ADVERTISEMENT

കാപ്പി കയറ്റുമതിയിൽ ഇന്ത്യ വളരുകയാണ്‌, ഏഷ്യയിലെ മൂന്നാം ശക്തിയായി മാറിയതിനു പിന്നിൽ കർണാടകത്തിനൊപ്പം കേരളത്തിലെ കർഷകരുടെ ശക്തമായ പ്രയത്‌നവും ഒത്തുചേർന്നപ്പോൾ രാജ്യത്തിന്റെ കാപ്പി കയറ്റുമതി വരുമാനം 3300 കോടി രൂപ മറികടന്നു. വയനാട്ടിലെയും കൂർഗ്ഗ്‌, ചിക്കമംഗലൂർ മേഖലയിലെയും കർഷകരുടെ വരുമാനത്തിലും ഉണർവ്‌ കണ്ടു തുടങ്ങി. 

ദക്ഷിണേന്ത്യൻ കാപ്പിയുടെ സ്വാദ് നുകരാൻ യൂറോപ്യൻ രാജ്യങ്ങൾ കാണിക്കുന്ന ഉത്സാഹം വിപണിയുടെ അടിത്തറ കൂടുതൽ ശക്തമാക്കും. മികച്ചയിനം കാപ്പി കൂടുതലായി ഉൽപാദിപ്പിക്കുന്നതിലേക്കു കർഷകർ ശ്രദ്ധതിരിച്ചാൽ മാത്രമേ വിദേശ മാർക്കറ്റുകളിൽ വരും കാലങ്ങളിലും നമുക്ക്‌ മത്സരിച്ച്‌ മുന്നേറാനാകൂ. 

റോബസ്റ്റ, അറബിക്ക കാപ്പികൾക്കു പുറമേ ഇന്ത്യ ഇൻസ്റ്റന്റ് കോഫിയും കയറ്റുമതി ചെയ്യുന്നു. ഇറ്റലിയും ജർമനിയും ബെൽജിയവും ഇന്ത്യൻ ചരക്ക്‌ ഏറ്റവും കൂടുതലായി ശേഖരിച്ചു. സെപ്‌റ്റംബറിൽ അവസാനിച്ച ആറ്‌ മാസകാലയളവിൽ മൊത്തം 3312 കോടി രൂപ വിലമതിക്കുന്ന കാപ്പിലാണ്‌ ഷിപ്പ്‌മെന്റ് നടത്തിയത്‌. പത്തു വർഷം മുൻപ്‌ നമ്മുടെ കയറ്റുമതി ഇതിന്റെ നേർ പകുതി മാത്രമായിരുന്നു. 

വിയറ്റ്‌നാമിനും ഇന്തോനേഷ്യയ്‌ക്കും തൊട്ട്‌ അരികിലാണ്‌ ഇന്ത്യ എത്തി നിൽക്കുന്നത്‌. കാപ്പി കയറ്റുമതിയിൽ ലോക വിപണിയിൽ തന്നെ ബ്രസീലിന്‌ പിന്നിൽ നിൽക്കുന്ന വിയറ്റ്‌നാമിനൊപ്പം കയറ്റുമതിരംഗത്ത്‌ മത്സരിക്കാമെന്ന അവസ്ഥയിലേക്ക് ഇന്ത്യൻ കാപ്പി വളരുകയാണ്‌. ഇന്ത്യയുടെ മൊത്തം കാപ്പി ഉൽപാദനത്തിൽ 70 ശതമാനവും കയറ്റുമതി നടത്തുകയാണ്‌. 2021‐22 കാലയളവിൽ കയറ്റുമതി തൊട്ട്‌ മുൻ വർഷത്തെ അപേക്ഷിച്ച്‌ 42 ശതമാനം ഉയർന്നു.  

വയനാടൻ തോട്ടങ്ങളിൽ കാപ്പിക്കുരുക്കൾ മൂത്ത്‌ തുടങ്ങുന്നതേയുള്ളൂ. ജനുവരിയിൽ പുതിയ കാപ്പി വിൽപ്പനയ്‌ക്ക്‌ സജ്ജമാക്കാനാകുമെന്ന കണക്ക്‌ കൂട്ടലിലാണ്‌ ഉൽപാദകർ. തുലാ മഴ പൂർണമായി മാറുന്നതോടെ തോട്ടങ്ങളിൽ അവർ സജീവമാകും. ഇതിനിടെ അറബിക്ക കാപ്പിയുടെ വിളവെടുപ്പിന്‌ കർണാടകത്തിൽ തുടക്കം കുറിച്ചു. എന്നാൽ കേരളത്തിൽ സീസൺ ആരംഭിച്ച ശേഷം മാത്രമേ കൂർഗ്ഗിൽ റോബസ്‌റ്റയുടെ വിളവെടുപ്പ് തുടങ്ങൂ. അതേസമയം കാലാവസ്ഥ വ്യതിയാനങ്ങൾ ഇരു സംസ്ഥാനങ്ങളിലെയും കർഷകരെ പിരിമുറുക്കത്തിലാക്കുന്നു. നിലവിൽ കാപ്പി പരിപ്പ്‌ കിലോ 168 രൂപയിലാണ്‌ വിപണനം നടക്കുന്നത്‌.  

കുരുമുളക്‌

ആഗോള സാമ്പത്തിക രംഗം കൂടുതൽ പിരിമുറുക്കത്തിലേക്ക്‌ നീങ്ങുമെന്ന സൂചന കുരുമുളക്‌ കയറ്റുമതി രാജ്യങ്ങളെ വരും മാസങ്ങളിൽ സമ്മർദ്ദത്തിലാക്കാം. പണപെരുപ്പം നിയന്ത്രിക്കാൻ ഒരു വശത്ത്‌ പലിശനിരക്ക്‌ ഉയർത്തുമ്പോൾ നാണയങ്ങളുടെ മൂല്യത്തിലെ ഇടിവ്‌ ഇറക്കുമതിയിൽ കുറവ്‌ വരുത്താൻ പല രാജ്യങ്ങളെയും പ്രേരിപ്പിക്കുന്നു. ഇറക്കുമതിച്ചെലവ്‌ കുറയ്ക്കാൻ അവർ നടത്തുന്ന നീക്കങ്ങൾ ഫലത്തിൽ ഉൽപ്പന്ന വിലയെ കാര്യമായി സ്വാധീനിക്കും. 

ഉൽപാദന ക്ഷമത ഉയർന്ന്‌ നിൽക്കുന്ന രാജ്യങ്ങളെ സംബന്ധിച്ച്‌ വില കുറച്ച്‌ കുരുമുളക്‌ കയറ്റുമതി നടത്തിയാലും കൃഷി ലാഭകരം തന്നെ. എന്നാൽ വിലക്കയറ്റം മൂലം കയറ്റുമതി രംഗത്ത്‌ പൂർണമായി പിൻതള്ളപ്പെട്ട ഇന്ത്യൻ കുരുമുളക്‌  ഉൽപാദകർക്ക്‌ രാജ്യാന്തര വിപണിയിലെ ഇത്തരം മത്സരങ്ങൾക്ക്‌ മുന്നിൽ പകച്ച്‌ നിൽക്കാൻ മാത്രമേ കഴിയൂ. വിളവെടുപ്പ്‌ പുരോഗമിക്കുന്ന ബ്രസീലിൽ ഇക്കുറി ഉൽപാദനം ഉയരുമെന്നാണ്‌ അവിടെ നിന്നുള്ള സൂചനകൾ. വിയറ്റ്‌നാം അടുത്ത സീസണിലെ ഉൽപാദനത്തെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത്‌ വിട്ടില്ലെങ്കിലും ലഭ്യത കുറയാനുള്ള സാധ്യത വിരളമാണ്‌. ശ്രീലങ്കൻ തോട്ടങ്ങളിൽ വിളവെടുപ്പിന്‌ തുടക്കം കുറിച്ചു. 

കേരളത്തിലേക്ക്‌ തിരിഞ്ഞാൽ മൊത്തം കുരുമുളക്‌ ഉൽപാദനം സംബന്ധിച്ച്‌ വ്യക്തമായ കണക്കുകൾ ഒന്നും തന്നെയില്ല. രണ്ട്‌ മാസം മുൻപ്‌ കൃഷി വകുപ്പുമായി ബന്ധപ്പെട്ട ചില ഏജൻസികൾ അടുത്ത സീസണിൽ ഉൽപാദനം ഒരു ലക്ഷം ടണ്ണായി ഉയരുമെന്ന്‌ പ്രവചനം നടത്തി. കൃഷിയെക്കുറിച്ചോ അടിസ്ഥാന കാര്യങ്ങളെ കുറിച്ചോ വ്യക്തമായ ഒരു ധാരണയുമില്ലാതെ നടത്തിയ പ്രവചനങ്ങൾക്ക്‌ ശേഷം അവർ പുതിയ കണക്കുമായി ഇപ്പോൾ രംഗത്ത്‌ എത്തി. നേരത്തെ പറഞ്ഞതിലും 20,000 ടൺ കുറച്ച്‌ 80,000 ടൺ വിളവ്‌ പ്രതീക്ഷിക്കുന്നു എന്നാണ് ഇപ്പോൾ പറയുന്നത്. 

സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച്‌ ഇത്തരം അടിസ്ഥാന രഹിതമായ കണക്കുകൾ ചമച്ച്‌ വിടുന്നതിന്‌ എതിരെയെങ്കിലും ഉണർന്ന്‌ പ്രവർത്തിക്കാൻ കൃഷിവകുപ്പ്‌ കനിവ്‌ കാണിക്കണം. വില ഇടിക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന സമ്മർദ്ദ തന്ത്രങ്ങളിൽ ചെറുകിട കർഷക കുടുംബങ്ങളുടെ അടിത്തറയാണ്‌ ഇളകുന്നത്‌. അതിന്‌ സർക്കാർ സംവിധനങ്ങൾ കൂട്ട്‌ നിൽക്കരുത്‌. നിലവിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ വില കിലോ 480 രൂപയായി താഴ്‌ന്നു. പുതിയ ചരക്ക്‌ ഡിസംബർ അവസാനമോ ജനുവരി തുടക്കത്തിലോ പ്രതീക്ഷിക്കാം. ‌സീസൺ ആരംഭിക്കും മുന്നേ വിപണി വില ഇടിവിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ കർഷകർ പുതിയ ചരക്കുമായി എത്തുമ്പോൾ സ്ഥിതി എന്താവും? സംസ്ഥാനത്ത്‌ മഴ അനുകൂലമായിരുന്നങ്കിലും കാലാവസ്ഥയിൽ അടിക്കടിയുണ്ടായ മാറ്റം കണക്കിലെടുത്താൽ ഉൽപാദനം ഇരുപത്‌ ശതമാനം വരെ കുറയാൻ ഇടയുണ്ട്‌.  

കഴിഞ്ഞ വർഷം നവംബറിൽ കിലോ 523 രൂപയിൽ അൺ ഗാർബിൾഡ്‌ കുരുമുളക്‌ വ്യാപാരം നടന്ന അവസരത്തിൽ മൂപ്പ്‌ കുറഞ്ഞ തെക്കൻ മുളക്‌ കിലോ 80‐90 രൂപയിലാണ്‌ കർഷകർ കൈമാറിയത്‌. എന്നാൽ ഇക്കുറി മൂപ്പ്‌ കുറഞ്ഞ മുളക്‌ വില കിലോ 130‐150 രൂപ റേഞ്ചിലാണ്‌. ലഭ്യത കുറഞ്ഞത്‌ നിരക്ക്‌ ഉയരുന്നതിൽ വലിയ പങ്ക്‌ വഹിച്ചതായി വേണം വിലയിരുത്താൻ. ആ നിലയ്‌ക്ക്‌ വീക്ഷിച്ചാൽ ആഭ്യന്തര ആവശ്യത്തിന്‌ വേണ്ട കുരുമുളക്‌ പൂർണമായും ഇവിടെ വിളയില്ലെന്ന്‌ കാര്യം ഉറപ്പ്‌.   

നാളികേരം

മണ്ഡലകാല ഡിമാൻഡ് നാളികേര വില ഉയർത്തുമെന്ന പ്രതീക്ഷകൾക്കിടയിൽ തമിഴ്‌നാട്‌ വില ഇടിച്ച്‌ വെളിച്ചെണ്ണ വിൽപ്പനയ്‌ക്ക്‌ ഇറക്കി. കാങ്കയം, കൊച്ചി വിപണികളിൽ ഒരു ക്വിന്റൽ കൊപ്ര 8500‐8600 രൂപയിലാണ്‌. വൻകിട മില്ലുകളും ബഹുരാഷ്‌ട്ര കുത്തകകളും സംഘടിത നീക്കത്തിലൂടെ എണ്ണ വില അവിടെ ക്വിന്റലിന്‌ 11,775 രൂപയായി ശനിയാഴ്‌ച ഇടിച്ചു. കൊച്ചി വിപണി വില 13,200 രൂപയാണ്‌. പുതിയ സാഹചര്യത്തിൽ സംസ്ഥാനത്തെ മില്ലുകാർ അയൽ സംസ്ഥാനത്തുനിന്നുള്ള കടുത്ത വെല്ലുവിളികൾക്ക്‌ മുന്നിൽ പിടിച്ചു നിൽക്കാൻ ക്ലേശിക്കേണ്ടിവരും. ചെറുകിട വ്യവസായികൾ കർഷകരിൽ നിന്നുള്ള തേങ്ങ, കൊപ്ര സംഭരണം കുറയ്ക്കുന്നത്‌ കാർഷിക മേഖലയെ പ്രതിസന്ധിലാക്കും. ഇതിനിടെ അതിർത്തി ജില്ലകളിൽ തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചത്തേങ്ങ വരവ്‌ ഉയർന്നു. നമ്മുടെ നിരക്കിലും താഴ്‌ത്തിയാണ്‌ അവർ ചരക്ക്‌ വിറ്റഴിക്കുന്നത്‌.  

English summary: Commodity Markets Review November 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com