ADVERTISEMENT

നാടൻ പഴങ്ങളും പച്ചക്കറികളും സ്ക്വാഷും കോൺസൻട്രേറ്റും തയാറാക്കാൻ അനുയോജ്യമാണ്. താഴെക്കൊടുത്തിരിക്കുന്ന പട്ടിക അനുസരിച്ചുള്ള ചേരുവകൾ ചേർത്ത് മേൽപറഞ്ഞ രീതിയിൽ ഓരോന്നിന്റെയും ചേരുവകളെടുത്ത് അതതിനം  പഴം–പച്ചക്കറി സ്ക്വാഷ് തയാറാക്കുന്ന വിധം.

value-added-products

പാഷൻ ഫ്രൂട്ട്

പാഷൻ ഫ്രൂട്ടിന്റെ തോട് പൊളിച്ചു മാറ്റി പൾപ്പ് പുറത്തെടുക്കുക. ഒരു ലീറ്റർ വെള്ളം തിളപ്പിച്ച്, പൾപ്പു ചേർത്ത് യോജിപ്പിക്കുക. ഇത് തിളച്ചു തുടങ്ങുമ്പോൾ തീയണയ്ക്കുക. നന്നായി തണുത്തതിനുശേഷം പ്ലാസ്റ്റിക് നെറ്റിലൂടെ കുരു വേർപെടുത്തി എടുക്കുക. ഇങ്ങനെ തയാറാക്കിയ ജ്യൂസിലേക്ക് പഞ്ചസാരയും സിട്രിക് ആസിഡും ചേർക്കുക. അരിച്ചുമാറ്റിയ കുരുവിൽനിന്ന് 10–15 എണ്ണം സ്ക്വാഷിൽ തങ്ങിനിൽക്കുന്ന വിധത്തിലും ചേർക്കാം. സംരക്ഷക വസ്തുവായി പൊട്ടാസ്യം മെറ്റാ ബൈസൾഫേറ്റ് ലീറ്ററിന് 2.5 ഗ്രാം എന്ന തോതിൽ ചേർക്കാം.

പൈനാപ്പിൾ

പൈനാപ്പിൾ നീര് ജ്യൂസർ ഉപയോഗിച്ച് പിഴിഞ്ഞെടുക്കുക. വെള്ളം തിളപ്പിച്ച് പഞ്ചസാര, സിട്രിക് ആസിഡ് എന്നിവ ലയിപ്പിക്കുക. പൈനാപ്പിൾ ജ്യൂസ് ചേർത്ത് 90 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കുക. തണുക്കുമ്പോൾ ലീറ്ററിന് 2.5 ഗ്രാം എന്ന തോതിൽ പൊട്ടാസ്യം മെറ്റാ ബൈസൾഫേറ്റ് ചേർക്കുക.

പപ്പായ + പൈനാപ്പിൾ

പഴുക്കുമ്പോൾ നല്ല ചുവപ്പുനിറമുള്ള പപ്പായ, തൊലി ചെത്തി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ജ്യൂസർ/ മിക്സിയിൽ അരച്ച് ജ്യൂസ് എടുക്കുക. പൈനാപ്പിളും വൃത്തിയാക്കി  ജ്യൂസ് എടുക്കുക. വെള്ളം തിളപ്പിച്ച് പഞ്ചസാരയും സിട്രിക് ആസിഡും ലയിപ്പിക്കുക. അതിലേക്ക് പപ്പായ പൾപ്പ് ചേർത്തു തിളപ്പിക്കുക. പപ്പായ നന്നായി തിളച്ചതിനുശേഷം പൈനാപ്പിൾ ജ്യൂസ് ചേർക്കുക. ചൂട് 90 ഡിഗ്രി സെൽഷ്യസ് ആകുമ്പോൾ അടുപ്പത്തുനിന്നു മാറ്റിവയ്ക്കുക. നന്നായി തണുത്തതിനുശേഷം അൽപം പൈനാപ്പിൾ എസ്സൻസും ലീറ്ററിന് 2.5 ഗ്രാം എന്ന തോതിൽ സോഡിയം ബെൻസോയെറ്റും ചേർത്ത് പായ്ക്ക് ചെയ്യാം. പൈനാപ്പിൾ–പാഷൻ ഫ്രൂട്ട് സ്ക്വാഷും മേൽപ്പറഞ്ഞ രീതിയിൽതന്നെ തയാറാക്കാം.

കാരമ്പോള

നക്ഷത്രപ്പുളി, ആരമ്പോള എന്നെല്ലാം അറിയപ്പെടുന്ന കാരമ്പോളയുടെ ജ്യൂസ് ഉപയോഗിച്ചും സ്ക്വാഷ് തയാറാക്കാം. നന്നായി പഴുത്ത കാരമ്പോള ഒരു സ്റ്റീൽ കത്തിയുപയോഗിച്ച് മുറിച്ച് കുരുവും നാരും നീക്കം ചെയ്യുകം. അൽപം വെള്ളമൊഴിച്ച് അതിലിട്ട് മൃദുവാകുന്നതുവരെ തിളപ്പിക്കുക.തുടർന്ന് വാങ്ങിവച്ച് നന്നായി തണുക്കുമ്പോൾ അരച്ച് ജ്യൂസ് പിഴിഞ്ഞെടുക്കുക. (കണ്ണകലമുള്ള പ്ലാസ്റ്റിക് നെറ്റ് ഉപയോഗിച്ചാൽ മതി). വെള്ളം തിളപ്പിച്ച് പഞ്ചസാര, സിട്രിക് ആസിഡ് എന്നിവ ലയിപ്പിച്ച് കാരമ്പോള ജ്യൂസ് ചേർത്തു തിളപ്പിക്കുക. തീയണച്ച് തണുത്തതിനുശേഷം അൽപം മഞ്ഞ ഫുഡ് കളർ (ആവശ്യമെങ്കിൽ) പൈനാപ്പിൾ എസ്സൻസ് ലീറ്ററിന് 2.5 ഗ്രാം എന്ന തോതിൽ പൊട്ടാസ്യം മെറ്റാ ബൈ സൾഫേറ്റ് ചേർത്തു പായ്ക്ക് ചെയ്യാം.

ഇലുമ്പിപ്പുളി

നമ്മുടെ വീട്ടുപരിസരങ്ങളിൽ ധാരാളമായി വിളയുന്ന ഫലമാണ് ഇലുമ്പിപ്പുളി. ഈയിനം നേരിട്ടുപയോഗിച്ചാൽ ചില ആരോഗ്യപ്രശ്നങ്ങളുണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ നന്നായി മൂപ്പെത്തിയ കായ്കൾ ഒരു സ്റ്റീൽ പാത്രത്തിലിട്ട് തിളപ്പിക്കുക. കായ്കൾ മൃദുവായ ഉടനെ തണുത്ത വെള്ളത്തിലേക്കു മാറ്റുക. നന്നായി തണുത്തതിനുശേഷം 2–3 പ്രാവശ്യം കഴുകി കായ്കളുടെ പുറമെയുള്ള കറ മാറ്റുക. ഗ്ലൗസ് ഇട്ടതിനുശേഷം പുളി നന്നായി ഞെരടി പിഴിഞ്ഞെടുക്കുക. (കായ്കൾ അരഞ്ഞ് അതിനുള്ളിലെ നാരും കുരുവും ജ്യൂസിൽ ചേരരുത്). പ്ലാസ്റ്റിക് നെറ്റ് ഉപയോഗിച്ച് അരിച്ചെടുക്കാം. 1 ലീറ്റർ വെള്ളത്തിൽ 100 ഗ്രാം ഗ്രേറ്റ് ചെയ്ത ഇഞ്ചി തിളപ്പിക്കുക. ഈ വെള്ളം ഊറ്റിപ്പിഴിഞ്ഞെടുക്കുക, ഇതിലേക്ക് പഞ്ചസാരയും സിട്രിക് ആസിഡും ലയിപ്പിച്ചതിനുശേഷം ഇലുമ്പിപ്പുളിയുടെ പൾപ്പും ചേർക്കാം. നന്നായി തണുത്തതിനുശേഷം ലീറ്ററിന് 2 ഗ്രാം എന്ന തോതിൽ പൊട്ടാസ്യം മെറ്റാ ബൈസൾഫേറ്റ് ചേർത്ത് പായ്ക്ക് ചെയ്യാം.

ചാമ്പയ്ക്ക + മുന്തിരി / ബീറ്റ്റൂട്ട്

ചാമ്പയ്ക്കയുടെ കുരുവും സ്പോഞ്ച്പോലെയുള്ള ഭാഗവും നീക്കി ചെറുതാക്കി നുറുക്കി അൽപം വെള്ളമൊഴിച്ചു വേവിക്കുക. ഇതു തണുത്തതിനുശേഷം അരച്ച് പൾപ്പാക്കുക. മുന്തിരി / ബീറ്റ്റൂട്ട് ചെറുതായി നുറുക്കി തിളപ്പിച്ച് ജ്യൂസ് എടുക്കുക. (നിറത്തിനുവേണ്ടിയാണ് ഇതു ചേർക്കുന്നത്, ഏതെങ്കിലുമൊന്ന് ചേർത്താൽ മതി). വെള്ളം അളന്നെടുത്ത് തിളപ്പിക്കുക, അതിൽ പഞ്ചസാരയും സിട്രിക് ആസിഡും ലയിപ്പിച്ചതിനുശേഷം ചാമ്പയ്ക്ക അരച്ചെടുത്ത പൾപ്പും മുന്തിരി / ബീറ്റ്റൂട്ട് വേവിച്ച വെള്ളവും ചേർക്കുക. തിളച്ചു തുടങ്ങുമ്പോൾ തീയണച്ച് വയ്ക്കുക. തണുത്തതിനുശേഷം സ്ട്രോബറി എസ്സൻസും ലീറ്ററിന് 2 ഗ്രാം എന്ന തോതിൽ സോഡിയം ബെൻസോയേറ്റും ചേർത്ത് പായ്ക്ക് ചെയ്യുക.

ലവി ലവി

നന്നായി പഴുത്ത ലവി ലവി (ഒരു കിലോ) ഒരു ലീറ്റർ വെള്ളമൊഴിച്ചു തിളപ്പിക്കുക. പഴങ്ങൾ മൃദുവായിത്തുടങ്ങുമ്പോൾ തീയണച്ച് പാത്രം മൂടിവയ്ക്കുക. 12–16 മണിക്കൂറിനുശേഷം ലവി ലവി ഇട്ടിരുന്ന വെള്ളം ഊറ്റിയെടുക്കുക. ഈ വെള്ളത്തിൽ പഞ്ചസാരയും ആവശ്യമെങ്കിൽ സിട്രിക് ആസിഡും ചേർത്തു തിളപ്പിക്കുക. തിളച്ചതിനുശേഷം തീയണച്ച് തണുക്കാൻ വയ്ക്കുക. പായ്ക്ക് ചെയ്യുന്നതിനു മുൻപ് അൽപം സ്ട്രോബറി എസ്സൻസും ലീറ്ററിന് 2 ഗ്രാം എന്ന തോതിൽ സോഡിയം ബെൻസോയേറ്റും ചേർക്കാം.‌

value-added-products-2

ചക്കപ്പഴം / മാമ്പഴം

നന്നായി പഴുത്ത കൂഴച്ചക്ക അല്ലെങ്കിൽ മാങ്ങ  അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. പ്ലാസ്റ്റിക് നെറ്റിലൂടെ ചാറ് പിഴിഞ്ഞെടുക്കുക. വെള്ളം തിളപ്പിച്ച് പഞ്ചസാര, സിട്രിക് ആസിഡ് ലയിപ്പിച്ചതിനുശേഷം ചക്ക/മാമ്പഴ പൾപ്പു ചേർക്കുക. നന്നായി തിളയ്ക്കുന്നതുവരെ അടുപ്പിൽ വയ്ക്കുക. തിളച്ച് 5 മിനിറ്റു കഴിഞ്ഞു വാങ്ങിവയ്ക്കുക. നന്നായി തണുത്തതിനുശേഷം ലീറ്ററിന് 2.5 ഗ്രാം എന്ന തോതിൽ പൊട്ടാസ്യം മെറ്റാ ബൈ സൾഫേറ്റ് ചേർക്കാം. ചക്കപ്പഴം / മാമ്പഴം സ്ക്വാഷിന് ഫുഡ് കളറും എസ്സൻസും ചേർക്കേണ്ട ആവശ്യമില്ല.

കശുമാങ്ങ നീര്

കശുമാങ്ങാനീരിന്റെ കറ നീക്കം ചെയ്തതിനുശേഷമാണ് സ്ക്വാഷ് തയാറാക്കേണ്ടത്. അതിനായി ഒരു ലീറ്റർ നീരിന് 10 ഗ്രാം ജലാറ്റിൻ (ഐസ്ക്രീമിൽ ചേർക്കുന്ന പൊടി) 100 മില്ലി വെള്ളത്തിൽ ചേർത്ത് സാവധാനം ചൂടാക്കി ലയിപ്പിച്ച്, കുറേശ്ശെ ചേർക്കുക. കശുമാങ്ങാനീര് പാലുപോലെ പിരിഞ്ഞു വരുമ്പോൾ നന്നായി ഇളക്കി വയ്ക്കുക. അര മണിക്കൂറിനുശേഷം നേർമയുള്ള തുണിയിലൂടെ കശുമാങ്ങാനീര് പിഴിഞ്ഞെടുക്കുക. തന്നിരിക്കുന്ന അളവിൽ വെള്ളം തിളപ്പിച്ച് പഞ്ചസാരയും സിട്രിക് ആസിഡും ലയിപ്പിച്ചതിനുശേഷം കശുമാങ്ങാനീര് ചേർത്തു തിളപ്പിക്കുക. തീയണച്ച് സ്ക്വാഷ് വാങ്ങിവച്ച് ചെറു ചൂടോടെ പൊട്ടാസ്യം മെറ്റാ ബൈ സൾഫേറ്റ്, ലീറ്ററിന് 2.5 ഗ്രാം എന്ന തോതിൽ ചേർക്കുക. ആവശ്യമെങ്കിൽ ഫുഡ് കളറും പൈനാപ്പിൾ എസ്സൻസും ചേർക്കാം.

കമ്പിളി നാരകം

കമ്പിളി നാരകവും (ബബ്ലൂസ്) സ്ക്വാഷിനു യോജ്യമാണ്. വെള്ളം തിളപ്പിച്ച് പഞ്ചസാരയും സിട്രിക് ആസിഡും ലയിപ്പിച്ചതിനുശേഷം ഈ പാനി നന്നായി തണുപ്പിക്കുക. തണുത്തശേഷം മാത്രം കമ്പിളിനാരങ്ങയുടെ നീര് പിഴിഞ്ഞെടുക്കുക. (നീര് ദീർഘനേരം പിഴിഞ്ഞു വച്ചിരുന്നാൽ കയ്പുണ്ടാവും). നീര് തണുത്ത പാനിയിലേക്കു ചേർക്കുക. സ്ക്വാഷ് ഒരു ലീറ്ററിന് 2.5 ഗ്രാം എന്ന തോതിൽ പൊട്ടാസ്യം മെറ്റാ ബൈ സൾഫേറ്റ് ചേർത്ത് ഉടനെ കുപ്പിയിൽ നിറയ്ക്കാം.

വാഴപ്പിണ്ടി

വാഴപ്പിണ്ടി ചെറുതാക്കി നുറുക്കി നികക്കെ വെള്ളമൊഴിച്ചു വേവിക്കുക. മൃദുവായിത്തുടങ്ങുമ്പോൾ അര ടീസ്പൂൺ സിട്രിക് ആസിഡ് ചേർക്കുക(വാഴപ്പിണ്ടിയുടെ നിറം മാറാതെയിരിക്കും). വെന്തു കഴിയുമ്പോൾ വാങ്ങിവച്ച് തണുപ്പിക്കുക. ഒരു കിലോ വാഴപ്പിണ്ടിക്ക് 200 ഗ്രാം തോതിൽ ഇഞ്ചി ചേർക്കുന്നത് സ്ക്വാഷിന്റെ രുചി വർധിപ്പിക്കും. അതിനായി ഒരു ലീറ്റർ വെള്ളം അളന്നെടുത്ത്, ചീകിയെടുത്ത ഇഞ്ചി ചേർത്തു തിളപ്പിക്കുക. ഈ വെള്ളം അരിച്ചെടുത്ത് പഞ്ചസാരയും സിട്രിക്  ആസിഡും ലയിപ്പിക്കുക. തണുത്തതിനുശേഷം വാഴപ്പിണ്ടി അരച്ച് നീര് പിഴിഞ്ഞെടുക്കുക, ഇതു പാനിയിലേക്ക് ചേർത്തു തിളപ്പിക്കുക. നന്നായി തണുത്തതിനുശേഷം പൊട്ടാസ്യം മെറ്റാ ബൈസൾഫേറ്റ് ലീറ്ററിന് 2.5 ഗ്രാം എന്ന തോതിൽ ചേർത്ത് പായ്ക്ക് ചെയ്യാം.

വെള്ളരിയിനങ്ങൾ

പൊട്ടുവെള്ളരി, വലിയ വെള്ള വെള്ളരി (തിരുവനന്തപുരം ജില്ല), കണിവെള്ളരി എന്നിവയുടെ ജ്യൂസാണ് സ്ക്വാഷിനു യോജ്യം. തൊലിയും കുരുവും നീക്കം ചെയ്ത വെള്ളരി, ചെറുതാക്കി നുറുക്കി ജ്യൂസർ / മിക്സി ഉപയോഗിച്ച് ജ്യൂസെടുക്കുക. തന്നിരിക്കുന്ന അളവിൽ വെള്ളം തിളപ്പിച്ച് പഞ്ചസാര, സിട്രിക് ആസി‍ഡ് എന്നിവ ലയിപ്പിക്കുക. തണുത്തതിനുശേഷം യോജ്യമായ നിറം, പൈനാപ്പിൾ എസ്സൻസ്, ലീറ്ററിന് 2.5 ഗ്രാം എന്ന തോതിൽ പൊട്ടാസ്യം മെറ്റാ ബൈ സൾഫൈറ്റും ചേർത്ത് പായ്ക്ക് ചെയ്യാം.

ചീര/ചെമ്പരത്തിപ്പൂ/റോസപ്പൂ

ചുവന്ന ചീരയുടെ ഇല / നാടൻ ചെമ്പരത്തിപ്പൂവിന്റെ ഇതൾ/ നാടൻ റോസപ്പൂവിന്റെ ഇതൾ എന്നിവ ഒരു ലീറ്റർ വെള്ളത്തിൽ തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ 5 ഗ്രാം സിട്രിക് ആസിഡ് ചേർത്ത് ഇളക്കിയതിനുശേഷം 10–15 മിനിറ്റ് ചെറിയ തീയിൽ അടച്ചുവയ്ക്കുക. തീയണച്ച്, ഇത് നന്നായി തണുത്തതിനുശേഷം സത്ത് അരിച്ചെടുക്കുക. 500 മില്ലി വെള്ളം തിളപ്പിച്ച് 10 ഗ്രാം സിട്രിക് ആസിഡ്, പഞ്ചസാര എന്നിവ ലയിപ്പിക്കുക. ഇത് നന്നായി തിളയ്ക്കുമ്പോൾ ചീര / ചെമ്പരത്തി / റോസപ്പൂവ് സത്ത് ചേർത്ത് തിളച്ചു തുടങ്ങുമ്പോൾ തീയണയ്ക്കുക. തണുത്തതിനുശേഷം ചീര, ചെമ്പരത്തിപ്പൂവ് സ്ക്വാഷിനു സ്ട്രോബെറി എസ്സൻസും റോസാപ്പൂവിന് റോസ് വാട്ടർ എക്സ്ട്രാക്റ്റും ചേർക്കാം. ലീറ്ററിന് 2.5 ഗ്രാം എന്ന തോതിൽ സോഡിയം ബെൻസോയേറ്റ് ചേർത്ത് പായ്ക്ക് ചെയ്യാം.

ഇഞ്ചി / ജാതിക്കാത്തോട് / പേരയ്ക്ക

ഇഞ്ചി / ജാതിക്കാത്തോട് / പേരയ്ക്ക (ഏതെങ്കിലും ഒന്ന്) ചെറുതായി നുറുക്കി തന്നിരിക്കുന്ന അളവിൽ വെള്ളമൊഴിച്ച് തിളപ്പിക്കുക. നന്നായി തിളച്ചു തുടങ്ങുമ്പോൾ 5 ഗ്രാം സിട്രിക് ആസി‍ഡ് ചേർത്ത് ഇളക്കി യോജിപ്പിച്ച്, തീ കുറച്ചുവച്ച്, പാത്രം മൂടിവയ്ക്കുക. 15 മിനിറ്റിനുശേഷം തീയണച്ച്, തണുക്കാൻ വയ്ക്കുക. നന്നായി തണുത്തതിനുശേഷം സത്ത് അരിച്ചെടുക്കുക. 500 മില്ലി വെള്ളം തിളപ്പിച്ച് പഞ്ചസാര, ബാക്കിയുള്ള സിട്രിക് ആസിഡ് എന്നിവ ലയിപ്പിച്ച് ഇഞ്ചി/ ജാതിക്കാത്തോട്/ പേരയ്ക്ക എന്നിവയുടെ സത്ത് ചേർത്ത് തിളപ്പിക്കുക. തീയണച്ച്, ഇത് തണുക്കുമ്പോൾ ലീറ്ററിന് 2.5 ഗ്രാം എന്ന തോതിൽ പൊട്ടാസ്യം മെറ്റാ ബൈ സൾഫേറ്റ് സംരക്ഷകവസ്തുവായി ചേർക്കാം.

മധുരമുള്ള സ്ക്വാഷ് തയാറാക്കിയതുപോലെ ഉപ്പു ചേർത്ത് എരിവുള്ള പാനീയങ്ങളും തയാറാക്കാം. വെള്ളരി / കുമ്പളം/ വാഴപ്പിണ്ടി / പച്ചപപ്പായ / ജാതിത്തോട് എന്നിവയാണ് അതിനനുയോജ്യം. വേവിച്ച് അരിച്ചെടുത്ത പൾപ്പ് (ഒരു കിലോ) + 500 ഗ്രാം പച്ച നെല്ലിക്ക + 50 ഗ്രാം കാന്താരി മുളക് യോജിപ്പിച്ച് 1.5 ലീറ്റർ വെള്ളത്തിൽ തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോൾ 10 ഗ്രാം സിട്രിക് ആസിഡും 100–120 ഗ്രാം ഉപ്പും ചേർക്കുക. വാങ്ങിവച്ച് തണുക്കുമ്പോൾ പച്ച ഫുഡ്കളറും ലീറ്ററിന് 2.5 ഗ്രാം എന്ന തോതിൽ പൊട്ടാസ്യം മെറ്റാ ബൈസൾഫേറ്റും ചേർത്ത് പായ്ക്കു ചെയ്യാം. ഉപ്പ് ചേർത്ത പാനീയമായതിനാൽ മധുരം നിയന്ത്രണമുള്ളവർക്ക് യോജ്യമാണ്.

English summary: How to make squash by using Vegetables and Fruits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com