ADVERTISEMENT

ചക്ക സംസ്‌കരണത്തിലും മൂല്യവര്‍ധനയിലും ഈ രംഗത്തെ സംരംഭകത്വ വികസനത്തിനും  സമഗ്ര വഴി കാട്ടിയായി പത്തനംതിട്ട ജില്ല കൃഷിവിജ്ഞാനകേന്ദ്രം. പത്തനംതിട്ട കോളഭാഗം തടിയൂരില്‍ ക്രിസ്ത്യന്‍ ഏജന്‍സി ഫോര്‍ റൂറല്‍ ഡവലപ്മെന്റ് അഥവാ കാര്‍ഡിന്റെ ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ഈ കെവികെ  ചക്കയ്ക്കുവേണ്ടിയുള്ള സ്റ്റേറ്റ് റിസോഴ്സ്  സെന്ററുമാണ്. ചെറുകിട സംരംഭകര്‍ക്ക് ഇവിടത്തെ യന്ത്രങ്ങളും മറ്റ് സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയും ചെയ്യാം. 

ഒരു പതിറ്റാണ്ടിലേറെയായി ചക്ക സംസ്‌കരണത്തില്‍ ഒട്ടേറെ സംരംഭകരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കെവികെ മേധാവിയും സീനിയര്‍ സയന്റിസ്റ്റുമായ ഡോ. സി.പി.റോബര്‍ട്ട് പറയുന്നു. ഡോ. സിന്ധു സദാനന്ദന്‍, ഡോ. ഷാന ഹര്‍ഷന്‍, അലക്‌സ് ജോണ്‍, ഡോ. സെന്‍സി മാത്യു, ഡോ. റിന്‍സി കെ. ഏബ്രഹാം എന്നിവരാണ്  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 

ചെറുകിടസംരംഭങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ അഗ്രോ പ്രോസസിങ് ഇന്‍കുബേഷന്‍ സെന്റര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. സംരംഭകര്‍ക്കായി ഒരു കോടി രൂപയുടെ യന്ത്രോപകരണങ്ങള്‍ ഇവിടെ സദാ പ്രവര്‍ത്തനസജ്ജം. ഒരു ലക്ഷം രൂപയില്‍ താഴെ മുതല്‍മുടക്കുള്ള ചെറുകിട സംരംഭങ്ങള്‍ക്കാണ് പ്രധാനമായും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നത്. 

ചക്കയുല്‍പന്നങ്ങള്‍ക്കുള്ള  പ്രോസസിങ് പ്രോട്ടോകോള്‍ വികസിപ്പിക്കല്‍, ചക്ക ഉല്‍പന്നങ്ങളുടെ നിര്‍മാണം, ഗുണനിയന്ത്രണം, ‌സ്റ്റാന്‍ഡര്‍ഡൈസേഷന്‍ എന്നിവയെല്ലാം ഇവിടെ നടക്കുന്നു. ഡ്രയറുകള്‍, ഫ്രൂട്ട് മില്‍ അഥവാ പള്‍പ്പര്‍, പള്‍പ്പ് അടിസ്ഥാന ഉല്‍പന്ന നിര്‍മാണത്തിനു ഹോമൊജനൈസറും റിട്ടോര്‍ട്ട് മെഷീനും, മികച്ച ഗുണനിലവാരത്തിലുള്ള ചിപ്‌സ് നിര്‍മാണത്തിന് വാക്വം ഫ്രൈയര്‍, ഫ്രോസണ്‍ ഉല്‍പന്നങ്ങള്‍ക്കായി ബ്ലാസ്റ്റ് ഫ്രീസര്‍, ചെസ്റ്റ് ഫ്രീസര്‍ , പാസ്ത മെഷീന്‍, പാസ്ത ഡ്രയര്‍ എന്നിവ ഉള്‍പ്പെടുന്നതാണ്  ഇന്‍കുബേഷന്‍ സെന്റര്‍. സംരംഭകര്‍ക്ക് ഇവിടെ സ്വന്തമായി ഉല്‍പന്നങ്ങള്‍ നിര്‍മിക്കാം. ഇവ  വില്‍ക്കാനും കെവികെ സഹായിക്കും.  അതിനായി ഒണ്‍ട്രപ്രണര്‍ സപ്പോര്‍ട്ട് സെന്ററുമുണ്ട്. ഒപ്പം സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക്  മാര്‍ഗനിര്‍ദേശങ്ങളും  പരിശീലനവും  നല്‍കുന്നു.

kvk-mujeeb
മുജീബ് ചക്കയുൽപന്നങ്ങളുമായി

മുജീബിന്റെ കാച്ചൂസ്

കെവികെയുടെ ഇന്‍കുബേഷന്‍ സെന്റര്‍ പ്രയോജനപ്പെടുത്തുന്ന സംരംഭകനാണ് കരുനാഗപ്പള്ളി സ്വദേശി മുജീബ് പുള്ളിയില്‍. പ്രവാസിയായിരുന്ന മുജീബ് കോവിഡ് കാലത്താണ് ചക്കയുല്‍പന്ന നിര്‍മാണത്തിലേക്ക് തിരിഞ്ഞത്. കാച്ചൂസ് എന്ന ബ്രാന്‍ഡില്‍ മുജീബിന്റെ മിയ എന്റര്‍പ്രൈസസ് ചക്കയുല്‍പന്നങ്ങള്‍ വിപണിയിലിറക്കുന്നു. ചക്കപ്പൊടി, ചക്കക്കുരുപ്പൊടി, പുട്ടുപൊടി, ചപ്പാത്തിപ്പൊടി, സ്‌ക്വാഷ്, ജാം, പള്‍പ്പ്, വരട്ടി, കേക്ക്, കുക്കീസ്, ചമ്മന്തിപ്പൊടി, മുറുക്ക്, പക്കാവട എന്നിങ്ങനെ മുപ്പതോളം ഉല്‍പന്നങ്ങളാണ് കാച്ചൂസ് ബ്രാന്‍ഡിലുള്ളത്.

ഫോൺ: 9497779798

kvk-jose
ജാക്കോ റിച്ചിന്റെ ചക്കയുൽപന്നങ്ങളുമായി ജോസ്

ജാക്കോ റിച്ചുമായി ജോസ്

കോട്ടയം ചങ്ങനാശേരി സ്വദേശി ജോസ് ജെ. കൊല്ലംപറമ്പിലും ചക്കയുല്‍പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കുന്ന സംരംഭകനാണ്. ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ച്  സ്റ്റാര്‍ട്ടപ് എന്ന നിലയിലാണ് ഏദന്‍സ് ഫുഡ്‌സ് ആന്‍ഡ് ബിവറേജസ് എന്ന സ്ഥാപനം തുടങ്ങിയത്. പുട്ടുപൊടി, ചക്കപ്പൊടി എന്നിങ്ങനെ ഒട്ടേറെ ഉല്‍പന്നങ്ങള്‍ ജാക്കോ റിച്ച് എന്ന ബ്രാന്‍ഡില്‍ ആകര്‍ഷകമായ പായ്ക്കുകളില്‍ വിപണിയിലെത്തിക്കുന്നു. 

ഫോൺ: 8281281111, 9048522150

വെബ്സൈറ്റ് : www.adensfoods.com , ഇ–മെയിൽ : info@adensfoods.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com