‘ചെരിഞ്ഞ് വീണ അന്തോനിയോടൊപ്പം പൊട്ടിപ്പൊളിഞ്ഞ ആ ഫോണും നിലത്തേക്കു തെറിച്ചുവീണു’

farmer
image credit: Shutterstock
SHARE

രണ്ട് കുടിയേറ്റക്കാർ...

അന്തോനിയും അവറായും കൂട്ടുകാർ ആയിരുന്നു, രണ്ടു പേരും പാലാക്കാർ...

ഇന്നത്തെ ഭാഷയിൽ കട്ട ചങ്കുകൾ...

അന്തോനി പാവം - മര്യാദക്കാരൻ, ദുശ്ശീലങ്ങൾ ഒന്നും ഇല്ല. കൃഷിപ്പണി കഴിഞ്ഞാൽ വൈകുന്നേരങ്ങളിൽ പ്രാർഥിക്കും... ഭാര്യയും മക്കളുമായി ചെലവഴിക്കും.

അവറാ - വഴക്കാളി, കള്ള് കുടിക്കും. അടി പിടി, ചീട്ടുകളി എല്ലാ ദുശ്ശീലങ്ങളും ഉണ്ട്. 

പട്ടിണിയും ദാരിദ്ര്യവും കൊടുമ്പിരിക്കൊണ്ടിരുന്ന എഴുപതുകളുടെ മധ്യത്തിൽ രണ്ടു പേരും കുടുംബസമേതം ഇടുക്കിയിലേക്കു കുടിയേറി.

അന്തോനി കൂട്ടിവച്ച സമ്പാദ്യത്തോടൊപ്പം ഭാര്യയുടെ താലിമാല പണയപ്പെടുത്തിയും ബ്ലേഡ് ചിട്ടിയിൽനിന്നും പലിശയ്ക്ക് എടുത്തും അൽപം സ്ഥലം വാങ്ങി അവിടെ കൃഷി ആരംഭിച്ചു.

അവറായുടെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല... അതുകൊണ്ട് വനത്തിലേക്കു കയറി വെട്ടിത്തെളിച്ച് കൃഷി ആരംഭിച്ചു...

കാലങ്ങൾ കടന്നുപോയി

1-1-1977 വരെ വനം വെട്ടിത്തെളിച്ച് കൃഷി ചെയ്തവർക്ക് പട്ടയം കൊടുക്കാൻ സുപ്രീം കോടതി ഉത്തരവ് ഇട്ടു.

അതിൻ പ്രകാരം അവറായ്ക്ക് 1993 - ചട്ടപ്രകാരം ഉള്ള പട്ടയം ലഭിച്ചു. 

അവറായുടെ മക്കൾക്ക് കൃഷിയിൽ താൽപര്യം ഇല്ല. അവർ ആ സ്ഥലം ബാങ്കിൽ പണയപ്പെടുത്തി യുകെയിലേക്ക് കുടിയേറി.

കൊഴിഞ്ഞ പല്ലുകൾക്ക് പകരം അവറാ സ്വർണപ്പല്ലുകൾ ഫിറ്റ് ചെയ്തു.

മക്കളോടൊപ്പം യുകെയിൽ താമസിക്കുന്ന  അവറാ അൽപം സ്കോച്ച് വിസ്കിയും നുണഞ്ഞ് വാക്കിങ് സ്റ്റിക്കും കറക്കി മാഞ്ചസ്റ്ററിലെ ബാർ-കം ചൂതാട്ടകേന്ദ്രത്തിലേക്കു കയറി.

കൃഷി ചെയ്യാതെ കിടക്കുന്ന നാട്ടിലെ ഭൂമി റീബിൽഡ് കേരളയിൽ പെടുത്തി വനം വകുപ്പിന് നൽകാൻ അവറായ്ക്ക് സന്തോഷമേ ഉള്ളൂ. നഷ്ടപ്പെടാൻ ഒന്നും ഇല്ല. കിട്ടിയതെല്ലാം ലാഭം മാത്രം.

നാട്ടിൽ അന്തോനി ആകട്ടെ രാവിലെ താലൂക്ക് ആഫീസിലേക്കു പോകാൻ തയാറെടുക്കുന്നു.

അന്തോനിക്ക് ഇതുവരെ പട്ടയം കിട്ടിയിട്ടില്ല.

പട്ടയം കൊടുക്കാർ ഉദ്യോഗസ്ഥർ വന്നപ്പോൾ ഏലം എന്ന് രേഖപ്പെടുത്തിയ സ്ഥലങ്ങൾക്ക് പട്ടയം കൊടുക്കില്ലത്രേ.

ചുറ്റുമുള്ള സ്ഥലങ്ങൾക്ക് പട്ടയം കിട്ടിയെങ്കിലും പാവം അന്തോനിക്ക് മാത്രം പട്ടയം കിട്ടാക്കനിയാണ്.

മകളെ നേഴ്സിങ്ങിന് ചേർത്തെങ്കിലും ഫീസ് അടയ്ക്കാൻ  നിവൃത്തിയില്ലാതെ ഒരു വിദ്യാഭ്യാസ വായ്പ പോലും ലഭിക്കാതെ പഠനം പാതി വഴിക്ക് നിർത്തേണ്ടി വന്നു.

ഒടുവിൽ ആ മകളെ മഠത്തിൽ ചേർത്ത് തന്റെ ദൈവസ്നേഹം അന്തോനി അരക്കിട്ട് ഉറപ്പിച്ചു.

ശ്വാസം മുട്ടലിന്റെ ബുദ്ധിമുട്ടുകൾ അവഗണിച്ചു കൊണ്ട് പറമ്പിൽ നട്ട കപ്പയും വാഴയും മുഴുവൻ കാട്ടുപന്നി കുത്തി ഇളക്കിക്കളഞ്ഞു. സർക്കാർ പട്ടയം തന്നില്ലെങ്കിലും റേഷൻ മുടങ്ങാതെ നൽകുന്നതുകൊണ്ട് അന്തോനി സംതൃപ്തനാണ്.

എന്നും മുടങ്ങാതെ ഭാര്യയോടൊപ്പം പ്രാർഥിക്കും. ഭാര്യയുടെ താലിമാല പണയപ്പെടുത്തി വാങ്ങിയ മണ്ണ് അന്തോനിക്ക് ഇന്നും പ്രിയപ്പെട്ടതാണ്.

ഈ മണ്ണിൽ കിടന്ന് അന്ത്യശ്വാസം വലിക്കണം എന്നതാണ് അന്തോനിയുടെ ആഗ്രഹം.

തോർത്തും തോളിൽ ഇട്ട് കുടയും എടുത്ത് അന്തോനി താലൂക്ക് ഓഫീസ് ലക്ഷ്യമാക്കി നടന്നു. സ്വന്തം പറമ്പിലെ പണി ചെയ്യാതെ മിനക്കെട്ട് 10 മണിക്ക് സർക്കാർ ആഫീസിന്റെ വരാന്തയിൽ പോയി നിൽക്കാൻ തുടങ്ങിയിട്ട് കൊല്ലം കുറെയായി.

പത്തരയ്ക്കോ പത്തേമുക്കാലിനോ ഒക്കെ സീറ്റിൽ എത്തുന്ന ഉദ്യോഗസ്ഥർ എന്തെങ്കിലും മുടന്തൻ ന്യായം പറഞ്ഞ് അന്തോനിയെ തിരിച്ചയക്കുകയും അന്തോനി പോയ്ക്കഴിയുമ്പോൾ അടുത്ത സീറ്റിൽ ഇരിക്കുന്ന സഹപ്രവർത്തകരെ നോക്കി കണ്ണിറുക്കി ചിരിക്കുകയും ചെയ്യും. പല തവണ ഇത് അന്തോനി കണ്ടിട്ടുണ്ടെങ്കിലും സർക്കാർ ഉദ്യോഗസ്ഥന്റെ പേനാ മുനയിലാണ് തന്റെ ഭാവി തീരുമാനിക്കപ്പെടുന്നതെന്ന് വ്യക്തമായി അറിയാവുന്ന അന്തോനി ദൈവത്തെ മനസിൽ ഓർത്ത് അത് ക്ഷമിക്കും.

മാസത്തിൽ അഞ്ചോ ആറോ ദിവസം മാത്രമാണ് ബന്ധപ്പെട്ട സെക്ഷൻ ഓഫീസർ ആസീറ്റിൽ ഉണ്ടാവുക. അത് അന്തോനി ചെല്ലുന്ന ദിവസം ആകണമെന്നില്ല. 

അന്തോനി ചെല്ലുമ്പോൾ അയാൾ ലീവോ, ഫീൽഡ് വിസിറ്റോ, ട്രെയിനിങ്ങോ, യൂണിയൻ പ്രവർത്തനമോ, കളക്ട്രേറ്റ് ഡ്യൂട്ടിയോ, കോടതി ഡ്യൂട്ടിയോ ഒക്കെ ആയിരിക്കും.

ഈയിടെ ആയി ചെറുപ്പത്തിൽ കള്ള് കുടിക്കുകയും ചീട്ടു കളിക്കുകയും വനം കയ്യേറുകയും ചെയ്യാതിരുന്നത് ഒരു തെറ്റായിപ്പോയി എന്ന് അയാളുടെ മനസിൽ കുടിയിരിക്കുന്ന ചെകുത്താൻ ഇടയ്ക്കിടെ അന്തോനിയെ തോന്നിപ്പിച്ചു തുടങ്ങിയിരുന്നു. നിയമങ്ങൾ നിയമം ലംഘിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമായി ഉണ്ടാക്കിയിരിക്കുന്നതാണോ എന്ന സംശയവും അടുത്തിടെയായി അന്തോനിക്ക് തോന്നിത്തുടങ്ങിയിരുന്നു.

അതാണ് രാവിലെ പോരാനിറങ്ങിയപ്പോൾ ഭാര്യയോട് അവസാനമായി പറഞ്ഞതും.

താലൂക്കാഫീസിന്റെ പുറത്ത് സിമന്റ് തൂണിൽ ചാരി ഇരിക്കുന്ന അന്തോനിയുടെ ഡിസ്പ്ലേ പൊട്ടി റബർ ബാൻഡ് ഇട്ട് ചുറ്റിക്കെട്ടിയ പഴയ ഫോണിൽ തുടർച്ചായി ബെല്ല് അടിക്കുന്നത് കേട്ടാണ് അടുത്തുനിന്ന ആൾ അന്തോനിയെ തട്ടി വിളിച്ചത്.

ചെരിഞ്ഞ് വീണ അന്തോനിയോടൊപ്പം പൊട്ടിപ്പൊളിഞ്ഞ ആ ഫോണും നിലത്തേക്കു തെറിച്ചുവീണു.

അന്തോനിയുടെ ശരീരം മരവിച്ചിരുന്നു. ആ കൈകളിൽ അപ്പോഴും ഒരു പ്ലാസ്റ്റിക്ക് കവറിൽ തന്റെ മണ്ണിന്റെ വിലപ്പെട്ട രേഖകൾ മുറുകെ പിടിച്ചിരുന്നു.

പട്ടയം എന്ന സ്വപ്നം നിറവേറ്റാനാവാതെ ജീവൻ വെടിഞ്ഞ അന്തോനിയോട് പ്രകൃതി മാപ്പ് അപേക്ഷിക്കാനെന്നതു പോലെ വട്ടപ്പാറ മലയിൽ നിന്ന് വീശിയ നേരിയ തണുത്ത കാറ്റ് അന്തോനിയുടെ ഭൗതിക ശരീരത്തെ തഴുകി കടന്നുപോയി. 

ഇടയ്ക്കെപ്പഴോ വിസ്കിയുടെ ആലസ്യത്തിൽ നിന്ന് ഉണർന്ന അവറാ ഫോണിൽ അന്തോനിയുടെ മരണ വാർത്ത കണ്ടു. 

തന്റെ ഐ ഫോണിൽ ബാല്യകാല സുഹൃത്തിന്റെ ഫോട്ടോ അനുശോചന സ്റ്റാറ്റസും ഇട്ട് വീണ്ടും അടുത്ത വിസ്ക്കിയുടെ ആലസ്യത്തിൽ അടുത്തിരുന്ന മാദാമ്മയുടെ തോളിലേക്കു ചാരി...

വാൽക്കഷ്ണം:-

ഇടുക്കിലെ ജനങ്ങളെ രണ്ടു തട്ടിൽ ആക്കുന്നതിലും

മര്യാദക്കാരെ നിയമ ലംഘകർ ആക്കുന്നതിലും

നമ്മുടെ ഭരണകൂടത്തിനും നിയമത്തിലെ നൂലാമാലകൾക്കും വലിയ സ്ഥാനമുണ്ട്

ഒന്നിച്ച് കുടിയേറിയവർക്ക് രണ്ടും മൂന്നും വിധം പട്ടയങ്ങൾ,

അവിടെ എങ്ങനെയാണ് തുല്യ നീതി പാലിക്കപ്പെടുന്നത്?

പട്ടയം ഒരു സ്വപ്നം ആയി അവശേഷിപ്പിച്ച് മരണപ്പെട്ടുപോയ എല്ലാ കുടിയേറ്റ കർഷകരുടെയും ആത്മാക്കൾക്കു മുന്നിൽ സമർപ്പിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS