ADVERTISEMENT

വൃശ്ചികം പിറക്കുന്നതോടെ നാളികേരത്തിന്‌ ഇക്കുറി ഇരട്ടി ഡിമാൻഡിന്‌ സാധ്യതകൾ തെളിയുന്നു. ശബരിമല സീസൺ തുടങ്ങുന്നതോടെ കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമല്ല, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലും പിന്നിട്ട രണ്ടു വർഷങ്ങളെ അപേക്ഷിച്ച്‌ പച്ചത്തേങ്ങയ്‌ക്ക്‌ ആവശ്യം ഉയരും. 

കൊറോണ വേളയിൽ അയൽ സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്കുള്ള അയ്യപ്പഭക്തരുടെ വരവ്‌ കുറവായിരുന്നെങ്കിലും സ്ഥിതിഗതികളിൽ വൻ മാറ്റം സംഭവിച്ചതിനാൽ ഇക്കുറി മണ്ഡലകാലത്ത്‌ ദക്ഷിണേന്ത്യൻ വിപണികളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുക പച്ചത്തേങ്ങ തന്നെയാവും. 

ഒരു വർഷത്തിലധികമായി രാജ്യത്ത്‌ മികച്ച മഴ ലഭ്യമായത്‌ നാളികേരക്കൃഷിക്ക്‌ അനുകൂല സാഹചര്യം ഒരുക്കി. ദക്ഷിണേന്ത്യയിൽ ഉൽപാദനം ഉയരാനും ഇത്‌ സഹായകരമായി. ഇതിനിടെ തുലാവർഷത്തിന്റെ വരവിൽ തമിഴ്‌നാട്ടിൽ നാളികേര വിളവെടുപ്പ്‌ തടസപ്പെട്ടു. കേരളത്തിലും മഴ ചെറിയ തോതിൽ വിളവെടുപ്പിന്‌ കാലതാമസം സൃഷ്‌ടിച്ചു. തേങ്ങാ വെട്ടും കൊപ്ര സംസ്‌കരണവും പ്രതിസന്ധിയിലായതോടെ വിപണികളിൽ  കൊപ്ര ക്ഷാമം തല ഉയർത്തി. 

അപ്രതീക്ഷിതമായി ഗ്രാമീണ മേഖലകളിൽ നിന്നുള്ള പച്ചത്തേങ്ങ വരവ്‌ കുറഞ്ഞത്‌ കൊപ്ര വിലക്കയറ്റത്തിന്‌ അവസരമൊരുക്കി. ചുരുങ്ങിയ ദിവസങ്ങളിൽ കൊപ്ര 7500ൽ നിന്നും 8400ലേക്ക്‌ കുതിച്ചു. സർക്കാർ ഏജൻസി മാസങ്ങളായി രംഗത്ത്‌ നിലയുറപ്പിച്ചിട്ടും കേവലം നൂറ്‌ രൂപ പോലും അവർക്ക്‌ സംഭരണത്തിലൂടെ ഉയർത്താൻ കഴിഞ്ഞതാണ്‌ കാലാവസ്ഥ വ്യതിയാനത്തിലുടെ ഉൽപ്പന്നം സ്വായത്തമാക്കിയത്‌. 

കൊപ്രവില ഉയർന്നെങ്കിലും വെളിച്ചെണ്ണയിൽ ഇത്‌ പ്രതിഫലിച്ചില്ല. മില്ലുകാരുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഇനിയും എണ്ണ ചുവടുവച്ചിട്ടില്ലെന്നത്‌ കണക്കിലെടുത്താൽ ഒറ്റപ്പെട്ട പ്രകടനമായി മാറാം. പ്രദേശിക മാർക്കറ്റ്‌ പിന്തുണ ലഭ്യമായാൽ നിലവിലെ റാലിയിൽ കൊപ്ര 9000‐9400 വരെ മുന്നേറാം, അതേ സമയം നാളികേര സീസൺ പടിവാതുക്കൽ എത്തി നിൽക്കുന്നത്‌ വിസ്‌മരിക്കരുത്‌. സാധാരണ കൊപ്രയ്‌ക്ക്‌ 100 രൂപ ഉയരുമ്പോൾ വെളിച്ചെണ്ണ വില 200 രൂപ വർധിക്കും. എന്നാൽ ഇപ്പോൾ കൊപ്രയ്‌ക്ക്‌ 500 രൂപ ഉയർന്നപ്പോൾ എണ്ണയ്‌ക്ക്‌ 200 രൂപ മാത്രം കയറാനായുള്ളു. 

വിദേശ ഭക്ഷ്യയെണ്ണകളുടെ അതിപ്രസരത്തിന്‌ മുന്നിൽ വെളിച്ചെണ്ണ വഴുതുന്നു. വരുന്ന മൂന്നു മാസക്കാലയളവിലേക്ക്‌ വീക്ഷിച്ചാൽ ഇറക്കുമതി ചുരുങ്ങാം. യുക്രെയ്‌ൻ‐റഷ്യ യുദ്ധം ഇരു രാജ്യങ്ങളിലും സൂര്യകാന്തിയെണ്ണ ഉൽപാദനം കുറച്ചു. പത്തു ശതമാനം ഇടിവ്‌ കണക്കാക്കുന്നതെങ്കിലും യുദ്ധം നീളുന്ന സാഹചര്യത്തിൽ ഉൽപാദനം ഗണ്യമായി കുറയാം. ചുരുങ്ങിയ ദിവസങ്ങളിൽ സൂര്യകാന്തി എണ്ണ വില അഞ്ചു ശതമാനവും പാം ഓയിൽ പത്തു ശതമാനവും ഉയർന്നു. യുദ്ധം മൂലം സൂര്യകാന്തി വിത്ത്‌ ഉൽപാദനവും ചുരുങ്ങി. ആഗോള സൂര്യകാന്തി വിത്ത്‌ ഉൽപാദനത്തിൽ പകുതിയിലധികം യുക്രെയിന്റെ സംഭാവനയാണ്‌. റഷ്യയിലും സ്ഥിതി വ്യത്യസ്തമല്ലാത്തതിനാൽ പുതുവർഷത്തിൽ ആഗോള ഭക്ഷ്യയെണ്ണ വിലകൾ കരുത്ത്‌ തിരിച്ചു പിടിക്കാം. 

ഏലം

ലേല കേന്ദ്രങ്ങളിൽ ഏലക്ക ലഭ്യത ഉയരുന്നത്‌ ഉൽപാദകരിൽ ആശങ്കപരത്തുന്നു. മഴ മൂലം പല ഭാഗങ്ങളിലും വിളവ്‌ ചുരുങ്ങിയെന്നാണ്‌ കർഷകരുടെ പക്ഷം. ആ നിലയ്‌ക്ക്‌ ഇത്രമാത്രം ചരക്ക്‌ എത്തണമെങ്കിൽ വിപണിയിൽ അസ്വാഭാവികമായി എന്തോ സംഭവിച്ചതായാണ്‌ അവരുടെ വിലയിരുത്തൽ. 

ഗ്വാട്ടിമലയിൽനിന്നും ഏലക്ക വൻതോതിൽ എത്തുന്നതായാണ്‌ സൂചന. ചരക്ക്‌ ബംഗ്ലാദേശിൽ ഇറക്കിയ ശേഷം ഇന്ത്യയിലേക്ക്‌ കടത്തുന്നതാവാം. എന്നാൽ, ഇടപാടുകളിലെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കാൻ ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി കണക്കുകൾ ഗ്വാട്ടിമല പുറത്തുവിടുന്നില്ല. ഇന്ത്യ അവർക്ക്‌ മികച്ച ഒരു വിപണിയായതിനാൽ വാങ്ങലുകാരെ തൃപ്‌തിപ്പെടുത്താനും കൂടിയാണ്‌ കയറ്റുമതി വിവരങ്ങൾ അതീവ രഹസ്യമാക്കുന്നത്‌. ഗ്വാട്ടിമല ഏലം ഇന്ത്യയും അമേരിക്കയും അറബ്‌ രാജ്യങ്ങളുമാണ്‌ കൂടുതലായി ശേഖരിക്കുന്നത്‌. ഫ്രാൻസിലേക്കും അവർ ചരക്ക്‌ കയറ്റുമതി നടത്തുന്നു. 

ലേല കേന്ദ്രങ്ങളിൽ ആഭ്യന്തര വിദേശ ഇടപാടുകാർ സജീവമെങ്കിലും കർഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഏലക്ക മികവ്‌ കാണിക്കുന്നില്ല. വാരാന്ത്യം ശരാശരി ഇനങ്ങൾക്ക്‌ ലഭിച്ച ഉയർന്ന വില കിലോഗ്രാമിന്‌ 935 രൂപയാണ്‌. മികച്ചയിനങ്ങൾ 1650 രൂപ വരെ ഉയർന്നു.  

ആഭ്യന്തര വിദേശ വിപണികളിൽ നിന്നും ചുക്കിന്‌ അന്വേഷണങ്ങളെത്തിയെങ്കിലും ഉൽപാദകരും വിപണിയും പ്രതീക്ഷിച്ച രീതിയിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാനായില്ല. ശൈത്യകാലത്തിന്‌ തുടക്കം കുറിച്ചതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ഏതാണ്ട്‌ എല്ലാ ഭാഗങ്ങളിലും ചുക്കിന്‌ ഡിമാൻഡ് ഉയർന്നു. ആഭ്യന്തര വാങ്ങലുകാരുടെ കരുത്തിൽ ഉൽപാദന കേന്ദ്രങ്ങളിൽ മികച്ചയിനങ്ങൾ കിലോ 235 രൂപ വരെ കയറി. കൊച്ചിയിൽ മീഡിയം ചുക്ക്‌ ചുക്ക്‌ 15,500 രൂപയിലും ബെസ്‌റ്റ്‌ 17,500 രൂപയിലുമാണ്‌. പശ്‌ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും ചുക്കിന്‌ ഓർഡറുണ്ട്‌. 

ഇഞ്ചി

പച്ച ഇഞ്ചി വില ഉയരുന്നത്‌ കണക്കിലെടുത്താൽ ചുക്ക്‌ വില 250 രൂപ മറികടക്കേണ്ടതാണ്‌. നിലവിൽ പച്ച ഇഞ്ചി കിലോ 40‐55 രൂപയിലാണ്‌. കഴിഞ്ഞ സീസണിൽ കേരളത്തിൽ 30 രൂപയും കർണാടകത്തിൽ 20‐27 രൂപയും മഹാരാഷ്‌ട്രയിൽ 12‐17 രൂപയിലും  വ്യാപാരം നടന്നു. വലുപ്പം കൂടിയ ഇഞ്ചിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന ചുക്കിന്‌ ഡിമാൻ‍ഡ് ഉണ്ട്‌. ഇഞ്ചി ഉൽപാദനം ചുരുങ്ങിയതാണ്‌ നിരക്ക്‌ മെച്ചപ്പെടുത്തിയത്‌. 

ഇതിനിടെ വിപണി സാധ്യതകൾ മുന്നിൽക്കണ്ട്‌ വ്യവസായികൾ നൈജീരിയൻ ചുക്ക്‌ ഇറക്കുമതി നടത്തി. കിലോ 135 രൂപയ്‌ക്കാണ്‌ ഇതിന്റെ വ്യാപാരം. നാടൻ ചുക്കിനെ അപേക്ഷിച്ച്‌ ഗുണനിലവാരത്തിൽ ഏറെ പിന്നിലാണ്‌ നൈജീരിയൻ ചുക്ക്‌.

English summary: Commodity Markets Review November 14

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com