കർഷകനെ ബ്രാൻഡ് ചെയ്ത് ഉൽപന്നങ്ങൾക്ക് മികച്ച വില; വിപണി വിപ്ലവം സ്റ്റാർട്ടപ്പിലൂടെ

HIGHLIGHTS
  • നിലവാരം, ബ്രാൻഡ് എന്നിവയൊക്കെ വില നിർണയിക്കുന്ന ഘടകങ്ങളാണ്
  • നമ്മുടെ വിപണികളിൽ മികച്ചതും അല്ലാത്തതും വേർതിരിച്ചു വില്‍ക്കുന്നില്ല
siju-samu
സിജു സാമു
SHARE

സ്വന്തം ബ്രാൻഡുള്ള പച്ചക്കറികർഷകരെ കണ്ടിട്ടുണ്ടോ? അവരുടെ പച്ചക്കറി പ്രത്യേകം ചോദിച്ചു വാങ്ങാൻ അവസരം കിട്ടിയിട്ടുണ്ടോ? പാൽ, തേയില, കാപ്പിപ്പൊടി എന്തിന് മാംസം പോലും ഇഷ്ടമുള്ള ബ്രാൻഡ് നോക്കി വാങ്ങാൻ നമുക്ക് അവസരമുള്ളപ്പോൾ‌ പഴങ്ങൾക്കും പച്ചക്കറിക്കും അത് സാധ്യമല്ലേ?  സാധ്യമാക്കുകയാണ് ഫാം ഫെയ്സ് എന്ന അഗ്രി സ്റ്റാർട്ടപ്. 

‘അട്ടപ്പാടിയിലെ മഹാദേവന്റെ കൃഷിയിടത്തിലെ തക്കാളി ഒരു കിലോ എടുത്തോളൂ, വെണ്ടക്കാ വയനാട്ടിലെ സാമുവലിന്റെ തോട്ടത്തിലേത് മതി ട്ടോ...’ എന്നിങ്ങനെ ഓരോ കർഷകന്റെ, അല്ലെങ്കിൽ ഓരോ പ്രദേശത്തിന്റെ പേര് പറഞ്ഞ് പച്ചക്കറിയും പഴങ്ങളുമെല്ലാം മാർക്കറ്റിൽ നിന്നും വാങ്ങാൻ കഴിയുന്നതൊന്ന് ഓർത്തു നോക്കൂ..

കർഷകനെയും അവന്റെ ഉൽപ്പന്നത്തിനെയും തിരിച്ചറിയാൻ അവസരം നൽകുന്ന വിപണിയാണ് ഫാം ഫെയിസ് ഒരുക്കുന്നത്. കർഷകൻ തന്റെ ഉൽപ്പന്നത്തിന്റെ പേരിൽ ബ്രാൻഡായി മാറുകയാണിവിടെ. ഓരോ കർഷകനും അവന്റെ കൃഷിരീതിയനുസരിച്ച് വിലമതിക്കപ്പെടും. ശരിയായ കൃഷിരീതികൾ പിന്തുടരുന്നവർക്ക് സ്വാഭാവികയമായും വിപണിയിൽ ഡിമാൻ‍‍ഡ് വർധിക്കും. കൃഷിക്കാർക്ക്  ഒരേസമയം ഉത്തരവാദിത്തവും അവസരവും സൃഷ്ടിക്കുന്ന ഈ സംവിധാനത്തിനുപിന്നിൽ തൃശൂർ സ്വാദശിയും  ചാർട്ടേർഡ് അക്കൗണ്ടന്റുമായ സിജു സാമുവാണ്.

siju-samu-2

ഓഡിറ്റ് ചെയ്യാതെതന്നെ നഷ്ടം ഉറപ്പുള്ള മേഖലയായി നാട്ടിലെ കൃഷി മാറിയപ്പോഴാണ് ചാർട്ടേഡ് അക്കൗണ്ടന്റ് സിജു സോമുവിന്  ഇടപെടണമെന്നു തോന്നിയത്.  കാർഷികോൽപന്ന വിപണിയിലെ ചൂഷണത്തിന് അറുതി വരുത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി  ഫാർമേഴ്സ് ഫേസ് എന്ന സംരംഭത്തിനു നേതൃത്വം നൽകുകയാണ് ഈ തൃശൂര്‍ സ്വദേശി. കൃഷിക്കാരൻ തന്നെ തന്റെ ഉൽപന്നങ്ങൾക്കു വിലയിടുന്ന രീതിയാണ് ഫാം ഫെയ്സ് സ്വീകരിച്ചിരിക്കുന്നത്.  എന്നാൽ ആ വില വിപണിക്കു സ്വീകാര്യമാകണമെങ്കിൽ ഉൽപന്നങ്ങൾക്ക് മതിയായ നിലവാരമുണ്ടാകണമെന്നു മാത്രം. അല്ലാത്ത പക്ഷം ഉപഭോക്താക്കൾ മറ്റു കർഷകരെ തേടി പോകും, ഏതു കര്‍ഷകന്റെ പച്ചക്കറികളും പഴങ്ങളും വാങ്ങണമെന്ന് കസ്റ്റമര്‍ക്ക് തീരുമാനിക്കുന്നതിനുള്ള അവസരമാണ് ഫാം ഫെയ്സ് മുന്നോട്ടുവെക്കുന്നതെന്ന് സിജു ചൂണ്ടിക്കാട്ടി. കൃഷി എന്ന തൊഴിലിന്റെ മഹത്വം വർധിക്കാൻ ഇതിടയാക്കും

രണ്ടു പ്രശ്നങ്ങൾക്കാണ് താൻ പരിഹാരം തേടുന്നതെന്നു സിജു പറയുന്നു.

എന്തുകൊണ്ടാണ്  നാടൻ ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറെയുണ്ടായിട്ടും അന്യ സംസ്ഥാന ഉൽപന്നങ്ങൾ കൂടുതലായി വിപണിയിലെത്തുന്നത്? എന്തുകൊണ്ടാണ് കർഷകന്റെ ഉൽപന്നങ്ങൾക്ക് കച്ചവടക്കാർ വില കുറയ്ക്കുന്നത്?

ഉല്‍പന്ന വില്‍പന അതതു പ്രാദേശിക വിപണിയിൽ മാത്രമാകുന്നതാണ് ആദ്യ പ്രശ്നത്തിനു  കാരണമെന്നു സിജു.  പ്രാദേശിക ഉൽപാദനം വർധിക്കുമ്പോൾ വില ഇടിയുന്നു. അതേ ഉൽപന്നത്തിനു സംസ്ഥാനത്തെ മറ്റു വിപണികളില്‍ കൂടുതല്‍ പ്രിയവും വിലയുമുണ്ടായേക്കും.  പാലക്കാട് വിപണിയിൽ 50 രൂപ മാത്രം കിട്ടുന്ന പാവക്കായ്ക്കു കോട്ടയത്ത് 100 രൂപ വില കിട്ടാം. എന്നാല്‍ ഡിമാൻ‌ഡും വിലയും കൂടുതലുള്ള വിപണികളിലേക്ക് ഉൽപന്നമെത്തിക്കാൻ കൃഷിക്കാരനെ ആരും സഹായിക്കുന്നില്ല.  

siju-samu-1
കൃഷിയിട സന്ദർശനം

നമ്മുടെ  നാട്ടിൻപുറങ്ങളിൽനിന്നു വിപണിയിലെത്തുന്ന ഉൽപന്നങ്ങള്‍ ഗുണനിലവാരത്തില്‍ മുന്നിലാവാം. പക്ഷേ, ഉപഭോക്തൃ താൽപര്യവുമായി പൊരുത്തപ്പെടുന്നതാവില്ല. നാടൻ ഞാലിപ്പൂവൻ മികച്ച ഉദാഹരണം. തികച്ചും ജൈവ ഉൽപന്നമായിരിക്കും. പക്ഷേ, ഇതിന്റെ 3 പടലയ്ക്കു മാത്രമേ ഉപഭോക്താവിന് ഇഷ്ടപ്പെടുന്ന വലുപ്പം കാണുകയുള്ളൂ. കച്ചവടക്കാരനു ബാക്കി പടലകള്‍ വില്‍ക്കാനാവാതെ വരുന്നു.  നാടന്റെ കച്ചവടമേ വേണ്ടെന്നുവച്ചാൽ പ്രശ്നം തീരുമല്ലോയെന്ന് അവന്‍ സ്വാഭാവികമായും ചിന്തിക്കുന്നു. മറുനാടന്‍ പച്ചക്കറികൾക്ക്  സൂക്ഷിപ്പുകാലമേറുമെന്നതും കച്ചവടക്കാരെ ആകര്‍ഷിക്കുന്നു. 

അർഹിക്കുന്ന വില കിട്ടാത്തതിനു മറ്റൊരു കാരണം കൂടിയുണ്ട്. നമ്മുടെ വിപണികളിൽ മികച്ചതും അല്ലാത്തതും വേർതിരിച്ചു വില്‍ക്കുന്നില്ല. വരുന്നതെല്ലാം കൂടി കൂട്ടിയിട്ടുവിൽക്കുന്നു. ഏറ്റവും നല്ല രീതിയിൽ കൃഷി ചെയ്യുന്നവരെയും അവരുടെ ഉൽപന്നങ്ങളെയും തിരിച്ചറിയാൻ നമ്മുടെ വിപണികളില്‍ സംവിധാനമില്ല. മറ്റു മേഖലകളില്‍ കാര്യങ്ങൾ വ്യത്യസ്തമാണ്. ഉദ്യോഗത്തിൽ അനുഭവ സമ്പത്തിനും ഉത്തരവാദിത്തത്തിനും  ആനുപാതികമായി ശമ്പളം കിട്ടുന്നു. ബിസിനസിൽ ബ്രാൻഡ് മൂല്യത്തിന് അനുസരിച്ച് വില മാറുന്നു. എന്നാൽ കൃഷിക്കാരനു മാത്രം ഇങ്ങനെ മൂല്യം വർധിപ്പിക്കാൻ കഴിയുന്നില്ല. കച്ചവടക്കാരിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതിനിടയിൽ  ഉൽപന്നങ്ങളുടെ തൂക്കത്തിലും നിലവാരത്തിലുമുണ്ടാകുന്ന കുറവും പ്രശ്നമാണ്. ഈ നഷ്ടവും വിൽപനവില ഉയരാൻ കാരണമാകും. അതിവേഗം കേടാകുന്ന പച്ചക്കറികളുടെ സൂക്ഷിപ്പുചെലവും തൂക്കക്കുറവു മൂലമുള്ള നഷ്ടസാധ്യതയും പരിഗണിച്ചാണ് കച്ചവടക്കാർ വിലയിടുന്നതും. 

ഉൽപാദനച്ചെലവ് മാത്രമല്ല  നിലവാരം, ബ്രാൻഡ് എന്നിവയൊക്കെ വില നിർണയിക്കുന്ന ഘടകങ്ങളാണെന്നു നമുക്കറിയാം. എന്നാൽ അവ രണ്ടും നമ്മുടെ കാർഷികോൽപന്ന വിപണിയിൽ വേണ്ടത്ര സ്ഥാനം നേടിയിട്ടില്ല. കപ്പയ്ക്കും വാഴക്കുലയ്ക്കും നാളികേരത്തിനുമൊക്കെ എന്തു ബ്രാൻഡ് എന്നല്ലേ? ആകാമല്ലോ.  ഉൽപന്നങ്ങൾക്കല്ല, അവ ഉൽപാദിപ്പിക്കപ്പെടുന്ന കൃഷിക്കാരനും കൃഷിയിടത്തിനുമാണ് ബ്രാ‍ൻഡ് വേണ്ടത്. ചില കൃഷിക്കാരുടെ ഉൽപന്നങ്ങൾക്ക് ചന്തയിൽ സ്ഥിരമായി കൂടിയ ഡിമാൻഡ് ഉള്ളതു കണ്ടിട്ടില്ലേ? അവരുടെ ഉൽപാദനരീതികളിൽ വിപണിക്കുള്ള മതിപ്പാണ് കാരണം.  ജൈവ കർഷകർക്കു  മാത്രമല്ല, സൽകൃഷിരീതിയില്‍ ചെയ്യുന്നവർക്കും ഗ്രേഡിങ് നടത്തുന്നവർക്കുമൊക്കെ അധികവില നൽകാൻ വിപണി തയാര്‍. എന്നാൽ  ഉപഭോക്താക്കൾക്ക് ഇത്തരം കർഷകരെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നതാണ് തടസ്സം.

നിലവാരമുള്ള ഉൽപന്നങ്ങൾ മാത്രം ഉൽപാദിപ്പിക്കുന്ന കൃഷിക്കാരെ തിരിച്ചറിയാൻ കഴിഞ്ഞാൽ നേട്ടം ഇരുകൂട്ടർക്കുമാണ്– നല്ല കർഷകനു വിപണിയിൽ ബ്രാൻഡ് ഇമേജ് കൂടും. ഉപഭോക്താവിനു നല്ല  ഉൽപന്നങ്ങൾ ഉറപ്പാക്കുകയുമാവാം. പക്ഷേ, ഇതെങ്ങനെ സാധിക്കും? കടയിലായാലും ചന്തയിലായാലും  ഉൽപാദകനായ കർഷകൻ തിരിച്ചറിയപ്പെടാതെ പോവുന്നു. അതുകൊണ്ടുതന്നെ  അവരുടെ ഉൽപാദനമികവ് അംഗീകരിക്കപ്പെടാതെ പോകുന്നു. ഒരു തുള്ളി രാസവസ്തുപോലും ചേർ‍ക്കാതെ ഉൽപാദിപ്പിച്ച വാഴക്കുലയും അടിമുടി രാസവളത്തിലും രാസകീടനാശിനിയിലും കുളിപ്പിച്ച കുലയും ഒരേ വിപണിയിൽ ഒരേ വിലയ്ക്കു പോകുന്നത്  അതുകൊണ്ടാണല്ലോ? വിപണിയിൽ മറ്റ് ഉൽപന്നങ്ങൾക്കെന്നപോലെ കൃഷിക്കാർക്കും ബ്രാൻഡുണ്ടാകണം. 

siju-samu-3
കർഷകരുടെ ക്ലസ്റ്ററുകളിലൂടെ പച്ചക്കറി സംഭരണം

കൃഷിക്കാരെ തിരിച്ചറിഞ്ഞ് ഉൽപന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾക്ക് അവസരം നൽകിയാൽ ഇത്തരം  പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാക്കാമെന്ന തിരിച്ചറിവാണ് ഫാം ഫെയ്സ് എന്ന വിപണനപ്ര സ്ഥാനം രൂപപ്പെടുത്താൻ  സിജുവിനെ പ്രേരിപ്പിച്ചത്. മറ്റു  മേഖലകളിലെ വിതരണശൃംഖലകളുടെ ബിസിനസ് മാതൃകകൾ വിശകലനം ചെയ്തുള്ള മുൻപരിചയം ഇക്കാര്യത്തിൽ ഏറെ സാഹയകമായി. ഓരോ കൃഷിക്കാരനും ഓൺലൈൻ മുഖം നൽകി വിപണിയിൽ സ്വന്തം ബ്രാൻഡ് സൃഷ്ടിക്കാൻ സഹായിക്കുകയാണ് ഫാം ഫെയ്സ്.  കൃഷിക്കാരനും ഉപഭോക്താവിനുമിടയിലെ വിതരണശൃംഖലയുടെ നടത്തിപ്പാണ് ഫാം ഫെയ്സിന്റെ മുഖ്യ ദൗത്യം. ഇതിനായി ആധുനിക സാങ്കേതികവിദ്യ  പ്രയോജനപ്പെടുത്തുന്ന അഗ്രിടെക് സ്റ്റാർട്ടപ് കൂടിയാണിത്.

മികച്ച കാർഷികോൽപന്നങ്ങൾ ഡിമാൻഡുള്ള വിപണികളിലെത്തിക്കാൻ ഇവർ കൃഷിക്കാരെ സഹായിക്കുന്നു. തുടക്കമെന്ന നിലയിൽ കൃഷിക്കാരെ പ്രാദേശിക ക്ലസ്റ്ററുകളായി തിരിച്ചാണ് സംഭരണം. ആഴ്ചയിൽ നാലു ദിവസം ഉൽപന്നസംഭരണത്തിനായി കൃഷിയിടങ്ങളിൽ വണ്ടിയെത്തും. തുടർന്ന പ്രാഥമിക സംഭരണ കേന്ദ്രത്തിലേക്കും അവിടെ നിന്ന്  ഫ്രാഞ്ചൈസികൾ വഴി ഉപഭോക്താക്കളിലേക്കും. ഉൽപന്നങ്ങളെത്തുന്നു. വൈകാതെ ഫാം ഫെയ്സ് മൊബൈൽ ആപ്പിലൂടെയും ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ഉൽപന്നങ്ങൾ തെര‍ഞ്ഞെടുക്കാനാവും.  കർഷകനെയും അവരുടെ കൃഷിരീതിയും ഉപഭോക്താക്കൾക്കു തിരിച്ചറിയുന്നതിനായി അവരെക്കുറിച്ചുള്ള വിഡിയോയും ഫാം ഫെയ്സ് ആപ്പിലൂടെ ലഭിക്കും.  നിലവാരമുള്ള കർഷകരിൽനിന്ന്  ഉൽപന്നങ്ങൾ വാങ്ങുകയും  ഓൺലൈനായും ഓഫ് ലൈനായും വിപണനം നടത്തുകയും ചെയ്യുന്നു.  ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് ഉൽപാദനകനെ റേറ്റ് ചെയ്യാനും ആപ്പിൽ സൗകര്യമുണ്ടായിരിക്കും പൂർണതയിലെത്തുമ്പോൾ  ഓരോ കർഷകനും സ്വന്തം മികവനുസരിച്ച് വില നിശ്ചയിക്കാൻ അവസരം ലഭിക്കും. ആറു മാസം മുമ്പ് പ്രവർത്തനമാരംഭിച്ച ഈ സംരംഭം തൃശൂർ, പാലക്കാട്, കോട്ടയം, എറണാകുളം  ജില്ലകളിലാണ് നിലവിൽ സജീവമായുള്ളത്. ഘട്ടം ഘട്ടമായി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത് 

ഫാം ഫേയിസിൽ റജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്ന കർഷകർക്കും കർഷക കൂട്ടായ്മകൾക്കും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കും (എഫ്.പി.ഒ) നേരിട്ട് വിളിക്കാം.

ഫോൺ:  സിജു സാമു 98950 29241, സംഭരണം- 96333 98662

English summary: Better prices for produce by branding the farmer; Market revolution through startups

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS