ADVERTISEMENT

1995 ഓഗസ്റ്റിലാണ് സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സുപ്രീം ഫുഡ്സ് കമ്പനി’യിൽ ഞാൻ ജോലിയിൽ പ്രവേശിക്കുന്നത്. എന്നെക്കൂടാതെ 15ലധികം വെറ്ററിനറി ഡോക്ടർമാർ ആ സമയത്ത് കമ്പനിയിൽ വിവിധ തസ്തികകളിലായി ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇറച്ചിക്കോഴി വ്യവസായത്തിൽ സൗദിയിലെ മുൻപന്തിയിൽ നിൽക്കുന്ന കമ്പനികളിലൊന്നാണ് ‘സുപ്രീം ഫുഡ്സ് കമ്പനി’.

K-787853
image credit: N-sky/Shutterstock

1995 കാലഘട്ടത്തിൽ കേരളത്തിൽ ബ്രോയിലർ കോഴി അത്ര പ്രചാരത്തിലായിട്ടില്ല. വെറ്ററിനറി ബിരുദം ഉണ്ടെന്നല്ലാതെ ബ്രോയിലർ മേഖലയില്‍ അന്ന് യാതൊരുവിധ പരിജ്ഞാനവുമില്ല. മുംബൈയിൽവച്ച് നടന്ന അഭിമുഖത്തിൽ ഇക്കാര്യം ഞാൻ കമ്പനിയിൽ നിന്നും വന്ന സായിപ്പിനോട് തുറന്ന് പറഞ്ഞു. അടിസ്ഥാന വിവരങ്ങൾ അറിഞ്ഞാല്‍ മതി ബാക്കിയുള്ള കാര്യങ്ങൾക്കാവശ്യമായ ട്രെയിനിങ് കമ്പനി നൽകും എന്ന് കമ്പനി പ്രതിനിധി പറഞ്ഞെങ്കിലും, മരുഭൂമിയിൽ എങ്ങനെയാണ് കോഴിയെ വളർത്തുന്നതെന്ന ആശങ്ക യാത്രയിലൂടനീളം എന്നെ അലട്ടുന്നുണ്ടായിരുന്നു. റിയാദ് സിറ്റിയിൽ തന്നെയാണ് ഹെഡ് ഓഫിസ്. ജോയിൻ ചെയ്തതിന്റെ പിറ്റേദിവസം തന്നെ, കോഴികളെ കശാപ്പ് ചെയ്ത് വിപണനത്തിന് തയാറാക്കുന്ന ‘പ്രോസസിങ് പ്ലാന്റി’ലേക്ക് പുതിയതായി ജോയിൻ ചെയ്ത ഞങ്ങളെ കൊണ്ടുപോയി. റിയാദിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ‘ഹുറൈ മല’ എന്ന സ്ഥലത്താണ് പ്ലാന്റ്. ഏകദേശം 3000– 4000 കോഴികളെ പ്രതിദിനം കശാപ്പ് ചെയ്യുന്നുണ്ടാകും എന്നാണ് ഞാൻ കരുതിയത്. അതിനു മുൻപ് ഞാൻ പ്രോസസിങ് പ്ലാന്റ് കണ്ടിട്ടില്ല. അക്കാലത്ത് ഇത്തരം പ്ലാന്റുകൾ ഇന്ത്യയിലില്ല. ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറി പ്ലാന്റിൽ നിന്നും തരുന്ന വസ്ത്രങ്ങളും തൊപ്പിയും കയ്യുറയും ബൂട്ടും ധരിച്ച് വേണം അകത്ത് കയറാൻ. വസ്ത്രം മാറുന്നതിനിടയിൽ ബയോ സെക്യൂരിറ്റിയെക്കുറിച്ചും അണുബാധ തടയുന്ന മാർഗങ്ങളെക്കുറിച്ചും കൂടെയുണ്ടായിരുന്ന ബ്രിട്ടീഷ് പൗരനായ ഏരിയാ മാനേജർ ഞങ്ങളോട് പറയുന്നുണ്ടായിരുന്നു. 

ആദ്യം ഞങ്ങൾ പ്രവേശിച്ചത് ഫാമിൽനിന്നും കോഴികളെ എത്തിച്ച് തൂക്കം എടുക്കുന്ന ഭാഗത്താണ്. വലിയ ട്രെയിലറുകളിൽ 10,000 കോഴികളെ എത്തിക്കുന്നതുകണ്ട് കണ്ണ് തള്ളിനിൽക്കുന്നതു ശ്രദ്ധിച്ച മാനേജർ ചോദിച്ചു ‘ഈ പ്ലാന്റിന്റെ കപ്പാസിറ്റി എത്രയാണെന്ന് അറിയാമോ? മണിക്കൂറിൽ 4000 കോഴികളെ കശാപ്പു ചെയ്യുന്ന പ്ലാന്റാണ്. ഒരു ദിവസം 40,000 മുതൽ 50,000 വരെ കോഴികളെ ഇവിടെ നിന്ന് കശാപ്പ് ചെയ്ത്, പാക്ക് ചെയ്ത് വിപണനത്തിനായി നൽകുന്നുണ്ട്.’ 

K-787851
image credit: zblaster/Shutterstock

500 കോഴിയെ തികച്ച് കണ്ടിട്ടില്ലാത്തവർക്ക് 50,000 കോഴിയെ ഒരു ദിവസം കശാപ്പ് ചെയ്യുന്നത് കണ്ടാലുള്ള അദ്ഭുതം പറയേണ്ടതില്ലല്ലോ. ഇപ്പോഴും കേരളത്തിൽ ദിവസം 3000–4000 കോഴികളെ കശാപ്പ് ചെയ്യുന്ന സെമി ഓട്ടോമാറ്റിക് പ്ലാന്റുകളേ ഈ 2022–ാം ആണ്ടിലുമുള്ളൂ എന്ന കാര്യം ഓർക്കുമ്പോളാണ് നാം കോഴി വളർത്തലിൽ എവിടെ നിൽക്കുന്നു എന്ന ചിന്തയുണ്ടാകുന്നത്. 27 വർഷങ്ങൾക്കു മുൻപ് പ്രതിദിനം 50,000 കോഴിയെ കശാപ്പ് ചെയ്യുന്ന പ്ലാന്റുകൾ വിദേശത്ത് പ്രവർത്തിക്കുന്നുണ്ടായിരുന്നു. 

കോഴിയെ എത്തിച്ച് തൂക്കം എടുത്തുകഴിഞ്ഞാലുടൻ, കറങ്ങിക്കൊണ്ടിരിക്കുന്ന ചെയിനിൽ തലകീഴായി തൂക്കിയിടും. ചെറിയ തോതിൽ കോഴിയുടെ ശരീരത്തിലൂടെ കറണ്ട് കടത്തി വിട്ട്, ബോധരഹിതമാക്കുന്ന ‘ഇലക്ട്രിക് സ്റ്റണിങ്’ എന്ന പ്രക്രിയ യൂറോപ്പിൽ നടപ്പിലാക്കുന്നുണ്ടെങ്കിലും, അറേബ്യൻ നാടുകളിൽ ഇത് അനുവദനീയമല്ല. ചെയിനിൽ തൂങ്ങി കറങ്ങി വരുന്ന കോഴികളെ കഴുത്തുമുറിച്ച് രക്തം വാർന്ന് പോകാൻ അനുവദിക്കുന്ന ‘ഹലാൽ’ രീതിയാണ് ഇവിടെ അനുവർത്തിക്കുന്നത്. ഈ പ്രക്രിയ ചെയ്യുന്നത് പരിചയസമ്പന്നനായ ഒരു തൊഴിലാളിയാണ്. രക്തം ശേഖരിക്കാൻ ബ്ലീഡിങ് ട്രഫ് ഉണ്ട്. തുടർന്ന് ചെയിനിലൂടെ കോഴി മുന്നോട്ട് നീങ്ങുമ്പോൾ ചെറിയ ചൂടുവെള്ളം നിറച്ച് ‘സ്കാൾഡിങ് ടാങ്കിലൂടെ’ നിശ്ചിത സമയം കടന്നു പോകുന്നു. കോഴിയുടെ തൂവലുകൾ പെട്ടെന്ന് പ്രയാസമില്ലാതെ ഇളകി വരാനാണ് ഇങ്ങനെ ചെയ്യുന്നത്. വീണ്ടും ചെയിന്‍ മുന്നോട്ട് നീങ്ങുമ്പോൾ ‘ഡീഫെതറിങ്’ എന്ന മെഷീനുകളിലൂടെ കടന്ന് പോകും. ഇവിടെവച്ചാണ് കോഴിയുടെ തൂവലുകൾ പൂർണമായും നീക്കം ചെയ്യുന്നത്. പിന്നീട് ‘എവിസ്റേഷൻ മെഷീനി’ൽ ആന്തരിക അവയവങ്ങൾ നീക്കം ചെയ്യപ്പെടും. തുടർന്ന് ഹൈപ്രഷർ വാഷിങ്, അപ്പോഴേക്കും കോഴിയുടെ ഭക്ഷ്യയോഗ്യമല്ലാത്ത എല്ലാ ഭാഗങ്ങളും നീക്കം ചെയ്ത് വൃത്തിയാക്കിയിട്ടുണ്ടാകും തുടർന്ന് ‘പ്രീചില്ലിങ്’ എന്ന പ്രക്രിയയിലൂടെ ട്രസ് ചെയ്ത കോഴിയുടെ ഊഷ്മാവ് കുറയ്ക്കുകയും ‘ഗ്രേഡിങ്’ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. ഇവിടെ വച്ചാണ് തൂക്കം, ക്വാളിറ്റി തുടങ്ങിവയ്ക്കനുസരിച്ച് തരംതിരിക്കുന്നതും വിവിധ ഉൽപന്നങ്ങളായി പായ്ക്കു ചെയ്യുന്നതും. തുടർന്ന് ‘ചില്ലിങ്’, ‘ഡീപ് ഫ്രീസിങ്’ തുടങ്ങിയ പ്രക്രിയയ്ക്ക് വിധേയമാക്കി സ്റ്റോറിലേക്ക് മാറ്റുന്നതും തുടർന്ന് വിപണനം നടത്തുന്നതും. 

K-787852
image credit: pics five/Shutterstock

ഇപ്പോൾ ഈ കമ്പനിയിൽ പ്രതിദിനം 1.5 ലക്ഷത്തിലധികം കോഴികളെ കശാപ്പ് ചെയ്യുന്നുണ്ട്. ‘പ്രോസസ് ചെയ്ത കോഴികളെ ലോഡു ചെയ്യുന്നതിനായി ഊഴം കാത്തുകിടക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ നടന്ന് തിരികെ ഞങ്ങളുടെ വണ്ടിയിൽ കയറുമ്പോൾ ഏതോ അദ്ഭുതലോകത്ത് നിന്നിറങ്ങിയ പ്രതീതിയാണുണ്ടായത്. 

ഫോൺ: 94462 90897 (whatsapp only)

ഭാഗം 2: 1.75 ലക്ഷം കോഴികളുടെ ഫാം, ഒരു കൂട്ടിൽ എണ്ണം 28000: പരിചരിക്കാൻ വെറും 9 പേർ

ഭാഗം 3: ആഴ്ചയിൽ പത്തുലക്ഷം കൊത്തുമുട്ടകൾ ഉൽപാദിപ്പിക്കുന്ന ‘ഫാക്ടറി’: മരുഭൂമിയിലെ ഇണക്കോഴികൾ

തുടരും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com