ADVERTISEMENT

ചെറുകിട കർഷകർക്കും വീട്ടമ്മമാർക്കും പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നത് സൂക്ഷിപ്പുകാലം കുറവുള്ള പഴം–പച്ചക്കറികളാണ്. വീട്ടിലുണ്ടാകുന്ന വാഴക്കുലകൾ കൃത്യസമയത്ത് വിൽക്കാനാവാതെ വരികയും അത് പഴുക്കുകയും ചെയ്താൽ മറ്റ് ഉൽപന്നങ്ങൾ നിർമിക്കാതെ വഴിയില്ല. അതല്ലെങ്കിൽ അവ ഉണങ്ങി സൂക്ഷിക്കണം. ബനാന ഫിഗിനൊക്കെ ഇപ്പോൾ എറെ പ്രചാരമുള്ള കാലമാണ്. വീട്ടുപരിസരത്ത് വിളയുന്ന പഴം വെറുതെ അങ്ങ് കളയേണ്ടതില്ലല്ലോ. വെയിലിൽ ഉണങ്ങിയെടുക്കുന്ന വാഴപ്പഴം കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കാനാകും. എന്നാൽ, മഴയും വെയിലും മാറിമാറിവരുന്ന ഇക്കാലത്ത് വെയിലിനെ വിശ്വസിച്ച് ഉണങ്ങിയെടുക്കാൻ കഴിയില്ല. ചെറിയ ഡ്രയർ ഉണ്ടെങ്കിൽ ബുദ്ധിമുട്ടും ഉണ്ടാവില്ല. ഏതാനും പഴമോ പച്ചക്കറിയോ ഉണങ്ങാൻ വലിയ വില കൊടുത്ത് ഡ്രയർ വാങ്ങാനും കഴിയില്ല. അപ്പോൾപ്പിന്നെ ലളിതമായ മാർഗങ്ങൾ ആലോചിക്കേണ്ടിവരും.

ചെറുകിട കർഷകർക്കും വീടുകളിലും അനായാസം ഉപയോഗിക്കാനും പ്രവർത്തിപ്പിക്കാനും കഴിയുന്ന ഏറ്റവും ചെലവ് കുറഞ്ഞ ഡ്രയർ പരിചയപ്പെടുത്തുകയാണ് തൊടുപുഴ ഒളമറ്റം സ്വദേശിയും മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയുമായ ആനച്ചാലിൽ മാത്യു ജോളി. പഴയ തെർമോക്കോൾ ബോക്സിൽ 2 ബൾബുകളും ഘടിപ്പിച്ചാണ് മാത്യു ഡ്രയർ നിർമിച്ചിരിക്കുന്നത്. അത്യാവശ്യം വലുപ്പമുള്ള തെർമോക്കോൾ ബോക്സ് ഇതിനായി തിരഞ്ഞെടുക്കാം. 60 വാട്ട്സിന്റെ രണ്ടു ഫിലമെന്റ് ബൾബുകൾ ഈ ബോക്സിന്റെ ഉള്ളിൽ അടിഭാഗത്ത് മുകളിലേക്ക് നിൽക്കുന്ന വിധത്തിൽ ഉറപ്പിച്ചിരിക്കുന്നു. തൊട്ടു മുകളിൽ ബോക്സ് തുളച്ച് 6 മി.മി. കമ്പി ഉറപ്പിച്ച് അതിനു മുകളിൽ തുരുമ്പെടുക്കാത്ത തരത്തിലുള്ള വല വയ്ക്കുന്നു. ഇതിലേക്കാണ് ഉൽപന്നങ്ങൾ വയ്ക്കേണ്ടത്. ഇത്തരത്തിൽ രണ്ടു നിരയിൽ ഉൽപന്നങ്ങൾ നിരത്തി ഉണങ്ങാൻ കഴിയും. തെർമോക്കോൾ ബോക്സിന്റെ മേൽഭാഗത്ത് ചെറിയ ഫാനും ഘടിപ്പിച്ചിരിക്കുന്നു. കൂടുതലുള്ള ചൂടും ഉള്ളിലെ ഈർപ്പവും പൂർണമായി പുറത്തേക്കു പോകാൻ ഈ ചെറു ഫാൻ സഹായിക്കും.

ഇത്തരത്തിൽ രണ്ടു ബൾബുകൾ 24 മണിക്കൂർ പ്രവർത്തിപ്പിക്കാൻ 3 യൂണിറ്റ് വൈദ്യുതി മതിയാകുമെന്ന് മാത്യു. അതുപോലെ പഴം പോലുള്ളവ നല്ല രീതിയിൽ ഉണങ്ങിയെടുക്കാൻ 2 ദിവസം മാത്രം മതി. വെയിലിൽ ഉണങ്ങാൻ 10 ദിവസം വേണ്ടിവരും.

English summary: Low cost electric dryer for vegetables and fruits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com