽകി പരിചയപ്പെടുത്തുക. രണ്ടു രൂപയ്ക്കായിരുന്നു അക്കാലത്തെ വിൽപന. അങ്ങനെ മത്സ്യക്കു‍ഞ്ഞുങ്ങളെ വാങ്ങി വളർത്തിവയവരിൽ ചിലരൊക്കെ ഇപ്പോൾ ജയന്റ് ഗൗരാമികളിലൂടെ മികച്ച വരുമാനം നേടുന്നുണ്ടെന്ന് മനു അഭിമാനത്തോടെ ഓർക്കുന്നു.

manu-giant-gourami-ponds
ജയന്റ് ഗൗരാമികൾക്കുള്ള കുളങ്ങൾ

ഗൗരാമി ഗൗരവമായത്

പതിറ്റാണ്ടുകളായി ജയന്റ് ഗൗരാമികളെ വളർത്തിയിരുന്നെങ്കിലും ഈ മേഖലയിലേക്ക് ഗൗരവത്തോടെ മനു തിരിഞ്ഞിട്ട് 10 വർഷം പിന്നിട്ടതേയുള്ളൂ. എംബിഎ പഠനശേഷം ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ഏഴു വർഷം ജോലി ചെയ്തു. കൃഷിയോടുള്ള താൽപര്യം നിമിത്തം 2012ൽ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ കർഷകനായി മനു കുളത്തിലേക്കിറങ്ങി! 

വീടിനോട് ചേർന്നുള്ള പാറക്കുളം ഉൾപ്പെടെ 25ലധികം കുളങ്ങളിലാണ് മനുവിന്റെ ജയന്റ് ഗൗരാമികൾ കിടക്കുന്നത്. നന്നായി സൂര്യപ്രകാശം ലഭിക്കുന്നിടത്ത് ആൽഗ നിറഞ്ഞ് പച്ച നിറമുള്ള വെള്ളമാണ് ഇവയ്ക്ക് ഏറെ പ്രിയവും അനുയോജ്യവും. 1:2 എന്ന അനുപാതത്തിൽ ആൺ–പെൺ മത്സ്യങ്ങളെ നിക്ഷേപിക്കും. വലുപ്പമുള്ള കുളങ്ങളിൽ ഇതേ അനുപാതത്തിൽ എണ്ണം കൂട്ടും. 18 അടി നീളവും 12 അടി വീതിയുമുള്ള കുളങ്ങളിൽ പൊതുവെ മൂന്നു മത്സ്യങ്ങളെയാണ് നിക്ഷേപിക്കുക. എണ്ണം കൂടുന്തോറും ആൺമത്സ്യങ്ങൾ തമ്മിലുള്ള സംഘർഷവും പരിക്കും മരണവുമൊക്കെ സംഭവിക്കാം. അതിനാൽ മത്സ്യങ്ങൾ കിടക്കുന്ന കുളത്തിലേക്ക് പുതിയ മത്സ്യങ്ങളെ ഇറക്കാത്തതാണ് നല്ലത്. 

manu-giant-gourami-juveniles
വിൽപനയ്ക്കു പാകമായ കു‍ഞ്ഞുങ്ങൾ

പുല്ലും മറ്റ് അവശിഷ്ടവും ഉപയോഗിച്ച് കൂട് നിർമിച്ച് മുട്ടയിടുന്ന മത്സ്യങ്ങളാണ് ജയന്റ് ഗൗരാമികൾ. മുട്ടയിടുന്നതിനായി ടയറിനുള്ളിൽ തകര വീപ്പഘടിപ്പിച്ച് പെൺമത്സ്യങ്ങളുടെ എണ്ണം അനുസരിച്ച് വശങ്ങളിൾ ഉറപ്പിച്ചു നൽകും. കൂട് നിർമിക്കുന്നതിനായി കമുകിന്റെ തഴങ്ങാണ് നൽകുക. അത് ഉപയോഗിച്ച് മത്സ്യങ്ങൾ വലിയ കൂട് നിർമിച്ച് അതിനുള്ളിൽ മുട്ടയിടും. വൈകുന്നേരങ്ങളിലാണ് ഇവയുടെ മുട്ടയിടൽ നടക്കുക. ശേഷം പെൺമത്സ്യം കൂടിന് കാവൽ നിൽക്കും. മൂന്ന് ആഴ്ച പിന്നിടുമ്പോൾ കുഞ്ഞുങ്ങൾ കൂട്ടിൽനിന്ന് വെളിയിലിറങ്ങും.

ഏകദേശം 4 മാസം പ്രായമാകുമ്പോൾ 2 ഇഞ്ച് വലുപ്പത്തിലേക്ക് കുഞ്ഞുങ്ങളെത്തും. അപ്പോൾ കുഞ്ഞൊന്നിന് 25–30 രൂപ നിരക്കിലാണ് വിൽപന. വർഷങ്ങളായി ഈ മേഖലയിൽ നിൽക്കുന്നതുകൊണ്ടുതന്നെ ആവശ്യക്കാർ കുഞ്ഞുങ്ങളെ തേടി വീട്ടിലെത്തും. ഒരു കുളത്തിൽനിന്ന് ശരാശരി 450 മത്സ്യക്കു‍ഞ്ഞുങ്ങളെ ലഭിക്കും. വർഷം 10,000 കുഞ്ഞുങ്ങളെ വിൽക്കുന്നു.

manu-pink-giant-gourami
പിങ്ക് ജയന്റ് ഗൗരാമി മത്സ്യങ്ങൾ (ഇടത്ത്–ആൺമത്സ്യം, വലത്ത്–പെൺമത്സ്യം)

രുചിയിൽ മുൻപിൽ

വളർത്തുമത്സ്യങ്ങളിൽ ഏറ്റവും രുചിയുള്ള മത്സ്യയിനമാണ് ജയന്റ് ഗൗരാമികളെന്ന് മനു. യഥേഷ്ടം ലഭ്യമായ സസ്യങ്ങളും പഴങ്ങളും നൽകുന്നതിനാൽ മറ്റു തീറ്റച്ചെലവ് വരുന്നില്ല. വളർച്ചനിരക്ക് കുറവാണെന്നത് പോരായ്മയാണെങ്കിലും കാത്തിരിക്കാൻ ക്ഷമയുള്ളവർക്ക് മികച്ചൊരു മത്സ്യമാണിതെന്ന് മനു പറയുന്നു. മാത്രമല്ല, അന്തരീക്ഷത്തിൽനിന്ന് നേരിട്ട് ശ്വസിക്കാനുള്ള കഴിവുള്ളതിനാൽ കൃത്രിമമായി കുളത്തിൽ എയറേഷൻ സംവിധാനം ഒരുക്കേണ്ട ആവശ്യവുമില്ല.

പ്രധാനമായും കുഞ്ഞുങ്ങളുടെ വിപണനമാണുള്ളതെങ്കിലും ആവശ്യക്കാരെത്തിയാൽ വലിയ മത്സ്യങ്ങളെയും വിൽക്കാറുണ്ട് മനു. വലിയ മത്സ്യങ്ങൾക്ക് കിലോയ്ക്കാണ് വില വരിക. വർഷങ്ങളായി ഗൗരാമികൾ കേരളത്തിലുണ്ടെങ്കിലും ഇറച്ചിയാവശ്യത്തിനായി ഇവ മാർക്കറ്റുകളിലെത്തിയിട്ടില്ലെന്ന് മനു. ആദ്യകാലങ്ങളിലൊക്കെ വളർത്തി വലുതാക്കി കഴിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജയന്റ് ഗൗരാമികളെ ആളുകൾ തേടിവന്നിരുന്നതെങ്കിൽ ഇന്ന് സ്ഥിതി അതുമാത്രമല്ല, കച്ചവട താൽപര്യത്തോടെ മാത്രം മേഖലയിലേക്ക് കടന്നുവന്നിട്ടുള്ളവരുമുണ്ട്. അതുകൊണ്ടുതന്നെ അതിവേഗം വളരുമെന്നും ആയിരക്കണക്കിനു കുഞ്ഞുങ്ങളെ ലഭിക്കുമെന്നും പലരും തെറ്റിദ്ധരിപ്പിക്കപ്പെടാറുമുണ്ട്. ജയന്റ് ഗൗരാമികളെക്കുറിച്ച് വിശദമായി പഠിച്ചതിനുശേഷം മാത്രം വളർത്തുന്നതാണ് നല്ലതെന്നാണ് ഈ യുവ കർഷകന്റെ പക്ഷം.

manu-male-and-female--giant-gourami
ജയന്റ് ഗൗരാമിയുടെ ആൺ–പെൺ മത്സ്യങ്ങൾ

വർച്ചനിരക്ക് കുറഞ്ഞ വളർത്തുമത്സ്യം

പ്രായപൂർത്തിയാകാൻ 4 വർഷം. ഈ സമയത്ത് ശരീരലക്ഷണങ്ങൾ നോക്കി ലിംഗനിർണയം നടത്താം. ആൺമത്സ്യത്തിന് വലിയ തലയും നെറ്റിയിൽ മുഴയും മുന്നോട്ടുന്തിയ കീഴ്ത്താടിയും ഒപ്പം അംസച്ചിറകിനു ചുവട്ടിൽ വെളുത്ത നിറവും ഉണ്ടായിരിക്കും. പെൺമത്സ്യത്തിന് ചെറിയ തലയും ഉരുണ്ട മുഖവും (കീഴ്ത്താടിക്ക് വലുപ്പമില്ല) അംസച്ചിറകിനു ചുവട്ടിൽ കറുപ്പു നിറവും ആയിരിക്കും. പെൺമത്സ്യത്തെ അപേക്ഷിച്ച് ആൺമത്സ്യത്തിന് പൊതുവെ ശരീരവലുപ്പം കൂടുതലായിരിക്കും.

ശരാശരി 15 വർഷം ആയുർദൈർഘ്യം (30 വയസിനു മുകളിലുള്ള മത്സ്യങ്ങളും കർഷകരുടെ പക്കലുണ്ട്). മഴക്കാലത്തോട് അനുബന്ധിച്ച് കൂടു നിർമിച്ച് മുട്ടയിടുന്നു. 

manu-poultry-farm-broiler-chicken
സ്ഥിരവരുമാനത്തിന് ഇറച്ചിക്കോഴി

സ്ഥിരവരുമാനത്തിന് ഇറച്ചിക്കോഴി

പേരുപോലെതന്നെ കുന്നുകളും പാറകളും നിറഞ്ഞ പ്രദേശമാണ് മലയിഞ്ചിപ്പാറ. മനുവിന്റെ വീടിരിക്കുന്ന പ്രദേശവും പണ്ട് കപ്പ വാട്ടി ഉണങ്ങാൻ നിരത്തിയിരുന്ന പാറയായിരുന്നു. ആ പാറയിന്മേലാണ് മികച്ചൊരു പച്ചപ്പ് ഈ കുടുംബം കെട്ടിപ്പടുത്തത്. പാറയുടെ മുകളിൽ മണ്ണിട്ട് ഓടുകൾ വച്ച് തട്ടുകളാക്കിയായിരുന്നു സ്ഥലം ഉപയോഗയോഗ്യമാക്കിയത്. പിന്നാലെ അധികം വേരോട്ടമില്ലാത്ത ഫലവൃക്ഷങ്ങൾ ഇവിടെ സ്ഥാനംപിടിച്ചു.

ജയന്റ് ഗൗരാമിയും ഫലവൃക്ഷങ്ങളും കൂടാതെ മനുവിന് വരുമാനം നേടിക്കൊടുക്കുന്ന മറ്റൊരു മേഖലയാണ് ഇറച്ചിക്കോഴിവളർത്തൽ. കാർഷിക മേഖലയിൽ സ്ഥിരവരുമാനം നേടാൻ കോഴിവളർത്തൽ സഹായിക്കുമെന്നാണ് മനുവിന്റെ പക്ഷം. എന്നാൽ, കോഴി വളർത്തൽ മേഖലയിലെ തന്റെ തുടക്കം വലിയ തിരിച്ചടി നേരിട്ടുകൊണ്ടായിരുന്നുവെന്ന് മനു ഓർക്കുന്നു. 2021ലെ കൂട്ടിക്കൽ ഉരൾപൊട്ടലിന്റെ ബാക്കിയെന്നോണം തോട്ടത്തിനു സമീപത്തെ കൈത്തോട് കരകവിഞ്ഞ് ഒഴുകിയത് കോഴികളെ പാർപ്പിച്ചിരുന്ന ഷെഡ്ഡിലേക്കായിരുന്നു. സുഹൃത്തുക്കളും അയൽക്കാരുമെല്ലാം കൃത്യമായി ഇടപെട്ട് സഹായിച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായില്ല. മാത്രമല്ല ലൈസൻസ് മാനദണ്ഡം അനുസരിച്ച് ഫാം തയാറാക്കിയത് നഷ്ടം വരുത്താതെ തന്നെ രക്ഷിച്ചെന്നും മനു (വിശദമായി അറിയാൻ വിഡിയോ കാണുക)

സ്വന്തമായി വളർത്തി വിൽക്കുന്ന രീതിയിലല്ല മനു ഇറച്ചിക്കോഴി ഫാം ചെയ്തിരിക്കുന്നത്. കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും തന്ന് വളർത്തി തിരികെയെടുക്കുന്ന ഇന്റഗ്രേഷൻ രീതിയിലാണ് ഇവിടെ കോഴികളെ വളർത്തുന്നത്. അതിനാൽ, വിപണിയിലെ പ്രതിസന്ധികൾ കർഷകനിലേക്ക് നേരിട്ട് എത്തുന്നില്ല. അതുകൊണ്ടുതന്നെ മികച്ച വരുമാനമാർഗമാണ് കോഴിവളർത്തൽ. കിലോഗ്രാമിന് 7–8 രൂപയോളം വളർത്തൽ ഇനത്തിൽ ലഭിക്കുന്നുണ്ട്.

കൃഷിയിലൂടെ കാര്യമായ വരുമാനം ലഭിക്കില്ലെന്ന ചിന്താഗതി മാറ്റണമെന്ന് സ്വന്തം കൃഷിയിടത്തിലൂടെ മനു തെളിയിച്ചുതരുന്നു. അധ്വാനിക്കാനുള്ള മനസും വരുമാനം നേടാനുള്ള വഴികളെക്കുറിച്ച് ദീർഘവീക്ഷണവും ഉണ്ടെങ്കിൽ കാർഷിക മേഖലയിൽനിന്ന് മികച്ച വിജയം കൊയ്യാൻ സാധിക്കും. അതാണ് മനു നൽകുന്ന പാഠം.

ഫോൺ: 9447129137

English summary: This farmer Earns lakhs from giant gourami fish farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com