ADVERTISEMENT

സീസൺ ആരംഭത്തിൽ തന്നെ നാളികേര മേഖലയിൽ പുതിയ പ്രതിസന്ധി തലയുയർത്തുന്നു. മണ്ഡലകാലത്ത്‌ ശേഖരിച്ച നാളികേരത്തിൽ നിന്നുള്ള കൊപ്ര ഈ വാരം ഏതാണ്ട്‌ പൂർണമായി മലയിറങ്ങുമെന്നാണ്‌ വിവരം. റെക്കോർഡ്‌ അളവിലാണ്‌ ഇക്കുറി സന്നിധാനത്തുനിന്ന്‌ കൊപ്ര കയറ്റിവിട്ടത്‌. ശബരിമലയുടെ തന്നെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദക്ഷിണേന്ത്യൻ അയ്യപ്പ ഭക്തർ എത്തിയതിനൊപ്പം അവർ സമ്മർപ്പിച്ച നാളികേരത്തിന്റെ അളവും പതിവിലും ഇരട്ടിച്ചു. 

എത്ര ടൺ കൊപ്ര മലയിറങ്ങുമെന്ന കാര്യത്തിൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല. ലേലം പിടിച്ച ചരക്ക്‌ റിലീസിങ്‌ ശക്തമാക്കുന്നതോടെ വ്യവസായികളും വിൽപ്പനക്കാരും തമ്മിലുള്ള മത്സരം ഉടലെടുക്കും. ഇതിനിടെയിൽ ഞെരിഞ്ഞമരുക ചെറുകിട കർഷകന്റെ ജീവിതമാകും.  

മണ്ഡല സീസണിന്റെ തുടക്കത്തിൽ മലമുകളിൽ കൊപ്ര സംസ്‌കരണവേളയിൽ ഉണക്കാനിട്ട കൊപ്ര മഴ നനഞ്ഞു. ഇത്തരത്തിലുള്ള ഉണക്കുകുറഞ്ഞ കൊപ്ര വൻതോതിൽ നീങ്ങിയത്‌ വിൽപ്പനയ്‌ക്ക്‌ ഇറങ്ങുമ്പോൾ ഗുണമേന്മയുടെ പേരിൽ വില ഇടിക്കാനുള്ള നീക്കത്തിലാണ്‌ വ്യവസായികൾ.

പൂപ്പൽ ബാധയേറ്റ കൊപ്ര വരവ്‌ മുന്നിൽ കണ്ട്‌ ബഹുരാഷ്‌ട്ര കമ്പനികൾ നിരക്ക്‌ താഴ്‌ത്തി ക്വട്ടേഷൻ ഇറക്കി. വില ഇടിക്കാനുള്ള വൻകിടക്കാരുടെ നീക്കം മനസിലാക്കി ചെറുകിട കൊപ്രയാട്ട്‌ വ്യവസായികൾ പച്ചത്തേങ്ങ, കൊപ്ര സംഭരണം കുറച്ചു. ഏതവസരത്തിലും എണ്ണവില ഇടിയാമെന്ന ഭീതിയിൽ മില്ലുകാർ സ്‌റ്റോക്ക്‌ വിറ്റഴിക്കുന്നു. വിളവെടുപ്പ്‌ നടക്കുന്നതിനാൽ കർഷകരും ചരക്ക്‌ കൈമാറാനുള്ള തിടുക്കത്തിലാണ്‌. അതേസമയം വൻകിട തോട്ടങ്ങൾ വിളവ്‌ പിടിക്കുകയാണ്‌. 

പുതുക്കിയ പച്ചത്തേങ്ങ സംഭരണ വില സംസ്ഥാനം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു വില നിശ്‌ചയിച്ചതും സംഭരണത്തിന്‌ തുടക്കം കുറിച്ചതും. എന്നാൽ കൊപ്രയുടെ താങ്ങുവില കേന്ദ്രം ഉയർത്തി മാസം ഒന്നു പിന്നിട്ടിട്ടും കേരളം ഇക്കാര്യത്തിൽ അമാന്തിച്ചു നിൽക്കുകയാണ്‌. പ്രഖ്യാപനം ഓരോ ദിവസം വൈകുമ്പോൾ കാർഷിക മേഖലയ്ക്ക്‌ കനത്ത സാമ്പത്തിക നഷ്‌ടം നേരിടുന്നു. 

കൊച്ചി വിപണി വിലയേക്കാൾ 1400 രൂപയും കോഴിക്കോട്‌ വിലയിലും 2850 രൂപയും കുറച്ചാണ്‌ തമിഴ്‌നാട് വെളിച്ചെണ്ണ വിൽപ്പനയ്‌ക്ക്‌ ഇറക്കുന്നത്‌. കാങ്കയത്ത്‌ എണ്ണ വില 11,700 രൂപമാത്രമാണ്‌. തമിഴ്‌നാട്‌ വിലയിലെ വൻ അന്തരം മൂലം അതിശക്തമായ മത്സരത്തെയാണ്‌ നമ്മുടെ ചെറുകിട മില്ലുകാർ അഭിമുഖീകരിക്കുന്നത്‌. കൊപ്രയിലൂടെയോ പച്ചത്തേങ്ങയിലൂടെയോ കർഷകരെ താങ്ങാൻ സംസ്ഥാനം തയാറായെങ്കിൽ മാത്രമേ പ്രതിസന്ധിക്ക്‌ അയവു വരൂ. 

തേയില

അതിശൈത്യം തേയില ഉൽപാദനത്തെ ബാധിച്ചത്‌ വിലക്കയറ്റത്തിന്‌ വഴിതെളിക്കുമെന്നു കണക്കുകൂട്ടിയ അവസരത്തിൽ വിദേശ വ്യാപാര രംഗത്ത്‌ പുതിയ പ്രതിസന്ധികൾ ഉയരുന്നു. കയറ്റുമതിക്കാർ പണ ലഭ്യതയ്‌ക്കു കാലതാമസം നേരിടുന്നതിനാൽ പുതിയ കരാറുകളിൽ നിന്നും അൽപം പിൻവലിഞ്ഞു. പുതിയ എൽ സി തുറക്കാൻ മൂന്ന്‌ മാസം വരെ കാലതാസം നേരിടുന്നത്‌ കയറ്റുമതിയുടെ ആകർഷണം കുറച്ചു. അതേ സമയം ഇന്ത്യൻ തേയില വില വർധനയും പുതിയ ഓർഡറുകൾക്ക്‌ തടസമായി. ഇതു മൂലം ഇറാനും റഷ്യയും മറ്റ്‌ ഉൽപാദകരാജ്യങ്ങളിലേക്കു ശ്രദ്ധതിരിക്കുന്നു. 

രാജ്യാന്തര വിപണിയിൽ ഇനി കെനിയയിൽ നിന്നും കടുത്ത മത്സരം ഉയരും. ആകർഷകമായ വിലയാണ്‌ അവർ വാഗ്‌ദാനം ചെയ്യുന്നത്‌, അതും ഗുണമേന്മ ഉയർന്ന തേയില. ദക്ഷിണേന്ത്യൻ ചരക്കിന്‌ കിലോ 280‐450 രൂപ വിലമതിക്കുമ്പോൾ കെനിയ 325‐350 രൂപയ്‌ക്ക്‌ കയറ്റുമതി നടത്തുന്നു. ഉയർന്ന ഉൽപാദനം ഒരു പരിധി വരെ അവർക്ക്‌ വില കുറച്ച്‌ ചരക്ക്‌ ഇറക്കാൻ അവസരം ഒരുക്കുന്നു.

നടപ്പ്‌ വർഷം ആദ്യ മൂന്നു മാസകാലയളവിൽ പഴയ പ്രതാപം നിലനിർത്താൻ ദക്ഷിണേന്ത്യൻ തേയില അൽപം വിയർപ്പ്‌ ഒഴുക്കേണ്ടിവരുമെന്ന സൂചനയാണ്‌ ആഗോള വിപണിയിലെ ചലനങ്ങൾ നൽക്കുന്നത്‌. 

തേയില വിലയിൽ ഒരു തിരുത്തൽ സംഭവിച്ചാൽ മാത്രമേ കയറ്റുമതി മേഖലയിൽ ആധിപത്യം നിലനിർത്താനാകൂ. പഴയ തട്ടകം കൈപ്പിടിയിൽ ഒതുക്കാനുള്ള അവസരത്തിനായി കാത്ത്‌ നിൽക്കുകയാണ്‌ ശ്രീലങ്ക, അതുകൊണ്ടു തന്നെ കരുതലോടെ നീങ്ങിയാലെ തേയിലയുടെ കടുപ്പം കാത്ത്‌ സൂക്ഷിക്കാൻ നമുക്കാവൂ.  

കുരുമുളക്

കൂർഗ്ഗിലെ തോട്ടങ്ങളിൽ കുരുമുളക്‌ വിളവെടുപ്പിന്‌ തുടക്കം കുറിച്ചു. അടുത്തവാരം ചിക്കമംഗലൂർ, ഹസ്സൻ മേഖലയും വിളവെടുപ്പിലേക്ക്‌ കർഷകർ ശ്രദ്ധതിരിക്കും. വൻകിട തോട്ടങ്ങളായതിനാൽ പുതിയ ചരക്ക്‌ തിരക്കിട്ട്‌ വിറ്റഴിക്കില്ല. സാമ്പത്തിക അടിത്തറയുള്ള വലിയപങ്ക്‌ കർഷകരും ആകർഷകമായ വിലയെ ഉറ്റ്‌നോക്കും. 

വർഷാന്ത്യത്തിലെ കനത്ത മഴ കർണാടകത്തിലെ തോട്ടങ്ങളെ ബാധിച്ചതിനാൽ പുതിയ മുളക്‌ പത്തായങ്ങളിലേക്ക്‌ നീക്കാൻ സാധ്യത. കിലോ 500 രൂപയിലാണ്‌ കുരുമുളക്‌ വ്യാപാരം നടക്കുന്നത്‌. മാർച്ച്‌, ഏപ്രിലിൽ 524 രൂപയ്‌ക്ക്‌ മുകളിൽ നിലയുറപ്പിക്കാനുള്ള സാധ്യതകൾ തെളിയുന്നു. എന്നാൽ ഇറക്കുമതി ഭീഷണികൾക്ക്‌ മുന്നിൽ കർഷകർക്ക്‌ എത്രമാത്രം പിടിച്ചു നിൽക്കാനാവുമെന്നതിനെ ആശ്രയിച്ചാവും വിപണി നിലകൊള്ളുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com