ADVERTISEMENT

‘എറണാകുളം റൂറൽ, ഊന്നുകൽ പോലീസ് സ്റ്റേഷനിലെ ശ്രീ. മുഹമ്മദ് മടിയൂർ എന്ന പോലീസ് ഉദ്യോഗസ്ഥൻ കൃഷിയോടും കാർഷികരംഗത്തോടും കാണിക്കുന്ന അഭിനിവേശം മാതൃകാപരമാണ്. സ്റ്റേഷനിലെ തിരക്കുകൾക്കിടയിലും ഒഴിവുസമയം കണ്ടെത്തി മുഹമ്മദ് മടിയൂർ തന്റെ കൃഷിത്തോട്ടത്തിലെ റംബുട്ടാൻ, പച്ചക്കറികൾ എന്നിവയോടൊപ്പം തേനീച്ച വളർത്തലും മത്സ്യകൃഷിയും നടത്തി നൂറുമേനി വിളയിച്ചിരിക്കുകയാണ്. ഭാര്യ ആൻസിയും മക്കളായ അംന, അമാൻ, അസ്‌ലഹ എന്നിവരും മുഹമ്മദിന്റെ ഈ നേട്ടത്തിൽ പങ്കാളികളാണ്.’ ഏതാനും ദിവസങ്ങൾക്കു മുൻപ് ലോ ആൻഡ് ഓർഡർ എഡിജിപി എം.ആർ.അജിത് കുമാർ ഫെയ്‌സ്ബുക്കിൽ കുറിച്ച വാക്കുകളാണിത്. ഊന്നുകൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് കളപ്പുരയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. പ്രഫഷനൽ ജോലിയോടൊപ്പം കൃഷിയെ പാഷനായി നെഞ്ചോടു ചേർത്ത മുഹമ്മദിന്റെ കൃഷിയിടത്തിൽ ഇത് തേൻ വിളവെടുപ്പു കാലമാണ്.

muhammed-police-3
എഡിജിപി എം.ആർ.അജിത് കുമാർ പങ്കുവച്ച കുറിപ്പും മുഹമ്മദിന്റെയും കുടുംബത്തിന്റെയും ചിത്രവും

എറണാകുളം ജില്ലയിലെ പല്ലാരിമംഗലത്ത് സ്വന്തമായുള്ള 50 സെന്റ് സ്ഥലംകൂടാതെ കുടുംബസ്വത്തായുള്ള ഒരേക്കറിലുംകൂടിയാണ് മുഹമ്മദിന്റെ കൃഷി. റംബുട്ടാനും പ്ലാവും വാഴയും പച്ചക്കറികൾക്കുമൊപ്പം വീട്ടുമുറ്റത്തെ 6 കുളങ്ങളിൽ മത്സ്യക്കൃഷിയുമുണ്ട്. 

അരയേക്കറിൽ 25 റംബുട്ടാനും അതിന് ഇടവിളയായി 50 തെങ്ങും വച്ചിട്ടുണ്ട്. നാലു വയസു പിന്നിട്ട റംബുട്ടാൻ മരങ്ങൾ മികച്ച വിളവ് നൽകുന്നുണ്ട്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകിയതു കൂടാതെ 60,000 രൂപയുടെ റംബുട്ടാൻ പഴങ്ങൾ കഴിഞ്ഞ സീസണിൽ വിൽക്കാനായതായി മുഹമ്മദ്. ചാണകം, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ അടിവളമായി ചേർത്തായിരുന്നു തൈ നട്ടത്. തുടർന്നുള്ള ഓരോ വർഷവും വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും 2 കുട്ട ചാണകപ്പൊടിയും വളമായി നൽകുന്നു. വേനൽക്കാലത്ത് നനച്ചുകൊടുക്കും. ഇതിനായി തുള്ളിനന സംവിധാനവും തോട്ടത്തിൽ ഒരുക്കിയിട്ടുണ്ട്. മത്സ്യക്കുളത്തിലെ വെള്ളവും നനയ്ക്ക് ഉപയോഗിക്കാറുണ്ട്. ചാണകം ഇടുന്നതിനു ഒരാഴ്ച മുൻപ് കക്കയിടും. മണ്ണിലെ അമ്ല–ക്ഷാരനില ക്രമപ്പെടുത്തുന്നതിനുവേണ്ടിയാണിത്.

മൂന്നു വർഷം മുൻപ് കാഞ്ഞിരപ്പള്ളിയിൽനിന്ന് എത്തിച്ച 100 വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവ് 30 സെന്റിൽ വളരുന്നു. എല്ലാ പ്ലാവുകളും വിളവ് നൽകിത്തുടങ്ങി. ഇപ്പോൾ മാർക്കറ്റിൽ ചക്കയ്ക്ക് മികച്ച വിലയുണ്ടെങ്കിലും വിറ്റില്ലെന്ന് മുഹമ്മദ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുകയാണ് ചെയ്തത്. മുൻപ് വാഴക്കൃഷി ചെയ്തിരുന്നെങ്കിലും തിരക്കുകൾക്കിടയിൽ പരിചരണം ബുദ്ധിമുട്ടാണെന്നു തോന്നിയപ്പോൾ ഉപേക്ഷിച്ചു. മാത്രമല്ല മുൻപ് ചെയ്തിരുന്നതിൽനിന്ന് കാര്യമായ നേട്ടവും ലഭിച്ചില്ല. വീട്ടിലേക്കാവശ്യമായ ചീര, പയർ, പാവൽ, തക്കാളി എന്നിവ കൃഷി ചെയ്തിരിക്കുന്നു. ഇപ്പോൾ സീസൺ ആയതിനാൽ പൊട്ടുവെള്ളരിയുമുണ്ട്

muhammed-police-1
മുഹമ്മദ് തേനീച്ചപരിപാലനത്തിൽ

കൃഷിയിൽ തനിക്ക് എപ്പോഴും നേട്ടം സമ്മാനിക്കുന്നത് തേനീച്ചവളർത്തലാണെന്ന് മുഹമ്മദ് പറയും. കഴിഞ്ഞ വർഷം 50 പെട്ടികളിൽനിന്നായി 500 കിലോയിലധികം തേൻ ലഭിച്ചു. ഇത്തവണ 10 പെട്ടി അധികമായി വച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേട്ടമില്ലെന്ന് മുഹമ്മദ്. രാത്രിയിലെ തണുപ്പും പകലിലെ ചൂടും റബർ മരങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതാണ് തേനീച്ചക്കോളനികളിലെ തേനുൽപാദനത്തെയും ബാധിച്ചിരിക്കുന്നത്. 350 രൂപയ്ക്കാണ് വിൽപന. ആവശ്യക്കാർക്ക് നേരിട്ടും ദൂരെ സ്ഥലങ്ങളിലുള്ളവർക്ക് കുറിയർ ആയും നൽകുന്നതാണ് രീതി.

50 കിലോഗ്രാമിന്റെ ജാറിൽ തേൻ നിറച്ച് വായു കടക്കാത്ത വിധത്തിൽ അടച്ചാണ് സൂക്ഷിക്കുക. ‍‌ഒരു ജാർ തുറന്നാൽ തേൻ 1 കിലോ, 2 കിലോ തോതിൽ കുപ്പികളിൽ നിറയ്ക്കും. ഇത് വിറ്റു തീർന്നതിനുശേഷമേ അടുത്ത ജാർ തുറക്കൂ. അതുകൊണ്ടുതന്നെ കേടായിപ്പോകില്ലെന്നു മുഹമ്മദ്. കൂടാതെ തേനടയിലെ തേനറകൾ പൂർണമായും സീൽ ചെയ്തതിനുശേഷം മാത്രമാണ് തേൻ ശേഖരിക്കുക. അതുകൊണ്ടുതന്നെ ജലാംശം തേനിൽ കുറവായിരിക്കും. തേനിന് സൂക്ഷിപ്പുകാലാവധി കൂടുതൽ ലഭിക്കുന്നത് ഇങ്ങനെ സീൽ ചെയ്തശേഷം തേൻ എടുക്കുമ്പോഴാണെന്നും മുഹമ്മദ്. വൻ തേനീച്ചയോടൊപ്പം 40 പെട്ടി ചെറുതേനീച്ചയുമുണ്ട്.

muhammed-police-2
പിങ്ക് ജയന്റ് ഗൗരാമിയുമായി

ആറു കുളങ്ങളിലായി ജയന്റ് ഗൗരാമികൾ വളരുന്നു. ഈ മത്സ്യങ്ങളുടെ ബ്ലാക്ക്, പിങ്ക്, ആൽബിനോ എന്നിങ്ങനെ മൂന്നിനങ്ങളാണ് മുഹമ്മദിന്റെ കൈവശമുള്ളത്. ഇതിൽ ബ്ലാക്ക്, പിങ്ക് ഇനങ്ങൾ ബ്രീഡ് ആയി കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുകയും ചെയ്തു. കുഞ്ഞുങ്ങളുടെ വിൽപനയുമുണ്ട്. അധികം പരിചരണം ആവശ്യമില്ലാത്ത ഇവർക്ക് തൊടിയിൽനിന്നുള്ള ഇലവർഗങ്ങൾ ഭക്ഷണമായി നൽകിയാൽ മതി. അതുകൊണ്ടുതന്നെ തീറ്റച്ചെലവ് വരുന്നുമില്ല. വളരാൻ കാലതാമസമെടുക്കുമെങ്കിലും തീറ്റച്ചെലവ് നോക്കുമ്പോൾ ജയന്റ് ഗൗരാമികൾത്തന്നെ നല്ലതെന്നും മുഹമ്മദ്. ഇലവർഗങ്ങൾ നന്നായി കഴിക്കുമെന്നതിനാൽ ഇവയുടെ കാഷ്ഠത്തിന്റെ അളവും കൂടുതലായിരിക്കും. കൃഷിക്ക് ഈ കാഷ്ഠമടങ്ങിയ വെള്ളം ഉപയോഗിക്കുന്നത് അധികനേട്ടമെന്നും മുഹമ്മദിന്റെ അനുഭവം.

ഫോൺ: 9747372246

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com