ADVERTISEMENT

കേരളത്തിൽ ഏറ്റവുമധികം ഉൽപാദിപ്പിക്കുന്ന പഴം വാഴപ്പഴമാണ്. 100% ഭാഗങ്ങളും ഉപയോഗയോഗ്യമായ വാഴയുടെ 80% ഭാഗങ്ങളും ഭക്ഷ്യയോഗ്യവുമാണ്. എന്നാൽ വാഴക്കുലയല്ലാതെ മറ്റു ഭാഗങ്ങളൊന്നും കർഷകർപോലും പ്രയോജനപ്പെടുത്തുന്നില്ല. കായ മാത്രമല്ല മാണം, പിണ്ടി, കായത്തൊലി, പൂവ് എന്നിവയും മൂല്യവർധന നടത്തി സ്വന്തമായി ഉപയോഗിക്കുകയോ വിപണനം നടത്തുകയോ ചെയ്യാം.

വാഴയുടെ മിക്ക ഭാഗങ്ങളും ലഘുസംസ്കരണം നടത്തി വിപണിയിലിറക്കാനാവും. അരിഞ്ഞ്, പരിമിതമായ അളവിൽ സംരക്ഷകം ചേർത്ത് സൂക്ഷിപ്പുഗുണം കൂട്ടുന്നതാണ് ലഘുസംസ്കരണം. പിണ്ടി, കായത്തൊലി, വാഴക്കൂമ്പ് എന്നിവയെല്ലാം ഇങ്ങനെ സംസ്കരണം നടത്താം. ജീവിതശൈലീരോഗങ്ങളായ അസിഡിറ്റി, അൾസർ, മലബന്ധം എന്നിവ നിയന്ത്രിക്കാൻ ഇവയുടെ സ്ഥിരമായ ഉപയോഗം പ്രയോജനപ്പെടും. ഒട്ടും വാടാത്ത പിണ്ടി, മാണം, കായത്തൊലി എന്നിവ തിരഞ്ഞെടുത്ത് സ്റ്റീൽ കത്തി ഉപയോഗിച്ച് ആകർഷകമായി മുറിച്ചതിനുശേഷം തിളച്ച വെള്ളത്തിൽ 2 മിനിറ്റ് നേരം ഇടുക. തുടർന്ന് ഒരു ലീറ്റർ വെള്ളത്തിൽ 750 മില്ലി പൊട്ടാസ്യം മെറ്റാ ബൈ സൾഫൈറ്റും 5 ഗ്രാം ഉപ്പും ചേർത്ത സംരക്ഷകലായനിയിൽ ഇത് 15 മിനിറ്റുനേരം മുക്കിവയ്ക്കുക.  ഇനി ലായനിയിൽനിന്നു മാറ്റി ജലാംശം പൂർണമായും വാർന്നുപോയതിനു ശേഷം  യോജ്യമായ അളവുകളിൽ പായ്ക്കറ്റുകളിലോ പൗച്ചുകളിലോ നിറച്ച് വിപണനത്തിനു തയാറാക്കാം. അന്തരീക്ഷ ഊഷ്മാവിൽ ഒരു ദിവസവും ഫ്രിജില്‍ 7 ദിവസവും ഇതു സൂക്ഷിച്ചുവയ്ക്കാം.

കായപ്പൊടി 

നേന്ത്രക്കായ മാത്രമല്ല കണ്ണൻ, ചാരപ്പൂവൻ, പടറ്റി, കർപ്പൂരവല്ലി, റോബസ്റ്റ, പോപ്പാലു, ചുണ്ടില്ലാക്കണ്ണൻ എന്നിവയുടെ കായയും ഉണക്കിപ്പൊടിക്കാം. 60–80 ശതമാനം വരെ വിളഞ്ഞ കായയാണ് ഉണക്കാൻ യോജ്യം. ഏത്തക്കായുടെ തൊലി പൂർണമായും പൊളിച്ചു മാറ്റിയാണ് അരിയേണ്ടത്. ചെറുകായ ഇനങ്ങളുടെ തൊലി പൂർണമായും മാറ്റണമെന്നില്ല, സ്റ്റീൽ കത്തി ഉപയോഗിച്ച് പുറംതൊലി മാത്രം വരിഞ്ഞു മാറ്റിയാൽ മതി. ഇതു കറ നീക്കുന്നതിനായി ഉപ്പും സ്റ്റാർച്ചും ചേർന്ന ലായനിയിൽ (ഒരു ലീറ്റർ വെള്ളത്തിൽ 5 ഗ്രാം ഉപ്പും 10 ഗ്രാം അരിപ്പൊടി/ഗോതമ്പുപൊടി ലയിപ്പിച്ചത്) 10–15 മിനിറ്റ് മുക്കിവയ്ക്കണം. തുടർന്ന് ലായനിയിൽനിന്നു മാറ്റി നന്നായി കഴുകി  സ്ലൈസർ ഉപയോഗിച്ച് ഒരേ കനത്തിൽ അരിഞ്ഞെടുക്കണം. നല്ല വെയിലുണ്ടെങ്കിൽ ഒരു ദിവസംകൊണ്ടുതന്നെ ഉണക്കിയെടുക്കണം. നന്നായി ഉണങ്ങിയതിനുശേഷം പായ്ക്ക് ചെയ്തു സൂക്ഷിക്കാം. ആവശ്യാനുസരണം പൊടിച്ചെടുക്കാം.

ഏത്തക്കായപ്പൊടിക്ക് ശിശുഭക്ഷണം എന്ന നിലയ്ക്ക് നല്ല ഡിമാൻഡുണ്ട്. ചെറുകായ ഇനങ്ങളുടെ പൊടി ചപ്പാത്തി, പൂരി, ദോശ, പുട്ട് എന്നിവയുടെ മാവിനോടൊപ്പം ചേർത്ത് ഉപയോഗിക്കാം. അവിലോസുപൊടി, ചമ്മന്തിപ്പൊടി, കേക്ക്, കുക്കീസ്, മുറുക്ക്, പക്കാവട, മിക്സ്ചർ തുടങ്ങി ഒട്ടേറെ വിഭവങ്ങൾ ഇതുകൊണ്ട് തയാറാക്കാം. ഗ്ലൈസിമിക് ഇൻഡക്സ് കുറവായതിനാല്‍  കായപ്പൊടി പ്രമേഹരോഗികൾക്കും ഉപയോഗിക്കാം. ഇതുകൊണ്ട് ഹെൽത് മിക്സ്, ശിശുഭക്ഷണം, വൃദ്ധർക്കുള്ള ഭക്ഷണം, പീത്‌സ, നൂഡിൽ‌സ് എന്നിവയെല്ലാം തയാറാക്കാം.

ബനാനാ ഫിഗ് (പഴം ഉണക്കുന്നത്)

നേന്ത്രന്‍, ചാരപ്പൂവൻ, പോപ്പാലു, കണ്ണൻ, പൂങ്കള്ളി, കർപ്പൂരവല്ലി തുടങ്ങിയവയുടെയെല്ലാം പഴങ്ങള്‍ ഫിഗ് ഉണ്ടാക്കുന്നതിനു  യോജ്യം. പഴുത്ത് തൊലി കറുത്തു തുടങ്ങുന്ന പരുവമാണ് ഉണക്കുന്നതിന് പാകം. വെയിലത്താണ് ഉണക്കുന്നതെങ്കില്‍ ട്രേയിൽ പഴം നിരത്തി വച്ചതിനുശേഷം നേർമയുള്ള തുണികൊണ്ടു മൂടി വെയിലത്തു വയ്ക്കണം. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു മൂടി മാറ്റി നേരിട്ട് ഉണക്കാം. ഉണക്കിയ പഴങ്ങൾക്കു സംരക്ഷകം ചേർക്കേണ്ടതില്ല. പൗച്ചുകളിലോ ബോക്സുകളിലോ നിറച്ച് വില്‍ക്കാം.

വാഴപ്പോള സംസ്കരണം

വാഴനാരുൽപന്നങ്ങൾ തയാറാക്കുന്നതിനായി നാര് വേർപെടുത്തിയെടുക്കാം. കൂൺകൃഷിക്കുള്ള മാധ്യമമായും പോള ഉപയോഗിക്കാം. ആലപ്പുഴ കൃഷിവിജ്ഞാനകേന്ദ്രത്തിൽ വാഴയുല്‍പന്നങ്ങളുടെ മൂല്യവർധനയില്‍ പരിശീലനം നൽകുന്നുണ്ട്. 

English summary: Banana Products Manufacturing Business Ideas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com