ADVERTISEMENT

വെളിച്ചെണ്ണയിലൂടെ മാത്രമേ ഇനി നാളികേര മേഖലയെ ബാധിച്ച തളർച്ചയെ നമുക്ക്‌ താങ്ങി നിർത്താനാകൂ. ലക്ഷക്കണക്കിന്‌ വരുന്ന കർഷകർ മാസങ്ങളായി അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്കു പരിഹാരം കണ്ടെത്തുന്നതിൽ ഭരണകർത്താക്കൾ പരാജയപ്പെട്ട സാഹചര്യത്തിൽ കേരളത്തിന്റെ സമ്പദ്‌ഘടനയ്‌ക്കു ശക്തിപകരാൻ വെളിച്ചെണ്ണയുടെ ആഭ്യന്തര ഉപയോഗം ഇരട്ടിപ്പിക്കേണ്ടിയിരിക്കുന്നു.   

വിദേശ പാചകയെണ്ണകളുടെ ഉപയോഗം പടിപടിയായി കുറച്ച്‌ നമ്മുടെ അടുക്കളയിൽ വെളിച്ചെണ്ണ തിരിച്ചുവരവ്‌ നടത്തിയാൽ മാത്രമേ ഈ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക്‌ പരിഹാരമാകൂ. വിദേശ പാം ഓയിലിനും സൂര്യകാന്തിക്കുമല്ല നാം വിപണി കണ്ടെത്തേണ്ടത്‌. ശുദ്ധമായ വെളിച്ചെണ്ണ പാചക ആവശ്യങ്ങൾക്കായി തിരഞ്ഞെടുക്കാനായാൽ പരിഹരിക്കാവുന്ന വിഷയമേ നിലവിലുള്ളൂ.

കോടികൾ മുടക്കി കൊപ്ര സംഭരണമെന്നും പച്ചത്തേങ്ങ സംഭരണമെന്നും കൊട്ടിഘോഷിച്ചതല്ലാതെ ഉൽപ്പന്ന വിലയിൽ ഒരു രൂപ പോലും ഉയർത്തിയെടുക്കാൻ ഈരംഗത്തിറങ്ങിയ സർക്കാർ ഏജൻസികൾക്കായില്ല. പുതിയ സീസൺ പടിവാതുക്കൽ എത്തി നിൽക്കുകയാണ്‌. മികച്ച കാലവർഷം സമ്മാനിച്ച നേട്ടം അടുത്ത സീസണിൽ നാളികേര ഉൽപാദനം ഉയർത്തും. യുദ്ധകാലാടിസ്ഥാനത്തിൽ വേണ്ട തീരുമാനങ്ങളെടുത്താൽ വില തകർച്ചയുടെ അടുത്ത ചുവടിനെ നമ്മുക്ക്‌ തടയാനാകൂ. 

മില്ലുകാർ കയറ്റുമതി വിപണിയിൽ പുതിയ വാതായനങ്ങൾ കണ്ടെത്തിയാൽ മുന്നോട്ട്‌ സുഖമായി സഞ്ചരിക്കാൻ കേരളത്തിനും തമിഴ്‌നാടിനും കർണാടകത്തിനുമാകും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ തഴഞ്ഞ്‌ നാളികേര വികസന ബോർഡ്‌ ഗുജറാത്തിലെ സൗരാഷ്‌ട്ര മേഖലയിൽ വൻ വികസനങ്ങൾക്കായി കോടികൾ ഒഴുക്കുകയാണ്‌. 

തെങ്ങു കൃഷി, മൂല്യാധിഷ്‌ടിത ഉൽപ്പന്ന നിർമ്മാണം തുടങ്ങി വിവിധ കാര്യങ്ങൾക്കായി 560 കോടിയിൽ അധികം രൂപയാണ്‌ നീക്കിവച്ചിരിക്കുന്നത്‌. ഏതാനും വർഷങ്ങളായി കേരളത്തിലെ തെങ്ങ്‌ കൃഷിക്ക്‌ സാമ്പത്തിക സഹായങ്ങൾ ഒന്നും നൽക്കാത്ത ബോർഡ്‌ നാളികേര കൃഷിയുടെ കാര്യത്തിൽ ഒന്നുമല്ലാത്ത ഒരു സംസ്ഥാനത്തിന്‌ ഇത്രമാത്രം പണം നിക്ഷേപിക്കുമ്പോൾ നിലവിൽ കൃഷിയുമായി ജീവൻമരണപോരാട്ടം നടത്തുന്ന ദക്ഷിണേന്ത്യൻ കർഷകരുടെ രക്ഷയ്‌ക്ക്‌ നമ്മൾ ആരെയാണ്‌ കാത്തിരിക്കേണ്ടത്‌? 

ഗൾഫ്‌ രാജ്യങ്ങളിലേക്കും യുറോപ്പിലേക്കും മാത്രമല്ല ആഫ്രിക്കൻ രാജ്യങ്ങളിലും വെളിച്ചെണ്ണയ്‌ക്കും നാളികേരത്തിൽനിന്നുള്ള മറ്റ്‌ ഉപ ഉൽപ്പന്നങ്ങൾക്കും പുതിയ വിപണികൾ കണ്ടെത്താനായാലെ നമുക്ക്‌ നിലനിൽപ്പുള്ളു. തമിഴ്‌നാട്ടിൽ വെളിച്ചെണ്ണ കിലോ 106 രൂപയിലേക്ക്‌ ഇടിഞ്ഞു, 100 രൂപയിലെ നിർണ്ണായകമായ താങ്ങ്‌ നഷ്‌ടപ്പെട്ടാൽ വർഷാന്ത്യത്തിൽ പുതിയ ചരക്ക്‌  വിപണിയിലേക്ക് പ്രവേശിക്കുന്നതോടെ സ്ഥിതി കൂടുതൽ ഗുരുതരമാകും.  

റബർ

ഉയർന്ന പകൽ താപനില റബർ ഉൽപാദനത്തിന്‌ തടസമുളവാക്കുമെന്ന ആശങ്കകൾ ഇടയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വീണ്ടും മഴ ലഭ്യമായി. സെപ്‌റ്റംബർ അവസാനം അന്തരീക്ഷ താപനില ഉയർന്നത്‌ താങ്ങാനാവാതെ വിവിധ ഭാഗങ്ങളിൽ റബർ മരങ്ങൾ രുക്ഷമായ ഇലപൊഴിച്ചിലിനെ അഭിമുഖീകരിച്ചു. ഇത്‌ ഉൽപാദനം കുറയാൻ ഇടയാക്കുമോയെന്ന ഭീതിക്കിടയിലാണ്‌ വാരാവസാനത്തിലെ കാലാവസ്ഥ മാറ്റം സ്ഥിതിഗതികളിൽ അയവ്‌ വരുത്തും. 

ഇലപൊഴിച്ചിലുണ്ടായ മരങ്ങളിൽനിന്നുള്ള ഉൽപാദനം ചുരുങ്ങിയതോടെ പാൽ ലഭ്യത കർഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാത്തത്‌ ഷീറ്റ്‌ ഉൽപാദനം കുറയ്ക്കുമോയെന്ന ആശങ്ക ഇതോടെ അകലും. തുടർമഴ ലഭ്യമായാൽ മരങ്ങൾ കൂടുതൽ പാൽ ചുരത്തുമെന്ന നിഗമനത്തിലാണ്‌ കർഷികമേഖല. അതേ സമയം വിപണിയിൽ ഷീറ്റ്‌ വരവ്‌ കുറഞ്ഞ അളവിലാണ്‌. രാജ്യാന്തര മാർക്കറ്റിനൊപ്പം  ഇന്ത്യയിലും നിരക്ക്‌ തളരുന്നത്‌ സ്റ്റോക്കിസ്റ്റുകളിൽ പരിഭ്രാന്തി പരത്തി, കർഷകരുടെ കൈവശം കാര്യമായി ചരക്കില്ല. മുഖ്യ വിപണികളിൽ നാലാം ഗ്രേഡ്‌ കിലോ 150 ലും അഞ്ചാം ഗ്രേഡ്‌ 145 ലും ഇടപാടുകൾ നടക്കുമ്പോൾ ലാറ്റക്‌സ്‌ വില 90 രൂപയായി താഴ്‌ന്നു. ബാങ്കോക്കിൽ നാലാം ഗ്രേഡിന്‌ തുല്യമായ ചരക്ക്‌ 128 രൂപയിലാണ്‌.

കുരുമുളക്

ഉത്സവ ദിനങ്ങളിലെ വിൽപ്പനയ്‌ക്ക്‌ ഇടയിൽ ഗുണനിലവാരം കുറഞ്ഞ പഴയ കുരുമുളക്‌ ഉത്തരേന്ത്യയിൽ വിൽപ്പനയ്‌ക്ക്‌ ഇറക്കി വിപണിയുടെ താളം തെറ്റിച്ചു. ഗുണമേന്മയില്ലെന്ന ആരോപണങ്ങളെ തുടർന്ന്‌ ഒരു വ്യാഴവട്ടകാലമായി വിവിധ ഗോഡൗണുകളിൽ കെട്ടികിടന്ന ചരക്കാണ്‌ ഇപ്പോൾ വിൽപ്പനയ്‌ക്ക്‌ ഇറങ്ങുന്നത്‌. നല്ല മുളകുമായി കലർത്തി വിപണി വിലയെക്കാൾ അൽപ്പം കുറച്ച്‌ രംഗത്ത്‌ ഇറക്കിയതോടെ ചൂടപ്പം പോലെ ചരക്ക്‌ വിറ്റഴിക്കുകയാണ്‌. 

മികച്ചയിനം മുളക്‌ ഓഫ്‌ സീസണിലെ ഉയർന്ന വിലയ്‌ക്ക്‌ കൈമാറാമെന്ന കണക്കുകൂട്ടലിൽ വിളവെടുപ്പ്‌ വേളയിൽ സ്വരൂകുട്ടിവച്ചവർക്ക്‌  വിപണിയില്ലാത്ത അവസ്ഥയാണ്‌. ഒരു മാസത്തിനിടയിൽ ക്വിന്റലിന്‌ 1000 രൂപ ഇടിഞ്ഞ്‌ അൺ ഗാർബിൾഡ്‌ മുളക്‌ വില 49,200 രൂപയായി. ഉൽപാദനക്കുറവ്‌ മൂലം ദീപാവലി വേളയിൽ നിരക്ക്‌ 54,000 ലേക്ക്‌ ഉയരേണ്ടതായിരുന്നു. 

വിലക്കയറ്റത്തിന്‌ തുരങ്കംവച്ച മറ്റൊരു കാരണം അനിയന്ത്രിതമായ വിദേശ കുരുമുളക്‌ ഇറക്കുമതിയാണ്‌. നിലവിൽ ബ്രസീലിയൻ കയറ്റുമതിക്കാർ ടണ്ണിന്‌ 2650 ഡോളറിന്‌ പോലും ചരക്ക്‌ ഷിപ്പ്‌മെന്റ് നടത്തുന്നുണ്ട്‌. മലബാർ മുളകുവില 6300 ഡോളറിലാണ്‌ നീങ്ങുന്നത്‌. വിലയിലെ  വൻ അന്തരമാണ്‌ വ്യവസായ ലോബിയെ ഇറക്കുമതിയിലേയ്‌ക്ക്‌ ആകർഷിച്ചത്‌.

വിദേശ കുരുമുളക്‌ ഇറക്കുമതി നിയന്ത്രണത്തിലുടെ മാത്രമേ ദക്ഷിണേന്ത്യൻ കർഷകർ അഭിമുഖീകരിക്കുന്ന വൻ വിപത്തിൽ നിന്നും രക്ഷനേടാനാകൂ. അടുത്ത മാസത്തോടെ തെക്കൻ ജില്ലകളിലെ കർഷകർ മൂപ്പ്‌ കുറഞ്ഞ കുരുമുളക്‌ വിളവെടുപ്പിലേക്ക്‌ ശ്രദ്ധതിരിക്കും. ഒലിയോറസിൻ നിർമാതാക്കൾക്ക്‌ ആവശ്യമായ ഈ ലൈറ്റ്‌ പെപ്പറിന്‌ ഉയർന്ന വില ഉറപ്പ്‌ വരുത്തിയാലേ മൂപ്പ്‌ കൂടിയ മുളകിന്‌ മെച്ചപ്പെട്ട വില ലഭിക്കൂ. ഇറക്കുമതി നിയന്ത്രണത്തിന്‌ വാണിജ്യ മന്ത്രാലയത്തിൽ ആവശ്യമായ സമ്മർദ്ദം ചെലുത്താൻ കേരളവും കർണാടകവും സംയുക്ത നീക്കം നടത്തിയെങ്കിൽ മാത്രമേ കുരുമുളകിന്റെ വിലത്തകർച്ചയെ തടയാനാകൂ.    

English summary: Commodity Markets Review October 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com