വീട്ടുമുറ്റത്തെ മത്സ്യങ്ങള്‍ക്കു പ്രായം 35 വയസ്: ഇത് ആയുസേറിയ പക്കാ വെജിറ്റേറിയന്‍ മത്സ്യം

giant-gourami-1
SHARE

കരയില്‍ കയറിയാല്‍ അതിവേഗം ജീവന്‍ നഷ്ടപ്പെടുമെങ്കിലും വെള്ളത്തില്‍ കിടന്നാല്‍ പതിറ്റാണ്ടുകളോളം ജീവിക്കുന്ന മത്സ്യങ്ങളുണ്ട്. ശുദ്ധജല മത്സ്യങ്ങളില്‍ ബിഗ് മൗത്ത് ബഫല്ലോ, അലിഗേറ്റര്‍ ഗാര്‍ പോലുള്ള മത്സ്യങ്ങള്‍ 112ഉം 94ഉം വയസുവരെ ജീവിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതുപോലെതന്നെ വളര്‍ത്തുമത്സ്യങ്ങളിലും ചിലരുണ്ട്. അതിലൊന്നാണ് ജയന്റ് ഗൗരാമി. കേരളത്തില്‍ അര നൂറ്റാണ്ടോളമായി പല കര്‍ഷകരും വളര്‍ത്തിവരുന്ന ഈ മത്സ്യത്തിന് ആരാധകരേറെയാണ്. അതുപോലെ രുചിയിലും ഏറെ മുന്നിലാണ് ജയന്റ് ഗൗരാമികള്‍. 

ഏതൊരു ജീവിക്കും അത് വളരുന്ന സാഹചര്യവും അതുപോലെ കഴിക്കുന്ന ഭക്ഷണവുമാണ് ആയുസ് നിശ്ചയിക്കുന്നത്. ആയുര്‍ദൈര്‍ഘ്യമുള്ള മത്സ്യങ്ങളാണെങ്കിലും അനുകൂല സാഹചര്യമല്ലെങ്കില്‍ അവയ്ക്ക് അകാല മരണം ഉറപ്പ്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്ത് ആനച്ചാലില്‍ ജോളി വര്‍ക്കി എന്ന കര്‍ഷകന്റെ കൈവശം ഏതാനും ജയന്റ് ഗൗരാമികളുണ്ട്. 16-ാം വയസില്‍ ഒരു സുഹൃത്തിനൊപ്പം വാങ്ങിയതാണ് ആ മത്സ്യങ്ങള്‍. ജോളിക്ക് ഇപ്പോള്‍ വയസ് 50. അപ്പോള്‍ത്തന്നെ മത്സ്യത്തിന്റെ പ്രായം ഊഹിക്കാമല്ലോ. ഒരു വയസോളം പ്രായമുള്ള മത്സ്യങ്ങളെയായിരുന്നു അന്ന് വാങ്ങിയത്.

ചേമ്പിലയും ചീരയുമൊക്കെയായിരുന്നു താന്‍ ഭക്ഷണമായി മത്സ്യങ്ങള്‍ക്ക് നല്‍കുന്നതെന്ന് ജോളി. ഒട്ടേറെ ചേമ്പിനങ്ങളുണ്ടെങ്കിലും ശീമച്ചേമ്പ് എന്നറിയപ്പെടുന്ന ഇനത്തിന്റെ ഇലകള്‍ മാത്രമേ നല്‍കുന്നുള്ളൂ. നിറങ്ങളും പുള്ളികളുമുള്ള ഇനങ്ങള്‍ മത്സ്യങ്ങള്‍ക്കു നല്‍കാന്‍ ഉപയോഗിക്കാറില്ല. ഇത്തരം ഇനങ്ങളില്‍ ചിലതിന് വിഷാംശമുള്ളതിനാലാണ് അവ ഉപയോഗിക്കാത്തത്. ചക്കയുള്ള കാലത്ത് ചകിണിയും ചുളയുമൊക്കെ നല്‍കും. ചക്കപ്പഴവും അരിഞ്ഞു നല്‍കാറുണ്ട്. എന്നാല്‍, കൂഴച്ചക്കപ്പഴം നല്‍കാറില്ല. അത് ദഹനപ്രശ്‌നമുണ്ടാക്കും. ചക്കക്കാലത്ത് ചക്ക വെട്ടുന്നത് തിരിച്ചറിയുമ്പോള്‍ത്തന്നെ അത് വാങ്ങാന്‍ അവ അടുത്തുവരുമെന്നും ജോളി പറയുന്നു. പരിചയമില്ലാത്തവരെ കണ്ടാല്‍ ഒളിക്കാന്‍ ശ്രമിക്കും. അക്വാപോണിക്‌സ് സംവിധാനമുള്ള രണ്ടു ടാങ്കുകളില്‍ അവ മിടുക്കരായി വാഴുന്നു.

giant-gourami-2
ജോളിയുടെ 35 വയസുള്ള മത്സ്യങ്ങളിലൊന്ന്. ഇത് ആൺമത്സ്യമാണ്

പ്രായത്തിന്റെ ചില മാറ്റങ്ങള്‍ മത്സ്യങ്ങളുടെ ശരീരത്തില്‍ പ്രകടം. ഇരുണ്ട നിറത്തില്‍നിന്ന് വിളറിയ നിറമായി മത്സ്യങ്ങളുടെ ശരീരം മാറിയിട്ടുണ്ട്. അതുപോലെ തലയിലും മുഖത്തും ചുളിവുകളും വന്നിട്ടുണ്ട്. എങ്കിലും ആരോഗ്യത്തിന് കുറവില്ല. ഏതാനും വര്‍ഷങ്ങള്‍ മുന്‍പുവരെ ഇവയുടെ കുഞ്ഞുങ്ങളെയും ജോളി വിറ്റിരുന്നു. എന്നാല്‍, മറ്റു വളര്‍ത്തുമത്സ്യങ്ങളിലേക്കുകൂടി ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ചെറിയ തോതില്‍ മാത്രമേ കുഞ്ഞുങ്ങളുടെ ഉല്‍പാദനമുള്ളൂ.

പ്രധാനമായും സസ്യാഹരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ജയന്റ് ഗൗരാമികള്‍. അവയുടെ ദഹനവ്യൂഹത്തിന് സസ്യാഹാരം ദഹിപ്പിക്കുന്നതിനുള്ള ശേഷിയാണുള്ളത്. അതുകൊണ്ടുതന്നെ പെല്ലെറ്റ് തീറ്റകള്‍ ഇവര്‍ക്ക് ജോളി നല്‍കാറില്ല. സ്ഥിരമായി പെല്ലെറ്റ് കഴിക്കുന്ന ജയന്റ് ഗൗരാമികള്‍ക്ക് ഇവയേപ്പോലെ ദീര്‍ഘായുസ് ലഭിക്കാറില്ല. 

തിലാപ്പിയ, വാള, വരാല്‍ പോലുള്ള മത്സ്യങ്ങളെപ്പോലെയുള്ള തീറ്റപരിവര്‍ത്തനശേഷി ഇക്കൂട്ടര്‍ക്ക് കുറവാണ്. അതുകൊണ്ടുതന്നെ ഇറച്ചിയാവശ്യത്തിനായി വളര്‍ത്തുമ്പോള്‍ കൃത്രിമത്തീറ്റ നല്‍കിയുള്ള വളര്‍ത്തല്‍ ചെലവ് ഉയര്‍ത്തും. സസ്യങ്ങള്‍ കഴിച്ചു വളരുന്നവയായതുകൊണ്ടുതന്നെ ഇറച്ചിക്കും സ്വാദ് ഏറെയാണ്. അന്നജം കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിച്ചാലും ജയന്റ് ഗൗരാമികളുടെ ആരോഗ്യത്തെ ബാധിക്കും. ചക്കക്കാലത്ത് ചക്കക്കുരു പുഴുങ്ങിയത് സ്ഥിരമായി കഴിച്ചിരുന്ന ജയന്റ് ഗൗരാമിയുടെ ആന്തരികാവയവങ്ങളുടെ ചിത്രമാണ് ചുവടേയുള്ളത്. കൊഴുപ്പടിഞ്ഞ് മത്സ്യത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടതിനെത്തുടര്‍ന്ന് മത്സ്യം ചത്തു.

giant-gourami-3
ആന്തരികാവയവങ്ങളെ കൊഴുപ്പ് പൊതിഞ്ഞപ്പോൾ

English summary: Backyard pond fish aged 35 years: This is a vegetarian fish

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS