ADVERTISEMENT

മുൻപൊന്നും മുട്ടക്കോഴികളില്ലാത്ത വീടുണ്ടായിരുന്നില്ല നമ്മുടെ നാട്ടിൽ. നല്ല മുട്ടയ്ക്കും നിത്യവരുമാനത്തിനുമായി പത്തും പതിനഞ്ചും കോഴികളെ  പരിപാലിച്ചിരുന്നു വീട്ടമ്മമാര്‍. കാലം പോകെ ആ ശീലം  നമുക്കു കൈമോശം വന്നു. നാടൻമുട്ടയ്ക്കു പകരം നാമക്കൽ മുട്ട വിപണി കയ്യേറി. വരവുമുട്ടയുടെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കപ്പെട്ടുകൊണ്ടുതന്നെ അത് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായി നമ്മള്‍. 

തമ്മിൽ കാണുമ്പോഴെല്ലാം ഇക്കാര്യത്തിൽ പരസ്പരം ആശങ്ക പങ്കുവച്ചിരുന്നു തിരുവനന്തപുരത്തെ ഒരു കൂട്ടം ഉദ്യോഗസ്ഥ സുഹൃത്തുക്കൾ. ക്രമേണ അവരുടെ ചര്‍ച്ചകള്‍ക്കു ഗൗരവമേറി. നല്ല മുട്ടയ്ക്കു വേണ്ടിയുള്ള അവരുടെ അന്വേഷണം ഇന്നെത്തി നിൽക്കുന്നത് കേരളത്തിൽ നിശ്ശബ്ദമായി നടക്കുന്ന ഒരു മുട്ടവിപ്ലവത്തിലാണ്. ‘സമഗ്ര’ എന്ന സംഘടനയിലൂടെ കേരളത്തില്‍ എല്ലായിടത്തും മികച്ച മുട്ടക്കോഴികള്‍ക്കൊപ്പം  ഹൈടെക് കോഴിക്കൂടും മികച്ച ഗുണനിലവാരമു ള്ള കോഴിത്തീറ്റയും എത്തിക്കുന്നു ഈ സുഹൃദ്സംഘം. മുട്ടക്കോഴികളിൽ ഏറ്റവും മികച്ചതെന്നു വിലയിരുത്തപ്പെടുന്ന, വെങ്കിടേശ്വര ഹാച്ചറിയുടെ ബിവി 380 ഇനം കോഴികളെയാണ് ‘സമഗ്ര’ വിതരണം ചെയ്യുന്നത്. 320 മുട്ടയാണ് ഈയിനത്തിന്റെ ശരാശരി വാര്‍ഷിക ഉൽപാദനം.

egg-2
ലോക മുട്ടദിനത്തിൽ ഒത്തുചേർന്ന സമഗ്ര ടീം

സമഗ്ര വികസനം

മൂന്നു മുദ്രാവാക്യങ്ങളാണ് സമഗ്രയെ നയിക്കുന്നതെന്ന് പ്രസിഡന്റ് അഡ്വ. അരുൺ എസ്. അമ്പലപ്പാട്ടിൽ. ആദ്യത്തേത് സാമൂഹിക പ്രതിബദ്ധത. വിപണിയിൽനിന്നു വാങ്ങുന്ന മറുനാടൻ പച്ചക്കറികളിലെ വിഷാംശത്തെക്കുറിച്ചുള്ള ആശങ്ക നമ്മുടെ നാട്ടിൽ അടുക്കളത്തോട്ടവിപ്ലവത്തിനുതന്നെ വഴിവച്ചു. ഇതു മുട്ടയുൽപാദനത്തിലും ഉണ്ടാകണം. അടുക്കളമുറ്റത്തു കോഴിവളർത്താൻ സൗകര്യ മുള്ളവരെല്ലാം അതിനു തുനിയണമെന്ന് അരുൺ ഓർമിപ്പിക്കുന്നു. 

കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യജീവിതത്തിന് അനിവാര്യമാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇതു സമൃദ്ധമായി അടങ്ങിയ അസോള പായൽ, ചിതൽപ്പുറ്റ്, ഔഷധസസ്യങ്ങൾ എന്നിവ കൂടി ചേർന്ന കൃത്രിമത്തീറ്റയാണ് സമഗ്ര വിതരണം ചെയ്യുന്നത്. വരവുമുട്ടകള്‍ക്കു പകരം ആരോഗ്യമുട്ടകൾ നമുക്കുതന്നെ ഉൽപാദിപ്പിക്കാമെന്ന് അരുൺ പറയുന്നു. കോഴിയെ വളര്‍ത്തുന്നവന്  വരുമാനവും ഉപഭോക്താവിന് ആരോഗ്യവും. ‘നമുക്കൊരു മുട്ട, നാടിനൊരു മുട്ട’ എന്ന മുദ്രാവാക്യത്തിലൂടെ സമഗ്ര നിറവേറ്റുന്നത് ഈ സാമൂഹിക പ്രതിബദ്ധത തന്നെ. 

സ്ത്രീപുരുഷ ശാക്തീകരണമാണ് സമഗ്രയുടെ രണ്ടാമത്തെ മുദ്രാവാക്യം. കോഴിവളർത്തലിലൂടെ  മുട്ട ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുട്ടയുൽപാദനത്തിൽ മൂന്നാം സ്ഥാനമുള്ള രാജ്യമാണ് ഇന്ത്യയെങ്കിലും അതിന്റെ 6 ശതമാനം മാത്രമാണ് കേരളത്തിന്റെ വിഹിതം. എന്നാല്‍  ഉയർന്ന മുട്ട ഉപഭോഗമുള്ള  കേരളത്തില്‍ മുട്ടയുല്‍പാദനം ലാഭകരമായ സംരംഭമാണെന്നതില്‍ സംശയമില്ല.  

മിക്ക വിളകൾക്കും വിലയിടിഞ്ഞതോടെ നമ്മുടെ കർഷകർക്ക് അധിക വരുമാനത്തിനു പറ്റിയ വഴിതന്നെ മുട്ടക്കോഴിവളർത്തല്‍. ഇക്കാര്യം അവരെ  ബോധ്യപ്പെടുത്തുന്നതും സമഗ്രയുടെ ലക്ഷ്യമാണ്. മുട്ടക്കോഴി നൽകുന്ന നേട്ടം മുട്ടയിൽ മാത്രം ഒതുങ്ങുന്നതല്ല. ഇറച്ചി, ജൈവവളം തുടങ്ങി അനുബന്ധ നേട്ടങ്ങളുമുണ്ട്. 

egg-1
സമഗ്രയുടെ ഭാരവാഹികൾ: ഉണ്ണിക്കുട്ടൻ (ജോയിന്റ് സെക്രട്ടറി), അഡ്വ. അരുൺ എസ് അമ്പലപ്പാട്ടിൽ (പ്രസിഡന്റ്), അഡ്വ. എസ്ൻ ജിതിൻദാസ് (വൈസ് പ്രസിഡന്റ്), വി.എസ്.പ്രകാശ് (സെക്രട്ടറി)

കോഴി, കൂട്, തീറ്റ, മരുന്ന്

മൂന്നു തലങ്ങളിലായാണ് സമഗ്രയുടെ സംരംഭം മുന്നേറുന്നത്. ഇറച്ചിക്കോഴിവളർത്തലിൽ പൊതുവെ പരിചിതമായ ഇന്റ‌ഗ്രേഷൻ ആണ് ആദ്യ തലം. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ നാലര മാസം വരെ വളർത്താനായി കർഷകരെ ഏൽപിക്കുന്ന രീതിയാണിത്. കോഴിക്കൂട്, വെള്ളം, തീറ്റപ്പാത്രം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം കർഷകർ ഒരുക്കണം. കോഴിക്കുഞ്ഞുങ്ങള്‍,  തീറ്റ, മരുന്ന് എന്നിവയെല്ലാം കർഷകന്റെ ഫാമിൽ എത്തിക്കും. നാലര മാസം പ്രായമെത്തുമ്പോള്‍  വളർത്തുകൂലി നൽകി കോഴിയെ തിരിച്ചെടുക്കും. ഇവയെ വരുമാനത്തിനായോ സ്വന്താവശ്യത്തിനായോ  മുട്ടക്കോഴിവളർത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്കു നല്‍കുന്നു. 10 കോഴി മുതൽ അഞ്ഞൂറോ ആയിരമോ അതിലേറെയോ വളർത്താൻ താൽപര്യപ്പെടുന്നവർ ക്കു കോഴിയും കൂടും നൽകും. 7 വാക്സിനുകൾ പൂർത്തിയാക്കിയ, നാലര മാസം പ്രായമെത്തിയ ഈ കോഴികൾ  വൈകാതെതന്നെ മുട്ടയുൽപാദനം തുടങ്ങും. ഒന്നര വർഷം തുടർച്ചയായി മുട്ടയിടും. തുടർന്ന്  ഇറച്ചിക്കായി വിറ്റ് അധിക വരുമാനവും നേടാം. 

ബിവി 380 മുട്ടക്കോഴികളെ സംബന്ധിച്ച് കൃത്രിമത്തീറ്റ പ്രധാനമാണ്. തീറ്റ കുറയുകയോ മാറുകയോ ചെയ്താൽ മുട്ടയിടീല്‍ കുറയും.  നിലവിൽ കോഴിത്തീറ്റവില ഉയർന്നു നിൽക്കുന്നത് പലരെയും ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും ഒരു മുട്ടയുടെ ഉല്‍പാദനച്ചെലവ് ഇപ്പോഴും 3.5–4 രൂപ മാത്രമെന്നു സമഗ്ര പ്രതിനിധികൾ പറയുന്നു. ഉപഭോക്താക്കൾക്ക് നേരിട്ട് ചില്ലറയായി വിൽക്കുമ്പോൾ  മുട്ടയ്ക്ക് 7–8 രൂപ വില കിട്ടും.  കടക്കാർക്കു മൊത്തമായി വിൽക്കുമ്പോൾ ശരാശരി 6 രൂപ ലഭിക്കുന്നുണ്ട്.  

നഗരത്തിന് നല്ല മുട്ട

തിരുവനന്തപുരം നഗരത്തിലുള്ള തങ്ങളുടെ കർഷകരിൽനിന്ന് മുട്ട നേരിട്ടു വാങ്ങി നേരിയ ലാഭം മാത്രം ഈടാക്കി ഹോം ഡെലിവറി ചെയ്യുന്നുമുണ്ട് സമഗ്ര. ആയിരത്തിലധികം മുട്ടയാണ്  ഇങ്ങനെ ഒരു ദിവസം നഗരത്തിൽ വിറ്റഴിക്കുന്നത്. നല്ല മുട്ട നാടു മുഴുവൻ പ്രചരിപ്പിക്കാന്‍  ആഗോള മുട്ട ദിനം ആഘോഷിക്കൽ, സ്കൂളുകളിൽ സൗജന്യ മുട്ട വിതരണം തുടങ്ങിയ പദ്ധതികളും നടത്തിവരുന്നു.  

ഹരിതവിപ്ലവവും ധവളവിപ്ലവവുംപോലെ മുട്ടവിപ്ലവവും വരേണ്ടതു പോഷകലഭ്യതയ്ക്കും ആ രോഗ്യസുരക്ഷയ്ക്കും കര്‍ഷകരുടെയും വീട്ടമ്മമാരുടെയും വരുമാന വര്‍ധനയ്ക്കും അനിവാര്യമെ ന്നു സമഗ്ര ഓർമിപ്പിക്കുന്നു. ഇതിനായി പദ്ധതികൾ നടപ്പാക്കാനും ഇതേ ലക്ഷ്യമുള്ള തങ്ങളെപ്പോ ലുള്ള  സംരംഭകരെ പിൻതുണയ്ക്കാനും സർക്കാർ കൂടി തയാറാവണമെന്ന്  സമഗ്ര നിര്‍ദേശിക്കുന്നു. 

ഫോൺ (പ്രസിഡന്റ്): 7902725928

English summary: Integration in layer poultry farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com