ADVERTISEMENT

അധ്വാനിക്കാനുള്ള മനസും താല്‍പര്യവും ഉണ്ടെങ്കില്‍ ഡെയറി ഫാമിങ്ങിലൂടെ മികച്ച വരുമാനം നേടാന്‍ സാധിക്കുമെന്ന് കാണിച്ചുതരുന്ന വീട്ടമ്മയാണ് കാസര്‍കോഡ് ഉദുമ മൂലയില്‍ വീട്ടില്‍ ആരിഫ ഷമീര്‍. ഒരു വര്‍ഷം മുന്‍പ് ഒരു പശുവില്‍നിന്ന് തുടങ്ങിയ ആരിഫയുടെ ഡെയറി ഫാമിങ് ജീവിതം ഇന്ന് പാലും പാലുല്‍പന്നങ്ങളും വില്‍ക്കുന്ന ബഖറ ഫാമിങ് ആന്‍ഡ് മില്‍ക്ക് പ്രൊഡക്ട് എന്ന സംരംഭമായി വളര്‍ന്നുകഴിഞ്ഞു. പാലിന് വലിയ പ്രാധാന്യം നല്‍കാതെ ലെസ്സി, സിപ് അപ്, പേഡ തുടങ്ങി ഒട്ടേറെ പാലുല്‍പന്നങ്ങള്‍ സ്വന്തമായി നിര്‍മിച്ച് സ്വന്തം കടയിലൂടെ വില്‍ക്കുന്ന വേറിട്ട സംരംഭമാണ് ആരിഫയുടേത്.

പഠിച്ച് തുടക്കം

കുട്ടിക്കാലത്ത് പിതാവിന് പശുവളര്‍ത്തല്‍ ഉണ്ടായിരുന്നുവെന്നതാണ് ആരിഫയ്ക്ക് പശുക്കളുമായുള്ള ബന്ധം. പശുവളര്‍ത്തലില്‍ കാര്യമായ അറിവില്ലാതിരുന്നതിനാല്‍ ഒരു പശുവിനെ വാങ്ങി പഠിച്ച് തുടങ്ങാമെന്നു തീരുമാനിച്ചു. 2021 ഒക്ടോബറില്‍ തുടങ്ങിയ ആരിഫയുടെ ഫാം ഒരു വര്‍ഷം പിന്നിടുമ്പോള്‍ 4 പശുക്കളില്‍ എത്തിനില്‍ക്കുന്നു. നിലവില്‍ നാലു പശുക്കളും ഒരു കിടാവും ആരിഫയ്ക്കുണ്ട്. തൊഴിലുറപ്പു പദ്ധതിയുടെ സഹായത്തോടെ എട്ടു പശുക്കളെ പാര്‍പ്പിക്കാന്‍ കഴിയുന്ന തൊഴുത്ത് നിർമിച്ചിരിക്കുന്നു. പ്രത്യേകം മുറി തയാറാക്കി ചാണകം അവിടെയാണ് ശേഖരിക്കുക. തന്റെ ക്ഷീരസംരംഭത്തിന് പശുക്കള്‍ ഉള്‍പ്പെടെ ആകെ 8.5 ലക്ഷത്തോളം രൂപ വായ്പ എടുക്കേണ്ടിവന്നിരുന്നുവെന്നും അതിന്റെ നല്ലൊരു ശതമാനം പശുക്കളിലൂടെത്തന്നെ അടച്ചുതീർക്കാൻ കഴിഞ്ഞെന്നും ആരിഫ. ശേഷിക്കുന്നത് ഏതാനും നാളുകൾക്കൊണ്ട് അടച്ചു തീർക്കാൻ കഴിയുമെന്നും ആരിഫ പറയുന്നു.

arifa-dairy-farmer-2
ആരിഫ തയാറാക്കുന്ന പാലുൽപന്നങ്ങൾ

പാലല്ല പാലുല്‍പന്നങ്ങള്‍

ഒരു പശുവുമായി ക്ഷീരസംരംഭത്തിലേക്ക് ഇറങ്ങിയപ്പോള്‍ പാല്‍വില്‍പന ക്ഷീരസംഘത്തിലായിരുന്നു. ശരാശരി 38 രൂപ അവിടെനിന്ന് ലഭിച്ചിരുന്നു. കുറഞ്ഞ വിലയ്ക്ക് പാല്‍ വില്‍ക്കുന്നതിലും നല്ലത് പാലുല്‍പന്നങ്ങളാക്കി വില്‍ക്കുന്നതാണെന്ന ചിന്ത മനസില്‍ തെളിഞ്ഞു. അങ്ങനെ തൈരും മോരും നെയ്യും പനീറുമൊക്കെയാക്കി വില്‍പന നടത്തി. കുടുംബശ്രീയിൽനിന്നുള്ള സഹായം ഇതിന് പ്രചോദനമായി. എക്‌സിബിഷനുകളിലും മറ്റും പാലുല്‍പന്നങ്ങളുടെ സ്റ്റാളും ഇടാറുണ്ടായിരുന്നു. ആരിഫയുടെ പ്രവര്‍ത്തനം കണ്ട് ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പാലുല്‍പന്ന നിര്‍മാണ പരിശീലനത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചു. അങ്ങനെ കാസര്‍കോഡുനിന്ന് കോഴിക്കോട്ടെത്തി 11 ദിവസത്തെ പരിശീലനത്തില്‍ പങ്കെടുത്തു. അത്രയും ദിവസം പശുക്കളെ പരിപാലിച്ചതും കറവ നടത്തിയതുമെല്ലാം ഭര്‍ത്താവ് അധ്യാപകനായ മുഹമ്മദ് ഷമീര്‍ ആയിരുന്നു. പരിശീലനം നേടി ആരിഫ പാലുല്‍പന്നങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. പിന്നാലെ, ഫുഡ് സേഫ്റ്റി റജിസ്‌ട്രേഷനും ലൈസന്‍സും എടുത്ത് ബഖറ ഫാമിങ് ആന്‍ഡ് മില്‍ക്ക് പ്രൊഡക്ട് എന്ന സംരംഭമായി വളര്‍ത്തി. രണ്ടു മാസം മുന്‍പ് പാലുല്‍പന്ന വില്‍പനയ്ക്കായി ചെറിയൊരു കടയും ആരംഭിച്ചു.

arifa-dairy-farmer-1
അതിരാവിലെതന്നെ കറവ

പുലര്‍ച്ചെ മൂന്നിന് ഉണരും

അതിരാവിലെ മൂന്നരയ്ക്ക് ഉണര്‍ന്ന് പാലുല്‍പന്നങ്ങളുടെ പായ്ക്കിങ്ങും മറ്റും ചെയ്യും. ശേഷം തൊഴുത്തിലേക്ക്. തൊഴുത്തു വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ചാണ് കറവ. ഭര്‍ത്താവും കറവയ്ക്ക് സഹായിക്കും. ശേഷം പുല്ല് നല്‍കും. എട്ടു മണിയാകുമ്പോള്‍ പാലും പാലുല്‍പന്നങ്ങളുമായി ആരിഫ തന്റെ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇളയ മോനോടൊപ്പം കടയിലേക്ക് യാത്രയാകും. പശുക്കളുടെ കാര്യങ്ങളും പാലുല്‍പന്ന വില്‍പനയിലും ആരിഫ ശ്രദ്ധിക്കുമ്പോള്‍ അടുക്കള കൈകാര്യം ചെയ്യുന്നത് മക്കളായ ഷമീലയും സുഹൈലയും അമീനുമാണ്. 

ഇളയ മോനെ നഴ്‌സറിയിലാക്കി പത്തുമണിയോടെ തിരികെ വീട്ടിലെത്തി പശുക്കള്‍ക്ക് സൈലേജും കാലിത്തീറ്റയും നല്‍കിയശേഷം വീണ്ടും കടയിലേക്ക്. കടയുടെ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതിനാലാണ് സൈലേജിലേക്ക് തിരിഞ്ഞതെന്ന് ആരിഫ. അടുത്ത വരവ് ഉച്ചയ്ക്ക് രണ്ടിനാണ്. പശുക്കളെ കറന്ന് ഏതാനും ലീറ്റര്‍ പാല്‍ പായ്ക്ക് ചെയ്ത് നാല് ആകുമ്പോഴേക്ക് കടയിലേക്ക് തിരിക്കും. അഞ്ചരയോടെ കടയടച്ച് വീട്ടിലെത്തി പശുക്കള്‍ക്കാവശ്യമായ പുല്ല് ശേഖരിക്കും. രാത്രിയിലാണ് പ്രധാനമായും ഓരോ വിഭവങ്ങളും പാകം ചെയ്‌തെടുക്കുക. 

arifa-dairy-farmer-3

പാലുല്‍പന്നങ്ങള്‍

സിപ് അപ്, തൈര് ഉപയോഗിച്ച് വിവിധ രുചികളില്‍ ലെസി, ശ്രീകണ്ഡ്, പേഡ, പനീര്‍, പനീര്‍ ഉപയോഗിച്ചുള്ള ഛന്നാമുര്‍ഗി എന്നിങ്ങനെ ഉൽപന്നങ്ങളുടെ നിര നീളും. ഇതിൽ പലതും ഓർഡർ അനുസരിച്ച് തയാറാക്കി നൽകുന്നവയാണ്. സിപ് അപ്, സംഭാരം, തൈര്, ലെസ്സി, ബര്‍ഫി എന്നിവയ്ക്ക് എപ്പോഴും ആവശ്യക്കാരുണ്ടെന്നും ആരിഫ. ജിമ്മില്‍ പോകുന്നവര്‍ സ്ഥിരമായി വാങ്ങുന്നത് പനീര്‍ വിഭവങ്ങളാണ്.

ഇപ്പോൾ പ്രതിദിനം 40 ലീറ്റർ പാലാണ് ഉൽപാദനം. 5 ലീറ്ററോളം പാൽ സംഘത്തിൽ അളക്കുന്നു. കൂടാതെ, അര ലീറ്റർ കവറിലാക്കി 30 രൂപ വിലയിൽ പാൽ വിൽപനയുമുണ്ട്. തൈര്  350 മില്ലിയുടെ പ്രത്യേക പായ്ക്കറ്റിലാക്കി 25 രൂപയ്ക്കും വിൽക്കുന്നു. പശുക്കളുടെ മൂത്രം ലീറ്ററിന് 50 രൂപ നിരക്കില്‍ വില്‍പനയുമുണ്ട്. പച്ചക്കറിക്കൃഷിയുള്ളവരും നഴ്‌സറികളുമാണ് ഇത്തരത്തില്‍ മൂത്രവും ചാണകവും വാങ്ങുന്നത്.

ഫോണ്‍: 7994210358

English summary: Get More from Your Milk: Increasing Profit through Value-Added Dairy Food Products

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com