ADVERTISEMENT

ചെറുവയൽ രാമനു പത്മശ്രീ ലഭിക്കുമ്പോൾ ഒരു പുതു ചരിത്രം രചിക്കപ്പെടുകയാണ്. കേരളത്തിലെ ഒരു ചെറുകിട കർഷകനെ  പരമോന്നത ബഹുമതികളിലൊന്നു നൽകി  രാജ്യം ആദരിക്കുന്നത് ഇതാ ദ്യം. ഒപ്പം കാർഷിക ജൈവവൈവിധ്യത്തിന്റെ സംരക്ഷണം ശാസ്ത്രലോകത്തിനു മാത്രം അവകാശപ്പെട്ടതാണെന്ന ധാരണ തിരുത്തപ്പെടുകയുമാണ്. അതേസമയം പുരസ്കാരം പകർന്ന സന്തോഷത്തിനപ്പുറം തന്റെ അമൂല്യമായ വിത്തുശേഖരം എങ്ങനെ നിലനിർത്തുമെന്ന ആശങ്ക രാമനെ അലട്ടുന്നു.

നെല്ല് എന്ന പൈതൃകം

വയനാട്ടിലെ ഗോത്രസംസ്കാരത്തിന്റെ തിരുശേഷിപ്പുകളുമായി വള്ളിയൂർകാവ്. ക്ഷേത്രത്തിനു മുന്നിലൂടെ ഒഴുകുന്ന മാനന്തവാടിപ്പുഴ. അതിനു കുറുകെയുള്ള ഇടുങ്ങിയ പാലം കടന്നാൽ കമ്മനയെന്ന ചെറുഗ്രാമമായി. നാടൻ  നെൽവിത്തുകളുടെ സംരക്ഷകനായ ചെറുവയൽ രാമനിലൂടെ ഈ കുഗ്രാമം ലോകപ്രസിദ്ധമായി. 

രാമനിപ്പോള് 73 വയസ്സ്. ഇതുവരെയുള്ള ജീവിതകഥ ചുരുക്കം ഇങ്ങനെ. 22 ഏക്കർ വയലും 18 ഏക്കർ കരഭൂമിയുമുള്ള കൂട്ടുകുടുംബത്തില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയപ്പോഴേക്കും അമ്മാവന്റെ കല്‍പന: ‘പാരമ്പര്യക്കൃഷി നോക്കി നടത്താനുള്ള ഉത്തരവാദിത്തം രാമനുണ്ട്.’ 1958ൽ അമ്മാവനൊപ്പം കൃഷിയിലേക്ക്. അങ്ങനെ 10 വയസ്സായപ്പോഴേക്കും രാമൻ  കൃഷിക്കാരനായി. ഇടക്കാലത്ത് ആശുപത്രി വാർഡനായി  ജോലി കിട്ടിയെങ്കിലും വേണ്ടെന്നു വച്ചു. ഏഴോളം വയനാടൻ നെല്ലിനങ്ങളാണ് കുടുംബം കൃഷി ചെയ്തിരുന്നത്. 1989ൽ അമ്മാവൻ മരിക്കുമ്പോഴേക്ക് ചെറുവയൽ രാമൻ നെൽകൃഷിയിൽ അഗ്രഗണ്യനായി. 

വയനാട്ടിൽ പണ്ട് നൂറിൽപ്പരം നാടൻ നെല്ലിനങ്ങൾ കൃഷി ചെയ്തിരുന്നു. ഇവയിൽ ഏറെയും അപൂർവമാവുകയോ വംശമറ്റുപോകുകയോ ചെയ്തു. ഗോത്രജനതയുടെ നിലനിൽപ്പിന് ഈ നാടൻ നെല്ലിനങ്ങൾ അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവിൽനിന്നാണ് രണ്ടായിരാമാണ്ടിൽ രാമൻ ഇവയുടെ  സംരക്ഷണം തുടങ്ങുന്നത്. പല കുറിച്യ കുടുംബങ്ങളുമായി ബന്ധപ്പെട്ട് അപൂർവ വിത്തുകൾ ശേഖരിച്ചു. ഇപ്പോൾ 50ൽപരം വയനാടൻ നെല്ലിനങ്ങൾ കൃഷിചെയ്തു സംരക്ഷിക്കുന്നു.

ഞങ്ങൾക്ക് ആഹാരത്തിനു മാത്രമല്ല നെല്ല് വേണ്ടത്. പൂജാകർമങ്ങൾക്ക് ചെന്നെല്ലുപോലെ സവിശേഷ ഇനങ്ങളാണ് ഉപയോഗിക്കുന്നത്. വെളിയനും തൊണ്ടിയുമൊക്കെ ഊർജവും ആരോഗ്യവും നൽകുന്ന ഇനങ്ങള്‍. ഇവ രുചിയിലും മെച്ചമാണ്. ചോമാല പലഹാരവും പായസവുമൊക്കെ ഉണ്ടാക്കാൻ നന്ന്. ഗന്ധകശാല, ജീരകശാല, കയമ തുടങ്ങിയ സുഗന്ധ നെല്ലിനങ്ങൾ വിശേഷാവസരങ്ങളിൽ കഴിക്കുന്നവയാണ്. ചെന്നെല്ല് അൾസറിനും മറ്റും ഒന്നാംതരം മരുന്നാണ്. വ്യത്യസ്തമൂപ്പുള്ള നാടൻ വിത്തുകൾക്കു നല്ല പ്രതിരോധശേഷിയുമുണ്ട്. വെള്ളപ്പൊക്കത്തെയും വരൾച്ചയെയും അതിജീവിക്കു ന്ന നെല്ലിനങ്ങളുമുണ്ട്– രാമൻ പറഞ്ഞു .

രാസക്കൃഷിക്ക് വിട

പണ്ട് വർഷത്തിൽ  പലപ്പോഴായി വയനാട്ടിൽ നല്ല മഴപെയ്യും. പുഴവെള്ളം 4 തവണയെങ്കിലും കരയിൽ കയറും. അങ്ങനെ വയലും കരയും വളക്കൂറുള്ളതാകും. നല്ല ചെളിവയലുകളിലാണ് നെൽകൃഷി  ചെയ്തിരുന്നത്. അതിനാൽ  വളമൊന്നും അധികം വേണ്ടിവന്നിരുന്നില്ല. അന്ന് മൂപ്പൻ പറയുന്നത് കൽ പനപോലെയാണ്. രാവിലെ 5 മണിക്ക് എല്ലാവരും കണ്ടത്തിലിറങ്ങണമെന്നു അദ്ദേഹം പറഞ്ഞാൽ കൃത്യസമയത്ത് എല്ലാവരും ഇറങ്ങി പണിതുടങ്ങും. ധാരാളം പോത്തുകളെ വളർത്തിയിരുന്നു. പത്താം വയസ്സ് മുതൽ രാമൻ പോത്തിനെ തെളിച്ച് നിലമുഴും. ധാരാളം വൈക്കോലുണ്ടായിരുന്നതിനാൽ പുരയും ആലയും മേഞ്ഞ് ബാക്കി ഉരുക്കൾക്കു വയറുനിറയെ കഴിക്കാം. അവ ധാരാളം ചാണകവും തരും. കൃഷിക്കു വളം അതു മതി. 

കാലം മാറിയതോടെ മഴയും കാലാവസ്ഥയുമൊക്കെ മാറി. സർക്കാർ സിമന്റ് വീടുകൾ ഉണ്ടാക്കിക്കൊടുത്തതോടെ എല്ലാവരും കൂട്ടുകുടുംബം ഉപേക്ഷിച്ചു മാറിത്താമസിക്കാൻ തുടങ്ങി. അമ്പതും നൂറും അംഗങ്ങളുള്ള  കൂട്ടു കുടുംബമുണ്ടായിരുന്നപ്പോൾ കൃഷിപ്പണിക്ക് ആളു വേറേ വേണ്ടായിരുന്നു. ഓഹരി വിഭജനത്തില്‍ രണ്ടേക്കറോളം വയലും പറമ്പുമാണ് രാമനു കിട്ടിയത്. ഉഴവുമാടുകളെ കിട്ടാതെ വന്നപ്പോള്‍ രാമൻ ടില്ലർ വാങ്ങി പ്രവര്‍ത്തിപ്പിക്കാൻ പഠിച്ചു.

cheruvayal-raman-3
ഉഴവുമാടുകളെ കിട്ടാതായപ്പോൾ യന്ത്രത്തിലേക്കു ചുവടുമാറ്റം

നാട്ടിലെല്ലാവരും രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചു തുടങ്ങിയതോടെ 1970കളിൽ രാമനും ആ വഴി തേടി. എന്നാൽ മണ്ണിരകളും വയൽഞണ്ടുകളും മത്സ്യങ്ങളുമൊക്കെ രാസകൃഷിയുടെ ഫലമായി ചത്തുമലയ്ക്കുന്നതു രാമനെ ഖിന്നനാക്കി. 1979ൽ രാസ ഉല്‍പാദനോപാധികളോട് വിട ചൊല്ലി. ‘മലയിലെ മരമാണ് വയലിലെ വെള്ളം, വയലിലെ വെള്ളമാണ് നാളത്തെ ജീവൻ’ എന്ന കുറിച്യ വചനം രാമൻ ഹൃദയത്തിൽ കുറിച്ചു. പൂർണ ജൈവകൃഷിയാണ് ഇപ്പോൾ. കീടങ്ങളെ അകറ്റാൻ കർപ്പൂരതുളസിയും വയണയും പോലുള്ള സസ്യങ്ങളുടെ ശിഖരങ്ങൾ നാട്ടുകയോ അവയുടെ സത്ത്  വയൽവെള്ളത്തിൽ കലക്കുകയോ ചെയ്യും. വയലിലെ മിത്രജീവികളെയും മിത്രപ്രാണികളെയും രാമന്‍ തിരിച്ചറിയുന്നു. ‘വയൽഞണ്ടുകൾ മാളത്തിൽ 10 ലീറ്റർവരെ വെള്ളം സംഭരിച്ച് ഭൂഗർഭജലത്തിന്റെ അളവ് കൂട്ടുന്നു’- എന്നിങ്ങനെ  ഒട്ടേറെ സൂക്ഷ്മ നിരീക്ഷണങ്ങൾ രാമന്റേതായുണ്ട്. വയൽമീനുകളും ഞണ്ടും നത്തയുമൊക്കെ രാമന്റെ വയലിൽ ഇന്ന് സുലഭം, എന്തിനു കുരുവികൾപോലും നെല്ലോലക ളിൽ കൂടുവയ്ക്കുന്ന സമ്പൂർണ ‘വയൽ ആവാസവ്യവസ്ഥ’യാണ്  ഇവിടെ.

കൃഷിയറിവുകളുടെ അക്ഷയഖനി

കുറിച്യർക്ക് ഒട്ടേറെ നെൽകൃഷിയറിവുകളുണ്ട്. വിസ്മൃതിയിലാകുന്ന ഈ അറിവുകള്‍ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും രാമൻ ശ്രമം നടത്തുന്നു. ഉദാഹരണമായി, വലിയ കുട്ടകളിലാണ് ഇന്ന് നെൽവിത്ത് സൂക്ഷിക്കുന്നതെങ്കിലും വൈക്കോലും ഈറയുടെ ചീളുകളും കൊണ്ടുണ്ടാക്കുന്ന  മൂടയിൽ വിത്ത് സംഭരിക്കുന്ന രീതി (മൂടകെട്ടൽ ) രാമനും കുടുംബക്കാർക്കും ഇന്നുമറിയാം. 

നെൽകൃഷിയുമായി ബന്ധപ്പെട്ട ആചാരങ്ങളും രാമനു ഹൃദിസ്ഥമാണ്. ‘പണ്ട് നഞ്ച (മഴക്കാല കൃഷി ), പുഞ്ച (വേനൽ കൃഷി ), വാളിച്ച(കുംഭം -മീനം മാസങ്ങളിലെ കൃഷി ) എന്നീ  നെൽകൃഷിക്കാലങ്ങളാണ് വയനാട്ടില്‍. ഇന്ന് നഞ്ച മാത്രം. മണ്ണിന്റെ തരം, വെള്ളം പിടിച്ചു വയ്ക്കുന്ന അളവ്, ആഴം എന്നിവ  അടിസ്ഥാനമാക്കി കുനി വയൽ, കുണ്ടു വയൽ, കൊറവ് വയൽ എന്നിങ്ങനെ ഞങ്ങൾ, കുറിച്യർ വയലുകളെ വേർതിരിച്ചിരുന്നു.’ കന്നിമാസത്തിലെ മകം നാൾ നെല്ലിന്റെ ജന്മദിനമാണ് കുറിച്യർക്ക്. അന്നേ ദിവസം വിളക്ക് കത്തിച്ചു വയലിലെ നെൽച്ചെടിക്കു സമീപം വയ്ക്കുന്നു. തുടർന്ന് ചന്ദനവും പൂവുമൊക്കെ നെൽച്ചെടിക്ക്  അർപ്പിക്കും. അതു കഴിഞ്ഞു വിളക്കു കെടാതെ പൂർവികരുടെ സങ്കൽപ്പസ്ഥാ നത്ത് എത്തിക്കും. ഇതു കഴിഞ്ഞാൽ കന്നുകാലികളുടെ നുകം, വൈക്കോൽ ഇളക്കാനുള്ള കൊക്ക, അമ്പും വില്ലും ഉണ്ടാക്കാനുള്ള മുളയും കമ്പും തുടങ്ങിയവ വെട്ടാനിറങ്ങുന്നു. അന്നു വെട്ടിയാൽ കമ്പുകൾ ഉളുത്തു പോകില്ലെന്നാണ് വിശ്വാസം. 

‘കതിരുകയറ്റൽ മറ്റൊരു ആചാരം.’ നെന്മണികൾ വിളയുന്ന സമയമാണിത്. വിവിധ വയലുകളിലുള്ള നെൽകറ്റകൾ രാത്രി ശേഖരിക്കുന്നു. കതിരുകൾ ചെറിയ കെട്ടുകളാക്കി ക്ഷേത്രം, വീട്, പത്തായം തുടങ്ങിയവയ്ക്കു മുന്നിലായി ചാണകം ഉപയോഗിച്ച് ഒട്ടിച്ചുവയ്ക്കും. രാവിലെ വിളക്കു കൊളുത്തിവച്ചു കർമം ചെയ്ത ശേഷം തേങ്ങ എറിഞ്ഞു പൊട്ടിക്കുന്നു. മുറികൾ മലർന്നു വീണാൽ നല്ല വിളവായിരിക്കുമെന്നും കമിഴ്ന്നു വീണാൽ  പൂർവികർക്ക് എന്തോ തൃപ്തിക്കുറവുണ്ടെന്നും അനുമാനിച്ച് പരിഹാരക്രിയകൾ ചെയ്യുന്നു. തുടർന്ന് മുക്കാലി എന്ന മരത്തിന്റെ കമ്പു വെട്ടി അതിൽ അഞ്ചു തരം വള്ളികൾകൊണ്ടുണ്ടാക്കിയ തളകൾ കെട്ടി കുടുംബക്ഷേത്രത്തിനു മുന്നിലും മറ്റും നാട്ടിവയ്ക്കുന്നു. തുടർന്ന്  പൂജിക്കാൻ വച്ച അമ്പും വില്ലുമെടുത്തു നായാട്ടിനു പോകുന്ന ചടങ്ങ് പണ്ടുണ്ടായിരുന്നു. 

നെൽകൃഷിയുമായി ബന്ധപ്പെട്ട അവസാനത്തെ ചടങ്ങാണ് ‘പുത്തരിക്കോള്.’ കുടുംബത്തിലെ മുതിർന്ന സ്ത്രീ വയലിലിറങ്ങി നെല്ല് കൊയ്യുന്നു. തുടർന്ന് എല്ലാ കുടുംബാംഗങ്ങളും ഇറങ്ങി കൊയ്ത്തു പൂർത്തിയാക്കും. പുത്തരി ഉപയോഗിച്ച് പായസവും മറ്റുമുണ്ടാക്കി നിവേദിക്കും. കുടുംബാംഗങ്ങൾക്കു സദ്യയുമുണ്ടാകും.  

cheruvayal-raman-1

ജീവിതം പ്രകൃതിസൗഹൃദം 

കൃഷിയിൽ മാത്രമല്ല, ജീവിതത്തിലും ലാളിത്യവും പ്രകൃതിയോടുള്ള ബന്ധവും കാത്തുസൂക്ഷിക്കുന്നു രാമൻ. നൂറു വർഷത്തിലേറെ പഴക്കമുള്ള, വൈക്കോൽ മേഞ്ഞ, ചാണകം മെഴുകിയ മൺവീട്ടിലാണ് താമസം. വേനലിൽ വീടിനുള്ളില്‍ തണുപ്പും തണുപ്പത്ത്‌ ചൂടുമുണ്ടാകും. പറമ്പിൽ കമുകിനും കാപ്പിക്കും പുറമേ ഒട്ടേറെ നാടൻ മരങ്ങളും സസ്യങ്ങളും. വയലിലും പറമ്പിലുമുള്ള ഔഷധസസ്യങ്ങളും   കൂണുകളും ഇലക്കറികളും കിഴങ്ങുവർഗങ്ങളുമൊക്കെ രാമൻ തിരിച്ചറിഞ്ഞ് ഉപയോഗിക്കുന്നു. ഭക്ഷണത്തിൽ നല്ല പങ്കും സ്വയം വിളയിക്കുന്നതും പ്രകൃതി നല്‍കുന്നതും.  

നാടൻ വിത്തുകൾ നാടാകെ 

കേരളത്തിലെ കർഷകർക്കും സാമാന്യജനങ്ങൾക്കുമിടയിൽ നാടൻ നെൽവിത്തുകളുടെ പ്രാധാന്യത്തെ ക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിൽ രാമൻ വഹിച്ച പങ്ക് നിസ്തുലമാണ്. കർഷകസമ്പർക്ക പരിപാടികളിൽ പങ്കെടുത്തു തന്റെ അറിവ് പങ്കുവയ്ക്കുന്ന രാമന്റെ യാത്രകള്‍ അയൽ സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കുംവരെ നീളുന്നു. ഗോത്ര വിജ്ഞാനത്തെക്കുറിച്ചു മെക്സിക്കോയിൽ നടന്ന ‘ബെലെ കോൺഫറൻസിൽ’ ഇന്ത്യയെ പ്രതിനിധീകരിച്ചു. കർഷകരും കൃഷിയോട് സ്നേഹമുള്ള വരും വിദ്യാർഥികളുമൊക്കെ രാമേട്ടന്റെ കൃഷിയിടം കാണാനെത്തുന്നു. നാടന്‍ വിത്ത് ആവശ്യപ്പെടുന്ന വർക്കു നല്‍കും, കൃഷി ചെയ്തശേഷം തുല്യ അളവ് മടക്കി നൽകണമെന്ന വ്യവസ്ഥയിൽ. മാധ്യമ ങ്ങളിലൂടെ നാടൻ നെൽവിത്തുകളുടെ മേന്മകൾ പ്രചരിപ്പിക്കാനും രാമൻ മുന്നിൽത്തന്നെ. 

ഇനിയെന്ത് 

വയനാട്ടിലെ പൈതൃക നെൽകൃഷിയുടെ ഭാവി ഒരു ചോദ്യചിഹ്നമാണ്. നെല്ല്  പാരമ്പര്യമായി കൃഷി ചെയ്തിരുന്ന  ഗോത്രജനതയുടെ പുതുതലമുറ വാഴക്കൃഷിയിലേക്കും മറ്റു തൊഴിലുകളിലേക്കും ചുവടു മാറ്റിക്കഴിഞ്ഞു‘വയൽനാടായിരുന്ന’ വയനാട് ഏറക്കുറെ ‘വാഴനാടായി’ മാറി. നെല്ലിനൊപ്പം വിസ്മൃതിയിലാവുന്നത് ആവാസവ്യവസ്ഥകളും ജൈവവൈവിധ്യവും ആചാരങ്ങളും നാട്ടറിവുകളും കൂടിയാണ്. അതേസമയം കാലാവസ്ഥാമാറ്റത്തിന്റെ കാലത്തു വയനാടുപോലെയുള്ള പ്രദേശങ്ങളിൽ നാടൻ നെല്ലിനങ്ങൾക്കു പ്രസക്തി ഏറുന്നു. 

ചെറുവയൽ രാമന് വിത്തുസംരക്ഷണത്തിന്റെ പേരില്‍ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചു, ഇപ്പോൾ പത്മശ്രീയും. എന്നാൽ രാമന്റെ ജീവിതത്തിന് മാധ്യമങ്ങളിലൂടെ നാം കാണുന്ന പകിട്ടൊന്നുമില്ല. കാരണം വാണിജ്യ താൽപര്യങ്ങൾ ഇദ്ദേഹത്തിനില്ല. പുരസ്കാരത്തിനും അവയിലൂടെ കരഗതമായ പരിമിതമായ തുകയ്ക്കും പ്രശസ്തിക്കുമപ്പുറം വിത്തുസംരക്ഷണത്തിന് സാമ്പത്തികമായോ ഭൗതികമായോ പിൻതുണ ഒരു തലത്തിലും നിന്നു ലഭിക്കുന്നില്ല. ചെറുവയൽ രാമനെ പ്രചാരണോപാധി ആക്കുന്ന ജനപ്രതിനിധികളും ഇത് അറിയാത്ത മട്ടാണ്‌.  

cheruvayal-raman-2
കുടുംബാംഗങ്ങളോടൊപ്പം

ഏതായാലും  ഇത്രയും ഇനങ്ങൾ കൃഷിചെയ്തു സംരക്ഷിക്കുന്നത് ഇന്നു രാമന് ഒരു ബാധ്യത തന്നെ. ശാരീരിക പ്രയാസങ്ങളുമുണ്ട്. ഭാര്യ ഗീതയുടെ പിന്തുണ മാത്രമേ പൂർണമായി ലഭിക്കുന്നുള്ളൂ. എത്ര നാൾ ഇങ്ങനെ തുടരാനാകും? ഈ അപൂർവശേഖരത്തിന്  ഭാവിയിൽ എന്ത് സംഭവിക്കും? കാര്‍ഷിക കേരളത്തിനോടാണ് രാമന്റെ ചോദ്യങ്ങള്‍. 

English summary: Padma Shri Cheruvayal Raman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com