ADVERTISEMENT

കേരളത്തില്‍ അരിവില കൂടുന്നു. എന്നാല്‍ കേരളത്തിലെ 'ദരിദ്രന്റെ ഭക്ഷണം' എന്നറിയപ്പെടുന്ന കപ്പ /മരച്ചീനി, കഴിക്കാം എന്നു വച്ചാലോ അതിന്റെ വില 40/45 രൂപ വരെ. മുന്‍ കാലങ്ങളില്‍ കപ്പയ്ക്ക് വിലയില്ല, കിലോയ്ക്ക് 5 രൂപ പോലും ഇല്ല എന്നു പറഞ്ഞു കരച്ചില്‍ കേട്ടിരുന്നു. അടുത്ത കാലത്ത് എന്തുകൊണ്ട് വില കുതിച്ചുയര്‍ന്നു? ഇനി ഈ വില കുറയുമോ?

വില കുറയില്ല.

കിലോയ്ക്ക് 25/30 രൂപയില്‍ താഴെ പോകില്ല.

കാരണം പലതാണ് .

ഇന്ത്യയിലെ മരച്ചീനി ഉല്‍പാദനത്തിന്റെ 83 ശതമാനവും തമിഴ്‌നാട് വകയാണ്. ഏതാണ്ട് 40 ലക്ഷം ടണ്‍.

അവിടെ കപ്പക്കൃഷിക്ക് കരിമ്പ്, നെല്ല് തുടങ്ങിയ കൃഷികളെ അപേക്ഷിച്ചു കുറച്ചു ജലം മതി എന്നതും  പണിച്ചെലവ് കുറവ് എന്നതുമൊക്കെ ഈ വിള വ്യാപിപ്പിക്കാന്‍ കാരണമായി.

വില കുറയും എന്നു കണ്ടപ്പോള്‍ സര്‍ക്കാര്‍ കപ്പയില്‍നിന്നും സ്റ്റാര്‍ച്ച്, അതിന്റെ ഉല്‍പ്പന്നങ്ങള്‍ (ചൗവ്വരി, സാഗൊ, സാബൂദാന തുടങ്ങി പലതും) ഉണ്ടാക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ചു .

സംസ്കരിക്കാനായി കപ്പ ശേഖരിക്കുന്നു.	        (ഫയൽ ചിത്രം)
സംസ്കരിക്കാനായി കപ്പ ശേഖരിക്കുന്നു. (ഫയൽ ചിത്രം)

ഫലം വന്‍തോതില്‍ കപ്പ കമ്പനികള്‍ക്ക് ആവശ്യമായി വന്നു. നിശ്ചിത വിലയും കിട്ടി. സ്റ്റാര്‍ച്ച് കയറ്റുമതി വിഭവം ആയതിനാല്‍ അതിനനുസരിച്ച് കര്‍ഷകനു വില കിട്ടി. ലോറിയില്‍ ഏറ്റി മലയാളികള്‍ കുറഞ്ഞ വിലയ്ക്ക് കൊടുത്തു. 'മണ്ടന്‍ പാണ്ടി' എന്ന വിളി കേള്‍ക്കേണ്ട കാലം മാറി.

അതേസമയം കേരളത്തില്‍ ഉല്‍പാദനം വെറും 4 ലക്ഷം ടണ്‍ മാത്രം. കൂടാതെ കസാവ മില്ലറ്റ് എന്ന രോഗ ബാധയും വ്യാപകം. ഈ രോഗം അതിനെ തുടര്‍ന്ന് ഉണ്ടായ സംഭവങ്ങള്‍, ആഗോളതലത്തില്‍ ഉണ്ടായ ഇന്ത്യന്‍ പ്രാണി നയതന്ത്ര ബന്ധം ഇവ വായിക്കുക രസകരമായ ഒന്നാണ് 

ഇന്ത്യയില്‍ ഇല്ലാത്ത എന്നാല്‍ എങ്ങനെയോ രാജ്യത്തേക്കു കടന്നുവന്നതുമായ കസാവ മീലിബഗിനെ (ശാസ്ത്രീയ നാമം ഫെനാകോക്കസ് മണിഹോട്ടി) 2020 ഏപ്രിലില്‍ കേരളത്തിലെ തൃശ്ശൂരിലാണ് കര്‍ഷകര്‍ ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇവിടെ അറിയപ്പെടുന്ന ശത്രു കീടങ്ങള്‍ ഇല്ല.

വിളവെടുക്കാത്ത കപ്പക്കൃഷികളിലൊന്ന്.
വിളവെടുക്കാത്ത കപ്പക്കൃഷികളിലൊന്ന്.

ലോകത്തിലെ അഞ്ചാമത്തെ വലിയ മരച്ചീനി കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ, രാജ്യത്തുടനീളം മൊത്തം 1.73 ലക്ഷം ഹെക്ടറില്‍ കൃഷി ചെയ്യുന്നു. രാജ്യത്തിന്റെ ഉല്‍പ്പാദനത്തിന്റെ 50.6 ശതമാനവും 42.8 ശതമാനവും വഹിക്കുന്ന തമിഴ്നാട്ടിലും കേരളത്തിലുമാണ് ഇത് പ്രധാനമായും കൃഷി ചെയ്യുന്നത്.

തൃശ്ശൂരില്‍ മീലിബഗിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിലെ (ICAR) ഗവേഷകര്‍ ഈ കീടങ്ങളെ തിരിച്ചറിഞ്ഞു. (ഇത് 1970കളുടെ തുടക്കത്തില്‍ വന്‍തോതില്‍ വിളനാശം വരുത്തുകയും ഉപ-സഹാറന്‍ ആഫ്രിക്കയിലെ ഏകദേശം 200 ദശലക്ഷം ആളുകളുടെ ഉപജീവനം അപകടത്തിലാക്കുകയും ചെയ്തിരുന്നു.) ഇവ തമിഴ്നാട്ടില്‍ ഇതിനകം വ്യാപകമായിരുന്നു.

ഇന്ത്യയിലെ കാര്‍ഷിക വിദ്യാഭ്യാസവും ഗവേഷണവും ഏകോപിപ്പിക്കുന്നതിന് ഉത്തരവാദിത്തമുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് ICAR.  ഇത് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യുന്നു.

കപ്പ
കപ്പ

ഇതിനുള്ള ഗവേഷകരുടെ പരിഹാരം പശ്ചിമാഫ്രിക്കയിലെ ബെനിനില്‍നിന്ന് ഒരു തരം കടന്നലിനെ (അനാഗിറസ് ലോപ്പസി) ഇറക്കുമതി ചെയ്യുക എന്നതായിരുന്നു. ICAR-ന്റെ നാഷണല്‍ ബ്യൂറോ ഓഫ് അഗ്രികള്‍ച്ചറല്‍ ഇന്‍സെക്ട് റിസോഴ്സസിന് (ICAR-NBAIR) രാജ്യത്തേക്കു വിദേശ ജൈവ ഇനങ്ങളെ ഇറക്കുമതി ചെയ്യാനുള്ള അനുമതിയുണ്ട്.

CGIAR ഡാറ്റ അനുസരിച്ച്, നൈജീരിയയില്‍ ഏഴു വര്‍ഷമായി അനഗിറസ് ലോപ്പസിയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും തൃപ്തികരം എന്നു കണ്ടെത്തുകയും ചെയ്തു. ഒരു ഡസനിലധികം രാജ്യങ്ങളില്‍ നടത്തിയ സര്‍വേകള്‍, ഈ രീതിയില്‍ ഉള്ള കസാവ മീലിബഗ് നിയന്ത്രണം ഫലപ്രദമായിട്ടുണ്ട് എന്നു കണ്ടു.

തായ്ലന്‍ഡിലെ മരച്ചീനി കൃഷിയിടങ്ങളില്‍ കീടബാധയുണ്ടായപ്പോള്‍, ഈ രീതി പ്രയോഗിച്ചു വിജയിച്ചു. ഈ വിജയകരമായ പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഈ രീതി ഇന്ത്യയില്‍ പരീക്ഷിക്കാന്‍ ICAR തീരുമാനിച്ചു.

tapioca-25

കോവിഡ് ലോക്ഡൗണുകളുടെ മാസങ്ങളില്‍, ICARലെ ഗവേഷണ സംഘം തായ്ലന്‍ഡില്‍നിന്ന് ഈ  കടന്നലിനെ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തില്‍ നിന്നും അതിന്റെ സസ്യ സംരക്ഷണ, ക്വാറന്റൈന്‍ & സംഭരണ ഡയറക്ടറേറ്റില്‍ നിന്നും ആവശ്യമായ അനുമതികള്‍ നേടി. അനുമതി ലഭിച്ചിട്ടും നയതന്ത്ര പ്രശ്നങ്ങള്‍ മൂലം ശാസ്ത്രജ്ഞര്‍ക്ക് മറ്റൊരു ഉറവിടം തേടേണ്ടിവന്നു. തുടര്‍ന്ന് സംഘം റിപ്പബ്ലിക് ഓഫ് ബെനിനിലെ ഐഐടിഎയുടെ ഉപകേന്ദ്രത്തെ സമീപിച്ചു. 

കടന്നലുകളുടെ ആദ്യ ബാച്ച് 2021 ജൂലൈയില്‍ ഇന്ത്യയിലെത്തി. എന്നാല്‍ കസ്റ്റംസിലെ ചെടികള്‍ക്കുള്ള ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സൂക്ഷിച്ചവ ചത്തു. ഗവേഷകര്‍ ഓഗസ്റ്റില്‍ രണ്ടാമത്തെ ബാച്ച് ഇറക്കുമതി ചെയ്തു. അനാഗിറസ് ലോപ്പസിയുടെ ജീവശാസ്ത്രം, സുരക്ഷ, ഹോസ്റ്റ് പ്രത്യേകതകള്‍ എന്നിവയെക്കുറിച്ചുള്ള നിര്‍ബന്ധിത ക്വാറന്റൈന്‍ പഠനങ്ങള്‍ ICAR-NBAIR ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നടത്തി.

ഇവയുടെ ആദ്യ ഫീല്‍ഡ് റിലീസ് പ്രോഗ്രാമും കസാവ കര്‍ഷകര്‍ക്കുള്ള വിതരണവും 2022 മാര്‍ച്ച് 7ന് ICAR-NBAIR, തമിഴ്നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ മരച്ചീനി ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. ഓരോ ഏക്കറിലും ശരാശരി 250 കടന്നലുകളെ തുറന്നുവിട്ടു. ഇനി ഇവയുടെ പ്രവര്‍ത്തനം നിരീക്ഷിച്ചു ഭാവിയിലേക്കു വേണ്ട നടപടികള്‍ കൈക്കൊള്ളും. കേരളത്തില്‍ ഇവയെ ഉപയോഗിച്ചതായി അറിവില്ല.

അതായത്, കേരളത്തിലെ ദരിദ്രരുടെ വിശപ്പ് അടക്കാന്‍ വേണ്ടി കൊണ്ടുവന്ന വിള ഇന്ന് ഒരു സ്റ്റാര്‍ വിഭവം ആയി. ഇനി കേരളത്തില്‍ വില ഉണ്ടല്ലോ എന്നു കരുതി കൃഷി ചെയ്താലും മീലിബഗ് വന്നു പണി തരും.

കൂടാതെ പണിക്കൂലി കൂടുതല്‍ എന്ന വലിയ പ്രശ്‌നവുമുണ്ട്.

English summary: Present situation and future potential of cassava in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com