ADVERTISEMENT

യുട്യൂബ് വിഡിയോകളെയും ഉപദേശകരെയും മാത്രം വിശ്വസിച്ച് ലക്ഷങ്ങൾ മുടക്കി അറിയാത്ത കൃഷിക്ക് ഇറങ്ങുന്നവരോട് ആലപ്പുഴ വൈക്കം തലയാഴം സ്വദേശി  ബിന്നി ടോമിച്ചന് പറയാനുള്ളത് ഇത്രമാത്രം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

ഒന്നു വച്ചാൽ രണ്ട്, രണ്ടു വച്ചാൽ നാല് എന്ന കുലുക്കിക്കുത്താണ് കൃഷി എന്നു വിശ്വസിച്ചു പോയതിൽ നിരാശയും വേദനയുമുണ്ട് ബിന്നിക്ക്. അത്രയെളുപ്പം പഠിച്ചെടുക്കാവുന്ന ഒന്നല്ല കൃഷി, വിശേഷിച്ചും ഹൈടെക് അക്വാകൾച്ചർ, എന്നു മനസ്സിലാക്കി വന്നപ്പോഴേക്കും ബിന്നിയുടെയും ഭർത്താവ് ടോമിച്ചന്റെയും കയ്യിൽനിന്ന് ആരുടെയൊക്കെയോ കൈകളിലേക്ക് ഒഴുകിപ്പോയത് ലക്ഷങ്ങൾ. 

കൃഷിയെക്കാൾ സാഹസമാണ് വിപണി കണ്ടെത്തൽ എന്നറിഞ്ഞപ്പോൾ തിരിച്ചടികളുടെ ആഘാതം പിന്നെയും വർധിച്ചു. 22 വർഷത്തെ അബുദാബി ജീവിതത്തിന് കോവിഡ് കാലത്ത് ഇടവേള നൽകി കൃഷിയിലേക്കു തിരിഞ്ഞ ബിന്നിയും കുടുംബവും പക്ഷേ, ഇപ്പോഴും കൃഷി കൈവിടാൻ തയാറല്ല. മാത്രമല്ല, തിരിച്ചടികളുടെ നടുക്കടലിൽനിന്നു നീന്തി വിജയതീരത്തേക്ക് അടുക്കുന്നതിന്റെ ആശ്വാസമുണ്ടുതാനും.

പറ്റിയ അബദ്ധങ്ങളും പറ്റിച്ചവരും ഏറെയുണ്ടെന്നു ബിന്നി. അതിനെല്ലാം ഇരയാവാൻ ഇടയായത് സ്വന്തം ജാഗ്രതക്കുറവു കാരണമാണെന്നും ബിന്നി സമ്മതിക്കുന്നു. അതുകൊണ്ടുതന്നെ, മുന്നും പിന്നും നോക്കാതെ ഈ രംഗത്തേക്കു ചാടിയിറങ്ങുന്ന,  പ്രവാസികൾ ഉൾപ്പെടെയുള്ള പുതുക്കൃഷിക്കാർക്കു താക്കീതായി തങ്ങളുടെ അനുഭവങ്ങൾ മാറണമെന്നും ബിന്നി പറയുന്നു. 

കൃഷിയെക്കുറിച്ചു ശാസ്ത്രീയ വിവരങ്ങളും വിപണിയെക്കുറിച്ചു കൃത്യമായ വിശകലനങ്ങളും മികച്ച കർഷകരുടെ അനുഭവങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന കർഷകശ്രീപോലുള്ള ആധികാരിക പ്രസിദ്ധീകരണങ്ങളെ ആശ്രയിച്ചു കൃഷിയിലിറങ്ങിയിരുന്നെങ്കിൽ ഈ ദുരവസ്ഥ വരില്ലായിരുന്നു. പകരം, വിദേശത്തിരുന്നു കണ്ട യുട്യൂബ് വിഡിയോകളെയും വ്ളോഗർമാരുടെ വാക്കുകളെയും പ്രവാസികളെ ലക്ഷ്യമിട്ടു ചാടിവീഴുന്ന ഉപദേശകരെയും മാത്രം വിശ്വസിച്ച് കൃഷിക്കിറങ്ങി. സർവവിജ്ഞാനകോശങ്ങൾ, സർവപ്രതാപികൾ എന്ന മട്ടിലായിരുന്നു ഉപദേശകരുടെ വരവ്. സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും കാക്കത്തൊള്ളായിരം കൃഷിപദ്ധതികൾ, സബ്സിഡി നേടാനുള്ള പ്രോജക്ട് റിപ്പോർട്ടുകൾ, പറഞ്ഞു തീരും മുൻപ് കമ്പിയും സിമന്റും മണലുമായി പണിക്കാർ അങ്ങനെ അങ്ങനെ. 

വീണുപോയ കെണികൾ

ദീർഘകാലമായിത്തുടരുന്ന പ്രവാസജീവിതം വിട്ട് നാട്ടിലേക്കു മടങ്ങുമ്പോൾ സ്ഥിരവരുമാനത്തിനൊരു വഴിയെന്ന നിലയ്ക്കാണ് പലരെയും പോലെ ബിന്നി–ടോമിച്ചൻ ദമ്പതികളും കൃഷിയെക്കുറിച്ചു ചിന്തിച്ചത്. വിദേശത്തിരുന്നു കണ്ട വിഡിയോകളിൽ ഏറ്റവും ആകർഷകമായിത്തോന്നിയത് ബയോഫ്ലോക്ക് ഉൾപ്പെടെ ചുരുങ്ങിയ കാലംകൊണ്ട് ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്ന ഹൈടെക് അക്വാകൾച്ചർ കാഴ്ചകൾ. 

കോവിഡ് തുടങ്ങിയ സമയത്ത് ബിന്നിയും മക്കളും നാട്ടിലെത്തി. പൊടുന്നനെ ലീവെടുത്തു പോരുന്നതു ജോലിസുരക്ഷയെ ബാധിക്കുമെന്നതിനാൽ ടോമിച്ചൻ ഗൾഫിൽ തുടർന്നു. വിദ്യാഭ്യാസരംഗത്തു പ്രവർൃത്തിച്ചിരുന്ന ബിന്നി സിനിമ–സീരിയൽ രംഗത്തു ചുവടുറപ്പിച്ചു തുടങ്ങുന്ന സമയം കൂടിയായിരുന്നു അത്. കോവിഡ് കാലത്തു നാട്ടിലെത്തി വെറുതെ ഇരിക്കുമ്പോൾ വീടിനടുത്തുള്ള ഒന്നരയേക്കർ സ്വന്തം സ്ഥലത്ത് മുറ പോത്തിനെ വളർത്താം എന്ന ആശയം പറഞ്ഞത് ടോമിച്ചനാണ്. താമസിയാതെ തന്നെ കച്ചവടക്കാരെ കണ്ടെത്തി 1,10,000 രൂപ മുടക്കി 5 മുറയെ വാങ്ങി. പ്രാദേശികമായി കിട്ടുന്ന ചെലവു കുറഞ്ഞ തീറ്റ നൽകി കാര്യമായ പരിപാലനമൊന്നുമില്ലാതെ വളർത്താവുന്ന മുറയെ പരിപാലിക്കാൻ ഉപദേശകർ പറഞ്ഞതനുസരിച്ചു നോട്ടക്കാരെ വരുത്തി, പതിനായിരങ്ങൾ പൊടിച്ചു തൊഴുത്തുപണി, തീറ്റ വാങ്ങല്‍...

ഇതിനിടെ, ദീർഘകാലമായി തരിശു കിടന്ന സ്ഥലം അതുവരെ ‘മുതലാക്കി’യിരുന്നവരുടെ നീരസവും. വളർത്തൽ തുടങ്ങി താമസിയാതെ പോത്തിലൊന്നു ചത്തു. അതോടെ കുറച്ചകലെ ബിന്നിയുടെ സ്വന്തം വീട്ടിലേക്കു പോത്തുകളെ മാറ്റി. തലയാഴത്തെ വീട്ടുമുറ്റത്ത് നല്ല വിളവുണ്ടായിരുന്ന പതിനഞ്ചോളം ജാതി മരങ്ങള്‍ ഈ സമയത്തുതന്നെ ഉപദേശകരുടെ നിർദേശപ്രകാരം വെട്ടി നീക്കി 7 ബയോഫ്ലോക്ക് ടാങ്കുകളുടെയും ഒപ്പം കോഴിക്കൂട്, കാടക്കൂട്, ആട്ടിൻകൂട്, മുയൽക്കൂട് എന്നിവയുടെയും ടെറസ്സിൽ മഴമറയുടെയും പണി തകൃതിയായി തുടങ്ങി. ഇവയ്ക്കെല്ലാം ലക്ഷങ്ങൾ സബ്സിഡിയുണ്ടെന്നും എല്ലാം പ്രവർത്തനക്ഷമമാകുന്നതോടെ വരുമാനം കരകവിഞ്ഞൊഴുകുമെന്നും ഓരോ തവണ പണം പറ്റുമ്പോഴും ഉപദേശകർ ഉറപ്പിച്ചു പറഞ്ഞു. ഇതിനിടെ പോത്തിനെ ശ്രദ്ധിക്കാൻ കഴിയാതായതോടെ,  അതുവരെ മൂന്നര ലക്ഷം രൂപ മുടക്കിയ പോത്തുകൃഷിക്കു പൂര്‍ണവിരാമമിട്ടു. പോത്തുകളെ  80,000 രൂപയ്ക്കു വിറ്റൊഴിവാക്കി.

പരാതികൾ, പ്രതിസന്ധികൾ

ഏഴര ലക്ഷം രൂപയെന്ന കണക്കിൽ തുടങ്ങിയ ബയോഫ്ലോക്കിനു മുടക്കേണ്ടി വന്നത് 17 ലക്ഷം രൂപ. ഉപദേശകരുടെ നിർദേശപ്രകാരം പണിക്കാർക്കു താമസിക്കാൻ വീടും ഭക്ഷണത്തിന് കേറ്ററിങ് ഗ്രൂപ്പിനെയും വരെ ഏർപ്പെടുത്തിയെന്നു ബിന്നി. അതിനിടെ, പലയിടത്തു നിന്നായി 28 ആടിനെയും 300 കോഴികളെയും മറ്റിനങ്ങളെയുമെല്ലാം എത്തിച്ചു. ബയോഫ്ലോക്ക് നിർമാണത്തിലെ പാകപ്പിഴകൾ വ്യക്തമായത്  ഈ ഘട്ടത്തിലാണ്. അതോടെ ടാങ്ക് പണിയലും പൊളിക്കലും ഒരുമിച്ചായി. ബയോഫ്ലോക്കിൽ ആദ്യകൃഷി തുടങ്ങിയപ്പോള്‍തന്നെ നിർമാണപ്പിഴവു മൂലം യുവി ഷീറ്റ് മേൽക്കൂര തകർന്നു വീണു. വൈകാതെ, കോഴിവളർത്തലിനെതിരെ പരിസരവാസികളുടെ പരാതിയും ഉയർന്നു.

ഉദ്യോഗസ്ഥർ പരിശോധിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്നു ബോധ്യപ്പെട്ടെങ്കിലും വീട്ടിൽ വളർത്താവുന്ന പ ക്ഷിമൃഗാദികളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടത്തിലെ അവ്യക്തത വിനയായെന്നു ബിന്നി. 1000 കോഴികളെവരെ വളർത്താനുള്ള കെട്ടിടം നിർമിക്കാൻ ലൈസൻസ് വേണ്ടെന്ന് കെട്ടിട നിർമാണച്ചട്ടത്തിൽ ഇടക്കാലത്ത് ഭേദഗതി വന്നിരുന്നു. കോഴികളുടെ എണ്ണം 100 എന്നതിൽ ഭേദഗതി കാണുന്നുമില്ല. ഈ വൈരുധ്യമൊന്നും ഉപദേശകരാരും ചൂണ്ടിക്കാട്ടിയില്ല. ഏതായാലും എല്ലാം കൂടി നോക്കി നടത്താൻ കഴിയില്ലെന്നു വന്നതോടെ പക്ഷിമൃഗാദികളെയെല്ലാം കിട്ടിയ വിലയ്ക്കു വിറ്റൊഴിവാക്കി. പ്രതീക്ഷിച്ച വിപണി കിട്ടാതായതോടെ മഴമറക്കൃഷിക്കും ഇടവേളയായി.  ഇക്കാലത്തിനിടയിൽ കയ്യിൽനിന്ന് ഊർന്നുപോയതു ലക്ഷങ്ങൾ. 17 ലക്ഷം രൂപ ചെലവിട്ട ബയോഫ്ലോക്കില്‍നിന്ന് ആദ്യ വിളവെടുപ്പിൽ കിട്ടിയതാകട്ടെ, 33,000 രൂപയുടെ മത്സ്യം. 

പതറാതെ മുന്നോട്ട്

ആദ്യഘട്ടം തകർച്ചയുടേതായിരുന്നെങ്കിൽ രണ്ടാം ഇന്നിങ്സ് വിജയിപ്പിക്കാനുള്ള വാശിയിലാണ് ബിന്നി. ബയോഫ്ലോക്ക് കൃഷി വരുതിയിലെത്തിയത് ബിന്നിക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നു. മറ്റിനങ്ങളെല്ലാം പുനരാരംഭിക്കാനുള്ള ആത്മവിശ്വാസവുമായി. 

മുട്ടക്കോഴി മുതൽ പോത്തുവളർത്തൽ വരെയും പോളിഹൗസ് മുതൽ ബയോഫ്ലോക്ക് വരെയുമുള്ള കൃഷികളൊന്നും പരാജയമാണെന്നു പറയില്ല ബിന്നി. മാത്രമല്ല തെറ്റിയും തിരുത്തിയും അവയൊക്കെയും പഠിച്ച് മികച്ച ലാഭത്തോടെ മുന്നോട്ടു പോകുന്ന ഒട്ടേറെ കൃഷിക്കാർ കൺമുന്നിലുണ്ടുതാനും. ഓർക്കേണ്ടത് ഒറ്റ ക്കാര്യമാണ്. ഒട്ടേറെ വർഷങ്ങൻ അധ്വാനിച്ചു സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവൻ അറിയാത്ത പണിയില്‍ ഒറ്റയടിക്ക് ചെലവഴിക്കരുത്. 

സാധാരണക്കാരായ കൃഷിക്കാർ പലരും ഈയിനങ്ങളൊക്കെ വിജയകരമായി ചെയ്യുന്നുണ്ടെങ്കിൽ കൂടുത ൽ വിദ്യാഭ്യാസവും അറിവും ലോകപരിചയവുമുള്ള തങ്ങൾക്കിതൊക്കെ നിഷ്പ്രയാസം സാധിക്കും എന്ന തോന്നലും മുളയിലേ നുള്ളണം. ശാസ്ത്രീയ കൃഷിയറിവുകൾക്കും ശരിയായ മാർഗനിർദേശങ്ങൾക്കും അനുഭവപരിചയത്തിനും വിപണിപഠനങ്ങൾക്കും ക്ഷമയ്ക്കും തുല്യപ്രാധാന്യമുണ്ട് കൃഷിയിൽ. അതൊന്നും തങ്ങളെപ്പോലെ ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയ ശേഷമല്ല പഠിക്കേണ്ടതെന്നും ബിന്നി ഓർമിപ്പിക്കുന്നു. 

ഇത് ബിന്നിയുടെ മാത്രം പ്രശ്നമല്ല. ബിന്നിയേപ്പോലെ ഒട്ടേറെ പേർക്ക് കൃഷിയിലേക്കിറങ്ങി കൈ പൊള്ളിയിട്ടുണ്ട്. ഇത്തരം അനുഭവങ്ങൾ നിങ്ങൾക്കുമുണ്ടോ? മറ്റുള്ളവരോട് പറയാൻ താൽപര്യമുണ്ടെങ്കിൽ അനുഭവങ്ങൾ കർഷകശ്രീക്ക് വാട്സാപ് (8714617871) ചെയ്യൂ.

English summary: Real problems in agriculture sector in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com