ADVERTISEMENT

കേവലം 4 മാസംകൊണ്ട് വളര്‍ച്ചാചക്രം പൂര്‍ത്തിയാകുന്ന ഭക്ഷ്യവിളയാണ് നെല്ല്. നാലു മാസംകൊണ്ട് വിളവെടുക്കാമെങ്കിലും വീണ്ടും നിലമൊരുക്കി വിത്തു പാകിയെങ്കില്‍ മാത്രമേ അടുത്ത കൃഷി സാധ്യമാകൂ. കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഓരോ തവണയും കൃഷിയിറക്കുന്നതിന് നല്ലൊരു തുക മാറ്റിവയ്‌ക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് ബഹുവര്‍ഷ നെല്ലിനവുമായി ചൈന എത്തിയിരിക്കുന്നത്. ഒരിക്കല്‍ നട്ടാല്‍ ദീര്‍ഘകാലത്തേക്ക് വിളവ് നല്‍കുന്നു എന്നതാണ് ഇതിന്റെ നേട്ടം. ഓരോ തവണയും വിളവെടുപ്പിനുശേഷം വേരുകള്‍ വീണ്ടും പൊട്ടിമുളയ്ക്കുന്നത് ചെടിയുടെ വളര്‍ച്ചയെ സഹായിക്കും. മാത്രമല്ല പരമ്പരാഗത നെല്ലിനങ്ങളെ അപേക്ഷിച്ച് ഹെക്ടറിന് 6.8 ടണ്‍ വിളവ് ലഭിക്കുകയും ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്. 

ചൈനയിലെ യുനാന്‍ യൂണിവേഴ്‌സിറ്റിയാണ് പിആര്‍23 എന്ന ബഹുവര്‍ഷ നെല്ലിനം വികസിപ്പിച്ചിരിക്കുന്നത്. ചൈനയിലെ പരമ്പരാഗത നെല്ലിനമായ ഒറൈസ സറ്റിവയെ ഒരു ആഫ്രിക്കന്‍ കാട്ടുനെല്ലിനവുമായി വര്‍ഗസങ്കരണം നടത്തിയാണ് പുതിയ ഇനം വികസിപ്പിച്ചത്. നാലുവര്‍ഷം ഒരേ ചെടിയില്‍നിന്ന് എട്ടു തവണ വിളവ് നല്‍കാന്‍ ഈ ഇനത്തിനു കഴിയും. കഴിഞ്ഞ വര്‍ഷം ചൈനയിലെ 44,000ൽപ്പരം കര്‍ഷകര്‍ ഈ ഇനം നെല്ല് കൃഷി ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കാരണം

ലോകത്തിലെ 400 കോടിയോളം പേര്‍ കഴിക്കുന്ന പ്രധാന ഭക്ഷ്യോല്‍പന്നമാണ് അരി. ഇതില്‍ത്തന്നെ ഉല്‍പാദനവും ഉപയോഗവും കൂടുതലുള്ളത് ഏഷ്യന്‍ രാജ്യങ്ങളിലാണ്. ജനസംഖ്യ കൂടുന്നതിന് അനുസരിച്ച് കൃഷിയിടം ചുരുങ്ങുകയും അതുപോലെ തന്നെ ഉല്‍പാദനച്ചെലവ് കൂടുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരം നെല്ലിനങ്ങള്‍ക്ക് സാധ്യത ഏറെയാണ്. ബഹുവര്‍ഷ നെല്ലിനം വികസിപ്പിക്കാനുള്ള ഗവേഷണം 1970ല്‍ പരാജയപ്പെട്ടിരുന്നു. അതേത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഗവേഷണം 1990കളുടെ ആരംഭത്തില്‍ യുനാന്‍ അക്കാഡമി പുനഃരാരംഭിച്ചു. ദീര്‍ഘനാളത്തെ പരീക്ഷണത്തിനും ഗവേഷണത്തിനും ഒടുവില്‍ 2018ല്‍ ആദ്യ ഇനം ചൈനയിലെ കര്‍ഷകര്‍ക്കായി വിതരണം ചെയ്യപ്പെട്ടു.

ബഹുവര്‍ഷ വിള എന്നാല്‍

ദീര്‍ഘകാലം നിലനില്‍ക്കുകയും കൂടുതല്‍ കാലം ഉല്‍പാദനം നല്‍കുകയും ചെയ്യുന്നവയാണ് ബഹുവര്‍ഷ വിളകള്‍. ദീര്‍ഘകാലം വളരാന്‍ കഴിയുന്നതും ഓരോ സീസണിലെ ഉല്‍പാദനം കഴിയുമ്പോള്‍ വീണ്ടും വിത്ത് വിതയ്ക്കാതെ വളരുകയും ചെയ്യുന്നതാണ് ഇത്തരത്തിലുള്ള നെല്ലിനം. നിലമൊരുക്കുന്നതിനും വിത്തുവിതയ്ക്കുന്നതിനും ആവര്‍ത്തിച്ചുവരുന്ന ചെലവുകളും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ കഴിയും. 

നിലവിലെ പ്രശ്‌നങ്ങള്‍

നിലവിലെ ഉല്‍പാദന രീതികള്‍ അധ്വാനവും ചെലവേറിയതുമാണ്. അതുപോലെതന്നെ നെല്‍ക്കൃഷി ചെയ്യുന്ന വെള്ളക്കെട്ടുള്ള പാടങ്ങള്‍ മീതെയ്ന്‍ ഉല്‍പാദിപ്പിക്കുന്ന സൂക്ഷ്മജീവികളുടെ ആവാസകേന്ദ്രമാണ്. നെല്‍ക്കൃഷിയിലൂടെ വര്‍ഷം 34 മില്യണ്‍ ടണ്‍ മീതെയ്ന്‍ ഓരോ വര്‍ഷവും പുറംതള്ളുന്നുവെന്നാണ് കണക്ക്.

ബഹുവര്‍ഷ നെല്ലിനത്തിനും ന്യൂനത

നട്ട് അഞ്ചാം വര്‍ഷം മുതല്‍ ഉല്‍പാദനത്തില്‍ കുറവുണ്ടാകും. അതുകൊണ്ടുതന്നെ നാലു വര്‍ഷത്തെ ഉല്‍പാദനം പൂര്‍ത്തിയായാല്‍ പുതുതായി കൃഷിയിറക്കണം. അതുപോലെ പരമ്പരാഗത നെല്‍ക്കൃഷിയില്‍നിന്ന് പുറംതള്ളപ്പെടുന്ന മീതെയ്ന്‍ വാതകത്തിന്റെ അളവ് കണക്കാക്കപ്പെട്ടിട്ടുണ്ടെങ്കിലും പുതിയ ഇനത്തിന്റ കാര്യത്തില്‍ പഠനങ്ങള്‍ നടന്നിട്ടില്ല. നെല്‍ച്ചെടിയുടെ വേരുകള്‍ കൂടുതല്‍ ആഴത്തില്‍ വളര്‍ന്നാല്‍ കര്‍ഷകര്‍ക്ക് റിപ്ലാന്റ് ചെയ്യുന്നതിനും മറ്റും ബുദ്ധിമുട്ടായേക്കും. കൃത്യമായ പരിചരണവും കളപറിക്കലും നടന്നില്ലെങ്കില്‍ ഫംഗസ് പോലുള്ളവയുടെ ആക്രമണം നെല്‍ച്ചെടികള്‍ക്കുണ്ടാകാന്‍ സാധ്യതയുണ്ട്. 

നേട്ടങ്ങള്‍

വര്‍ഷാവര്‍ഷം കൃഷിയിറക്കേണ്ട ആവശ്യമില്ല. പിആര്‍23 കൃഷിയിറക്കിയാല്‍ 4 വര്‍ഷംകൊണ്ട് 8 തവണ വിളവ് നല്‍കും. പരമ്പരാഗത ഇനങ്ങളെ അപേക്ഷിച്ച് കര്‍ഷകരുടെ ലാഭത്തില്‍ 17 മുതല്‍ 161 വരെ ശതമാനം വളര്‍ച്ച. കുറഞ്ഞ പരിചരണം മതി എന്നതുകൊണ്ടുതന്നെ ജോലി കുറയും. അതുപോലെ വിത്ത്, വളപ്രയോഗം എന്നിവയുടെ കാര്യത്തിലും നേട്ടം. ചുരുക്കത്തില്‍ 58 ശതമാനം ജോലി കുറയും മാത്രമല്ല ഉല്‍പാദനച്ചെലവില്‍ 49 ശതമാനം കുറവുമുണ്ടാകും. കൂടുതല്‍ വര്‍ഷം നിലനില്‍ക്കുന്നതിനാല്‍ മണ്ണ് ഉഴുതുമറിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ മണ്ണൊലിപ്പ് തടയപ്പെടും.

ഇന്ത്യയ്ക്കുള്ള പാഠം

ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നെല്ലുല്‍പാദക രാജ്യമാണ് ഇന്ത്യ. മാത്രമല്ല 40 ശതമാനം വിപണിവിഹിതം കയ്യാളുന്ന ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യവും ഇന്ത്യയാണ്. രാജ്യത്തെ നെല്ലുല്‍പാദനം കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ധിച്ചു. 

ഇന്ത്യയില്‍ മഴയെ ആശ്രയിച്ചാണ് നെല്‍ക്കൃഷി. അതുകൊണ്ടുതന്നെ മഴ കൂടുതല്‍ ലഭിക്കുന്ന പ്രദേശങ്ങളിലാണ് കൃഷിയുടെ നല്ല പങ്കും. ആഗോള മാര്‍ക്കറ്റില്‍ ബസ്മതി അരിയുടെ പ്രധാന കയറ്റുമതിക്കാര്‍ ഇന്ത്യയാണ്. അതുപോലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നെല്ലുല്‍പാദനമുള്ള സംസ്ഥാനം പശ്ചിമ ബംഗാളാണ്. ചൈനയുടെ പുതിയ വിജയകരമായ കണ്ടുപിടിത്തം ഇന്ത്യയ്ക്ക് പുതിയൊരു പാഠമാണ് പകര്‍ന്നുനല്‍കുന്നത്. പൊതു ആവശ്യങ്ങള്‍ക്കായും കാര്‍ഷിക മേഖലയ്ക്കായുമുള്ള ഗവേഷണങ്ങളില്‍ നിക്ഷേപം നടത്തിയാല്‍ ഭക്ഷ്യസുരക്ഷയില്‍ വിപ്ലവകരമായ മാറ്റം വരുത്താന്‍ കഴിയും. മാത്രമല്ല, ഗ്രാമീണ മേഖലയില്‍ വരുമാനം വര്‍ധിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com