ADVERTISEMENT

ഭാഗം – 1

മൂന്നു തൊഴുത്തുകള്‍, നറുംപാല്‍ ചുരത്തുന്ന 45 പശുക്കള്‍, ഫാമിലെ മുതല്‍ക്കൂട്ടായി മാറാന്‍ തയാറായി വളരുന്ന മുപ്പതിലധികം കിടാരികള്‍, പെല്ലെറ്റ് രഹിത തീറ്റക്രമം അതായത് നേപ്പിയർ പുല്ലും സൈലേജും കപ്പവേസ്റ്റും ബിയര്‍വേസ്റ്റും മാത്രം നല്‍കിയുള്ള പരിപാലനം, ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുന്ന വിപണന രീതി... എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുണ്ട് കൊല്ലം തലവൂര്‍ സ്വദേശിയായ അജിത്തിന്റെ ക്ഷീരസംരംഭത്തിന്. തീറ്റച്ചെലവ് പരമാവധി കുറച്ച് പാല്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതുകൊണ്ടുതന്നെ മികച്ച വരുമാനം നേടാന്‍ അജിത്തിനു കഴിയുന്നു. 

ആഡംബര കപ്പലിലെ ഫുഡ് സര്‍വീസ് ജോലി ഉപേക്ഷിച്ചാണ് അജിത് കന്നുകാലി വളര്‍ത്തലിലേക്ക് ഇറങ്ങിയത്. ബന്ധുക്കളില്‍ ചിലര്‍ ക്ഷീരവികസന വകുപ്പില്‍ ജോലി ചെയ്തിരുന്നതും കുടുംബത്തിനൊപ്പം നില്‍ക്കാന്‍ സാധിക്കുമെന്നതും ക്ഷീരമേഖല തിരഞ്ഞെടുക്കാന്‍ കാരണമായി.

2015ലാണ് ഡെയറി ഫാം തുടങ്ങിയത്. അതുവരെ ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യം ഉപയോഗിച്ച് വീടിനോട് ചേര്‍ന്ന് 24 പശുക്കളെ പാര്‍പ്പിക്കാന്‍ കഴിയുന്ന ഷെഡ്ഡ് നിര്‍മിച്ചു. വീട്ടില്‍ അപ്പോഴുണ്ടായിരുന്ന 2 പശുക്കളെ കൂടാതെ പുതുതായി 10 പശുക്കളെക്കൂടി എത്തിച്ച് ഫാം തുടങ്ങി. കൈവശമുള്ള അഞ്ചേക്കര്‍ സ്ഥലത്ത് പൂര്‍ണമായും പുല്‍ക്കൃഷിയും ആരംഭിച്ചു. 

dairy-farming-ajith-1
അജിത്

വെല്ലുവിളികളേറെ

വീട്ടില്‍ വര്‍ഷങ്ങളായി കന്നുകാലിവളര്‍ത്തല്‍ ഉണ്ടായിരുന്നെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ ചെയ്തുതുടങ്ങിയപ്പോള്‍ ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നെന്ന് അജിത്ത്. പശുക്കളെ വാങ്ങിയതു മുതല്‍ അവയുടെ പരിചരണത്തില്‍ വരെ പാളിച്ചയുണ്ടായി. കാലിത്തീറ്റ, പിണ്ണാക്ക്, തവിട് എന്നിവയെല്ലാം കൂട്ടിക്കുഴച്ച് നല്‍കുന്ന ഭക്ഷണ രീതിയായിരുന്നു. അതുകൊണ്ടെന്താ പശുക്കള്‍ക്ക് അസുഖങ്ങള്‍ വിട്ടൊഴിഞ്ഞ നേരമില്ലായിരുന്നു. പുല്ല് യഥേഷ്ടം ഉണ്ടായിരുന്നെങ്കിലും പുല്ലിനേക്കാള്‍ പ്രാധാന്യം സാന്ദ്രീകൃത തീറ്റയ്ക്ക് നല്‍കിയതുകൊണ്ടുതന്നെ അസിഡോസിസ്, ലാമിനൈറ്റിസ് പോലുള്ള അസുഖങ്ങള്‍ വിട്ടൊഴിഞ്ഞ് നേരമില്ല. കൃത്യമായ ചികിത്സ ലഭ്യമായിരുന്നുമില്ല. അതിനാൽ, ഒരു വര്‍ഷത്തിനുള്ളില്‍ 6 പശുക്കള്‍ ചത്തുപോയ സാഹചര്യവും ഉണ്ടായി. അവയെ ഇന്‍ഷുര്‍ ചെയ്തിരുന്നതിനാല്‍ സാമ്പത്തികമായി തകര്‍ന്നില്ല.

തീറ്റയിലുണ്ടായ അപാകതയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു തിരിച്ചറിഞ്ഞതോടെ തീറ്റക്രമം പാടേ മാറ്റുകയാണ് അജിത് ചെയ്തത്. നാലു വര്‍ഷം മുന്‍പ് കാലിത്തീറ്റ പൂര്‍ണമായും ഉപേക്ഷിച്ചു. പകരം ചോളത്തണ്ട് ഉപയോഗിച്ചുള്ള സൈലേജ്, നേപ്പിയർ പുല്ല്, കപ്പവേസ്റ്റ്, ബിയര്‍ വേസ്റ്റ് എന്നിവ മാത്രമാണ് തീറ്റയായി പശുക്കള്‍ക്ക് നല്‍കുന്നത്. അവയ്ക്കാവശ്യമുള്ള ഊര്‍ജവും മാംസ്യവുമെല്ലാം ഇതില്‍നിന്നു ലഭ്യമാകും. സൈലേജ് അല്ലെങ്കില്‍ പച്ചപ്പുല്ല് ആണ് പശുക്കളുടെ തീറ്റയുടെ 60 ശതമാനം വരിക. 40 ശതമാനം മാത്രമാണ് സാന്ദ്രീകൃത തീറ്റയായി ബിയര്‍വേസ്റ്റും കപ്പവേസ്റ്റും നല്‍കുക. ഈ രണ്ട് തീറ്റകളുടെയും ഒടുവില്‍ വേസ്റ്റ് എന്ന് കിടക്കുന്നതിനാല്‍ പലര്‍ക്കും അത് തെറ്റായി തോന്നാറുണ്ടെന്നും അജിത്.എന്നാല്‍, പൂപ്പലോ മറ്റു കേടുകളോ ഇല്ലാതെ ലഭിച്ചാല്‍ ഇത് മികച്ച തീറ്റയാണെന്നും ഈ യുവാവ് പറയുന്നു. ബിയര്‍ വേസ്റ്റില്‍ ബാര്‍ലിയാണ് പ്രധാനമായും ഉണ്ടാവുക. അതുപോലെ സ്റ്റാര്‍ച്ച് എടുത്തതിനുശേഷമുള്ള ഈര്‍പ്പമുള്ള കപ്പപ്പൊടിയാണ് കപ്പ വേസ്റ്റ്.

ദഹനം സുഗമമാകുന്നതിന് ഇഎം ലായനിയും സോഡിയം ബൈ കാർബണേറ്റും തീറ്റയിൽ ചേർത്ത് നൽകുന്നുമുണ്ട്.

വായ്പ

കറവപ്പശുക്കള്‍ക്കായി രണ്ടു ഷെഡ്ഡുകളും കിടാരികള്‍ക്കായി ഒരു ഷെഡ്ഡുമാണ് അജിത്തിനുള്ളത്. ആദ്യത്തെ ഷെഡ്ഡ് സ്വന്തം പണംകൊണ്ട് നിര്‍മിച്ചതാണെങ്കില്‍ രണ്ടും മുന്നും ഷെഡ്ഡിന് വായ്പ എടുത്തിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ് വഴി വായ്പ ലഭിച്ചതിനാലാണ് ക്ഷീരസംരംഭം ഇത്ര വികസിപ്പിക്കാന്‍ സാധിച്ചത്.

dairy-farming-ajith-2
പ്രധാന തൊഴുത്ത്

ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി

സമീപപ്രദേശങ്ങളിലെ കര്‍ഷകര്‍ ഒന്നിച്ചുകൂടി നബാര്‍ഡിന്റെ പിന്തുണയോടെ രൂപീകരിച്ച ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി തലവൂരിലെ ക്ഷീരമേഖലയിലെ മുന്നേറ്റത്തിന് വഴിയൊരുക്കി. ഈ കമ്പനി വഴി ഒരു കൂട്ടം കര്‍ഷകര്‍ക്ക് ആവശ്യമായ തീറ്റവസ്തുക്കള്‍ ഒരുമിച്ച് ഇതര സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരാന്‍ സാധിക്കുന്നു. വര്‍ഷം മുഴുവന്‍ ഒരേ വിലയില്‍ പശുക്കള്‍ക്കാവശ്യമായ ഭക്ഷ്യോല്‍പന്നം ലഭിക്കുന്നതിനാല്‍ സമീപകാലത്ത് കേരളത്തിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന കാലിത്തീറ്റ വിലവര്‍ധന തങ്ങളെ ബാധിച്ചിട്ടില്ലെന്നും അജിത് പറയുന്നു. 

മികച്ച തീറ്റക്രമത്തിലൂടെ പശുക്കളുടെ ആരോഗ്യസംരക്ഷണത്തിലും പാലുൽപാദനത്തിലും മാത്രമല്ല അജിത് ശ്രദ്ധ നൽകിയിരിക്കുന്നത്. മികച്ച കിടാരികളെ ലഭിക്കുന്നതിനായി തന്റേതായ ബ്രീഡിങ് പോളിസിയും സ്വീകരിച്ചിട്ടുണ്ട്. അതുപോലെതന്നെ പാൽ വിപണനത്തിലും പ്രത്യേക രീതിയുണ്ട്. അതേക്കുറിച്ച് നാളെ...

ഫോൺ: 9495088471

English summary: Success Story On Ideal Young Farmer Earn High Profits From Dairy Farming in Kerala Part 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com