ADVERTISEMENT

ഇന്ന് ലോക ഫിഷറീസ് ദിനമാണ്. ലോകവ്യാപകമായി ഫിഷറീസ് മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആഘോഷപരിപാടികള്‍ നടക്കുന്നുണ്ടെങ്കിലും താഴേത്തട്ടിലുള്ള കര്‍ഷകര്‍ക്ക് അതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. കോവിഡ് കാലത്തെ ഉണര്‍വിനുശേഷം കേരളത്തിലെ ശുദ്ധജല മത്സ്യമേഖല തളര്‍ച്ചയുടെ പാതയിലാണ് നീങ്ങുന്നത്. അതുകൊണ്ടുതന്നെ ഈ ഫിഷറീസ് ദിനം കര്‍ഷകശ്രീ കേരളത്തിലെ ശുദ്ധജല മത്സ്യക്കര്‍ഷകര്‍ക്കുവേണ്ടി നീക്കിവയ്ക്കുകയാണ്.

അടുക്കളമുറ്റത്തെ മത്സ്യക്കൃഷിക്ക് ഏറെ പ്രചാരം ലഭിച്ച നാളുകളായിരുന്നു കടന്നുപോയത്. എന്നാല്‍, ഇന്ന് സ്ഥിതി അതല്ല. പല കര്‍ഷകര്‍ക്കും മത്സ്യങ്ങള്‍ വിറ്റഴിക്കാന്‍ കഴിയുന്നില്ല. മത്സ്യത്തീറ്റയുടെ വില ഉയര്‍ന്നതും കര്‍ഷകര്‍ക്ക് വെല്ലുവിളി ആയിട്ടുണ്ട്. 6 മാസത്തെ വളര്‍ച്ചയില്‍ മത്സ്യങ്ങളെ വിറ്റഴിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തുടര്‍ന്നുള്ള ഓരോ ദിവസവും കര്‍ഷകന്റെ ചെലവ് ഉയര്‍ത്തുമെന്നുള്ളത് തിലാപ്പിയ മത്സ്യക്കൃഷിയില്‍ പ്രധാന വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ പലരും നഷ്ടം സഹിച്ചും മത്സ്യങ്ങളെ വിറ്റൊഴിവാക്കാന്‍ ശ്രമിക്കും. സമുദ്രമത്സ്യങ്ങള്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് സുലഭമായതും വളര്‍ത്തുമത്സ്യങ്ങളുടെ പ്രചാരം കുറയാന്‍ ഇടയാക്കി.

അതേസമയം, കടല്‍മത്സ്യങ്ങള്‍ പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഒഴിച്ചില്‍, വയര്‍ കമ്പനം, ദഹനപ്രശ്‌നം, വിശപ്പില്ലായ്മ, മലബന്ധം എന്നിങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങള്‍ കടല്‍ മത്സ്യങ്ങള്‍ കഴിച്ചതിലൂടെ ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്നുണ്ട്. കുട്ടികളില്‍ ഒഴിച്ചിലാണ് പ്രധാന പ്രശ്‌നം. മിക്ക ആശുപത്രികളിലും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്.

അതിനാല്‍ ഫിഷറീസ് ദിനത്തില്‍ ഇത്തരത്തിലൊരു ചര്‍ച്ച അനിവാര്യംതന്നെ. ശുദ്ധജല മത്സ്യങ്ങളുടെ ഡിമാന്‍ഡ് ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണെന്ന് ഇടുക്കി ജില്ലയിലെ കരിങ്കുന്നത്തുള്ള മത്സ്യക്കര്‍ഷകനായ തുടിയന്‍പ്ലാക്കല്‍ സക്കറിയാസ് സ്റ്റീഫന്‍ (ബേബി) പറയുന്നു. 80 ച.മീറ്റര്‍ വിസ്തൃതിയുള്ള 4 പടുതക്കുളങ്ങളിലും അതുപോലെ 4 റൗണ്ട് ടാങ്കുകളിലും മത്സ്യം വളര്‍ത്തുന്ന ബേബിക്ക് ഇപ്പോള്‍ വിപണനത്തിന് ശരാശരി 1 കിലോയും 500 ഗ്രാമും തൂക്കമുള്ള രണ്ടു ബാച്ച് മത്സ്യങ്ങളുണ്ട്.

tilapia-fish-1
വിളവെടുത്ത തിലാപ്പിയ മത്സ്യങ്ങൾ

ഇപ്പോള്‍ ശരാശരി ഒരു കിലോ തൂക്കമുള്ള മത്സ്യങ്ങളെ വളര്‍ത്താന്‍ തുടങ്ങിയിട്ട് 10 മാസത്തോളമായി. 2 മാസം ബയോഫ്‌ളോക് ടാങ്കില്‍ വളര്‍ത്തിയശേഷമാണ് അവയെ വലിയ കുളത്തിലേക്ക് മാറ്റുക. 2 മാസംകൊണ്ട് 60-70 ഗ്രാം തൂക്കത്തിലേക്ക് എത്തും. അതുകൊണ്ടുതന്നെ അടുത്ത നാലുമാസംകൊണ്ട് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നുണ്ടെന്നും ബേബി. വല്ലാര്‍പാടം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചറില്‍നിന്ന് എത്തിച്ച ഗിഫ്റ്റ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ) മത്സ്യങ്ങളെയാണ് ഇവിടെ വളര്‍ത്തുന്നത്. 2 മാസം ബയോഫ്‌ളോക് ടാങ്കിലും നാലു മാസം വലിയ കുളത്തിലും വളര്‍ത്തി വലുതാക്കിയ മത്സ്യങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തീറ്റച്ചെലവ് ഉയരുമെന്ന് ബേബി. മത്സ്യങ്ങള്‍ വളരുന്തോറും തീറ്റ എടുക്കുന്നതിന്റെ അളവും ഉയരും. കമ്പനി തീറ്റ നല്‍കുന്നത് മുതലാവില്ല. അതുകൊണ്ടുതന്നെ ഏറ്റവും ലളിതമായ മാര്‍ഗം ബേബി സ്വീകരിച്ചിട്ടുണ്ട്.

മത്സ്യം വെട്ടി വൃത്തിയാക്കിയശേഷം ബാക്കിവരുന്ന അവശിഷ്ടങ്ങള്‍ തവിടും ചേര്‍ത്ത് വേവിച്ചാണ് കൊടുക്കുക. വില കുറഞ്ഞ രീതിയില്‍ അരി ലഭ്യമെങ്കില്‍ അതും ചേര്‍ക്കാം. ഇത് മാംസ്യവും അന്നജവും നാരുമെല്ലാം ചേര്‍ന്ന ഒരു സമീകൃതാഹാരംതന്നെയാണ്. അതുകൊണ്ടുതന്നെ മത്സ്യങ്ങള്‍ക്ക് മികച്ച വളര്‍ച്ചയും ലഭിക്കുന്നുണ്ട്. 5 കിലോ മത്സ്യം വെട്ടിവൃത്തിയാക്കിയാല്‍ 1 കിലോ അവശിഷ്ടം ലഭിക്കും. ഇത്തരത്തില്‍ 5 കിലോ അവശിഷ്ടം 15 ലീറ്റര്‍ വെള്ളത്തില്‍ വേവിച്ച് ഒപ്പം 10 കിലോ തവിടുകൂടി ചേര്‍ക്കുന്നു. ഇത് പാകമായാല്‍ 30 കിലോയോളം തീറ്റ ലഭിക്കും. തവിട് ചേര്‍ത്ത് വേവിച്ചതിനാല്‍ കുറുകിയ രൂപത്തിലുമായിരിക്കും. ഈ ഭക്ഷണം വലയ്ക്കുള്ളിലാക്കി കുളത്തില്‍ കെട്ടിയിടുകയാണ് ചെയ്യുക.

tilapia-fish-2
മത്സ്യങ്ങൾ വെട്ടി വൃത്തിയാക്കുന്നു

ഗ്രില്‍ ചെയ്യുന്നതിനായി മത്സ്യം വാങ്ങുന്നതിനുവേണ്ടിയാണ് ബേബിയുടെ ഫാമിലെത്തിയത്. 3 കിലോ മത്സ്യം വാങ്ങാനായിരുന്നു പദ്ധതി. പക്ഷേ, 6 മത്സ്യങ്ങളെ വാങ്ങി. ആകെ തൂക്കം 5.4 കിലോ. ഗ്രില്‍ ചെയ്യാനുള്ള പാകത്തില്‍ വെട്ടി വൃത്തിയാക്കിയപ്പോള്‍ തൂക്കം 4 കിലോ. 250 രൂപ നിരക്കിലാണ് അദ്ദേഹം മത്സ്യങ്ങളെ വില്‍ക്കുന്നത്. വലിയ മത്സ്യങ്ങളായതിനാല്‍ ഗ്രില്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ തേടിയെത്താറുണ്ടെന്നും ബേബി.

tilapia-fish

തിലാപ്പിയ-കാന്താരി-കുരുമുളക്

പച്ചക്കാന്താരി, പച്ചക്കുരുമുളക്, മഞ്ഞള്‍പ്പൊടി, കറിവേപ്പില, ഇഞ്ചി, പെരുംജീരകം, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവയാണ് അരപ്പിനായി ഉപയോഗിക്കുന്നത്. നന്നായി അരച്ചശേഷം മത്സ്യത്തില്‍ തേച്ചുപിടിപ്പിക്കണം. അര മണിക്കൂറിനുശേഷം കനലിനു മുകളില്‍ വച്ച് പാകം ചെയ്യാം. വലിയ മത്സ്യമായതിനാല്‍ ഏകദേശം 20 മിനിറ്റുകൊണ്ട് പാകമാകും. കപ്പ ചെണ്ട പുഴുങ്ങിയതും കാന്താരിമുളക് പൊട്ടിച്ചതും ചേര്‍ത്താണ് കഴിച്ചത്.

ഫോണ്‍: 9446422477, 8547549424 

English summary: World Fisheries Day Special Grilled Tilapia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT