ADVERTISEMENT

ശുദ്ധജല മത്സ്യയിനമായ ഗൗരാമികളിലെ ഏറ്റവും വലിയ ഇനമാണ് ജയന്റ് ഗൗരാമികൾ. പേര് സൂചിപ്പിക്കുന്നതുപോലെ ശരീര വലുപ്പം കൂടുതലുള്ളവയാണ് ഇക്കൂട്ടർ. ജയന്റ് ഗൗരാമികളിൽത്തന്നെ നാലിനം ഇന്ന് കേരളത്തിൽ ലഭ്യമാണ്. എങ്കിലും ഏറെ പ്രചാരമുള്ളത് കറുത്ത സാധാരണ ജയന്റ് ഗൗരാമികളാണ്. മറ്റിനങ്ങളെ അപേക്ഷിച്ച് വില കുറവായതിനാൽ കറുത്ത ഗൗരാമികളെ ഭക്ഷണാവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. ഉറപ്പുള്ള മാംസമായതിനാൽ രുചിയിൽ ബഹു കേമൻ തന്നെ. ഗൗരാമി അച്ചാറും ഗൗരാമി മപ്പാസുമെല്ലാം വായിൽ വെള്ളമൂറാൻ പാകത്തിനുള്ള വിഭവങ്ങളാണ്. വളരെ പ്രത്യേകൾ നിറഞ്ഞ മത്സ്യയിനമാണ് ഗൗരാമികൾ. അവയുടെ പ്രത്യേകതകൾ പെട്ടെന്ന് പറഞ്ഞുതീർക്കാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ ലഭ്യമായിട്ടുള്ള ഗൗരാമികളെക്കുറിച്ച് എഴുതിത്തുടങ്ങാം.

giant-gourami-4
കറുത്ത ജയന്റ് ഗൗരാമി (ഓർഡിനറി ജയന്റ് ഗൗരാമി)

1. കറുത്ത ജയന്റ് ഗൗരാമി

കേരളത്തിൽ ഇന്ന് ഏറെ പ്രചാരമുള്ള ജയന്റ് ഗൗരാമി ഇനം. ഇരുണ്ട ശരീരം. ചെറു പ്രായത്തിൽ വാൽഭാഗത്തിന്റെ ഇരു വശത്തും കറുത്ത പൊട്ടുകൾ. കൂർത്ത മുഖം. മുതുചിറക്, ഗുദച്ചിറക്, വാൽ, അംസച്ചിറക് എന്നിവയുടെ അഗ്രങ്ങളിൽ ചെറിയ തോതിൽ ചുവപ്പു നിറവും കാണാം. പ്രായപൂർത്തിയാകുമ്പോൾ മുഖം ഉരുണ്ടതായി മാറും. ശരീരത്തിലെ ഇരുണ്ട നിറം മാറി സ്വർണനിറത്തിന്റെ പ്രസരിപ്പുണ്ടാകും. രണ്ടു വർഷത്തോളം വളർച്ച സാവധാനത്തിലായിരിക്കും. അതിനുശേഷം വളർച്ചയ്ക്ക് വേഗം കൈവരും. പെല്ലറ്റ് തീറ്റകൾ നൽകി വളർത്തിയാൽ തീറ്റച്ചെലവ് ഉയരുമെന്നല്ലാതെ വളർച്ചയ്ക്ക് വേഗമുണ്ടാവില്ല.

giant-gourami-5
പിങ്ക് ജയന്റ് ഗൗരാമി

2. പിങ്ക് ജയന്റ് ഗൗരാമി

ശരീരഘടന കറുത്ത ഗൗരാമികളുടേതുപോലെയെങ്കിലും അൽപം ചുവപ്പു കലർന്ന വെളുത്ത ശരീരമാണ് ഇക്കൂട്ടർക്ക്. എന്നാൽ, അക്വേറിയത്തിൽ കിടക്കുമ്പോൾ ഈ ചുവപ്പു നിറം പ്രകടമായെന്നുവരില്ല. വളർച്ച കറുത്ത ഗൗരാമികളെപ്പോലെതന്നെ സാവധാനം മാത്രം. ജയന്റ് ഗൗരാമി ആൽബിനോ ബ്ലാക്ക് ഐ എന്ന് പലരും പറയാറുണ്ടെങ്കിലും ശരിയായ പേര് പിങ്ക് ജയന്റ് ഗൗരാമി എന്നാണ്.

giant-gourami-6
ആൽബിനോ ജയന്റ് ഗൗരാമി

3. ആൽബിനോ ജയന്റ് ഗാരാമി

വെളുത്ത ശരീരം ചുവന്ന കണ്ണുകൾ എന്നിവയാണ് പ്രധാന ശരീരരചന. രൂപം മുകളിൽ പറഞ്ഞ ഗൗരാമികളേപ്പോലെതന്നെ. വളർച്ച സാവധാനം. പലരും ആൽബിനോ ജയന്റ് ഗൗരാമി റെഡ് ഐ എന്ന് വിളിക്കാറുണ്ട്. പക്ഷികളിലാണെങ്കിലും മൃഗങ്ങളിലാണെങ്കിലും വെളുത്ത ശരീരവും ചുവന്ന കണ്ണുകളും ഉള്ളതിനെയാണ് ആൻബിനോ എന്നു വിളിക്കുക. അതിനാൽത്തന്നെ ആൽബിനോ റെഡ് ഐ എന്ന് എടുത്തു പറയേണ്ടതില്ല. 

giant-gourami-7
റെഡ് ടെയിൽ ജയന്റ് ഗൗരാമി

4. റെഡ് ടെയിൽ ജയന്റ് ഗൗരാമി

ആദ്യം സൂചിപ്പിച്ച മൂന്നു ഗൗരാമികളിൽനിന്നും ശരീരഘടനയിൽ വ്യത്യാസമുള്ളവരാണ് റെഡ് ടെയിൽ ജയന്റ് ഗൗരാമികൾ. വാലിന്റെ അടുത്ത് ഇരു ഭാഗത്തും ഓരോ കറുത്ത പുള്ളി കാണാം. പ്രായപൂർത്തിയാകുമ്പോൾ ഈ പുള്ളികൾ മായും. മുതുചിറക്, ഗുദച്ചിറക്, വാൽ, അംസച്ചിറക് എന്നിവയുടെ അഗ്രങ്ങളിൽ പ്രായത്തിനനസരിച്ച് ചുവപ്പു നിറം വരുന്നതാണ് പേരിനാധാരം. അതേസമയം, ചെറുപ്രായത്തിൽ ചുവപ്പുനിറം ശരീരത്തിൽ കാണപ്പെടില്ല. കറുത്ത ജയന്റ് ഗൗരാമികളുടെ മുതുചിറക്, ഗുദച്ചിറക്, വാൽ, അംസച്ചിറക് എന്നിവയുടെ അഗ്രങ്ങളിൽ ചുവപ്പു നിറം കാണുന്നതിനാൽ പലരും അവയെ റെഡ്‍ ടെയിൽ ജയന്റ് ഗൗരാമികളാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. രണ്ടു മത്സ്യങ്ങളുടെയും ശരീരം നിരീക്ഷിച്ചാൽ വ്യത്യാസം തിരിച്ചറിയാം.

കേരളത്തിൽ നാലിനം ജയന്റ് ഗൗരാമികളാണ് ലഭ്യമായി‌‌ട്ടുള്ളതെങ്കിലും മലേഷ്യ, തായ്‍ലൻഡ് തുടങ്ങിയ രാജ്യങ്ങിൽ മറ്റ് ചില ഇനങ്ങളെക്കൂടി വികസിപ്പിച്ചെടുത്തിട്ടുണ്ട്. സയാമീസ് റൂബി ജയന്റ് ഗൗരാമി, സൂപ്പർ റെഡ് ജയന്റ് ഗൗരാമി, കാലികോ ജയന്റ് ഗൗരാമി എന്നിവ അവയിൽ ചിലതാണ്. 

giant-gourami

അതിവേഗ വളർച്ചയില്ല

ശരാശരി അഞ്ചു കിലോഗ്രാമോളം ജയന്റ് ഗൗരാമികൾ തൂക്കം വയ്ക്കുമെങ്കിലും ദീർഘകാലമെടുത്താണ് അവ ആ തൂക്കത്തിലേക്കെത്തുക. കഴിക്കുന്ന തീറ്റയ്ക്കനുസരിച്ച് ശരീരതൂക്കം വയ്ക്കുന്ന വാള, തിലാപ്പിയ, അനാബസ്, നട്ടർ തുടങ്ങിയ വളർത്തുമത്സ്യങ്ങൾ ലഭ്യമായിട്ടുള്ളപ്പോൾ ഗൗരാമികളെ അത്തരത്തിൽ വളർത്തുന്നത് അഭികാമ്യമല്ല. എന്നാൽ, മറ്റു വളർത്തുമത്സ്യങ്ങളേക്കാളേറെ രുചിയുള്ളത് ജയന്റ് ഗൗരാമികൾക്കാണെന്ന് നിസംശയം പറയാം.

സസ്യഭുക്കുകളായ ജയന്റ് ഗൗരാമികൾക്ക് ഏറെയിഷ്‌ടം നാരുകളടങ്ങിയ ഭക്ഷണങ്ങളോടാണ്. അതായത് ഇലവർഗങ്ങളും പഴങ്ങളുമൊക്കെ മടികൂ‌ടാതെ വെട്ടിവിഴുങ്ങാൻ ഇഷ്ടപ്പെടുന്നവരാണ് ഗൗരാമികൾ. അതേസമയം, മറ്റു മത്സ്യങ്ങൾക്ക് വളർച്ച പെട്ടെന്നാകാൻ പ്രോട്ടീൻ കൂടുതലുള്ള തീറ്റകൾ നൽകാറുണ്ടല്ലോ. ആ തീറ്റകൾ ഗൗരാമികൾക്ക് നൽകിയാൽ നേരിയ വളർച്ച ലഭിക്കുമെങ്കിലും ഉടമയുടെ പോക്കറ്റിന്റെ ഭാരം കുറയ്ക്കാനേ അതുപകരിക്കൂ. നാരുകൾ അടങ്ങിയ ഭക്ഷണം ദഹിപ്പിക്കാനുള്ള ശേഷിയാണ് ഗൗരാമികളുടെ ആമാശയത്തിനുള്ളത്. എന്നാൽ, പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണം നൽകുമ്പോൾ പ്രോട്ടീൻ ചെയിനുകൾ വിഘടിപ്പിച്ച് ദഹിപ്പിക്കാൻ അവർക്കു കഴിയില്ല. അപ്പോൾ സ്വാഭാവികമായും പോഷകങ്ങൾ ആഗീരണം ചെയ്യാൻ ശരീരത്തിനു കഴിയില്ല.

"ഞങ്ങൾ പെല്ലറ്റ് കൊടുക്കുന്നുണ്ടല്ലോ, ഇതുവരെ യാതൊരു പ്രശ്നവും കണ്ടിട്ടില്ല" എന്ന് ഇതു വായിക്കുന്ന പലർക്കും തോന്നാം. എന്തു ഭക്ഷണം നൽകിയാലും കുറച്ചു സമയമെടുത്തിട്ടാണെങ്കിലും ഗൗരാമികളുടെ ആമാശയം അത് ദഹിപ്പിക്കും. എന്നാൽ, സ്ഥിരം പെല്ലറ്റ് നൽകുമ്പോൾ ആമാശയത്തിന് ജോലിഭാരം കൂടുകയാണ് ചെയ്യുന്നത്. സാവധാനം അൾസർ, വയർ വീർക്കൽ തുടങ്ങിയ അവസ്ഥയിലേക്ക് ഗൗരാമികൾ എത്തപ്പെടും. വയർവീർക്കൽ അസുഖം കണ്ടുതുടങ്ങിയാൽ പിന്നീടൊരു തിരിച്ചുവരവ് ആ മത്സ്യത്തിനുണ്ടാകില്ല. അതുകൊണ്ടുതന്നെ 15 വർഷത്തിനു മുകളിൽ ജീവിക്കാൻ ശേഷിയുള്ള ഗൗരാമികളുടെ ആയുസ് തീറ്റ നൽകി ഇല്ലാതാക്കേണ്ട.

പെല്ലറ്റ് തീറ്റ നൽകിയാലും ഇലകൾ നൽകിയാലും ഗൗരാമികളുടെ വളർച്ച ​ഒരേ രീതിയിലായിരിക്കും. അതുകൊണ്ട് പെല്ലറ്റ് നൽകി പണച്ചെലവ് കൂട്ടാതിരിക്കുന്നതാണ് നല്ലത്. വളർച്ചയിൽ ചെറിയൊരു മാറ്റം വരുന്നത് കുളത്തിന്റെ വലുപ്പമനുസരിച്ചാണ്. അതായത് വിശാലമായ കുളങ്ങളിൽ മറ്റു മത്സ്യങ്ങൾക്കുള്ളതുപോലെതന്നെ ഗൗരാമികളുടയും വളർച്ച കൂടും. എന്നാൽ, രണ്ടു വയസിനു ശേഷം മാത്രമേ ദ്രുതഗതിയിലുള്ള വളർച്ച പ്രതീക്ഷിക്കാവൂ. 

ജയന്റ് ഗൗരാമികളുടെ ഭക്ഷണം

നേരത്തെ സൂചിപ്പിച്ചതുപോലെ സസ്യാധിഷ്ഠിത ഭക്ഷണങ്ങളാണ് ഗൗരാമികൾക്ക് ഏറെ നല്ലത്. അതുകൊണ്ടുതന്നെ രണ്ടിഞ്ചു വലുപ്പം മുതൽ ഡക്ക് വീഡ്, അസോള തുടങ്ങിയവ നൽകാം. ഈ പ്രായത്തിൽ ചേമ്പിലയും ഗൗരാമികൾ നന്നായി കഴിക്കും. 

ചേമ്പില പ്രധാന ഭക്ഷണമായി നൽകാം. ചേമ്പിലയാണ് ജയന്റ് ഗൗരാമികളുടെ ഇഷ്ടഭക്ഷം. സാധാരണ നമ്മൾ ഭക്ഷണാവശ്യത്തിനു വളർത്തുന്നയിനം ചേമ്പിന്റെ ഇലകൾ നൽകാം. തണ്ട് ചെറുതായി അരിഞ്ഞു നൽകിയാൽ അതും അവ കഴിച്ചോളും. മറ്റിനം ചേമ്പുകളും കഴിക്കുമെങ്കിലും കൊടുത്തു ശീലിപ്പിക്കണം. 

ചേമ്പില കൂടാതെ, ചേനയില, മൾബെറിയില, വാഴയില, സിഒ3, സിഒ5 തീറ്റപ്പുല്ലുകൾ, മറ്റിനം പുല്ലുകൾ, തോട്ടപ്പയർ തുടങ്ങിയവയും തുളസിയില, പനിക്കൂർക്കയിലെ തുടങ്ങിയവയും നൽകാം. കപ്പ, പപ്പായ എന്നിവയുടെ ഇലകൾ കഴിക്കുമെങ്കിലും അവ വെള്ളതിൽ കിടന്ന് അഴുകിയാൽ ദുർഗന്ധമുണ്ടാകും. 

പപ്പായപ്പഴം, ചക്കപ്പഴം, വാഴപ്പഴം, ചക്കച്ചുള, അപ്പം, ചോറ്, പഴത്തൊലി തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. എന്നാൽ, ഒന്നും കുളത്തിൽ ബാക്കിയാവരുത്. കാബേജ്, പയർ, തക്കാളി പോലുള്ള പച്ചക്കറികളും ഗൗരാമികൾക്ക് ഇഷ്ട ഭക്ഷണമാണ്. പെല്ലറ്റ് തീറ്റകൾ നൽകണമെങ്കിൽ വല്ലപ്പോഴും മാത്രം നൽകിയാൽ മതി.

manu-male-and-female--giant-gourami
ആൺമത്സ്യം (ഇടത്ത്), പെൺമത്സ്യം (വലത്ത്)

ലിംഗനിർണയം

അൽപം ശ്രമകരമാണ് ജയന്റ് ഗൗരാമികളുടെ ലിംഗനിർണയം. പ്രായപൂർത്തിയാകുമ്പോൾ മാത്രമേ കൃത്യമായി ലിംഗനിർണയം സാധ്യമാകൂ. അതിനായി നാലു വർഷം കാത്തിരിക്കണം. എന്നാൽ, ചില മത്സ്യങ്ങളെ (പ്രത്യേകിച്ച് അക്വേറിയങ്ങളിൽ വളർത്തുന്നവയെ) രണ്ടു വയസാകുമ്പോഴേക്കും ലിംഗനിർണയം ന‌ടത്തിയെടുക്കാൻ സാധിക്കും. 

ചെറു പ്രായത്തിൽ കൂർത്ത മുഖവും ശരീരത്തിൽ വാലിനു സമീപം കറുത്ത പൊട്ടുകളുമാണ് കുഞ്ഞുങ്ങൾക്കുള്ളത്. എന്നാൽ പ്രായമേറുന്തോറും ആകൃതിയിൽ മാറ്റം വരും. പ്രായപൂർത്തിയാകുമ്പോഴേക്കും മുഖം ഉരുണ്ടതാകും. ശരീരത്തിലെ നിറം കുറേക്കൂടി തെളിഞ്ഞതാകും.

ആൺമത്സ്യത്തെ തടിച്ചു മുന്നോട്ടുന്തിയ കീഴ്ത്താടികൊണ്ട് തിരിച്ചറിയാം. ഒപ്പം അംസച്ചിറകുകളുടെ ചുവട്ടിൽ വെളുത്ത നിറമായിരിക്കം. നെറ്റിയിൽ മുഴയുമുണ്ടാകും.

പെൺമത്സ്യത്തിന്റെ മുഖം ചെറുതാണ്. അംസച്ചിറകുകളുടെ ചുവട്ടിൽ കറുത്ത നിറമായിരിക്കും. ആൺമത്സ്യത്തെ അപേക്ഷിച്ച് വലുപ്പത്തിൽ അൽപം ചെറുതുമാണ് പെൺമത്സ്യം.

manu-giant-gourami-ponds

പ്രജനനക്കുളം തയാറാക്കുമ്പോൾ 

കൂടുകൂട്ടി മുട്ടയിടുകയും ആ മുട്ടകൾക്ക് മൂന്നാഴ്ചയോളം കാവൽ നിൽക്കുകയും ചെയ്ത് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നവരാണ് ഗൗരാമികൾ. എന്നാൽ, അവ എത്രയൊക്കെ സംരക്ഷിച്ചാലും ഒടുവിൽ ജീവിതത്തിലേക്കു കടന്നുവരുന്ന കുഞ്ഞുങ്ങൾ 30–40 ശതമാനം മാത്രമേ കാണൂ. എന്തുകൊണ്ടായിരിക്കാം ഇടുന്ന മുട്ടകൾ പൂർണമായും കുഞ്ഞുങ്ങളായി പുറത്തുവരാത്തത്? അതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പായൽ നിറഞ്ഞ അതായത് പച്ച നിറമുള്ള വെള്ളമാണ് ജയന്റ് ഗൗരാമികൾക്കാവശ്യം. തെളിഞ്ഞ വെള്ളത്തിലാണെങ്കിൽ ഒളിക്കുന്നതിനായി പരക്കം പായുന്നത് കാണാം. ഇത് മത്സ്യങ്ങളെ സ്ട്രെസിലേക്ക് നയിക്കുകയും ക്രമേണ ഫംഗസ് രോഗം ബാധിക്കാനുമുള്ള സാധ്യത ഏറെയാണ്. പച്ച നിറത്തിലുള്ള വെള്ളത്തിൽ വളർത്തിവരുന്ന മത്സ്യങ്ങളെ പെട്ടെന്ന് തെളിഞ്ഞ വെള്ളത്തിലേക്ക് മാറ്റരുത്. അങ്ങനെ ചെയ്യണമെന്നുണ്ടെങ്കിൽ സാവധാനം ഒരാഴ്ചയോളം സമയമെടുത്തുവേണം തെളിഞ്ഞ വെള്ളത്തിലേക്കു മാറ്റാൻ. തെളിഞ്ഞ വെള്ളത്തിൽ തീറ്റയെടുക്കാനും മടിയുണ്ടാകും. പ്രജനനത്തിനും പച്ച നിറമുള്ള ജലാശയമാണ് അവർക്കാവശ്യം. 

  • വലുപ്പം വേണം

ചെറിയ കുളത്തിൽപ്പോലും ജയന്റ് ഗൗരാമികളെ വളർത്താൻ കഴിയുമെങ്കിലും ബ്രീഡ് ചെയ്യണമെങ്കിൽ കുളത്തിന് വലുപ്പം ഉള്ളതാണ് നല്ലത്. പത്തടി നീളവും വീതിയും 4 അടി താഴ്ചയുമുള്ള ഒരു കുളത്തിൽ ഒരു ജോടി മത്സ്യത്തെ ബ്രീഡ് ചെയ്യാം. 18x14x4 അടി ടാങ്കിൽ മൂന്നു ജോ‌ടി വരെ ബ്രീഡ് ചെയ്യാം. പടുതക്കുളം, സിമന്റ് കുളം, പാറക്കുളം, മൺകുളം തുടങ്ങിയവയിൽ ഗൗരാമികളെ ബ്രീഡ് ചെയ്യാൻ കഴിയും.

  • ജോടി തിരിക്കണം

ഒരാൺമത്സ്യത്തിന് മൂന്നു പെൺമത്സ്യം വരെ ഒരു കുളത്തിൽ നിക്ഷേപിക്കാമെങ്കിലും കുളത്തിൽ ആൺമത്സ്യങ്ങളുടെ എണ്ണം കൂടുതലുണ്ടെങ്കിൽ ജോടിയായി മാത്രം അതായത് 1:1 അനുപാതത്തിൽ മാത്രമേ ഇടാവൂ. ജോടികളനുസരിച്ച് കൂടൊരുക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തിരിക്കണം.

  • വെയിൽ വേണം

കുളത്തിൽ എത്രത്തോളം വെയിൽ പതിക്കുന്നുവോ അത്രത്തോളം കുഞ്ഞുങ്ങളെ ലഭിക്കാനുള്ള സാധ്യതയും കൂടും. സാധാരണ 23–28 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഗൗരാമികൾക്കാവശ്യമുള്ളത്. ഈ താപനിലയിൽ കുഞ്ഞുങ്ങൾക്ക് മികച്ച വളർച്ചയും എണ്ണക്കൂടുതലും കാണാം. അതുകൊണ്ടുതന്നെ വേനൽക്കാലത്താണ് കുഞ്ഞുങ്ങളുടെ എ​ണ്ണം കൂടുതൽ ലഭിക്കുന്നത്.

  • ഒരുപാട് ജോടികൾ വേണ്ട

പ്രജനനം ചെയ്യാൻ ഉദ്ദേശിക്കുന്ന കുളങ്ങളിൽ മാതൃശേഖരം അല്ലാതെ മറ്റു മീനുകൾ പാടില്ല, ഗൗരാമികൾ പോലും. എണ്ണം കൂടിയാൽ ബ്രീഡിങ് കൃത്യമായി നടക്കില്ലെ‌ന്നു മാത്രമല്ല പരസ്പരമുള്ള ആക്രമണങ്ങളും കൂടുതലായിരിക്കും. പ്രജനനസമയത്ത് ജയന്റ് ഗൗരാമികളുടെ കുഞ്ഞുങ്ങൾ പോലും കുളത്തിൽ ഉണ്ടാവരുത്. കാരണം ഈ കുഞ്ഞുങ്ങൾ മുട്ടകൾ നന്നായി ഭക്ഷിക്കും. 

  • മാതൃശേഖരം
giant-gourami-12

നല്ല ശരീരവളർച്ചയുള്ള മത്സ്യങ്ങളെ വേണം പ്രജനനായി തെരഞ്ഞെടുക്കാൻ. ഊർജസ്വലതയുള്ളതും ശരീരം നന്നായി തിളങ്ങുന്നതും ആരോഗ്യത്തിന്റെ ലക്ഷണങ്ങളാണ്. നാലു വയസു കഴിഞ്ഞ മത്സ്യങ്ങളെ വേണം പ്രജനനത്തിനായി ഉപയോഗിക്കാൻ. ഈ പ്രായത്തിൽ അവയ്ക്ക് രണ്ടു കിലോഗ്രാമിനു മുകളിൽ തൂക്കമുണ്ടാകും. ഇവയ്ക്ക് സസ്യാഹാരം നൽകുന്നതാണ് നല്ലത്.

  • ചെറു പ്രാണികളും വില്ലന്മാർ

ചെറിയ അക്വേറിയങ്ങളിൽ ചെറിയ ഇനം മത്സ്യങ്ങളെ അനായാസം ബ്രീഡ് ചെയ്ത് ഏതാണ്ട് മുഴുവൻ കുഞ്ഞുങ്ങളെയും വളർത്തിയെടുക്കാൻ കഴിയും. എന്നാൽ, ജയന്റ് ഗൗരാമികളിൽ കുഞ്ഞുങ്ങളുടെ വളർച്ച ഒരുപാട് കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മുകളിൽ സൂചിപ്പിച്ച എല്ലാം കുഞ്ഞുങ്ങളുടെ എണ്ണത്തെ സ്വാധീനിക്കുന്നതുപോലെ ജലത്തിലെ ചെറു പ്രാണികളും കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കുന്നതാണ്. തുമ്പിയുടെ ലാർവ, ഒച്ച്, തവള മുതലായ ജലജീവികൾ കുഞ്ഞുങ്ങളെ നശിപ്പിക്കും. ഇവയെ നിയന്ത്രിക്കാൻ കുളത്തിനു ചുറ്റും വല വിരിക്കേണ്ടതായി വരും.

പ്രജനനക്കൂ‌ടൊരുക്കൽ

ഗൗരാമി വർഗത്തിലെ എല്ലാവരും മുട്ടകളിടുന്നവരാണ്. അതും കൂടുകൂട്ടി മുട്ടകളിടുന്നവർ. അക്വേറിയങ്ങളിൽ വളർത്തുന്ന ബ്ലൂ ഗൗരാമി, പേൾ ഗൗരാമി, മൂൺലൈറ്റ് ഗൗരാമി എന്നുതുടങ്ങി എല്ലാ ചെറിയ ഇനം ഗൗരാമികളും ജലോപരിതലത്തിൽ കുമിളക്കൂടുകൾ നിർമിച്ചാണ് മുട്ടയിടുക. മാത്രമല്ല മുട്ടയിട്ടുകഴിഞ്ഞാൽ അവർ പെൺമത്സ്യങ്ങളെ ആക്രമിക്കാനും കൊന്നുകളയാനും ശ്രമിക്കും. എന്നാൽ, ജയന്റ് ഗൗരാമികൾ അങ്ങനെയല്ല. ജലോപരിതലത്തിന് താഴെയായി പുല്ലും കരിയിലയും നൂലുകളുമെല്ലാം ഉപയോഗിച്ച് വലിയൊരു കൂട് നിർമിച്ചാണ് മുട്ടയിടുന്നത്. ആൺമത്സ്യങ്ങളാണ് കൂട് നിർമിക്കുക. നിർമാണം പൂർത്തിയായാൽ പെൺമത്സ്യത്തെ കൂടിനരികിൽ എത്തിച്ച് ഇണചേരുന്നു. പെൺമത്സ്യം മുട്ടകൾ നിക്ഷിപിച്ചാലുടൻ ആൺമത്സ്യം ബീജവർഷം നടത്തും. കൂടിനുള്ളിലേക്കാണ് ഈ മുട്ടകൾ പ്രവേശിക്കുക. ആദ്യ പ്രജനനമാണെങ്കിൽ മുട്ടകൾ പുറത്തേക്ക് പോകാനാണ് സാധ്യത കൂടുതൽ. കുളത്തിന് വലുപ്പം കുറവാണെങ്കിൽ ആൺമത്സ്യം പെൺമത്സ്യത്തെ ആക്രമിച്ച് പരിക്കേൽപ്പിക്കുന്നതും കാണാറുണ്ട്. അതിനാൽ കുളത്തിന്റെ വലുപ്പം പ്രധാനമാണ്. 

മുട്ടകൾ രണ്ടു നിറത്തിൽ

സാധാരണ വൈകുന്നേരങ്ങളിൽ അതായത് 4നും ആറിനും ഇടയിലാണ് പ്രജനനം നടക്കുക. കുളത്തിൽ ശ്രദ്ധിച്ചാൽ കൂടിനു പുറത്തുപോയ മുട്ടകൾ കാണാൻ കഴിയും. ബീജസങ്കലനം നടന്ന മുട്ടകൾ സുതാര്യമായ മഞ്ഞനിറത്തിലും ബീജസങ്കലനം നടക്കാത്ത മുട്ടകൾ തീവ്രതയേറിയ മഞ്ഞ നിറത്തിലുമായിരിക്കും കാണപ്പെടുക. സുതാര്യമായ മഞ്ഞ നിറത്തിലുള്ള മുട്ടകൾ ശേഖരിച്ച് അക്വേറിയത്തിലോ മറ്റോ നിക്ഷേപിച്ച് വളർത്തിയെടുക്കാവുന്നതേയുള്ളൂ.

കൂട് നിർമിക്കാൻ സാഹചര്യമൊരുക്കണം

ഓരോ ജലാശയത്തിലെയും സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും. അതനുസരിച്ചുവേണം അവയ്ക്കു കൂടൊരുക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിനൽകാൻ. മൺകുളങ്ങളിൽ പുല്ലുകളും മറ്റും ഇറങ്ങിക്കിടക്കുന്നെങ്കിൽ നമുക്ക് പ്രത്യേകിച്ചൊന്നും ഒരുക്കി നൽകേണ്ട ആവശ്യമില്ല. വേണമെങ്കില്‍ ചിത്രത്തില്‍ കാണുന്നതുപോലെ മുക്കാലി നിര്‍മിച്ച് കുളത്തിനു നടുവില്‍ ഇറക്കി വയ്ക്കാം. കൂട് നിർമിക്കാൻ പുല്ലോ കയർ അഴിച്ചതോ ഇട്ടു നൽകണം.

giant-gourami-19
ജയന്റ് ഗൗരാമികൾ മുട്ടയിടുന്നതിനായി തയാറാക്കുന്ന കൂടിന്റെ ഉൾഭാഗം

എന്നാൽ, പാറക്കുളം (പാറമട), സിമന്റ് കുളങ്ങൾ, പടുതാക്കുളങ്ങൾ എന്നിവയിൽ അവയ്ക്ക് കൂട് ഉറപ്പിക്കാൻ അവസരമില്ല എന്നതിനാൽ അതിനുള്ള മാർഗം നമ്മൾ നൽകണം. ചിലത് പറയാം.

  • പടുതക്കുളങ്ങളില്‍

പ്ലാസ്റ്റിക് കുളമായതിനാല്‍ വളരെ കരുതലോടെ മാത്രമേ കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ കോംഗോസിഗ്നല്‍ പോലുള്ള ചെറു പുല്ലുവര്‍ഗങ്ങള്‍ കുളത്തിനു ചുറ്റും നട്ടുവളര്‍ത്തി കുളത്തിലേക്ക് പടര്‍ത്തിയിറക്കാം. ഗൗരാമികൾക്ക് കൂട് ഉറപ്പിക്കാൻ ഇത് ധാരാളം. വെള്ളത്തിനു പ്ലാസ്റ്റിക് ഭാഗം വെയിലേറ്റു നശിക്കില്ല എന്ന ഗുണവും ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ലഭിക്കും. മാത്രമല്ല കുഞ്ഞുങ്ങള്‍ക്ക് ഒളിച്ചിരിക്കാനുള്ള സൗകര്യവും ലഭിക്കും. മുക്കാലി വേണമെങ്കിലും ഉപയോഗിക്കാം. കൂട് നിർമിക്കാൻ ഉണങ്ങിയ പുല്ലോ കയർ അഴിച്ചതോ ഇട്ടു നൽകണം.

  • കോണ്‍ക്രീറ്റ് ടാങ്കില്‍
giant-gourami-15-egg
ബീജസങ്കലനം നടന്ന മുട്ടകൾ പച്ച വൃത്തത്തിലും നടക്കാത്തവ ചുവപ്പു വൃത്തത്തിലും കാണാം

മുക്കാലിയോ അല്ലെങ്കില്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ പിവിസി ഫ്രെയിം നിര്‍മിച്ച് ഭിത്തിയില്‍ ഉറപ്പിച്ചോ നൽകാം. ഒപ്പം കൂട് നിർമിക്കാൻ പുല്ലോ കയർ അഴിച്ചതോ ഇട്ടു നൽകണം.

  • പാറമടകളിൽ

ആഴം കുടിയ പാറമടകളാണെങ്കില്‍ മുക്കാലി പ്രാവര്‍ത്തികമാവില്ല. അതുകൊണ്ടുതന്നെ വശങ്ങളില്‍ ചെറു തുരുത്തുകള്‍ പോലെ പുല്ലു വളര്‍ത്തുകയോ ഫ്രെയിം നിര്‍മിച്ച് വശങ്ങളില്‍ ഉറപ്പിക്കുകയോ ചെയ്യാം. കൂട് നിർമിക്കാൻ പുല്ലോ കയർ അഴിച്ചതോ ഇട്ടു നൽകണം.

giant-gourami-16
മുട്ടയിടുന്നതിനായി ഒരുക്കിയിരിക്കുന്ന കൂട്

കുളത്തില്‍ ഒന്നില്‍ കൂടുതല്‍ ആണ്‍മത്സ്യമുണ്ടെങ്കില്‍ ഉറപ്പിച്ചു നൽകുന്ന ഫ്രെയിമുകള്‍ക്കും മുക്കാലികള്‍ക്കും തമ്മില്‍ കുറഞ്ഞത് പത്ത് അടിയെങ്കിലും അകലമുണ്ടായിരിക്കണം.

മാതാപിതാക്കളും കുഞ്ഞുങ്ങളും

മുട്ടയിടുന്നതിനായി കൂടൊരുക്കാനുള്ള സൗകര്യം ചെയ്തുനൽകിയാൽ അധികം വൈകാതെതന്നെ ആൺ–പെൺ ജയന്റ് ഗൗരാമികൾ കൂട് നിർമാണം തുടങ്ങും. ആൺമത്സ്യത്തിനാണ് കൂട് നിർമാണത്തിന്റെ ചുമതല. ഉണങ്ങിയ പുല്ല്, കയർ നൂലുകൾ, ചാക്കിന്റെ നൂലുകൾ തുടങ്ങിയവയെല്ലാം കൂട് നിർമിക്കാൻ ഉപയോഗിക്കും. അനുകൂല  സാഹചര്യമാണെങ്കിൽ 4–6 ദിവസത്തിനുള്ളിൽ കൂട് നിർമാണം പൂർത്തിയാക്കി മുട്ടയിടും. വൈകുന്നേരങ്ങളിലാണു മുട്ടയിടുക.

മുട്ടയിട്ടുകഴിഞ്ഞാൽ പെൺമത്സ്യമാണ് കൂടിനു സമീപം കാവൽനിൽക്കുക. കൂടിനുള്ളിലിരിക്കുന്ന മുട്ടകളുടെ സമീപത്തെ വള്ളത്തിന് ചലനമുണ്ടാക്കാനായി ചിറകുകൊണ്ട് അടിച്ചുകൊണ്ടിരിക്കും. 24–36 മണിക്കൂർ വേണം മുട്ടകൾ വിരിയാൻ. ഇളം മഞ്ഞനിറത്തിലുള്ള മുട്ടകളുടെ ഒരു വശത്ത് കണ്ണുകളും മറുവശത്ത് നേരിയ വാലും രൂപപ്പെടും. മുട്ടകൾ അക്വേറിയങ്ങളിൽ സംരക്ഷിച്ചാൽ ഈ മാറ്റം അറിയാൻ പറ്റും. സാധാരണ കുളങ്ങളിൽ കുഞ്ഞുങ്ങളെ കാണാൻ മൂന്നാഴ്ചയോളം കാത്തിരിക്കണം. അതുതന്നയാണ് നല്ലതും.

മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ മൂന്നാഴ്ചയോളം കൂടിനുള്ളിൽത്തന്നെയായിരിക്കും. അതുവരെ മാതാപിതാക്കളുടെ കാവലുണ്ടാകും. മത്സ്യത്തിന്റെ ആകൃതിയായി പുറത്തെത്തുന്ന കുഞ്ഞുങ്ങളെ വൈകുന്നേരങ്ങളിൽ കുളത്തിന്റെ വശങ്ങൾ പരിശോധിച്ചാൽ കാണാൻ കഴിയും. 

കുളത്തിൽ ലഭ്യമാകുന്ന ആൽഗകളാണ് ഗൗരാമിക്കുഞ്ഞുങ്ങളുടെ ആദ്യ ഭക്ഷണം. അതുകൊണ്ടുതന്നെ ആൽഗവളർച്ച കൂട്ടാൻ പച്ചച്ചാണകമോ ആട്ടിൻ കാഷ്ഠമോ കുളത്തിൽ അങ്ങിങ്ങായി ഇട്ടുനൽകാം. ചാണകം കലക്കേണ്ടതില്ല. 

30 ദിവസം പ്രായമാകുമ്പോഴാണ് ഗൗരാമി മത്സ്യങ്ങളുടെ രൂപത്തിലേക്ക് കുഞ്ഞുങ്ങളെത്തുക. അതുവരെ ഗപ്പിക്കുഞ്ഞുങ്ങളുടെ രൂപമായിരിക്കും അവയ്ക്ക്.  30–40 ദിവസത്തിനിടയിലാണ് അന്തരീക്ഷത്തിൽനിന്നു നേരിട്ടു ശ്വസിക്കാനുള്ള പ്രത്യേക ശ്വസനാവയവം കുഞ്ഞുങ്ങളുടെ തലയ്ക്കുള്ളിൽ രൂപപ്പെടുക. വെള്ളത്തിന് അത്യാവശ്യം ചൂടുണ്ടെങ്കിൽ മാത്രമേ ഈ ശ്വസനാവയവം രൂപപ്പെടൂ. അതിനാലാണ് തുറസായ സ്ഥലങ്ങളിൽ പ്രജനനക്കുളമൊരുക്കണമെന്ന് പറയുന്നത്. ശ്വസനാവയവം രൂപപ്പെട്ടില്ലെങ്കിൽ പിന്നീട് കുഞ്ഞുങ്ങൾ ചത്തുപോകും.

ഏകദേശം 4–5 മാസംകൊണ്ടാണ് കുഞ്ഞുങ്ങൾ വിൽക്കാനുള്ള പ്രായത്തിലെത്തുക. 1.5–2 ഇഞ്ച് വലുപ്പത്തിലാണ് മിക്ക ബ്രീഡർമാരും കുഞ്ഞുങ്ങളെ വിൽക്കുക. 

മറ്റു മത്സ്യങ്ങൾ അതിവേഗം വളരുന്നതുപോലെ ഗൗരാമിക്കുഞ്ഞുങ്ങൾ വളരില്ല. ആദ്യത്തെ രണ്ടു വർഷത്തോളം കാര്യമായ വളർച്ച പ്രതീക്ഷിക്കണ്ട. വളർച്ചയ്ക്കായി കൂടിയ തോതിൽ പ്രോട്ടീൻ കൂടുതൽ അടങ്ങിയ പെല്ലറ്റ് തീറ്റകൾ നൽകിയാലും കാര്യമായ വളർച്ച കിട്ടില്ല. ആദ്യത്തെ അഞ്ചു മാസം വരെ പെല്ലറ്റ് തീറ്റകൾ കൊടുത്തശേഷം പിന്നീട് ഇലകളിലേക്ക് തിരിയുന്നതാണ് നല്ലത്. ഡക്ക് വീഡ്, അസോള തുടങ്ങിയവ ആദ്യം നൽകാം. രണ്ടിഞ്ച് വലുപ്പമായ കുഞ്ഞുങ്ങൾ ചേമ്പില നന്നായി കഴിക്കും.

അക്വേറിയത്തിലും വളർത്താം, ശ്രദ്ധ വേണം

manu-giant-gourami-juveniles

ഹോം എന്ന മലയാള സിനിമ പുറത്തിറങ്ങിയശേഷം അകത്തളങ്ങളിലെ ചില്ലു ടാങ്കുകളില്‍ വളര്‍ത്താന്‍ ജയന്‌റ് ഗൗരാമികളെ അന്വേഷിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍, ഇത്തരക്കാരില്‍ നല്ലൊരു ശതമാനം ആളുകളും വലിയ മത്സ്യങ്ങളെത്തന്നെയാണ് അന്വേഷിക്കുക. ഇതിനു പിന്നില്‍ വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ടുതന്നെ ജയന്‌റ് ഗൗരാമികളെ വാങ്ങുമ്പോഴും വളര്‍ത്തുമ്പോഴും ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, ആഗ്രഹിച്ചു മോഹിച്ചു വാങ്ങിയ മത്സ്യം നഷ്ടപ്പെടുകയും അതോടൊപ്പം മാനസിക വിഷമവും സാമ്പത്തിക നഷ്ടവും ഉണ്ടാവുകയും ചെയ്യും. 

കുറഞ്ഞ സ്ഥലത്തുപോലും വളര്‍ത്താമെന്നതാണ് ജയന്‌റ് ഗൗരാമികളുടെ പ്രത്യേക. അതായത് ചില്ലു ടാങ്കുകളിലും വലിയ ജലാശയങ്ങളിലും ഒരുപോലെ വളര്‍ത്താം. അതുപോലെ, അന്തരീക്ഷത്തില്‍നിന്ന് നേരിട്ട് ശ്വസിക്കാനുള്ള പ്രത്യേക ശ്വസനാവയവം ഉള്ളതിനാല്‍ വെള്ളത്തില്‍ പ്രാണവായുവിന്റെ അളവ് കുറഞ്ഞാല്‍ പോലും ഇവയ്ക്കു പ്രശ്‌നമില്ല. അന്തരീക്ഷത്തില്‍നിന്ന് നേരിട്ട് ശ്വസിക്കുന്നതാണ് ഇവരുടെ രീതി. മാത്രമല്ല, വെള്ളത്തിലെ അമോണിയ, അമ്ല-ക്ഷാരനില എന്നിവയിലുണ്ടാകുന്ന മാറ്റങ്ങള്‍ പോലും ഒരു പരിധിവരെ തരണം ചെയ്യാന്‍ ഇവയ്ക്കു കഴിയും. 

മുകളില്‍ പറഞ്ഞവയൊക്കെ ജയന്‌റ് ഗൗരാമി മത്സ്യങ്ങളുടെ പ്രധാന മേന്മകളാണെങ്കിലും സമ്മര്‍ദ്ദം (Stress) പ്രതികൂലമായി ബാധിക്കുന്ന മത്സ്യങ്ങളില്‍ മുന്‍നിരയില്‍ത്തന്നെയാണ് ജയന്‌റ് ഗൗരാമികള്‍. അതുകൊണ്ടുതന്നെ കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കില്‍ മരണത്തിലേക്കാണ് മത്സ്യത്തിന്‌റെ സഞ്ചാരമുണ്ടാവുക.

മത്സ്യത്തെ വാങ്ങുമ്പോള്‍

ശരാശരി 1.5 ഇഞ്ച് വലുപ്പത്തിനു മുകളിലുള്ള ജയന്‌റ് ഗൗരാമി മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്നതാണ് ഉത്തമം. വലുപ്പം കുറയുന്തോറും അതിജീവന നിരക്ക് കുറയും. അതുപോലെതന്നെ ആല്‍ബിനോ, പിങ്ക് ഇനങ്ങളെ വാങ്ങുമ്പോള്‍ കുറഞ്ഞത് 2 ഇഞ്ച് വലുപ്പമുള്ളതിനെയെങ്കിലും വാങ്ങിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ഈ രണ്ട് ഇനങ്ങള്‍ക്കും മറ്റുള്ളവയെ അപേക്ഷിച്ച് പ്രതിരോധശേഷി അല്‍പം കുറവാണ്.

ശക്തമായി മഴയുള്ള സമയങ്ങളില്‍ വാങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് വെള്ളത്തിലെ താപനില താഴുന്നതിനാല്‍ മത്സ്യങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കും. അതുകൊണ്ടുതന്നെ വീണ്ടുമൊരു ജലാശയ മാറ്റം സംഭവിക്കുമ്പോള്‍ സമ്മര്‍ദ്ദം കൂടുകയും ബാക്ടീരിയ, ഫംഗസ് പോലുള്ള രോഗകാരികളുടെ ആക്രമണം മത്സ്യങ്ങളില്‍ ഉണ്ടാവുകയും ചെയ്യുന്നു. 

ജയന്‌റ് ഗൗരാമികളെ ബ്രീഡ് ചെയ്യുന്നവരില്‍നിന്നോ അക്വേറിയം ഷോപ്പുകളില്‍നിന്നോ വാങ്ങാം. നേരിട്ട് കണ്ട് ബോധ്യപ്പെട്ട് വാങ്ങുന്നതാണ് രോഗങ്ങളില്ല, ആരോഗ്യമുള്ളതാണ് തുടങ്ങിയ കാര്യങ്ങളില്‍ ഉറപ്പു വരുത്താന്‍ നല്ലത്. രോഗകാരികളായ മത്സ്യങ്ങള്‍ പുതിയ ടാങ്കിലേക്ക് എത്തിയാല്‍ രോഗം മൂര്‍ച്ഛിക്കുകയേയുള്ളൂ. ക്രമേണ ചാവുകയും ചെയ്യും. അതിനാല്‍ ചുറുചുറുക്കുള്ള, ശരീരത്തില്‍ പാടുകളില്ലാത്ത കുഞ്ഞുങ്ങളെ വേണം വാങ്ങാന്‍.

അക്വേറിയത്തില്‍ വളര്‍ത്താന്‍

giant-gourami-3

കമ്യൂണിറ്റി മത്സ്യമായി വളര്‍ത്താന്‍ കഴിയുമെങ്കിലും ചെറിയ ടാങ്കുകളില്‍ ഇവയെ വളര്‍ത്തുമ്പോള്‍ ഒറ്റയ്ക്ക് പാര്‍പ്പിക്കുന്നതാണ് നല്ലത്. അകത്തളങ്ങളില്‍ 4 നീളം, 2 അടി വീതി, 2 അടി ഉയരമുള്ള ചില്ലു ടാങ്കില്‍ ഒരു വലിയ മത്സ്യത്തെ വളര്‍ത്താം. ഇങ്ങനെ വളര്‍ത്തുമ്പോള്‍ രണ്ടു മത്സ്യങ്ങളെ ഒരുമിച്ച് പാര്‍പ്പിക്കാന്‍ ശ്രമിക്കരുത്. പരസ്പരം ആക്രമിച്ച് ഒരാളുടെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തും. ചെറിയ മത്സ്യമാണെങ്കിലും വലിയ മത്സ്യമാണെങ്കിലും ഒരു ടാങ്കില്‍ ഒരു മത്സ്യമാണ് നല്ലത്. അതുപോലെ വലിയ കുളങ്ങള്‍ക്ക് സമാനമായ ഇന്‍ഡോര്‍ അക്വേറിയങ്ങളില്‍ ജയന്‌റ് ഗൗരാമികളെ വളര്‍ത്തുന്ന ഹോബിയിസ്റ്റുകള്‍ കേരളത്തിലുണ്ട്. വലുപ്പം കൂടുതലുള്ള ടാങ്ക് ആയതിനാല്‍ കമ്യൂണിറ്റി രീതിയില്‍ വളര്‍ത്താം. പക്ഷേ, എല്ലാ മത്സ്യങ്ങളെയും ഒരേ സമയം നിക്ഷേപിക്കുന്നത് പരസ്പരമുള്ള ആക്രമണം ഒഴിവാക്കാന്‍ സഹായിക്കും. 

ഇന്‍ഡോര്‍ അക്വേറിയങ്ങള്‍ക്കാണ് ഗൗരാമി എറ്റവും അനുയോജ്യം. പുതുതായി എത്തിക്കുമ്പോള്‍ അധികം പ്രകാശം ലഭിക്കാത്ത വിധത്തിലായിരിക്കണം ടാങ്ക് സജ്ജീകരിക്കേണ്ടത്. ക്രമേണ 2-3 ആഴ്ചകള്‍ക്കൊണ്ട് പ്രകാശത്തിന്‌റെ തോതുയര്‍ത്താം. നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്തായിരിക്കണം അക്വേറിയം സ്ഥാപിക്കേണ്ടത്. ഭയം ഗൗരാമികളുടെ കൂടെപ്പിറപ്പാണ്. അത് മാറ്റി പുതിയ ടാങ്കുമായി ഇണങ്ങുന്നതിനാണ് പ്രകാശം കുറയ്ക്കണമെന്ന് പറയുന്നത്. പ്രകാശമുള്ളത് മത്സ്യങ്ങളെ സമ്മര്‍ദത്തിലാക്കും. ചെറിയ മത്സ്യങ്ങള്‍ക്ക് ഒളിച്ചിരിക്കാന്‍ പ്രത്യേക ഹൈഡിങ് സൗകര്യങ്ങള്‍ ഒരുക്കുന്നതും നല്ലതാണ്. പുതുതായി നിക്ഷേപിക്കുന്ന ടാങ്കില്‍ മെത്തിലിന്‍ ബ്ലൂവോ, അക്രിഫ്‌ളാവിനോ അടങ്ങിയ ലായനികള്‍ ചേര്‍ക്കുന്നത് നല്ലതാണ്. ഇവ അക്വേറിയം ഷോപ്പുകളില്‍ ലഭ്യമാണ്. ഈ ലായനികളുടെ ചെറിയ നിറം മത്സ്യങ്ങളെ നിക്ഷേപിക്കുന്ന വെള്ളത്തിന് ലഭിച്ചാല്‍ മതി.

ഭക്ഷണം

സസ്യാഹാരികളാണ് ജയന്‌റ് ഗൗരാമികളെങ്കിലും ചെറു മത്സ്യങ്ങളെയും പ്രാണികളെയും ഇറച്ചിയുമെല്ലാം കഴിക്കാന്‍ ഇവര്‍ക്ക് മടിയില്ല. എന്നാല്‍, പൂര്‍ണമായും സസ്യാഹാരം നല്‍കുന്നതാണ് ആരോഗ്യത്തിനും ആയുസിനും നല്ലത്.

giant-gourami-2

ചേമ്പില, അസോള, ഡക്ക് വീഡ്, മള്‍ബറിയില, ചേനയില, ചീര, പയര്‍ തുടങ്ങി എല്ലാത്തരം ഇലവര്‍ഗങ്ങളും ഗൗരാമികള്‍ക്ക് പ്രിയപ്പെട്ടതാണ്. കപ്പ, പപ്പായ എന്നിവയുടെ ഇല ഒഴിവാക്കുന്നത് വെള്ളം മോശമാകാതിരിക്കാന്‍ നന്ന്. അതുപോലെ പച്ചക്കറികളും മത്സ്യങ്ങളുടെ വലുപ്പം അനുസരിച്ച് അരിഞ്ഞു നല്‍കാം. ഏതു ഭക്ഷണം കൊടുക്കുന്നുണ്ടെങ്കിലും അല്‍പാല്‍പം നല്‍കി ശീലിപ്പിച്ചെടുക്കണം. സ്ഥിരമായി ഒരിനം ഭക്ഷണം നല്‍കുന്നതിലും നല്ലത് മാറിമാറി നല്‍കുന്നതാണ്. അതുപോലെ ദിവസത്തില്‍ ഒരു നേരം മാത്രം മതി ഭക്ഷണം. ശരീരവലുപ്പം അനുസരിച്ചുള്ള വലുപ്പം ഇവയുടെ വയറിനും ദഹനവ്യൂഹത്തിനുമില്ല. അതുകൊണ്ടുതന്നെ അമിതമായി ഭക്ഷണം കഴിച്ചാല്‍ ദഹനപ്രശ്‌നം, വയര്‍ വീര്‍ക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് എത്തും. മാര്‍ക്കറ്റില്‍ ലഭിക്കുന്ന പെല്ലറ്റ് തീറ്റകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പെല്ലെറ്റ് തീറ്റ സ്ഥിരമായി കഴിക്കുന്ന മത്സ്യങ്ങളില്‍ ഉദരരോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. പെറ്റ് എന്ന രീതിയില്‍ വളര്‍ത്തുമ്പോള്‍ ആരോഗ്യത്തിനും ആയുസിനുമായിരിക്കണം മുഖ്യ പ്രാധാന്യം നല്‍കേണ്ടത്. പെല്ലെറ്റ് നല്‍കാന്‍ താല്‍പര്യമുള്ളവര്‍ കുറഞ്ഞപക്ഷം അത് കുതിര്‍ത്തതിനുശേഷം മാത്രം കൊടുക്കാന്‍ ശ്രദ്ധിക്കണം.

ആയുസ്

വളര്‍ത്തുമത്സ്യങ്ങളില്‍ പ്രായപൂര്‍ത്തിയാകാന്‍ കൂടുതല്‍ കാലം വേണ്ടിവരുന്ന മത്സ്യമാണ് ജയന്‌റ് ഗൗരാമികള്‍. 4 വര്‍ഷത്തിലാണ് ഇവ പ്രായപൂര്‍ത്തിയാവുക. അതുകൊണ്ടുതന്നെ ആയുര്‍ദൈര്‍ഘ്യത്തിലും ഗൗരാമി മുന്‍പന്തിയിലാണ്. കൃത്യമായ പരിചരണമുണ്ടെങ്കില്‍ ശരാശരി 15 വര്‍ഷം ആയുസ് ലഭിക്കും. അതേസമയം, 30 വയസിനു മുകളില്‍ പ്രായമുള്ള ജയന്‌റ് ഗൗരാമി മത്സ്യങ്ങള്‍ കേരളത്തിലെ കര്‍ഷകരുടെ പക്കലുണ്ട്. നല്ല സാഹചര്യം, നല്ല ഭക്ഷണം എന്നിവയെല്ലാമാണ് ആരോഗ്യത്തിന്റെയും ആയുസിന്റെയും അടിത്തറ.

വളര്‍ച്ച

giant-gourami-14
ജയന്റ് ഗൗരാമി മത്സ്യം മറ്റൊരു ജയന്റ് ഗൗരാമി മത്സ്യത്തെ ആക്രമിക്കുന്നു. ആക്രമണത്തിൽ വാലിന്റെ ഒരു ഭാഗം നഷ്ടപ്പെട്ട മത്സ്യത്തെയും കാണാം

ആദ്യത്തെ 2 വര്‍ഷം (മുട്ട വിരിഞ്ഞതു മുതല്‍) അതിവേഗ വളര്‍ച്ച ഗൗരാമികള്‍ക്ക് ലഭിക്കില്ല. അക്വേറിയത്തില്‍ വളരുമ്പോള്‍ വലിയ ജലാശയങ്ങളിലെ വളര്‍ച്ചയുടെ തോത് ലഭിക്കുകയുമില്ല. എങ്കിലും, 2 വര്‍ഷംകൊണ്ട് അക്വേറിയത്തിലെ അഴകായി മാറാന്‍ ഗൗരാമികള്‍ക്കാകും. 

അക്വേറിയത്തിന് അനുയോജ്യം ചെറിയ മത്സ്യങ്ങള്‍

വലിയ ജലാശയത്തില്‍ കിടന്നു ശീലിച്ച വലിയ മത്സ്യങ്ങളെ പെട്ടെന്ന് ചെറിയ ടാങ്കുകളിലേക്ക് മാറ്റുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വിശാലമായ ജലാശയത്തില്‍ നീന്തിത്തുടിച്ചുനടന്ന മത്സ്യം ചെറിയ ടാങ്കിലേക്ക് വരുമ്പോള്‍ സമ്മര്‍ദത്തില്‍ അകപ്പെടും. ഇത് ക്രമേണ അസുഖങ്ങള്‍ പിടിപെടുന്നതിനും കാരണമാകും. മാത്രമല്ല പുറത്തേക്ക് ചാടാനുള്ള പ്രവണതയും ഭയവും ഇവരില്‍ കൂടുതലായിരിക്കും. ഇണക്കിയെടുക്കാനും ബുദ്ധിമുട്ടാണ്. 

അരുമയായി മാറാന്‍ മിടുക്കര്‍

കൈയില്‍നിന്ന് തീറ്റയെടുക്കാനും മനുഷ്യരോട് അടുക്കാനും ഗൗരാമികള്‍ മിടുക്കരാണ്. അതുകൊണ്ടുതന്നെ ആഗോവ്യാപകമായി അകത്തളങ്ങളിലെ ചില്ലുടാങ്കിലെ രാജാക്കന്മാരാണ് ജയന്‌റ് ഗൗരാമികള്‍. എല്ലാ ഇനങ്ങളും അക്വേറിയത്തില്‍ വളര്‍ത്താന്‍ അത്യുത്തമം തന്നെ.

giant-gourami-10
ഉദരപ്രശ്നം (ദഹനസംബന്ധമായത്) മൂലം ചത്തുപോയ മത്സ്യങ്ങൾ

രോഗങ്ങള്‍

സമീപകാലത്ത് ജയന്‌റ് ഗൗരാമി മത്സ്യങ്ങളില്‍ ബാക്ടീരിയ മൂലമുള്ള മരണനിരക്ക് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. രാജീവ് ഗാന്ധി സെന്‌റര്‍ ഫോര്‍ അക്വാകള്‍ച്ചറിന്‌റെ എറണാകുളം വല്ലാര്‍പാടത്തുള്ള മള്‍ട്ടി സ്പീഷിസ് അക്വാകള്‍ച്ചര്‍ സെന്ററിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ കേരളത്തിലെ ജയന്‌റ് ഗൗരാമികളില്‍ മോട്ടില്‍ എയ്‌റോമൊണാസ് സെപ്റ്റിസീമിയ (MAS) എന്ന ബാക്ടീരിയ കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. മഴ കൂടുതലുള്ള സമയങ്ങളില്‍ തീറ്റ എടുക്കാതിരിക്കുക, ജലാശയോപരിതലത്തില്‍ പൊങ്ങിനില്‍ക്കുക, ചലനം കുറയുക, ശരീരം വിളറുകയും ചുവപ്പു നിറത്തില്‍ കാണുകയും ചെയ്യുക, ഞരമ്പുകള്‍ തെളിഞ്ഞു നില്‍ക്കുക, ശല്‍ക്കങ്ങള്‍ ദ്രവിക്കുക തുടങ്ങിയവയെല്ലാം ഈ ബാക്ടീരിയല്‍ രോഗത്തിന്‌റെ ലക്ഷണങ്ങളാണ്. കൃത്യമായ പരിചരണം നല്‍കി രോഗം വരാതെ കാത്തുസൂക്ഷിക്കുക എന്നതാണ് രോഗം വന്നശേഷം ചികിത്സിക്കുന്നതിലും നല്ലത്.

മത്സ്യങ്ങള്‍ അല്‍പപ്രാണികളാണ്. അസുഖങ്ങള്‍ പിടിപെട്ടാല്‍ അതിവേഗം മൂര്‍ച്ഛിക്കും. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ചികിത്സ നല്‍കിയിരിക്കണം. മത്സ്യങ്ങളെ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് ആന്റിബയോട്ടിക് ചികിത്സ നല്‍കേണ്ടിവരും. ജലാശയം വൃത്തിയാക്കാനുള്ളവര്‍ മഴക്കാലം തുടങ്ങുമ്പോള്‍ത്തന്നെ വെള്ളം മാറി കുളം വൃത്തിയാക്കി മത്സ്യങ്ങളെ നിക്ഷേപിച്ചിരിക്കണം. ശേഷം കുളത്തിന്‌റെ വിസ്തൃതി അനുസരിച്ച് കല്ലുപ്പ് വിതറുകയും ചെയ്യണം. ഒരു സെന്‌റ് കുളത്തില്‍ 5 പായ്ക്കറ്റ് കല്ലുപ്പ് 2 ഘട്ടമായി വിതറിക്കൊടുക്കുന്നതാണ് നല്ലത്. അക്വേറിയങ്ങളില്‍ ഒരു ലീറ്റര്‍ വെള്ളത്തിന് 0.5 ഗ്രാം കല്ലുപ്പ് മുന്‍കരുതല്‍ എന്ന തോതില്‍ നിക്ഷേപിക്കുന്നതും നല്ലതാണ്.

അക്വേറിയങ്ങളില്‍ വളരുന്ന ജയന്‌റ് ഗൗരാമികളില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് കണ്ണിന് ക്ഷതം. വാതായനത്തിനു വേണ്ടി സ്ഥാപിച്ചിരിക്കുന്ന പമ്പില്‍നിന്നുള്ള ശക്തിയായ ജലപ്രവാഹവും വായുകുമിളകളും കണ്ണുകള്‍ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ് കാരണം. അതുകൊണ്ടുതന്നെ ശക്തിയായി കുമികളകള്‍ പുറത്തേക്കു വിടാത്ത തരത്തിലുള്ള വാതായന സംവിധാനങ്ങളായിക്കണം ഒരുക്കേണ്ടത്. അതുപോലെ ടാങ്കിനു പുറത്തു വയ്ക്കുന്ന വിധത്തിലുള്ള ജലശുദ്ധീകരണ സംവിധാനങ്ങളുമാണ് ഉത്തമം.

പ്രധാന രോഗങ്ങള്‍ ഒറ്റനോട്ടത്തില്‍

1. ബാക്ടീരിയ: മഴ കൂടുതലുള്ള സമയങ്ങളില്‍ തീറ്റ എടുക്കാതിരിക്കുക, ജലാശയോപരിതലത്തില്‍ പൊങ്ങിനില്‍ക്കുക, ചലനം കുറയുക, ശരീരം വിളറുകയും ചുവപ്പു നിറത്തില്‍ കാണുകയും ചെയ്യുക, ഞരമ്പുകള്‍ തെളിഞ്ഞു നില്‍ക്കുക, ശല്‍ക്കങ്ങള്‍ ദ്രവിക്കുക.

2. ഫംഗസ്: ശരീരം പൊതിഞ്ഞ് വെളുത്ത ആവരണം, വെള്ളത്തിന് ഉപരിതലത്തില്‍ പൊങ്ങി നില്‍ക്കുക, ശരീരത്തില്‍ മുറിവുകള്‍, ചെതുമ്പലുകള്‍ ദ്രവിക്കുക, ഭക്ഷണം എടുക്കാന്‍ മടി തുടങ്ങിയവ ലക്ഷണങ്ങള്‍.

3. ഉദരരോഗം: വയര്‍ വീര്‍ക്കുക, ഭക്ഷണം കഴിക്കാന്‍ മടി, വയര്‍ മുകളിലേക്ക് ആവുക (ഇങ്ങനെ സംഭവിച്ചാല്‍ ശ്വസിക്കാന്‍ കഴിയില്ല, പെട്ടെന്ന് മരണം സംഭവിക്കും).

4. പോപ് ഐ: കണ്ണുകള്‍ക്ക് ക്ഷതം സംഭവിച്ചാലോ, വെള്ളത്തില്‍ മര്‍ദ്ദം ഉയര്‍ന്നാലോ, ബാക്ടീരിയ അണുബാധ മൂലമോ കണ്ണുകള്‍ പുറത്തേക്ക് തള്ളിവരുന്ന അവസ്ഥ.

കൂടുതൽ വിവരങ്ങൾക്ക്: ibinjoseph@mm.co.in

English summary: All About Giant Gourami Farming and Breeding, Giant gourami fish in home movie, Giant Gourami, #Home

 

 

giant-gourami-13
ബാക്ടീരിയ രോഗം ബാധിച്ച് ചത്ത മത്സ്യങ്ങൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com