കൃഷി കാണാനും കണ്ടുപഠിക്കാനും ആഗ്രഹമുണ്ടോ. അറിവും ആനന്ദവും നൽകുന്ന കാർഷികപഠനയാത്രകൾ ആരാണ് ഇഷ്ടപ്പെടാത്തത്, അല്ലേ? എങ്കിൽ പോന്നോളൂ- കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്ക്. ഇരുവഞ്ഞിപ്പുഴയുടെ ഇരുവശങ്ങളിലുമായി ഒരു കൂട്ടം സമർഥരായ കൃഷിക്കാരെ നിങ്ങൾക്കു കാണാം. സമർഥർ എന്നു വെറുതെ പറഞ്ഞതല്ല, കർഷകശ്രീ, കർഷകോത്തമ പുരസ്കാരങ്ങളും ദേശീയ അവാർഡുമൊക്കെ നേടിയ 10 കൃഷിക്കൊമ്പന്മാരാണ് ഇവിടെ നിങ്ങളുടെ ആതിഥേയരാവുന്നത്. കൃഷിയിലും മൃഗസംരക്ഷണത്തിലും മത്സ്യക്കൃഷിയിലും അഗ്രഗണ്യർ, മൂന്നു മേഖലകളിലും ഇത്രയധികം പ്രായോഗികവിജ്ഞാനമുള്ളവരെ കേരളത്തില്‍ മറ്റൊരിടത്തും ഒരുമിച്ചു കിട്ടില്ലെന്നുറപ്പ്. പുതുതായി കൃഷിയിലേക്കു വരുന്നവർക്ക് ദ്രോണാചാര്യന്മാരാകാൻ കെൽപുള്ള ഇവരുടെ കൃഷി കണ്ടുപഠിക്കുന്നതിനൊപ്പം ഒന്നാന്തരം കാർഷികവിഭവങ്ങൾ ആസ്വദിക്കാം. വൈറ്റ് വാട്ടർ കയാക്കിങ്, ട്രക്കിങ് തുടങ്ങിയ വിനോദങ്ങളില്‍ മുഴുകാം. തുഷാരഗിരി വെള്ളച്ചാട്ടം, താമരശേരി ചുരം... എന്നിങ്ങനെ നാലു ചുറ്റുമുള്ള കാഴ്ചകൾ കാണുകയുമാവാം.
തിരുവമ്പാടിയിലും പരിസരത്തുമുള്ള മികച്ച കൃഷിയിടങ്ങളെ കോർത്തിണക്കുന്ന ഇരുവഞ്ഞിവാലി അഗ്രി ടൂറിസം പതിവു ഫാം ടൂറിസം സംരംഭങ്ങളിൽനിന്നു വ്യത്യസ്തമാണ്. സഞ്ചാരികളെ മുന്നിൽകണ്ട് ഒരുക്കിയ ഫാമുകളല്ല ഈ ശൃംഖലയിലുള്ളത്. പ്രകൃതിയോട് ഇണങ്ങി, സ്വന്തം അധ്വാനത്തിലൂടെ കർഷകര്‍ കാലങ്ങള്‍കൊണ്ടു കെട്ടിപ്പടുത്ത സ്വാഭാവികകൃഷിയിടങ്ങളാണ്. സന്ദർശകര്‍ക്കു സന്തോഷം പകരാനുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ടാകുമെന്നു മാത്രം. തേനും വെളിച്ചെണ്ണയും സുഗന്ധവിളകളും നാടൻപലഹാരങ്ങളും മത്സ്യവുമൊക്കെ വാങ്ങി മടങ്ങുമ്പോൾ സഞ്ചാരിക്ക് അഭിമാനിക്കാം- ഏറ്റവും മികച്ചതാണ് വാങ്ങിയതെന്ന്, ഒപ്പം യഥാർഥ കർഷകന്റെ നിലനിൽപിന് ഒരു കൈ സഹായം നൽകിയെന്നും.

രണ്ടു തരം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രോജക്ട് കോർഡിനേറ്റർ അജു ഇമ്മാനുവൽ പറഞ്ഞു. വിനോദത്തിനായി മാത്രം വരുന്നവരും കൃഷി പഠിക്കാനായി വരുന്നവരും. രണ്ടു കൂട്ടർക്കും മനസ്സു നിറയാൻ വേണ്ടതൊക്കെ തയാറാക്കുന്ന തിരക്കിലാണ് കൃഷിക്കാർ.
രാവിലെ 8.30നു തിരുവമ്പാടിയിൽനിന്നു പുറപ്പെട്ട് വൈകുന്നേരം 6.30ന് അവിടെത്തന്നെ തിരികെയെത്തുന്ന ഏകദിന പരിപാടിയാണ് തുടക്കത്തില്‍. പാക്കേജ് ഇങ്ങനെ

ലേക്ക് വ്യൂ ഫാംസ്റ്റേ
മത്സ്യക്കർഷകനായ ജയ്സൺ പ്ലാത്തോട്ടത്തിന്റെ പുരയിടത്തിൽനിന്നു തുടക്കം. 6 കിലോവരെ തൂക്കമുള്ള മത്സ്യങ്ങൾ നിറഞ്ഞ കൊച്ചുതടാകമാണ് ഹൈലൈറ്റ്. തടാകക്കരയിലെ മുളങ്കൂട്ടങ്ങളുടെ തണലിലിരുന്ന് പ്രഭാതഭക്ഷണമാകാം. ചൂണ്ടയിട്ടു മീൻ പിടിക്കാനും താല്‍പര്യമുണ്ടെങ്കില്‍ പാചകം ചെയ്യാനും സൗകര്യം. ഒപ്പം മത്സ്യക്കൃഷിയെക്കുറിച്ച് വിശദമായി പഠിക്കാം.
താലോലം പ്രോഡക്ട്സ്
ഇനി വ്യത്യസ്തമായ ഷോപ്പിങ് അനുഭവം. ബീന അജുവിന്റെ എക്കോഫ്രണ്ട്‌ലി ടോയ്സ് യൂണിറ്റില്‍ തടിയിൽ നിർമിച്ച ശിശുസൗഹൃദ കളിപ്പാട്ടങ്ങളും കരകൗശലവസ്തുക്കളും തയാര്‍. വിനോദത്തിനും ഒപ്പം കുട്ടികളുടെ ബുദ്ധിവികാസത്തിനും ഉപകരിക്കുന്ന കളിപ്പാട്ടങ്ങൾ ഇവിടെക്കിട്ടും. ബിഎം ഫുഡ്സ് എന്ന പേരിൽ കാര്‍ഷിക മൂല്യവർധിത ഉൽപന്ന നിർമാണ യൂണിറ്റും ഇവിടെയുണ്ട്. പുളിച്ചമ്മന്തിപ്പൊടി, വെന്ത വെളിച്ചെണ്ണ, അവലോസ്പൊടി, അവലോസ്ഉണ്ട, കുഴലപ്പം മുതലായവയും മുളകുപൊടി, മല്ലിപ്പൊടി, ഇറച്ചിമസാല, സാമ്പാർപൊടി, അച്ചാർപൊടി തുടങ്ങിയവയും ഇവർ തയാറാക്കുന്നു. ചുറ്റുമുള്ള കൃഷിയി ടങ്ങളിലെ സുഗന്ധവിളകൾ ചേർത്തുണ്ടാക്കുന്ന ഈ ഉൽപന്നങ്ങളുടെ നിലവാരം കണ്ടു ബോധിച്ചു വാങ്ങാം.

പനച്ചിക്കൽ അക്വാപെറ്റ്സ്
ദേശീയ അവാർഡ് നേടിയ ഫാമില്‍ ഇസ്രയേൽ ടെക്നോളജി ഉപയോഗിച്ചുള്ള ഹൈഡെൻസിറ്റി ഫാമിങ്ങാണ്. ഗപ്പി, ഗോൾഡ് ഫിഷ് തുടങ്ങിയ അലങ്കാരമത്സ്യങ്ങളുടെ വൻതോതിലുള്ള ഉൽപാദനവും വിപണനവും കയറ്റുമതിയുമൊക്കെ നാട്ടിൻപുറത്തെ ഈ ഫാമിൽ കാണാം.
തറക്കുന്നേൽ ഗാർഡൻസ്
കർഷകശ്രീ വായനക്കാർക്കു പരിചിതമാണ് തേനീച്ച തേടിയെത്തുന്ന ഈ കാര്‍ഷിക പൂന്തോട്ടം. 2016ലെ കർഷകശ്രീ അവാർഡ് ജേതാവായ സാബു ജോസഫിന്റെ കൃഷിയിടത്തിൽ ജാതി, വനില, തിപ്പലി തുടങ്ങി വിവിധയിനം വിളകൾ ഉദ്യാനത്തിലെന്നപോലെ സംരക്ഷിച്ചിരിക്കുന്നു. ഒപ്പം തേനീച്ചകളെയും. കുടുംബാംഗങ്ങളുടെ മാത്രം അധ്വാനത്തിലൂടെ നാലരയേക്കർ കൃഷിയിടം മനോഹരവും ഉൽപാദനക്ഷമവുമാക്കുന്നത് എങ്ങനെയെന്ന് സാബുവും ഭാര്യ ജോയ്സിയും കാണിച്ചുതരും. വിവിധ തരം തേനും മറ്റു കാർഷികോൽപന്നങ്ങളും വാങ്ങുകയുമാകാം.

കാർമൽ ഫാം
പുരയിടത്തിനു നടുവിലൂടെ അരുവിയും അതിനപ്പുറം അണക്കെട്ടും ചെറുവെള്ളച്ചാട്ടവുമൊക്കെയുള്ള ഈ തോട്ടത്തിൽ കൃഷിയും ടൂറിസവും മത്സരിക്കേണ്ട സ്ഥിതിയാണ്. കർഷകോത്തമനായ ഡൊമിനിക്ക് മണ്ണുക്കുശുമ്പിലിന്റെ സ്വീകരണമുറിയിലെത്തുമ്പോൾതന്നെ മനസ്സിലാകും- ആള് പുലിയാണെന്ന്. ഷെൽഫുകളിലും ഷോകേസുകളിലും നിറയെ അവാര്‍ഡ് ഫലകങ്ങള്‍, പ്രശസ്തിപത്രങ്ങള്‍, ഡസൻകണക്കിനു പൊന്നാടകൾ. മണ്ണുക്കുശുമ്പിലെത്തുന്നവർക്ക് കുശുമ്പുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ
സംസ്ഥാന സർക്കാരിന്റെ കേരകേസരി, കർഷകോത്തമ അവാർഡുകളും ഇന്ത്യയിലെ ഏറ്റവും മികച്ച കേരകർഷകനുള്ള കേന്ദ്ര നാളികേര വികസനബോർഡിന്റെ അവാർഡും നേടിയ ഡൊമിനിക്കിനെ ഗൗരവ പൂർവം കൃഷി ചെയ്യുന്നവരെല്ലാം കണ്ടുപഠിക്കണം. തെങ്ങുകൃഷിയിൽ അദ്ദേഹം വികസിപ്പിച്ച തനതുരീതികളും മികവുറ്റ തൈകളുമൊക്കെ യഥാർഥ കർഷകർക്ക് ഇഷ്ടപ്പെടുമെന്നു തീർച്ച. കൃഷിയിടത്തിനു നടുവിലൂടെ ചുറ്റിയൊഴുകുന്ന അരുവി ചെന്നു പതിക്കുന്നത് സിയാൽ ജലവൈദ്യുതി പദ്ധതിയുടെ അണക്കെട്ടിലേക്ക്. അരുവിക്കു കുറുകെ തൂക്കുപാലവും കൃഷിയിടത്തിലെ ഡാം വ്യൂ പോയിന്റിൽ കുടിലുകളുമൊക്കെ തീർത്ത് സന്ദർശകരെ സ്വീകരിക്കാനാണ് പാപ്പച്ചൻ എന്നു വിളിക്കുന്ന ഡൊമിനിക്കിന്റെ ആഗ്രഹം.

ഗ്രേയ്സ് ഗാർഡൻ
കർഷകനു കരവിരുതുണ്ടെങ്കിൽ എന്തൊക്കെ ചെയ്യാനാകുമെന്ന് കാണിച്ചുതരുന്നു ബോണി ജോസഫ് മുട്ടത്തുകുന്നേൽ. കളിമണ്ണിലെന്നപോലെ ലക്കി ബാംബുവിന്റെ തൈകളിലും കലാസൃഷ്ടികൾ തീര്‍ക്കുകയാണ് ബോണിയുടെ കൈവിരലുകൾ. നല്ല ഒരു ദിവസത്തിന്റെ സ്മരണികയായി അവ നിങ്ങൾക്കു വാങ്ങുകയുമാവാം. അലങ്കാരമത്സ്യക്കൃഷി, കൂടുമത്സ്യക്കൃഷി എന്നിവയിലും മികവ് തെളിയിക്കുന്നു ബോണി.
മലബാറി, ബീറ്റൽ, സിരോഹി, സോജത്ത് തുടങ്ങിയ ആടിനങ്ങളെ വളർത്തി കുഞ്ഞുങ്ങളെ വിൽക്കുന്ന പുരയിടത്തിൽ ഫാം, വിവിധ നായ ഇനങ്ങളെ പരിപാലിക്കുന്ന തങ്കച്ചൻസ് കെന്നൽ, സ്വന്തം അടുക്കളത്തോട്ടത്തിലെ വിഭവങ്ങളാൽ സദ്യ ഒരുക്കുന്ന അരീത്തറയിൽ ഗാർഡൻസ്, സമ്മിശ്രക്കൃഷിയുടെ മികച്ച മാതൃകയായ കല്ലോലിക്കൽ ഗാർഡൻസ്, മികച്ച കോഴിക്കർഷകനുള്ള സംസ്ഥാന അവാർഡ് 3 തവണ നേടിയ മലബാർ എഗ്ഗർ ഫാം, സ്വന്തം ബ്രാൻഡിൽ പാലും തൈരും വിൽക്കുന്ന കൈരളി ഡെയറി ഫാം എന്നിങ്ങനെ ഇരുവഞ്ഞിയുടെ കൃഷിക്കാഴ്ചകൾ നീളുകയാണ്.
ഏഴ് ഫാമുകള്‍ ഒരു ദിവസംകൊണ്ട് കാണാനാവുമെന്ന് അജു. പ്രവേശന ഫീസ്, ഭക്ഷണം എന്നിവയ്ക്കായി ഒരാൾക്ക് ഏകദേശം 700 രൂപ. ഇതിൽ 350 രൂപ 7 ഫാമുകളിലേക്കുള്ള പ്രവേശന ഫീസും 350 രൂപ ഭക്ഷണച്ചെലവുമാണ്. കൂടാതെ, ഒരു ഗ്രൂപ്പിന് 1000 രൂപ നിരക്കിൽ ഗൈഡ് ഫീയും ഉണ്ടാവും. ഒരു സന്ദർശകനെ സ്വീകരിക്കുമ്പോൾ ഗ്രൂപ്പിലെ ഒരു സംരംഭകന് 50 രൂപ ലഭിക്കും. എന്നാൽ അതിലുപരി സ്വന്തം ഉൽപന്നങ്ങളുടെ വിപണനത്തിനുള്ള അവസരമായാണ് ഫാം സന്ദർശനങ്ങളെ ഇവർ കാണുന്നത്. ഓരോ ഫാം ഉടമയ്ക്കും ഒരു ഉൽപന്നമെങ്കിലും സന്ദർശകർക്കു നൽകാനുണ്ടാകും. അവയ്ക്ക് പരമാവധി മികച്ച വില നേടിയെടുക്കുകയാണ് അഗ്രിടൂറിസം പദ്ധതിയുടെ അടിസ്ഥാനലക്ഷ്യമെന്ന് അജു വ്യക്തമാക്കി.
കാണേണ്ട ഫാമുകൾ ഏതെല്ലാമെന്നത് സന്ദർശകരുടെ താല്‍പര്യത്തോടൊപ്പം സീസണും ഫാമുടമകളു ടെ സൗകര്യവും നോക്കിയാവും തീരുമാനിക്കുക. ഇരുപതോ അതിലധികമോ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്ത് സന്ദർശനം നടത്താം. കോഴിക്കോട് നഗരത്തിൽനിന്ന് ഓരോ ആൾക്കും ടിക്കറ്റെടുത്ത് കയറാവുന്ന തരത്തില്‍ ഏകദിന യാത്രാപാക്കേജുകൾ ഉടൻ ആരംഭിക്കും.
ഫോൺ: 9544039294
Read in English https://www.onmanorama.com/travel/kerala/2022/10/28/explore-thiruvambady-iruvanji-farm-tourism.html
English summary: Iruvanji valley agri tourism